ബെൻസണും ബെൻസിയും സുഷമാ സ്വരാജിനൊപ്പം (2003ലെ ചിത്രം).   ബെൻസൺ

എയ്ഡ്സ് ബാധിത കുടുംബത്തിലെ അവസാന കണ്ണി ബെൻസൺ ജീവനൊടുക്കി

കൊല്ലം: 20 വർഷം മുമ്പ് കേരളം ​ഏറെ ചർച്ച ചെയ്ത കൊല്ലം ആദിച്ചനല്ലൂരിലെ എയ്ഡ്സ് ബാധിത സഹോദരങ്ങളിൽ അവസാന കണ്ണിയായ ബെൻസൺ ജീവനൊടുക്കി. സഹോദരി ബെൻസി പത്തു വർഷം മുമ്പ് രോഗം മൂർച്ഛിച്ച് മരണപ്പെട്ടതോടെ ബെൻസൺ തനിച്ചായിരുന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ബന്ധുവീട്ടിലാണ് ബെൻസൺ ജീവനൊടുക്കിയത്. ഒരാഴ്ചയായി മാനസിക സംഘര്‍ഷത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് മരിച്ചതെന്ന് പറയപ്പെടുന്നു. ഇതോടെ കൊല്ലം ജില്ലയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഇവരുടെ കുടുംബം ഓർമയായി.

എയ്ഡ്സ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെയാണ് അന്ന് കുരുന്നുകളായിരുന്ന ബെൻസണും ബെൻസിയും സാമൂഹ്യ വിവേചനത്തിന് ഇരകളായത്. എയ്ഡ്സ് ബാധിതരായ ഇവർ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയക്കില്ലെന്ന നിലപാടിലായിരുന്നു മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍. തുടർന്ന് 2003 സെപ്റ്റംബറിൽ കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഇരുവരെയും ചേർത്ത്നിർത്തി പിന്തുണ പ്രഖ്യാപിച്ചു. കടുത്ത വിവേചനം അനുഭവിച്ച കാലയളവിലായിരുന്നു സുഷമ ഇരവരെയും ​നെറുകയിൽ ചുംബിച്ച് ആ​ശ്ലേഷിച്ചത്.

എച്ച്.ഐ.വി ബാധയെ തുടര്‍ന്ന് ബെന്‍സിയുടെ പിതാവ് സി.കെ. ചാണ്ടി 1997ലും മാതാവ് പ്രിന്‍സി 2000ലും മരിച്ചിരുന്നു. മുത്തശ്ശി സാലിക്കുട്ടിയുടെ സംരക്ഷണത്തിലായിരുന്നു പിന്നീട് ബെന്‍സണും ബെന്‍സിയും. 10 വര്‍ഷം മുമ്പ് ബെന്‍സിയും അടുത്തിടെ അമ്മൂമ്മയും മരിച്ചതോടെ ഒറ്റയ്ക്കായ ബെന്‍സന്‍ ഒരു വര്‍ഷമായി മറ്റൊരു ബന്ധുവിനൊപ്പമായിരുന്നു താമസം.

Tags:    
News Summary - Benson, the last member of an AIDS-affected family, committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.