പരപ്പനങ്ങാടി (മലപ്പുറം): സുമനസ്സുകളുടെ കാരുണ്യ ഹസ്തം സ്വീകരിച്ച് ജീവിത സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ കൊതിച്ച സഹോദരങ്ങളിലൊരാൾ അവയവ ചികിത്സ പൂർണമാക്കാതെ യാത്രയായി. പാൻക്രിയാസ് അസുഖം ബാധിച്ചു കോയമ്പത്തൂർ കോവൈ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി നെടുവയിലെ സ്നേഹ മോളാണ് (21) ശനിയാഴ്ച മരിച്ചത്.
നെടുവ കോവിലകം റോഡ് കുറുങ്ങോടത്തിൽ സദാശിവൻ -വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് സ്നേഹ. വൃക്കരോഗത്തോടൊപ്പം പാൻക്രിയാസ് രോഗവും പിടിപെട്ട് ഇവരുടെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
മൂത്ത മകൾ സ്നേഹക്ക് വൃക്കയും പാൻക്രിയാസും മാറ്റിവെച്ചാൽ കാഴ്ച തിരിച്ചുകിട്ടുമെന്നാണ് കോയമ്പത്തൂർ കോവെ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ പറഞ്ഞിരുന്നത്. 17കാരനായ അനുജൻ സായൂജിന് പാൻക്രിയാസും മാറ്റിവെക്കണം.
സായൂജ് ജന്മനാ അസുഖബാധിതനാണ്. ആദ്യ ഘട്ടത്തിൽ നടക്കാൻ പോലുമാകാതെ മിക്ക ആശുപത്രികളിലും ചികിത്സ തേടിയിട്ടുണ്ട്. എന്നാൽ, പിന്നീട് ആയുർവേദ ചികിത്സയിലൂടെ നടക്കാൻ കഴിഞ്ഞു. നെടുവ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്.
രണ്ട് വർഷം മുമ്പാണ് സ്നേഹക്ക് അസുഖം തുടങ്ങുന്നത്. പ്ലസ് ടു വിദ്യാഭ്യാസത്തിനുശേഷം ടി.ടി.സി പഠനം കൂടി പൂർത്തിയാക്കിയ ഈ 21കാരി പഠിപ്പിലും ഏറെ മിടുക്കിയായിരുന്നു. അതിനിടയിലാണ് കാഴ്ച നഷ്ടപ്പെട്ടത്. ഒടുവിൽ ജീവനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.