വാകേരി (വയനാട്): വയനാട്ടിൽ കടുവ ആക്രമണത്തിൽ ക്ഷീരകർഷകനായ യുവാവിന് ദാരുണാന്ത്യം. വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷിനെ (ചക്കായി-36) ആണ് കടുവ കൊന്ന് പാതി തിന്നത്.
ശനിയാഴ്ച രാവിലെ വാഹനവുമായി വീട്ടിൽനിന്ന് 300 മീറ്ററോളം ദൂരത്തുള്ള സ്വകാര്യ തോട്ടത്തില്‍ പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകുന്നേരമായിട്ടും കാണാതായതോടെ മാതാവ് അയല്‍വാസികളോട് വിവരം പറഞ്ഞു. തുടർന്ന് സഹോദരനും അയൽവാസിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കടുവ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരെ കണ്ടതോടെ കാട്ടിലേക്ക് മറഞ്ഞു. ഇടതു തുടയുടെയും തലയുടെയും ഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു. കലക്ടറും ഡി.എഫ്.ഒയും സ്ഥലത്തെത്തണമെന്നും കടുവയെ വെടിവെച്ചുകൊല്ലണമെന്നും ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചു.
പരേതനായ കുട്ടപ്പന്റെയും ശാരദയുടെയും മകനാണ് പ്രജീഷ്. അവിവാഹിതനാണ്. സഹോദരങ്ങൾ: മജീഷ്, ജിഷ.
വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവ പാഞ്ഞടുത്ത സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി വയനാട്ടില്‍ ജീവന്‍ നഷ്ടമാകുന്നത്.
നേരത്തെ പലപ്പോഴായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് ജനങ്ങളെ ഭീഷണിയാലാക്കിയിരുന്നു. അമ്പലവയലില്‍ ഉള്‍പ്പെടെ കടുവയിറങ്ങിയ സംഭവത്തില്‍ നേരത്തെ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.