തൃശൂർ/ഒല്ലൂർ: പാണഞ്ചേരി പയ്യനം സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ ജോബി (47) വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചു. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടുദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏപ്രിൽ 17ന് പനിക്ക് ചികിത്സ തേടി മരുന്നുകൾ കഴിച്ചിരുന്നുവെങ്കിലും ഭേദമാവാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച ഇവിടെ കഴിഞ്ഞെങ്കിലും അസുഖം മൂർച്ഛിച്ചു. ഇതിനിടെ ഓർമശക്തി കുറയുകയും ശരീരത്തിന്‍റെ ഒരുഭാഗം തളരുകയും ചെയ്തു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ 20 ദിവസത്തോളം വെൻറിലേറ്ററിൽ കഴിഞ്ഞു. പിന്നീടാണ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിലെ പരിശോധനയിലാണ് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചത്.
ഞായറാഴ്ച രാവിലെയാണ് ജോബി മരിച്ചത്. രണ്ട് സ്വകാര്യ ആശുപത്രികളിലടക്കം ആഴ്ചകളോളം കിടത്തിയിട്ടും രോഗം എന്താണെന്ന് കണ്ടുപിടിക്കാതെ ചികിത്സിച്ച് പത്ത് ലക്ഷത്തോളമാണ് സ്വകാര്യ ആശുപത്രികൾ കൈക്കലാക്കിയത്. നാട്ടുപണിയെടുത്ത് കഴിയുന്ന സാധാരണ കുടുംബമാണ് ജോബിയുടേത്. നാട്ടുകാരുടെ സഹായത്തിലാണ് ചികിത്സ നടന്നത്. ജോബിയുടെ മൃതദേഹം ചേരുംകുഴി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ: അനു. മക്കൾ: അലീന, അമൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.