1979ലാണ് ബക്കറുമായി പരിചയപ്പെടുന്നത്. ഞാനും സുഹൃത്തുക്കളും ചേർന്ന് നിർമിച്ച ‘തളിരിട്ട കിനാക്കൾ’ എന്ന ചിത്രത്തിന്റെ ജോലികളുമായി ചെന്നൈയിൽ താമസിക്കുന്ന കാലം. നടൻ അടൂർഭാസിയുടെ േജ്യ ഷ്ഠൻ ചന്ദ്രാജിയെ എന്തോ ആവശ്യത്തിന് കാണാനായി ആർ.കെ ലാബിൽ ചെന്നിരുന്നു. അന്ന് മലയാളത്തിലെ ഒട്ടുമിക്ക ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെയും ലാബ് ആർ.കെ ലാബായിരുന്നു. പാലക്കാട്ടുകാരൻ മോഹൻദാസും അടൂർഭാസിയും ചേർന്നുള്ള മാനേജ്മെന്റാണ് അതിന്റെ ഉടമസ്ഥർ. പി.എ. ബക്കറിന്റെ എല്ലാ ചിത്രങ്ങളുടെയും ലാബ് അവിടെത്തന്നെയായിരുന്നു. അവിടെ വെച്ചാണ് ചന്ദ്രാജി ബക്കറിനെ പരിചയപ്പെടുത്തിയത്. കൊച്ചിയിൽനിന്നും വന്നവരാണെന്നും ആദ്യമായൊരു മലയാള ചിത്രം പി. ഗോപകുമാറിനെ കൊണ്ട് ചെയ്യിക്കുന്നുവെന്നും ചന്ദ്രാജി ഞങ്ങളെക്കുറിച്ച് ബക്കറിനോട് പറഞ്ഞു. കൂടെയുണ്ടായിരുന്ന എന്റെ സഹ നിർമാതാവ് അഡ്വ. കെ.എം. അബ്ദുൽഖാദർ നല്ല സിനിമകളെയും നല്ല ഗാനങ്ങളെയും സ്നേഹിക്കുന്ന ഒരാളായിരുന്നു. ബക്കറിന്റെ ഒരു ചിത്രം പണിതീരാതെ ആ ലാബിൽ അന്ന് കെട്ടിക്കിടക്കുകയായിരുന്നു. ഇന്നത്തെ കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രനും കെ.എസ്.എഫ്.ഇയിലെ ചില സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയതായിരുന്ന ആ ചിത്രം. രാജൻ കൊലക്കേസിന്റെ പശ്ചാത്തലത്തിലുള്ള നല്ലൊരു പ്രമേയമായിരുന്നു. ‘ഉണർത്തുപാട്ട്’ എന്നായിരുന്നു ആ ചിത്രത്തിന്റെ പേര്. ഇപ്പോഴും അത് ഇറങ്ങിയിട്ടില്ല. ബക്കർ ഞങ്ങളെയും അതിന്റെ പ്രിവ്യൂ കാണിച്ചു. മനോഹരമായ ചിത്രം. കണ്ണുനിറയുന്ന ഫ്രെയിമുകൾ. നല്ല ആലേഖന രീതി. കാമറ വിപിൻദാസായിരുന്നു. പക്ഷേ വിതരണത്തിനെടുക്കാൻ ആരും വന്നില്ല. ഒരുപാട് പേർ ആ ചിത്രം കണ്ടു. എന്നാൽ, പിന്നീട് ആ ചിത്രത്തിന്റെ പ്രമേയത്തിൽ പലരും സിനിമകൾ ചെയ്തു. ചിലർ അവാർഡുകൾ വാരിക്കൂട്ടി.
ബക്കറുമായുള്ള ഞങ്ങളുടെ ഈ സഹവാസം ഒരു നല്ല സിനിമയിലേക്കുള്ള വഴിയായി. ഞങ്ങളോടൊപ്പം അന്നേരം ഉണ്ടായിരുന്ന ‘തളിരിട്ടക്കിനാക്കളി’ന്റെ കഥാകൃത്തും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി കൊച്ചിൻ തുറമുഖത്തെ സംബന്ധിക്കുന്ന ചെറിയൊരു കഥ ബക്കറിനോട് പറഞ്ഞു. അതാണ് പിന്നീട് ഞങ്ങൾ ‘ചാപ്പ’ എന്ന പേരിൽ സിനിമയാക്കി ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള 1980ലെ ദേശീയ അവാർഡ് കരസ്ഥമാക്കിയത്.
