രണ്ടാഴ്ചക്കിടെ മരിച്ചത്​ ഭാര്യയടക്കം കുടുംബത്തിലെ നാലുപേർ; കോവിഡിനുമുന്നിൽ പകച്ച്​ വ്യോമസേന ഉദ്യോഗസ്​ഥൻ

പൂണെ: കോവിഡ്​ മഹാമാരിയുടെ തേർവാഴ്ചയിൽ വ്യോമസേന ഉദ്യോഗസ്​ഥൻ അരുൺ ഗെയ്​ക്​വാദിന്​ രണ്ടാഴ്ചക്കിടെ നഷ്​ടമായത്​ കുടുംബത്തിലെ നാലുപേരെ. ഭാര്യ വൈശാലി (43), അമ്മായിയമ്മ അൽക ജാദവ് (62), ഭാര്യാ സഹോദരന്മാരായ രോഹിത് (38), അതുൽ (40) എന്നിവരാണ്​ 15ദിവസത്തിനിടെ മരണപ്പെട്ടത്​.

ഇദ്ദേഹത്തിന്‍റെ അമ്മയും രണ്ട് കുട്ടികളും കോവിഡ്​ ബാധിച്ച്​ ചികിത്സയിലാണ്​. 'എന്‍റെ ഭാര്യയും അടുത്ത മൂന്ന് ബന്ധുക്കളും മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല'-ഗെയ്ക്​വാദ് പറഞ്ഞു. ഇന്ത്യൻ വ്യോമസേനയിലെ ലോജിസ്റ്റിക്സ് സൂപ്രണ്ടാണ്​ അരുൺ ഗെയ്ക്​വാദ്​. 27 വർഷമായി സർവിസിലുണ്ട്​. ഗുരുതരാവസ്​ഥയിലായ ഭാര്യയെ ചികിത്സിക്കാൻ നിരവധി ആശുപത്രികൾ കയറിയിറങ്ങിയിട്ടും ആശുപത്രി അധികൃതർ കൂട്ടാക്കിയില്ലെന്ന ദുരനുഭവവും അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചു.

ഗെയ്ക്​വാദിന്‍റെ ഭാര്യാപിതാവ്​ ജനുവരി 15ന്​ മസ്തിഷ്കാഘാതം മൂലം മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങിന്‍റെ ഭാഗമായി മാർച്ച് 15 ന് ധനോരിയിലെ വസതിയിൽ സംഘടിപ്പിച്ച ചെറിയ പൂജയാണ്​ കോവിഡ്​ വ്യാപനത്തിന്​ ഹേതുവായത്​. ഗെയ്​ക്​വാദും ചടങ്ങിൽ പ​ങ്കെടുത്തിരുന്നെങ്കിലും വേഗം തിരിച്ചുപോയിരുന്നു.

പൂജയിൽ സംബന്ധിച്ച അളിയൻ രോഹിത് ജാദവിനാണ്​ ആദ്യം കോവിഡ്​ ലക്ഷണം കണ്ടെത്തിയത്​. മാർച്ച്​ 16ന്​ പനി ബാധിച്ച രോഹിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ അവരുടെ മാതാവ്​ അൽക, സഹോദരൻ അതുൽ എന്നിവർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. മാർച്ച് 28 നാണ്​ ഗെയ്ക്​വാദിന്‍റെ ഭാര്യ വൈശാലിക്ക് ലക്ഷണം തുടങ്ങിയത്​. എന്നാൽ, ഇവരെ ചികിത്സിക്കാൻ നിരവധി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും അഡ്​മിറ്റ്​ ചെയ്യാൻ ബെഡ്​ ലഭിച്ചില്ലെന്ന്​ ഗെയ്​ക്​വാദ്​ പറഞ്ഞു.

"ഞാൻ നിരവധി ആശുപത്രികളിൽ വിളിച്ചന്വേഷിച്ചെങ്കിലും എവിടെയും ഓക്സിജൻ സൗകര്യം ലഭിച്ചില്ല. കത്രാജിലെ ഭാരതി ആശുപത്രിയിൽ ഒരു കിടക്ക ഒഴിവുണ്ടെന്ന് ബന്ധു അറിയിച്ചു. തുടർന്ന്​ മാർച്ച് 28 ന് ഉച്ചക്ക് ഒരു മണിക്ക് ഭാര്യയെ അവിടെ കൊണ്ടുപോയി.

