ചെന്നൈ: പ്രശസ്ത അർബുദ രോഗ വിദഗ്ധയും ചെന്നൈ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സനുമായ ഡോ.വി.ശാന്ത (93) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ൈവകീട്ട് നെഞ്ചുവേദനയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ച 3.55ന് അന്ത്യം സംഭവിക്കുകയായിരുന്നു. ഒൗദ്യോഗിക പൊലീസ് ബഹുമതികളോടെ സംസ്കരിച്ചു. അവിവാഹിതയായിരുന്നു.
ഡോ.ശാന്തയുടെ ആരോഗ്യ സേവനരംഗത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 1986ൽ പത്മശ്രീയും 2006ൽ പത്മഭൂഷണും 2016ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 2005ൽ റാമോൺ മഗ്സസെ അവാർഡിനും അർഹയായി. നായുഡമ്മ സ്മാരക അവാർഡ്, അവ്വയാർ അവാർഡ്, മദർ തെരേസ അവാർഡ് തുടങ്ങി തമിഴ്നാട് സർക്കാറിെൻറയും വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഒേട്ടറെ ബഹുമതികളും പുരസ്കാരങ്ങളും നേടി. അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി പ്രബന്ധങ്ങളെഴുതി.
1927 മാർച്ച് 11ന് ചെന്നൈയിലെ മൈലാപ്പൂരിൽ രണ്ട് നൊേബൽ സമ്മാന ജേതാക്കളായ സി.വി. രാമൻ (മുത്തച്ഛെൻറ സഹോദരൻ), എസ്.ചന്ദ്രശേഖർ (അമ്മാവൻ) എന്നിവർ ഉൾപ്പെട്ട കുടുംബത്തിലാണ് ശാന്ത ജനിച്ചത്. ചെറുപ്പത്തിലേ ഡോക്ടറാവാനാണ് ശാന്ത ആഗ്രഹിച്ചത്. 1949ൽ മദ്രാസ് മെഡിക്കൽ കോളജിൽ എം.ബി.ബി.എസും തുടർന്ന് ഡി.ജി.ഒ, എം.ഡി(ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി) എന്നിവയും പൂർത്തിയാക്കി.
പി.എസ്.സി പരീക്ഷയിലൂടെ ഗവ. വിമൻ ആൻഡ് ചിൽഡ്രൻ ആശുപത്രിയിൽ നിയമനം ലഭിച്ചുവെങ്കിലും 1955ൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനിച്ചത്. ഡോ.വി.ശാന്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഡോ.ഹർഷ് വർധൻ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ തുടങ്ങി നാനാതുറകളിലുള്ള നിരവധി പ്രമുഖർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.