പിന്നീട് മദ്രാസിൽ എന്റെ താമസം ഭരണി സ്റ്റുഡിയോയുടെ അടുത്തുള്ള കാമരാജ നഗറിൽനിന്നും ബക്കർ താമസിക്കുന്ന കെ.കെ. നഗറിലേക്ക് മാറ്റി. ഞങ്ങൾ വളരെ പെട്ടെന്ന് അടുത്തു. സഹോദര സ്നേഹത്തോടെ നാലുവർഷത്തോളം കൂടെ കഴിഞ്ഞു. എല്ലാ വേദനകളും ബക്കർ എന്നോടും ഞാൻ അദ്ദേഹത്തോടും പങ്കുവെച്ചു. മഹാരാജാസ് കോളജിൽ സഹപാഠിയായിരുന്ന പവിത്രനായിരുന്നു ബക്കറിന്റെ ആദ്യ ചിത്രമായ ‘കബനീനദി ചുവന്നപ്പോൾ’ എന്ന സിനിമയുടെ നിർമാതാവ്. ഞാനും പവിത്രനുമായ ബന്ധം അറിഞ്ഞപ്പോൾ ബക്കറിന് എന്നോടുള്ള സ്നേഹത്തിന്റെ ആഴം കൂടി. പവിത്രൻ പലതവണ എന്നെ കാണാൻ ബക്കറിന്റെ വീട്ടിൽ വരുകയും ചെയ്തിരുന്നു.
ഒരുമിച്ച് താമസിച്ചിരുന്ന കാലത്താണ് ഞങ്ങളുടെ രണ്ടാമത്തെ സിനിമക്ക് ഒരുക്കങ്ങൾ നടന്നത്. അന്നേരം അബ്ദുൽ ഖാദർ വക്കീൽ വായിച്ച ഒരു ഇംഗ്ലീഷ് നോവൽ പ്രമേയമാക്കി ജമാൽ കൊച്ചങ്ങാടിയും പിന്നീട് ബക്കറും ഡോ. ബാലകൃഷ്ണനും ചേർന്ന് തിരക്കഥ ശരിയാക്കി, ‘ചാരം’ എന്ന സിനിമ. ‘ചാര’ ത്തിൽ പ്രേംനസീർ തന്നെ ബാരിസ്റ്ററിന്റെ റോൾ ചെയ്യണമെന്ന് ബക്കർ നിർബന്ധം പിടിച്ചു. എന്നാൽ, പ്രേംനസീറിന് ഏറ്റവും തിരക്കേറിയ സമയമായിരുന്നു അത്. എങ്ങനെ പ്രേംനസീറിനെ സമീപിക്കും എന്നൊരു ആശങ്കകൂടി ഞങ്ങളെ വല്ലാതെ അലട്ടി. കാരണം, രണ്ടാഴ്ച മുമ്പ് പ്രേംനസീറിനെക്കുറിച്ച് ബക്കറിന്റെ ഒരു ലേഖനം ‘നാന’യിൽ വന്നിരുന്നു. അതിൽ ‘മുഖത്ത് ചാണകം വാരി എറിഞ്ഞാൽപോലും ഭാവങ്ങൾ വരാത്ത ഒരാളാണ് നസീർ’ എന്നായിരുന്നു വാചകങ്ങൾ. അതുകൊണ്ട് അദ്ദേഹത്തെ കാണാൻ പോകാൻ ബക്കറും മടിച്ചു. പക്ഷേ നിർബന്ധിച്ചപ്പോൾ എല്ലാവർക്കും ഒന്നിച്ചുപോയി കാണാമെന്നായി. ജമാൽ കൊച്ചങ്ങാടി അദ്ദേഹത്തെ കാണാനുള്ള അനുമതിയും തേടിയിരുന്നു. ഞങ്ങൾ മഹാലിംഗപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ ചെന്നപ്പോൾ ഏതോ സ്റ്റുഡിയോയിൽ നിന്നും വടക്കൻ പാട്ടുകളുടെ ഒരു സിനിമയുടെ സെറ്റിൽനിന്നും ഉച്ചയൂണിന് വന്നതായിരുന്നു അദ്ദേഹം. വടക്കൻ പാട്ടിലെ ഹീറോയുടെ വേഷം അണിഞ്ഞ അദ്ദേഹം ഞങ്ങളുടെ മുന്നിലേക്ക് വന്നപ്പോൾ ബക്കർ പെട്ടെന്ന് ചാടിയെണീറ്റത് കൂട്ടച്ചിരിക്ക് ഇടയാക്കി, കാരണം വാളും പരിചയുമൊക്കെയായി നസീർ വരുന്നതു കണ്ടപ്പോൾ അന്നെഴുതിയതിന് പകരം ചോദിക്കാൻ വരുകയാണെന്ന് ഒരു കമന്റ് ആരോ പാസാക്കി. ‘‘പേടിക്കണ്ട ബക്കർ ഞാനൊന്നും ചെയ്യില്ല. ഇരുന്നോളൂ’’ എന്ന നസീറിന്റെ ചിരിനിറഞ്ഞ സംസാരത്തിൽ ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
