വൈക്കം വാസുദേവന്‍ നമ്പൂതിരി ഓർമയായി

വൈക്കം: കര്‍ണാടക സംഗീതജ്ഞനും ഹരികഥ ആര്‍ട്ടിസ്റ്റുമായ വൈക്കം പുളിഞ്ചുവട് തറമേല്‍മന വൈക്കം ജി.വാസുദേവന്‍ നമ്പൂതിരി (86) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ച നാലിനായിരുന്നു അന്ത്യം. സംസ്കാരം നടത്തി.

വൈക്കത്തെ ഊരാഴ്മ കുടുംബത്തിൽപെട്ട വൈക്കം തറമേൽമന ഗോവിന്ദൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്‍റെയും മകനായ വാസുദേവൻ നമ്പൂതിരി വിവിധ സർക്കാർ സ്കൂളുകളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജിലെ വിദ്യാഭ്യാസകാലത്ത് ഗായകന്‍ യേശുദാസിന്‍റെ ഉറ്റ സുഹൃത്തായിരുന്നു. ശെമ്മാങ്കുടി ശ്രീനിവാസന്‍, കെ.സി. കല്യാണസുന്ദരം തുടങ്ങിയവരുടെ ശിഷ്യനായിരുന്നു. ആനന്ദഭൈരവി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വൈക്കത്തഷ്ടമി ഉത്സവത്തിന് പതിവായി സംഗീതക്കച്ചേരി നടത്തിയിരുന്നു.

കാഞ്ചി കാമകോടി പുരസ്‌കാരം, പനച്ചിക്കല്‍ ദേവസ്വം കച്ചപി പുരസ്‌കാരം തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹം ദക്ഷിണാമൂര്‍ത്തി സംഗീത സേവാസംഘം, വൈക്കത്തപ്പന്‍ സംഗീതസേവാ സംഘം എന്നിവയുടെ രക്ഷാധികാരിയായിരുന്നു. ദക്ഷിണാമൂർത്തി, ചെമ്പൈ വൈദ്യനാഥ ഭാഗവതർ തുടങ്ങിയവരുമായി സൗഹൃദമുണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തും നിരവധി സ്റ്റേജുകളിൽ സംഗീത സദസ്സ് നടത്തിയിട്ടുണ്ട്. അസുഖങ്ങൾ അലട്ടുന്നതിനുമുമ്പ് വീട്ടിൽ സംഗീത ക്ലാസുകളും നടത്തിയിരുന്നു.

രാമപുരം ഇളമണ്ണ് മന ലീലാവതിയാണ് ഭാര്യ. മക്കൾ: പ്രശസ്ത കർണാടക സംഗീതജ്ഞൻ വൈക്കം ജയചന്ദ്രൻ, പിന്നണി ഗായകൻ വൈക്കം ദേവാനന്ദ്. മരുമക്കൾ: ആശ കീഴ്പുറംമന പനച്ചിക്കാട്, കീർത്തി ചെറുവക്കരമന, പാവറട്ടി.

Tags:    
News Summary - Vaikom Vasudevan Namboothiri passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.