കോഴിക്കോട്: അവിഭക്ത അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ പ്രമുഖനും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ലോങ് അയലൻറ് ലെവിറ്റ് ടൗൺ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായ ഫാ. ഡോ. യോഹന്നാന് ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പ (85) ന്യൂയോർക്കിൽ നിര്യാതനായി.
ഓര്‍ത്തഡോക്സ് സഭയിലെ സുവിശേഷ പ്രസംഗകരില്‍ ഒരാളും വേദശാസ്ത്രപണ്ഡിതനും ധ്യാനഗുരുവും സംഘാടകനുമായിരുന്നു. വേദശാസ്ത്രത്തില്‍ ഉപരിപഠനത്തിനായി 1970ൽ അമേരിക്കയില്‍ എത്തി. 1971ല്‍ ന്യൂയോര്‍ക് സെൻറ് തോമസ് ഇടവക രൂപവത്കരിക്കുകയും ഇടവകയുടെ വികാരിയായി 1977വരെ തുടരുകയും ചെയ്തു. സെൻറ് തോമസ് ചര്‍ച്ച് ന്യൂയോര്‍ക്, സെൻറ് ഗ്രിഗോറിയോസ് ചര്‍ച്ച് എല്‍മോണ്ട്, സെൻറ് തോമസ് ചര്‍ച്ച് ഡിട്രോയിറ്റ്, സെൻറ് തോമസ് ചര്‍ച്ച് വാഷിങ്ടണ്‍ ഡി.സി, സെൻറ് ജോര്‍ജ് ചര്‍ച്ച്, സ്റ്റാറ്റന്‍ ഐലന്‍ഡ്, സെൻറ് തോമസ് ചര്‍ച്ച് ഫിലാഡല്‍ഫിയ, സെൻറ് തോമസ് ചര്‍ച്ച്, ലോങ് ഐലന്‍ഡ്, ന്യൂയോര്‍ക് മുതലായ ഇടവകകളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ചു.
അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ മെംബര്‍, ഭദ്രാസന ക്ലെര്‍ജി അസോസിയേഷന് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മലങ്കരസഭ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു. പന്തളം, തലനാട് കുടുംബയോഗ രക്ഷാധികാരി, വിളയില്‍ ശങ്കരത്തില്‍ ശാഖാ കുടുംബയോഗ പ്രസിഡൻറ്, അമേരിക്കയിലെ ശങ്കരത്തില്‍ കുടുംബയോഗ പ്രസിഡൻറ് എന്നീനിലകളിലും പ്രവര്‍ത്തിച്ചു.
പത്തനംതിട്ട ജില്ലയിലാണ് ജനനം. ശങ്കരത്തില്‍ മാത്യൂസ് കോര്‍ എപ്പിസ്കോപ്പായുടെ സഹോദരപുത്രനാണ്. പിതാവ്: പരേതനായ കുഞ്ഞുമ്മന്‍ മത്തായി. മാതാവ്: പരേതയായ ഏലിയാമ്മ. ഭാര്യ: കവയിത്രി എല്‍സി യോഹന്നാൻ (റിട്ട. എന്‍ജിനീയര്‍, നാസാ കൗണ്ടി ഡി.പി.ഡബ്ല്യൂ). മക്കൾ: മാത്യു, തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.