നസീർ ചെയ്യുന്ന സിനിമകളെല്ലാം ബോക്സ് ഓഫിസ് ഹിറ്റുകളായിരുന്നെങ്കിലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് അരവിന്ദന്റെയും അടൂരിന്റെയും ബക്കറിന്റെയും ജോർജിന്റെയുമൊക്കെ സാമൂഹിക പ്രതിബദ്ധതയുള്ള നല്ല സിനിമകളായിരുന്നു. ബക്കർ സിനിമകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം ഞങ്ങൾക്ക് ഡേറ്റ് തരാനുള്ള വഴിയായി മാറി. അങ്ങനെ ‘ചാരം’ സിനിമയായി. നസീറിന്റെ നല്ല ചിത്രങ്ങളുടെ കൂട്ടത്തിൽ ‘ചാരം’ മുൻനിരയിലെത്തി. ’80കളിൽ പി.എ. ബക്കർ മലയാള സിനിമയുടെ ഗർജിക്കുന്ന സിംഹമായിരുന്നു. വലിയ വലിയ സിനിമക്കാർപോലും ബക്കറിനെ പേടിച്ചിരുന്നു. അന്യായത്തിന് കൂട്ടുനിൽക്കാത്ത, സ്നേഹത്തിന് വിലകൽപിക്കുന്ന, ധാർമികമൂല്യങ്ങൾ മുറുകെ പിടിച്ചിരുന്ന നല്ലൊരു സിനിമാ സംവിധായകനായിരുന്നു. സിനിമക്കാരുടെ എന്തു പ്രശ്നം അന്നുണ്ടായാലും ബക്കർ അതിന്റെ മുന്നിലുണ്ടായിരിക്കും.
അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ, പത്മരാജൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നീ പ്രഗത്ഭ സംവിധായകരും സിനിമാ പ്രവർത്തകരും ചെന്നൈയിലെത്തിയാൽ അവരുടെ സ്വകാര്യ വിശ്രമ കേന്ദ്രം ബക്കറിന്റെ കെ.കെ നഗറിലെ വീടായിരുന്നു. ‘ചാരം’ റിലീസാകാൻ ഒരുപാട് വൈകിയെങ്കിലും നസീറിന്റെ നല്ല പടങ്ങളിൽ ഒന്നായി ഇന്നും ഗണിക്കപ്പെടുന്നു, ഒപ്പം ബക്കറിന്റെയും. ബക്കർ സംവിധാനം ചെയ്ത 14 ചിത്രങ്ങളിൽ 11 എണ്ണത്തിനും സംസ്ഥാന-ദേശീയ അവാർഡുകൾ കിട്ടിയിരുന്നു. ‘ചാര’വും ‘ഇന്നലയുടെ ബാക്കി’ എന്ന ചിത്രവും അവാർഡിനയക്കാൻ സാധിച്ചിരുന്നില്ല.
എന്റെ സഹവാസം സിനിമ തീർന്നിട്ടും ബക്കറിനോടൊപ്പം തന്നെയായിരുന്നു. ഒരുപാട് നന്മകളുള്ള ഒരു സംവിധായകനായിരുന്നു. വിശക്കുന്നവന് ഭക്ഷണം നൽകാൻ അദ്ദേഹം ഒട്ടും വൈമുഖ്യം കാണിച്ചിട്ടില്ല. ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായ അദ്ദേഹം ഒരിക്കലും ഒരു ദൈവനിഷേധിയായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.