കോഴിക്കോട്: ചിത്രകാരനും സിനിമാ-ഡോക്യുമെൻ്ററി സംവിധായകനുമായ ജ്യോതി പ്രകാശ് (60) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. റവന്യൂ സർവീസിൽ നിന്നും വില്ലേജ് ഓഫീസറായി വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു. ഞായറാഴ്ച പേരാമ്പ്രയിലെ വസതിയിലായിരുന്നു അന്ത്യം.
ഒ.വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവലിനെ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച "ഇതിഹാസത്തിലെ ഖസാഖ് " എന്ന ഡോക്യു- ഫിക്ഷൻ സിനിമക്ക് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിട്ടുണ്ട്. ഈ ചിത്രം 1997ൽ തിരുവനന്തപുരത്തു നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ചു.
ആത്മൻ എന്ന ഹ്രസ്വചിത്രത്തിനും എഡിറ്റിംഗിന് അവാർഡ് ലഭിച്ചിട്ടുണ്ട്. ചിത്രകാരനായി തുടങ്ങിയാണ് നാടക-സിനിമ മേഖലകളിലെത്തിയത്. 1990കളിൽ മലപ്പുറം രശ്മി ഫിലിം സൊസൈറ്റി കേന്ദ്രീകരിച്ച് കലാ-സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽ സജീവമായിരുന്നു. രശ്മിയുടെ മുഴുവൻ പരിപാടികളുടെയും പോസ്റ്ററുകളൊരുക്കിയിരുന്നത് ജ്യോതിപ്രകാശ്, ആർട്ടിസ്റ്റ് ദയാനന്ദൻ, ഷഹബാസ് അമൻ കൂട്ടായ്മയായിരുന്നു. ജ്യോതിപ്രകാശ് മികച്ച ഒരു ലേ ഔട്ട് ആർട്ടിസ്റ്റ് കൂടിയായിരുന്നു. സംവിധായകനായ എ.ടി. അബുവിെൻറ 'ധ്വനി' എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് ജ്യോതിപ്രകാശ് സിനിമാരംഗത്തെത്തുന്നത്.
തുടർന്ന് രശ്മി ഫിലിം സൊസൈറ്റിയുടെ നിർവാഹക സമിതി അംഗമായി. ഫിലിം സൊസൈറ്റി പ്രവർത്തനത്തിൽ സജീവമായപ്പോഴാണ് അദ്ദേഹം ഡോക്യുമെൻററിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
ജ്യോതി പ്രകാശിന്‍റെ ആദ്യ ഡോക്യുമെൻററിയായ 'ഇതിഹാസത്തിലെ ഖസാഖ്' രശ്മി ഫിലിം സൊസൈറ്റിയാണ് നിർമിച്ചത്. പ്രശസ്ത ഛായാഗ്രാഹകൻ വേണുവായിരുന്നു കാമറക്ക് പിന്നിൽ. ഡൽഹിയിലെ ചാണക്യപുരിയിലെ ഒ.വി. വിജയെൻറ വസതിയിലായിരുന്നു ഷൂട്ടിങ്.
മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയെക്കുറിച്ച് പി.ആർ.ഡി നിർമിച്ച സി.എച്ച്- നവോത്ഥാനത്തിെൻറ ഹരിതാക്ഷരി, നടൻ ഗോപകുമാർ കേന്ദ്രകഥാപാത്രമായ ആത്മൻ, ചിത്രകാരനായ അത്തിപ്പറ്റ ശിവരാമൻ നായരുടെ ജീവിതം ആസ്പദമാക്കിയുള്ള എ.എസ്. വരകൾക്കുമപ്പുറം തുടങ്ങിയ ഡോക്യുമെൻററികളും അദ്ദേഹം സംവിധാനം ചെയ്തു.
കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻ നായരുടേയും, മലപ്പുറം മേൽമുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനാണ് ജ്യോതി പ്രകാശ്. പേരാമ്പ്ര മുയിപ്പോത്ത് രയരോത്ത് ഗീതയാണ് ഭാര്യ. മക്കൾ: ആദിത്യൻ, ചാന്ദ് പ്രകാശ്. സഹോദരങ്ങൾ: പ്രമോദ്, പ്രീത, പ്രദീപ് ,പ്രശാന്ത്.
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മുയിപ്പോത്ത് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.