മലപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ ഒ.ടി. മൂസ മുസ്ലിയാര് മുടിക്കോട് (74) നിര്യാതനായി. ചൊവ്വാഴ്ച പുലര്‍ച്ച മുടിക്കോട്ടെ വസതിയിലായിരുന്നു നിര്യാണം. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഏറനാട് താലൂക്ക് പ്രസിഡൻറാണ്. ദീർഘകാലമായി മുദരിസായി സേവനം ചെയ്തുവരുകയായിരുന്നു.
മഖ്ദൂമീ പരമ്പരയിലെ ഒറ്റകത്ത് ഹാജി മുഹമ്മദ് കുട്ടി മുസ്ലിയാര്-ഒറ്റകത്ത് ചോലക്കല്‍ ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകനായി 1946ലാണ് ജനനം. പ്രാഥമിക പഠനശേഷം വിവിധ സ്ഥലങ്ങളില്‍ ദര്‍സ് പഠനം നടത്തി. 1970ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍നിന്ന് ഫൈസി ബിരുദം നേടി. പ്രമുഖ പണ്ഡിതന്മാരായ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്, കോട്ടുമല അബൂബക്കര്‍ മുസ്ലിയാർ, കെ.കെ. അബൂബക്കര്‍ ഹസ്റത്ത്, കെ.സി. ജമാലുദ്ദീന്‍ മുസ്ലിയാർ തുടങ്ങിയവര്‍ പ്രധാന ഗുരുനാഥൻമാരാണ്.
മലപ്പുറം ജില്ലയിലെ മുടിക്കോട്, മഞ്ചേരി വാക്കിയത്തൊടി, കാരക്കുന്ന്, നെല്ലിക്കുത്ത്, കുട്ടശ്ശേരി, കിടങ്ങഴി, താെഴക്കോട്, കോടങ്ങാട്, എടയാറ്റൂര്‍, വള്ളുവമ്പ്രം, അരക്കുപറമ്പ് എന്നിവിടങ്ങളില്‍ നാല് പതിറ്റാണ്ട് ദര്‍സ് നടത്തി. നിലവില്‍ കൊടശ്ശേരി ഖാജാനഗര് മസ്ജിദില്‍ മുദരിസാണ്. മുടിക്കോട് മഹല്ല് കമ്മിറ്റി പ്രസിഡൻറ്, സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. പാണ്ടിക്കാട് ഹിമായത്തുസ്സുന്നിയ്യ ജനറല്‍ സെക്രട്ടറി, ദാറുല്‍ ഇര്ഫാന് ഇസ്ലാമിക് അക്കാദമി ജനറല്‍ സെക്രട്ടറി, ഒറുവംപുറം അല്‍ ഫാറൂഖ് കോംപ്ലക്സ് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിക്കുന്നു.
ഭാര്യമാര്‍: ആമിന, പരേതയായ നഫീസ. മക്കള്‍: മുഹമ്മദ് കുട്ടി, മുഹമ്മദ്, അബ്ദുല്ല, നൗഫല്‍ യമാനി, ഫാത്തിമ സുഹ്റ, ഫാഇസ, ശരീഫ. മരുമക്കള്‍: ഉമര്‍ (കിഴക്കുപറമ്പ്), അഫ്സല് (കീഴാറ്റൂര്‍), ബദറുദ്ദീന്‍ (അത്തിപ്പറ്റ), സുലൈഖ (കുന്നപ്പള്ളി), ഫൗസിയ (വെള്ളുവങ്ങാട്), ഹസീന (പന്തലൂര്‍). വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മുടിക്കോട് ജുമാസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.