ഗൂഡല്ലൂർ: അമ്മയെ പിരിഞ്ഞു തനിച്ചായി പോയ പിടിയാന കുട്ടിയെ തള്ളയാനക്കൊപ്പം ചേർത്ത് വനപാലകർ. നാടുകാണി ജീൻപൂൾ ഗോൾഡ് മൈൻ ഭാഗത്താണ് ഒരു മാസം മാത്രം പ്രായമുള്ള പെൺ ആനക്കുട്ടി ചെറിയ കുഴിയിൽ വീണ് കിടക്കുന്നതായി വിവരം ലഭിച്ചത്.
ഒറ്റപ്പെട്ട കുട്ടിയാനയെ രക്ഷപ്പെടുത്തിയ റേഞ്ചർ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള വനപാലകർ കുട്ടിയാന വനത്തിലേക്ക് പോകാത്തവിധം ആൻറി പോച്ചിംഗ് വാച്ചർമാർ അടക്കമുള്ളവർ സുരക്ഷ നൽകി. മൃഗ ഡോക്ടറുടെ നിർദ്ദേശപ്രകാരം ലാക്ടോജൻ പാൽ ഗ്ലൂക്കോസും നൽകി വരവേ അടിവാരത്ത് ആനക്കൂട്ടം ഉണ്ടെന്ന് കണ്ടെത്തിയതോടെ അവിടേക്ക് ആനക്കുട്ടിയെ എത്തിക്കുകയായിരുന്നു.
പാൽക്കുപ്പി മുന്നിൽ കാണിച്ച് തങ്ങളുടെ പിറകെ വരുന്ന രീതിയിൽ ആണ് കുട്ടിയാനയെ ആനകൂട്ടമുള്ള ഭാഗത്തേക്ക് ആനയിച്ചത്. അനുസരണയുള്ള കുട്ടിയെ പോലെ നടന്നു പോകുന്നതും കൗതുകമുണർത്തുന്നതായിരുന്നു.
കുട്ടിയാനയുടെ കരച്ചിൽ കേട്ടതും ആനകൂട്ടവും കുട്ടിയാനക്ക് സമീപത്തേക്ക് വരുന്നത് കണ്ടതോടെ വനപാലകർ മാറി നിന്നു. കൂട്ടത്തിൽ തന്നെയുണ്ടായിരുന്ന തള്ളയാന കുട്ടിയാനയെ തുമ്പിക്കൈകൊണ്ട് തലോടി കൊണ്ട് ആനകൂട്ടത്തോടൊപ്പം കൂട്ടുകയായിരുന്നു.
സാധാരണ മനുഷ്യ സ്‌പർശമേറ്റാൽ കൂട്ടം തെറ്റിപോയ ആനകുട്ടിയെ കൂട്ടത്തിൽ ചേർക്കാറില്ല. എന്നാൽ അങ്ങനെ സംഭവിക്കാത്തതിൽ തങ്ങൾക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് റേഞ്ചർ പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.