കാസര്‍കോട്: പുഴയില്‍ മുങ്ങിമരിച്ച ദമ്പതികളടക്കം മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കുണ്ടംകുഴി ഗദ്ദേമൂലയിലെ ചന്ദ്രാജിയുടെ മകന് പ്രവാസിയായ നിധിന് (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30), ഇവരുടെ ജ്യേഷ്ഠെൻറ മകന് മനീഷ്(16) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് മരിച്ചത്. മൂന്നുപേരുടെയും ആകസ്മിക മരണത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കുണ്ടംകുഴി ഗ്രാമം.
പുഴ കാണാന്‍ എത്തിയ ഒമ്പതംഗ കുടുംബത്തിലെ മൂന്നു പേരാണ് എരിഞ്ഞിപ്പുഴ തോണിക്കടവ് ചൊട്ടയില്‍ മുങ്ങിമരിച്ചത്. രണ്ടുമാസം മുമ്പ് ഗള്‍ഫില്‍നിന്ന് എത്തിയതായിരുന്നു നിധിന്. കുടുംബാംഗങ്ങളടക്കം പുഴ കാണാനെത്തിയപ്പോള്‍ നിധിന് പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ നീന്തലറിയാത്ത ഭാര്യ ദീക്ഷ കാലും മുഖവും കഴുകാന്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ വഴുതി ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. നിധിന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ആഴങ്ങളിലേക്ക് താഴ്ന്നുപോയി. ഇതോടെയാണ് 16കാരനായ മനീഷും പുഴയില്‍ എടുത്ത് ചാടിയത്. കുണ്ടംകുഴി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മനീഷ്.
മൂന്നു പേരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നതോടെ ഒപ്പമുള്ളവര്‍ നാട്ടുകാരേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആറു മണിയോടെയാണ് മൃതദേഹങ്ങളെല്ലാം പുറത്തെടുത്തത്. നിധിന്- ദീക്ഷ ദമ്പതികള്‍ക്ക് മൂന്നു വയസ്സുള്ള കുട്ടിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.