വ്യത്യസ്തമായ രാഷ്ട്രീയയാത്രയായിരുന്നു തലേക്കുന്നിൽ ബഷീറിന്‍റേത്. കേരള സർവകലാശാല യൂനിയൻ പുനഃസംഘടിപ്പിച്ച ശേഷം ആദ്യമായി ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹമാണ്. യൂനിയൻ പുനഃസംഘടിപ്പിക്കണമെന്നും സെനറ്റിലും സിൻഡിക്കേറ്റിലും വിദ്യാർഥികൾക്ക് പ്രാതിനിധ്യം നൽകണമെന്നുമാവശ്യപ്പെട്ട് കെ.എസ്.യു നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടന്നതിന്‍റെ ഫലമായാണ് ഇ.എം.എസ് സർക്കാറിന്‍റെ കാലത്ത് കൊണ്ടുവന്ന ബില്ലിന്‍റെ അടിസ്ഥാനത്തിൽ യൂനിവേഴ്സിറ്റി യൂനിയനുകളും പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്. സെനറ്റിലേക്കുള്ള വിദ്യാർഥി പ്രാതിനിധ്യവും ആ നിയമത്തിലൂടെയാണ് വന്നത്.
അങ്ങനെ ആദ്യത്തെ യൂനിയൻ തെരഞ്ഞെടുപ്പിലൂടെ ചെയർമാൻ സ്ഥാനത്തേക്ക് ബഷീർ എത്തിയത് വിദ്യാർഥി സമൂഹത്തിന് വലിയ തോതിൽ സന്തോഷിക്കാൻ വക നൽകുന്നതായിരുന്നു. വലിയ ആഘോഷത്തിന്‍റെ അന്തരീക്ഷത്തിലായിരുന്നു അദ്ദേഹം ആ ചുമതലയേറ്റത്. എല്ലാ വിദ്യാർഥി സംഘടനകളും ഒരു പോലെ ആഗ്രഹിച്ചിരുന്നതാണത്.
നിയമസഭയിലെ കന്നി പ്രസംഗത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ അദ്ദേഹത്തിന് കൂടുതൽ കാലം നിയമസഭയിൽ തന്‍റെ കഴിവ് പ്രകടിപ്പിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടായിരുന്നെങ്കിലും രാജ്യസഭയിലും ലോക്സഭയിലുമുള്ള പ്രവർത്തനങ്ങളിലൂടെ അദ്ദേഹം നല്ല പാർലമെന്‍റേറിയനാണെന്ന് തെളിയിച്ചു. നിരവധി പാർലമെന്‍ററി കമ്മിറ്റികളിലും അദ്ദേഹം പ്രാഗല്ഭ്യം തെളിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.
മികച്ചൊരു വാഗ്മിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങൾ കോൺഗ്രസ് വേദികളിൽ ഇടിമുഴക്കമായിരുന്നു. മികച്ച പ്രസംഗകനായ പനമ്പിള്ളി ഗോവിന്ദമേനോനെപ്പോലും ഞെട്ടിപ്പിച്ച പ്രസംഗമാണ് ബഷീറിന്‍റേത്. സർവകലാശാല യൂനിയൻ ഉദ്ഘാടനത്തിനെത്തിയ പനമ്പിള്ളി ബഷീറിന്‍റെ പ്രസംഗം കേട്ട് അദ്ദേഹത്തെ ഹസ്തദാനം ചെയ്ത് അഭിനന്ദിക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. കോൺഗ്രസിലെ ഒരു രാഷ്ട്രീയ ചിന്തകനായിരുന്നു ബഷീർ.
