ചരിത്രകാരൻ എൻ.കെ. ജോസ് (ദലിത് ബന്ധു) അന്തരിച്ചു

വൈക്കം: പ്ര​മു​ഖ ച​രി​ത്ര​കാ​ര​നും ദ​ലി​ത് ച​രി​ത്ര​ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വും ചി​ന്ത​ക​നു​മാ​യ വൈ​ക്കം വെ​ച്ചൂ​ര്‍ അം​ബി​ക മാ​ര്‍ക്ക​റ്റ് ന​മ​ശി​വാ​യം വീ​ട്ടി​ല്‍ ദ​ലി​ത്ബ​ന്ധു എ​ന്‍.​കെ. ജോ​സ് (95) നി​ര്യാ​ത​നാ​യി. വാ​ര്‍ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് വൈ​ക്ക​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

കേരള ചരിത്ര രംഗത്ത് വഴിമാറി സഞ്ചരിച്ചൊരു ചരിത്ര ഗവേഷകനായിരുന്നു അദ്ദേഹം. പുന്നപ്ര- വയലാർ, വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംമ്പരം, നിവർത്തന പ്രക്ഷോഭം, മലയാളി മെമ്മോറിയൽ തുടങ്ങിയ ആധുനിക കേരള ചരിത്രത്തെ ദലിത് പക്ഷത്തുനിന്ന് അദ്ദേഹം പുനർവായന നടത്തി. അതാണ് അദ്ദേഹത്തിന്റെ രചനകൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയത്. കീഴാള ചരിത്ര പഠനം എന്ന ചരിത്ര ശാഖക്ക് കേരളത്തിൽ വലിയ സംഭാവന നൽകിയത് എൻ.കെ ജോസാണ്. 

വൈക്കം താലൂക്കിലെ വെച്ചൂരിൽ നമശിവായം എന്ന കുടുംബപേരുള്ള കത്തോലിക്ക കുടുംബത്തിൽ 1929 ൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം ചേർത്തല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. തേവര സേക്രഡ് ഹാർട്ട്സ്, സെന്റ് ആൽബർട്സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം.

നൂറ്റിനാല്പതിൽപ്പരം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും, കേരള ദലിത്, ക്രൈസ്തവ ചരിത്ര പണ്ഡിതനും , കേരളഹിസ്റ്ററി കോൺഗ്രസിന്റെ പ്രസിഡന്റുമായിരുന്നു. ദലിത് പഠനങ്ങൾക്കും ദലിത്ചരിത്ര രചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച് 1990ൽ ദലിത് സംഘടനകൾ അദ്ദേഹത്തിനു ദലിത്ബന്ധു എന്ന ആദരനാമം നൽകി. പിൽക്കാലത്ത് അത് തന്റെ തൂലികാനാമമാക്കുകയായിരുന്നു ജോസ്.

പഠനകാലത്ത് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ താല്പര്യം തോന്നിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പർക്കം കാര്യമായ സ്വാധീനം ചെലുത്തിയതായി ജോസ് പറഞ്ഞിരുന്നു. 23-ാം വയസിൽ മുതലാളിത്തം ഭാരതത്തിൽ എന്ന ആദ്യ ഗ്രന്ഥം രചിച്ചു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം വാർദ്ധയിലെ ഗാന്ധി ആശ്രമത്തിൽ ഗാന്ധിയൻ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും പോയി. റാം മനോഹർ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായൺ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാർ.

കോൺഗ്രസിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും അദ്ദേഹം മാറി. മാർത്താണ്ഡത്ത് നടന്ന പൊലീസ് വെടിവെയ്പ്പ് അഖിലേന്ത്യാ തലത്തിൽ പാർട്ടി പിളരാനും ജോസ് സജീവ രാഷ്ടീയം ഉപേക്ഷിക്കാനും കാരണമായി.

1960കളിൽ കേരള കത്തോലിക്ക കോൺഗ്രസിൽ സംസ്ഥാന തലത്തിലെ പദവികൾ പലതും വഹിച്ചു. ആ സമയത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചത്. താൻ അന്വേഷിക്കുന്നത് അംബേദ്ക്കറിസമാണ് എന്ന തിരിച്ചറിവ് വൈകാതെ തന്നെ അദ്ദേഹത്തിനുണ്ടായി. 1983-ൽ കത്തോലിക്കാ പ്രവർത്തനങ്ങളിൽ നിന്നു വിടവാങ്ങിയ അദ്ദേഹം, മുഴുവൻ സമയ ദലിത് ചരിത്ര ഗവേഷകനായി മാറി.

രണ്ട് പരമ്പരകളായാണ് അദ്ദേഹം തന്റെ കൃതികളെ തിരംതിരിച്ചത്. നസ്രാണീ സീരീസ്, ദളിത് സിരീസ് എന്ന് ജോസ് അവയെ വിളിച്ചത്. ആധുനിക കേരള ചരിത്രം പഞ്ചലഹളകളുടെ ചരിത്രവും അവയുടെ തുടർച്ചയുമാണ് എന്നു ജോസ് വാദിച്ചു. പുലയ ലഹള, ചാന്നാർ ലഹള, മാപ്പിള ലഹള, (വയലാർ ലഹള, വൈക്കം സത്യാഗ്രഹം) എന്നിവയാണ് ജോസിന്റെ പഞ്ച ലഹളകൾ.

സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി കാമ്പസിൽ ദളിത് ബന്ധു എൻ.കെ ജോസിന്റെ പേരിൽ ആർക്കൈവ് 2023 ൽ ആരംഭിച്ചു. സർവകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ മേൽനോട്ടത്തിലുള്ള ആർക്കൈവിൽ ദളിത് ബന്ധു എൻ.കെ ജോസിന്റെ കൈയെഴുത്തുപ്രതികൾ, കത്തുകൾ, അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലെ അപൂർവങ്ങളായ പുസ്തകങ്ങൾ എന്നിവ ശേഖരിച്ചു. 

Tags:    
News Summary - Historian NK Jose (Dalit Bandhu) passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.