പാലക്കാട്: ജില്ലയിൽ ഇതുവരെ 39.64 കോടി രൂപയുടെ വിളനാശം സംഭവിച്ചതായി കൃഷിവകുപ്പ്. ഏറ്റവും കൂടുതൽ നാശം വാഴകൃഷിക്കാണ്. 1200.37 ഹെക്ടറിൽ 23.6 കോടി രൂപയുടെ നാശമാണ് ഈ മേഖലയിലുണ്ടായത്. കനത്ത മഴയിലും കാറ്റിലും കുല വന്ന 3.30 ലക്ഷത്തോളം വാഴയാണ് നിലം പൊത്തിയത്. നെൽകൃഷിയിൽ 621 ഹെക്ടറിൽ 9.32 കോടിയുടെ വിളയാണ് നശിച്ചത്.
132.6 ഹെക്ടറിലായി 55.03 ലക്ഷം രൂപയുടെ പച്ചക്കറികൾക്കും നാശം വന്നു. സെപ്റ്റംബറിലാണ് നെൽകൃഷിക്ക് കൂടതൽ നഷ്ടം ഉണ്ടായത്. 458.40 ഹെക്ടറിൽ 6.87 കോടി രൂപയുടെ വിളയാണ് കനത്ത മഴയിൽ നശിച്ചത്. ഏലം, ഇഞ്ചി, കശുവണ്ടി, റബർ, നാളികേരം, കൊക്കോ, കാപ്പി, അടയ്ക്ക, കുരുമുളക്, മരച്ചീനി തുടങ്ങിയ വിളകളും കാലവർഷക്കെടുതിയിൽ നശിച്ചതായി കൃഷിവകുപ്പ് അധികൃതർ പറഞ്ഞു.
കൊല്ലങ്കോട്: മഴയെ തുടർന്ന് 10 ഹെക്ടർ നെൽകൃഷി വെള്ളം കയറി നശിച്ചു. മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലാണ് വ്യാപകമായി നെൽകൃഷി വെള്ളത്തിലായത്. സ്ഥിതി തുടരുകയാണെങ്കിൽ കൂടുതൽ നെൽപാടങ്ങൾ നശിക്കുമെന്ന് കൃഷിക്കാർ പറയുന്നു. പോത്തമ്പാടം, കമ്പ്രത്ത് ചള്ള, ചോറപ്പള്ളം, ആന്തിച്ചിറ, പുളിയന്തോണി, പയ്യല്ലൂർ, ചാത്തൻ പറ, ഇടച്ചിറ, മാത്തൂർ, തേക്കിൻ ചിറ, ചീരണി, കാലികുളമ്പ് എന്നീ പ്രദേശങ്ങളിലെ നെൽകർഷകർ ഇതോടെ പ്രതിസന്ധിയിലായി.
20-25 ദിവസം പ്രായമായ നെൽച്ചെടികളാണ് നശിച്ചതെന്ന് വിജയൻ ചോറപ്പള്ളം പറഞ്ഞു. വിളവെടുപ്പിന് മൂന്നാഴ്ചയോളമാണ് ശേഷിക്കുന്നത്. 40,000 വരെ ഏക്കറിന് െചലവഴിച്ചാണ് കൃഷിയിറക്കിയത്. പ്രതിസന്ധിയിലായ കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.