സാഹിത്യാഭിരുചിയും അദ്ദേഹത്തിനുണ്ടായിരുന്നു. നിരവധി ചെറുകഥകളും നാടകങ്ങളുമെഴുതി. രാജീവ് ഗാന്ധിയെക്കുറിച്ചെഴുതിയ പുസ്തകം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ പ്രചാരം നേടി. അര നൂറ്റാണ്ടുകാലം കോൺഗ്രസിലും വിദ്യാർഥി പ്രസ്ഥാനങ്ങളിലുമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം അസുഖവും ഭാര്യയുടെ വിയോഗവും കാരണമാണ് രാഷ്ട്രീയത്തിൽനിന്ന് മാറിനിന്നത്. രോഗശയ്യയിൽ കഴിയുമ്പോഴും അദ്ദേഹം എഴുതുമായിരുന്നു. കോൺഗ്രസിന്‍റെ സൗമ്യമായ മുഖമായിരുന്നു ബഷീറെങ്കിലും ചിന്തകൊണ്ടും എഴുത്തുകൊണ്ടും ഗംഭീരനായ കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം.
ഞാൻ ആദ്യമായി എം.ജി കോളജിൽവെച്ച് ബഷീറിനെ പരിചയപ്പെടുമ്പോൾ അദ്ദേഹം വാമനപുരം നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റായിരുന്നു. ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്‍റായിരുന്നു അദ്ദേഹം. ഇത്രയും ചെറുപ്പത്തിൽ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നതിനു പകരം കെ.എസ്.യുവിന്‍റെ നേതൃത്വം ഏറ്റെടുക്കണമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് അദ്ദേഹത്തെ കൈപിടിച്ച് കൊണ്ടുവന്ന് കെ.എസ്.യു ജില്ല പ്രസിഡന്‍റാക്കിയത്.
പിന്നീട് അദ്ദേഹം യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതൃത്വത്തിലേക്കെത്തി. ഇടതിനെ പിന്തുണച്ചിരുന്ന ചിറയിൻകീഴ് മണ്ഡലത്തിൽനിന്ന് വിജയിക്കാൻ സാധിച്ചതും അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവത്തിന്‍റെ ഫലമായാണ്. ഞാനും ബഷീറും ചാക്കോയും ശങ്കരനാരായണപിള്ളയുമെല്ലാം ചേർന്ന വലിയ ഒരു സംഘമായിരുന്നു അന്ന് കോൺഗ്രസിന്‍റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നത്. അദ്ദേഹം പാർലമെന്‍റിൽ ശോഭിക്കുമ്പോൾ ഞങ്ങൾ നിയമസഭയിലും മന്ത്രിസഭയിലുമെല്ലാം അംഗങ്ങളായിരുന്നു. അദ്ദേഹം മന്ത്രിയായി എത്തണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നെങ്കിലും അതു മാത്രം സാധിച്ചില്ല.
സാംസ്കാരിക രംഗത്തും അദ്ദേഹം തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ആഴത്തിലും പരപ്പിലുമുള്ള വായന അദ്ദേഹത്തിനുണ്ടായിരുന്നു. ഞങ്ങൾ ഒത്തുചേരുമ്പോൾ സാഹിത്യ ചർച്ച നടത്താറുണ്ടായിരുന്നു. വിദ്യാർഥികളായിരുന്നപ്പോൾ മദ്രാസിൽ പോയി ചലച്ചിത്രതാരം പ്രേംനസീറിനെ കണ്ടത് ഇന്നും ഓർക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ തന്നെ സർവകലാശാല യൂനിയൻ ചെയർമാനായിരുന്ന ബഷീറിനെ അദ്ദേഹം തിരിച്ചറിഞ്ഞു. പിൽക്കാലത്ത് ബഷീർ നസീറിന്‍റെ സഹോദരിയെ വിവാഹം കഴിക്കുമെന്ന് ആരും അന്ന് കരുതിയിരുന്നില്ല.
എനിക്കും എ.കെ. ആന്‍റണിക്കും ബഷീറുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആന്‍റണിയുടെയും ബഷീറിന്‍റെയും കുടുംബങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. ആദർശ ദീപ്തമായ രാഷ്ട്രീയ ജീവിതം കൊണ്ട് എല്ലാവരുടെയും മനസ്സ് കവർന്ന വ്യക്തിയാണ് തലേക്കുന്നിൽ ബഷീർ. ബഷീറിന്‍റെ വിയോഗം കോൺഗ്രസിനും സാംസ്കാരിക രംഗത്തിനും നഷ്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.