സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ഒ. കുട്ടി മുസ്ലിയാർ അന്തരിച്ചു

കാളികാവ്​: സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മതപഠനശാലകളിൽ അധ്യാപകനുമായിരുന്നു ഉസ്താദ് ഒ. കുട്ടി മുസ്ലിയാർ അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെയാണ്​ മരണം.  മയ്യിത്ത്​ നമസ്​കാരം വൈകുന്നേരം നാലിന്​ പള്ളിശ്ശേരി ജുമാ മസ്​ജിദിൽ നടക്കും. എസ്​.വൈ.എസ്​ സംസ്​ഥാന വർക്കിങ്​ സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്​ മകനാണ്​.

ഒടങ്ങാടൻ മമ്മദ് മൊല്ലയുടെയും വേങ്ങര ഊരകം ഫാത്വിമയുടെയും മകനായി 1928 ൽ മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത അമ്പലക്കടവിലാണ് ഉസ്താദ് ഒ. കുട്ടി മുസ്ലിയാരുടെ​ ജനനം. എടപ്പറ്റ മോയിൻ മുസ്ലിയാരുടെ കീഴിൽ ഓത്തുപള്ളിയിലൂടെയാണ് പ്രാഥമിക പഠനം ആരംഭിച്ചത്.

അതിന് ശേഷം പള്ളിശ്ശേരി,തുവ്വൂര്,കാളികാവ് ,കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി പതിമൂന്ന് വർഷം ദർസ് പഠനം. അരിപ്ര മൊയ്തീൻ ഹാജി, പറവണ്ണ ഉസ്താദ്, കണ്ണിയത്ത് ഉസ്താദ് എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാർ.

കെ.ടി മാനു മുസ്ലിയാർ ,കെ കെ അബ്ദുല്ല മുസ്ലിയാർ, ഇബ്നു ഖുതുബി സി എച്ച് അബ്ദുറഹിമാൻ മുസ്ലിയാർ, പറവണ്ണ ഉസ്താദിന്‍റെ മകൻ മുഹമ്മദ് ഖാസിം എന്നിവരായിരുന്നു കുട്ടി ഉസ്താദിന്‍റെ പ്രമുഖരായ സഹപാഠികൾ.

അതിന് ശേഷം വാഴയൂരിൽ ദർസ് അധ്യാപനം ആരംഭിച്ചു.ഒരു വർഷം കഴിഞ്ഞപ്പോൾ 1961 ൽ പകരം ഒരു മുദരിസിനെ നിർത്തി കുട്ടി ഉസ്താദ് ദയൂബന്ദ്​ ദാറുൽ ഉലൂമിലേക്ക് ഉപരിപഠനത്തിനായി പോയി. 1962 ൽ ഖാസിമി ബിരുദം കരസ്ഥമാക്കി നാട്ടിൽ തിരിച്ചെത്തി.

വാഴയൂർ ദർസ് വിട്ട ശേഷം കോട്ടയം, ഈരാറ്റുപേട്ട, നിലമ്പൂർ, കണ്ണാടിപ്പറമ്പ്, എടയാറ്റൂർ, തുവ്വൂര് എന്നിവിടങ്ങളിലായി നീണ്ട അര നൂറ്റാണ്ടിലേറയുള്ള അധ്യാപന ജീവിതം നയിച്ച ഉസ്താദ് ശാരീരിക അസ്വസ്ഥതകൾ കാരണം വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. 

പഠനകാലത്ത് വീടുകളിൽ കുടിയോത്തിന് പോയിരുന്ന ഉസ്താദ് ആ കാലത്ത്​ തന്നെ ഖുർആൻ മുഴുവൻ മന:പാഠമാക്കിയിരുന്നു.

പരേതയായ ഫാത്തിമയാണ്​ ഭാര്യ. മറ്റു മക്കൾ: ആയിശ, ജമീല, അബ്​ദുൽ ജലീൽ, മുഹമ്മദ്​ അലി ഫൈസി, മൈമൂന, റംല. 


Tags:    
News Summary - o kutty musliyar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.