ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ജനുവരിയിൽ പ്ലാസ്റ്റിക് നിര്‍മാര്‍ജന മെഗാ കാമ്പയിന് സംഘടിപ്പിക്കും. കലക്ടര്‍ അലക്സ് വർഗീസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തിലാണ് തീരുമാനം. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പ്ലാസ്റ്റിക് മുക്ത വേമ്പനാട് കാമ്പയിന് സംഘടിപ്പിക്കുന്നത്.
ജനുവരിയില്‍ മെഗാ പ്ലാസ്റ്റിക് മുക്ത ഡ്രൈവ് നടത്തും. വേമ്പനാട് കായല്‍ മേഖലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളിലും ക്ലീനിങ് ഡ്രൈവ് നടത്തും. ആദ്യഘട്ടത്തില്‍ 10 ഹോട്ട് സ്പോട്ട് കണ്ടെത്തിയാണ് മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, ഹരിതകേരളം മിഷന്, കുടുംബശ്രീ, ഹരിതകര്‍മസേന, വിമുക്തഭടന്മാര്, പരിസ്ഥിതി പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കും.
പോളപായലില്നിന്ന് മൂല്യവര്‍ധിത ഉൽപന്നങ്ങള് നിര്‍മിക്കാനും പദ്ധതിയുണ്ട്. വേമ്പനാട് കായല്‍ പുനരുജ്ജീവനത്തിന്റെയും സംരക്ഷണപ്രവര്ത്തനങ്ങളുടെയും ഭാഗമായി പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന് പുറമെ, ബയോഷീല്‍ഡ് ഒരുക്കല്‍, വേമ്പനാട് കായല്‍ ഇന്റര്‍പ്രെട്ടേഷന്‍ സെന്റര്‍, യാണ് മ്യൂസിയം, ബോട്ടില്‍ ബൂത്തുകള്‍, കമ്യൂണിറ്റി ടൂറിസം, മത്സ്യവിത്തുകള്‍ നിക്ഷേപിക്കല്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. മത്സ്യത്തൊഴിലാളികള്‍, ഹൗസ്ബോട്ട് ജീവനക്കാര്‍, ഉടമകള്‍, വേമ്പനാട് കായലിന്റെ തീരത്ത് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ ബോധവത്കരണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ എച്ച്. സലാം എം.എല്‍.എ, ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ ബിനു ഐസക് രാജു, എ.ഡി.എം ആശ സി. എബ്രഹാം, അന്താരാഷ്ട്ര കായല്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജി. പത്മകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. പ്രേംജി, ജോളി ജോസഫ്, കുഫോസിലെ ഡോ. സഞ്ജീവന്, എസ്.ഡി കോളജിലെ പ്രഫ. ഡോ. ജി.എന്‍. പ്രഭു, തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.