രക്തത്തിലെ ഓക്സിജന്‍റെ അളവ് 70 - 80 ശതമാനത്തിൽ ഏറിയും കുറഞ്ഞും നിന്നതിനാൽ വെന്‍റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്ക്​ വൈശാലിയെ മാറ്റണമെന്ന്​ ഭാരതിയിലെ ഡോക്ടർമാർ ആവശ്യപ്പെട്ടു. കോവിഡിന്​ പുറമേ പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും വൈശാലിക്ക്​ ഉണ്ടായിരുന്നു.

പൂണെ മുനിസിപ്പൽ കോർപറേഷൻ ഡാഷ്​ ബോർഡിൽനിന്ന്​ ലഭ്യമായ വിവരമനുസരിച്ച്​ ശിവാജി നഗറിലെ ജംബോ ആശുപത്രിയിൽ 25 കിടക്കകൾ ഒഴിവുള്ളതായി അറിഞ്ഞു. ഉടൻ ഭാരതി ആശുപത്രിയിൽനിന്ന്​ ലഭിച്ച കാർഡിയാക്​ ആംബുലൻസിൽ മൂന്നുമണിയോടെ ജംബോ ആശുപത്രിയിലെത്തി. എന്നാൽ, ഞങ്ങളെ അകത്തുകടത്താൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. അടച്ചിട്ട വാതിലുകളിൽ തുടരെത്തുടരെ മുട്ടിയപ്പോൾ ഹെൽപ്​ ലൈൻ നമ്പറിൽ വിളിച്ച്​ ഡോക്ടർമാരെ ബന്ധപ്പെടാനാണ്​ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്​.

15 മിനിറ്റ് പരിശ്രമിച്ചാണ്​ ഡോക്​ടറെ ഫോണിൽ ലഭിച്ചത്​. തിരികെ വിളിക്കാമെന്ന്​ പറഞ്ഞ്​ അവർ ഫോൺ വെച്ചു. അരമണിക്കൂറിനുശേഷം തിരികെ വിളിച്ച്​ കിടക്ക ഒഴിവില്ലെന്ന്​ പറഞ്ഞു. മുനിസിപ്പൽ കോർപറേഷന്‍റെ ഡാഷ്​ ബോർഡിൽ 25 കിടക്കകൾ ഒഴിവുള്ളതായി കാണിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഡാഷ്‌ബോർഡിലെ വിവരങ്ങൾ തെറ്റാണെന്നായിരുന്നു മറുപടി'' - ഗെയ്ക്​വാദ്​ പറഞ്ഞു.

പിന്നീട്​, ഭാര്യയെ റൂബി ഹാൾ ക്ലിനിക്കിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന്​ 25 കിലോമീറ്റർ അകലെയുള്ള ഹിഞ്ചേവാടി ബ്രാഞ്ചി​ലേക്ക് പോകാൻ പറഞ്ഞു. "ഞങ്ങൾ നേ​െ​ര സസൂൺ ആശുപത്രിയിലേക്ക് പോയി. എന്നാൽ, അവിടെ രോഗികൾ തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു. ഇതോടെ ഞാൻ ആകെ മാനസിമായി തകർന്നു. പിന്നീട്​ അടുത്തുള്ള നായിഡു ആശുപത്രിയിലേക്ക് പോയി. ആരാണ് ഇവിടേക്ക് വരാൻ പറഞ്ഞതെന്ന് ചോദിച്ച് അവിടത്തെ ഡോക്ടർമാർ ഞങ്ങളെ ശകാരിച്ചു. ജംബോ ആശുപത്രിയി​ൽ നേരിട്ട അതേ അവസ്​ഥയായിരുന്നു നായിഡുവിലും. ഭാര്യയെ പരിശോധിക്കാൻ പോലും അവർ കൂട്ടാക്കിയില്ല. ഇൗ സമയമത്രയും എന്‍റെ ഭാര്യ ആംബുലൻസിലായിരുന്നു. അതിനിടെ ആംബുലൻസിലെ ഓക്സിജൻ തീരാറായി" -ഗെയ്ക്​വാദ്​ ആ നിമിഷങ്ങൾ കണ്ണീരോടെ ഓർത്തെടുത്തു.

ഇതിനിടെയാണ്​ ബന്ധുവിന്‍റെ പരിചയക്കാരനായ ഒരുഡോക്​ടർ വഴി ഖേഡിലെ ശിവപൂർ ആശുപത്രിയിൽ വെന്‍റിലേറ്റർ സൗകര്യമുള്ള ഒരു കിടക്ക ലഭിക്കുമെന്ന്​ അറിഞ്ഞത്​. "ഉടൻ ഞാൻ ഭാര്യയെയും കൂട്ടി അവിടേക്ക്​ തിരിച്ചു. രാത്രി ഏഴ്​ മണിക്ക് -അതായത്​ ശ്വാസതടസ്സം തുടങ്ങി ആറുമണിക്കൂറിനു ശേഷം- അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും ഓക്സിജന്‍റെ അളവ് 60 ശതമാനമായി കുറഞ്ഞിരുന്നു' -അദ്ദേഹം പറഞ്ഞു.

