ഹൈദരാബാദ്: അനീതികൾക്കെതിരെ ഘനഗംഭീര ശബ്ദം പാട്ടുകളിലൂടെ മുഴക്കിയ വിപ്ലവ, നാടോടി ഗായകനും മുൻ നക്സലൈറ്റുമായ ഗദ്ദർ ഓർമയായി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഹൈദരാബാദിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലായിരുന്നു 77കാരനായ ഗദ്ദറിന്റെ അന്ത്യം. ഗദ്ദർ എന്ന ഗുമ്മഡി വിട്ടൽ റാവിന് ഈ മാസം മൂന്നിന് ബൈപാസ് ശസ്ത്രക്രിയ നടത്തിയിരുന്നു. ഭാര്യ: വിമല. മക്കൾ: സൂരയ, വെണ്ണെല, പരേതനായ ചന്ദ്ര.
പഴയ ഹൈദരാബാദ് സംസ്ഥാനത്തെ മേഥക്ക് ജില്ലയിലെ തൂപ്രാന്‍ ഗ്രാമത്തില്‍ 1946ല്‍ ശേഷയ്യയുടെയും ലാച്ചുമമ്മയുടെയും മകനായി ദരിദ്ര ദലിത് കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. സ്കൂൾ പഠനത്തിനുശേഷം ഉസ്മാനിയ എൻജിനീയറിങ് കോളജിൽ ചേർന്നെങ്കിലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു.
അന്നത്തെ സി.പി.ഐ-എം.എല്ലിന്റെ സാംസ്കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സജീവ പ്രവർത്തകനായി പിന്നീട്. പീപ്ൾസ് വാർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകുന്ന ഗാനങ്ങളായിരുന്നു ഗദ്ദറിന്റേത്. 1975ൽ കനറാ ബാങ്കിൽ ജോലി ലഭിച്ചു. രാജിവെച്ച് കലാപ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. സംഘടന പ്രവർത്തനത്തിന്റെ ഭാഗമായി ഒളിവിലും കഴിഞ്ഞു.
2010ൽ നക്സലുകളുമായുള്ള ബന്ധം അവസാനിപ്പിച്ചു. പിന്നീട് ദലിത് വിമോചന രംഗത്ത് പ്രവർത്തിച്ചു. തെലങ്കാന പ്രജാഫ്രണ്ട് രൂപവത്കരിച്ചെങ്കിലും വിജയിച്ചില്ല. തെലങ്കാന രൂപവത്കരണത്തിനായും പ്രവർത്തിച്ചു. 2018ലെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്തത്. 1985ൽ മികച്ച ഗാനരചനക്കും 2011ൽ മികച്ച പിന്നണി ഗായകനുമുള്ള ആന്ധ്രപ്രദേശ് സർക്കാറിന്റെ അവാർഡ് നേടിയിട്ടുണ്ട്. ജൂലൈയിൽ ഖമ്മത്ത് രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടിരുന്നു.
നിര്യാണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡി , രാഹുൽ ഗാന്ധി, തെലങ്കാന ബി.ജെ.പി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഢി, തെലുഗുദേശം പാർട്ടി തലവൻ ചന്ദ്രബാബു നായിഡു തുടങ്ങിയവർ അനുശോചനമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.