റഷ്യ - യുക്രെയിൻ യുദ്ധം: ദുരിതം കണക്കുകളിൽ

യുദ്ധത്തിൽ ആദ്യം മരിക്കുന്നത് സത്യമാണ്. യുദ്ധത്തിലെ സിവിലിയൻ മരണങ്ങളും പട്ടാളക്കാരുടെ മരണങ്ങളും സംബന്ധിച്ച് വ്യത്യസ്ത കണക്കുകളും അവകാശവാദങ്ങളുമാണ് ഉയരുക. യുക്രെയ്ൻ-റഷ്യ യുദ്ധവും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. യുദ്ധമുഖത്തുനിന്ന് വിവിധതരം കണക്കുകളാണ് പുറത്തുവരുന്നത്. റഷ്യക്ക് വൻ തിരിച്ചടി നേരിട്ടതായി യുക്രെയ്നിനെ പിന്തുണക്കുന്ന പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരുവർഷത്തിനിടെ നിർണായക മുന്നേറ്റമുണ്ടായതായാണ് റഷ്യയുടെ അവകാശവാദം. ശക്തമായ പോരാട്ടം നടക്കുന്ന പ്രദേശങ്ങളിൽ മാധ്യമപ്രവർത്തകർപോലും ഇല്ലാത്തതിനാൽ യാഥാർഥ്യം പൂർണമായും പുറത്തെത്തുന്നുമില്ല.

7199 സിവിലിയൻ മരണം

മനുഷ്യാവകാശത്തിനുള്ള ഐക്യരാഷ്ട്രസഭ ഹൈകമീഷണറുടെ 2023 ഫെബ്രുവരി 13വരെയുള്ള കണക്ക് പ്രകാരം 7199 സിവിലിയന്മാരാണ് യുക്രെയ്നിൽ മരിച്ചത്. ഇതിൽ 400ലധികം കുട്ടികളാണ്. അതേസമയം, യുക്രെയ്ൻ സർക്കാറിന്റെ കണക്കുപ്രകാരം 16,000ലധികം സാധാരണ ജനങ്ങൾ യുദ്ധംമൂലം മരിച്ചു.

നോർവീജിയൻ ഡിഫൻസ് മേധാവിയുടെ റിപ്പോർട്ട് അനുസരിച്ച് 2023 ജനുവരി 31വരെ 30,000ൽ അധികം സിവിലിയൻ മരണമാണ് സംഭവിച്ചത്. മനുഷ്യാവകാശത്തിനുള്ള ഐക്യരാഷ്ട്രസഭ ഹൈകമീഷണറുടെ കണക്കുപ്രകാരം 800ലധികം കുട്ടികൾ അടക്കം 11,800 സിവിലിയന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.

മൂന്നുലക്ഷം സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തു 

റഷ്യയുടെയും യുക്രെയ്നിന്റെയും സൈനികരിൽ മൂന്ന് ലക്ഷം പേർ പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവിധ സർക്കാർ ഏജൻസികളുടെ അടക്കം കണക്ക്. ഒരു വർഷത്തിനിടെ 60,000 റഷ്യൻ സൈനികർ മരിക്കുകയും 1.40 ലക്ഷം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി യു.കെ പ്രതിരോധമന്ത്രാലയം പറയുന്നു.

മറ്റുചില റിപ്പോർട്ടുകൾ പ്രകാരം ഒരുലക്ഷം യുക്രെയ്ൻ സൈനികർക്ക് ജീവഹാനി നേരിടുകയോ പരിക്കേൽക്കുകയോ ചെയ്തെന്നാണ് കണക്കുകൂട്ടൽ. 2022 സെപ്റ്റംബർ 21ന് റഷ്യ പുറത്തുവിട്ട കണക്കുപ്രകാരം തങ്ങളുടെ 5937 സൈനികരാണ് കൊല്ലപ്പെട്ടത്. ഈ കാലയളവിൽ 61,207 യുക്രെയ്ൻ സൈനികർ കൊല്ലപ്പെടുകയും 49,368 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യൻ പ്രതിരോധമന്ത്രാലയം അവകാശപ്പെടുന്നു.

500 ബില്യൺ ഡോളറിന്റെ നഷ്ടം

യുദ്ധം യുക്രെയ്നും റഷ്യക്കുമായി 500 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയതായാണ് ഫോബ്സ് അടക്കമുള്ളവയുടെ കണക്കുകൂട്ടൽ. 2022 സെപ്റ്റംബർ വരെ 349 ബില്യൺ ഡോളറിന്റെ നഷ്ടമാണ് യുക്രെയ്ൻ അടിസ്ഥാന സൗകര്യ വികസന മേഖലയിലുണ്ടായത്. റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതി-ഊർജകേന്ദ്രങ്ങൾ തുടങ്ങിയവക്കുണ്ടായ നഷ്ടമാണിത്. 2022 നവംബർ വരെ റഷ്യക്ക് 82 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് കണക്കുകൂട്ടൽ.

110 ബില്യൺ ഡോളർ സഹായം

യുക്രെയ്നിന് സൈനിക-മാനുഷിക സഹായമായി ലഭിച്ചത് 110 ബില്യൺ ഡോളറാണ്. അമേരിക്കയും യൂറോപ്യൻ യൂനിയനുമാണ് പ്രധാനമായും സഹായിച്ചത്. നല്ലൊരു ശതമാനവും സൈനികസഹായമാണ്. ഇതോടൊപ്പം ഭക്ഷണവിഭവങ്ങളും കൈമാറിയിട്ടുണ്ട്.

Tags:    
News Summary - റഷ്യ- യുക്രെയിൻ യുദ്ധം: ദുരിതം കണക്കുകളിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.