മാർച്ച് 29ന് ഭാര്യയുമായി സംസാരിച്ചു, ആരോഗ്യസ്​ഥിതി അൽപം ഭേദപ്പെട്ടിരുന്നു. "മാർച്ച് 30ന് രാവിലെ, എന്‍റെ അമ്മയ്​ക്കും രണ്ട് കുട്ടികൾക്കും കോവിഡ്​ സ്​ഥിരീകരിച്ചു. അതോടെ അവരെയും ആശുപത്രിയിൽ എത്തിക്കാനുള്ള നെ​ട്ടോട്ടത്തിലായി ഞാൻ. അവരെ ആശുപത്രിലെത്തിച്ച്​ ചികിത്സിക്കവെ വൈകീട്ട് എനിക്ക് ശിവപൂർ ആശുപത്രിയിൽ നിന്ന് ഒരു കോൾ വന്നു. ഭാര്യയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഓടിപ്പിടച്ച്​ ഞാൻ ആശുപത്രിയിലെത്തിയപ്പോഴേക്കും അവളുടെ ജീവൻ പൊലിഞ്ഞിരുന്നു.... "കണ്ണീർ തുടച്ചു​െകാണ്ട്​ ഗെയ്​ക്​വാദ്​ പറഞ്ഞു.

"അവൾ അസുഖം ഭേദമായി പുറത്തുവരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു… വളരെ ശക്തയായ സ്ത്രീയായിരുന്നു… പക്ഷേ... "അദ്ദേഹത്തിന്​ വാക്കുകൾ മുഴുമിപ്പിക്കാനായില്ല.

ഭാര്യയുടെ സംസ്​കാര ചടങ്ങുകൾ കഴിഞ്ഞ്​ ഏതാനും ദിവസം കഴിഞ്ഞപ്പോൾ, അടുത്ത മരണവാർത്ത തേടി​യെത്തി. ബാനർ കോവിഡ് കെയർ സെന്‍ററിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യാസഹോദരൻ രോഹിത് ഏപ്രിൽ മൂന്നിനും അമ്മായിയമ്മ ഏപ്രിൽ നാലിനും മറ്റൊരുസഹോദരൻ അതുൽ ഏപ്രിൽ 14നും മരിച്ചു. ''അമ്മായിയമ്മയ്ക്ക് നേരത്തെ ആസ്ത്മയുണ്ടായിരുന്നു. എന്നാൽ, രണ്ട് സഹോദരങ്ങൾക്കും മറ്റ്​രോഗങ്ങളൊന്നുമുണ്ടായിരുന്നില്ല. അവർ ആശുപത്രിയിലിരുന്നും വാട്‌സ്ആപ്പിൽ എന്നോട് നിരന്തരം ചാറ്റ് ചെയ്​തിരുന്നു. ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യു​െമന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും... എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഒരു പിടുത്തവുംകിട്ടുന്നില്ല.." -അദ്ദേഹം പറഞ്ഞു. മരിച്ച അതുലിനും രോഹിതിനും രണ്ട് കുട്ടികൾ വീതമുണ്ട്.

"കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ എന്‍റെ ഭാര്യാകുടുബം കുടുംബം ഏതാണ്ട് പൂർണമായി തുടച്ചുമാറ്റപ്പെട്ടു. ഇപ്പോൾ, എന്‍റെ രണ്ട് ഭാര്യാസഹോദരന്മാരുടെ ഭാര്യമാരും അവരുടെ നാല് മക്കളും എന്‍റെ രണ്ട് മക്കളും എന്‍റെ അമ്മയും മാത്രമാണ്​ അവശേഷിക്കുന്നത്​… അവരുടെ ഭാവിയെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു… എന്‍റെ അറിവിൽ പൂണെയിലെ മറ്റൊരു കുടുംബവും ഇങ്ങനെ ഒരു ദുരന്തം നേരിട്ടിട്ടില്ല… " ഗെയ്​ക്​വാദ്​ ഗദ്​ഗദകണ്​ഠനായി.

Tags:    
News Summary - Pune Air Force officer loses four family members to Covid-19 in 15 days; wife did not get ventilator bed in city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.