ചേർപ്പ് (തൃശൂർ): ആറാട്ടുപുഴ മന്ദാരംകടവിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. ആറാട്ടുപുഴ കരോട്ടുമുറി കോളനിയിൽ വെളുത്തൂട ഷാജിയുടെ മകൻ ഷാജിൽ (14), കുന്നത്ത് വീട്ടിൽ മണിയുടെ മകൻ ഗൗതം സാഗർ (14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പല്ലിശ്ശേരിയിലെ ഗ്രൗണ്ടിൽനിന്ന് ഫുട്ബാൾ കളി കഴിഞ്ഞ് മടങ്ങിയ നാല് കുട്ടികൾ കൈകാലുകൾ കഴുകാനും വസ്ത്രത്തിൽ പുരണ്ട ചളി കഴുകാനും എത്തിയതായിരുന്നു.
പടവിലെ ചളിയിൽ കാൽ വഴുതിവീണ ഗൗതമിനെ രക്ഷിക്കാൻ ഇറങ്ങിയ ഷാജിലും തെന്നിവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല. സാഗറിെൻറ മൃതദേഹം വ്യാഴാഴ്ചയും ഷാജിലിേൻറത് വെള്ളിയാഴ്ചയുമാണ് കണ്ടെത്തിയത്.
ഷാജിൽ വല്ലച്ചിറ സെൻറ് തോമസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയും ഗൗതം മൂർക്കനാട് സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമാണ്. മാതാപിതാക്കളുടെ ഏക മകനാണ് ഗൗതം. ഷാജിലിെൻറ സഹോദരിമാർ: ഷെൽബി, ഷെൽമി.
ചേർപ്പ് സി.ഐ ടി.വി. ഷിബുവിെൻറ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ ഓഫിസർ പി.കെ. വെങ്കിട്ടരാമൻ, ലീഡിങ് ഫയർമാൻ ആർ. മധു, സ്കൂബ സേനാംഗങ്ങളായ ജോൺ ബ്രിട്ടോ, ഷോബി ദാസ്, പി.കെ. പ്രജീഷ് എന്നിവരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.