2002 എന്ന വർഷം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ നിർണായകമായ വർഷമാകുന്നത് മുസ്‌ലിങ്ങൾക്കെതിരെ നടന്ന ഗുജറാത്ത് വംശഹത്യ എന്ന ക്രൂരത കൊണ്ടാണ്. നിലവിലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ക്രൂരമായ ഗുജറാത്ത് വംശഹത്യ ഇന്ത്യൻ മുസ്‌ലിം ന്യൂനപക്ഷത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണ്. ഇന്ത്യയിലെ മുസ്‌ലിം ജീവിത പ്രതിസന്ധികളുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്ന ആ വർഷം ആരംഭിക്കുന്ന വേളയിൽ പക്ഷേ മറ്റൊരു മുസ്‌ലിംവിരുദ്ധ പരാമർശം കൂടി ഈ രാജ്യം കേട്ടിട്ടുണ്ട്. അത് ഇന്ത്യയുടെ മറ്റൊരു ദിക്കായ പശ്ചിമബംഗാളിൽ നിന്നാണ്. 2002 ജനുവരി 19ന് സിലിഗുരിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ വെസ്റ്റ്ബംഗാളിന്റെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വിളിച്ചുപറഞ്ഞത് ബംഗാളിലെ മദ്രസകളിൽ ദേശവിരുദ്ധരായ മുസ്‌ലിം തീവ്രവാദികൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ്. ഇത് ബംഗാളിലെ മുസ്‌ലിം സമുദായത്തിന്റെ ശക്തമായ എതിർപ്പ് വിളിച്ചുവരുത്തുകയും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി തീരുകയും ചെയ്തു. പിന്നീട് നടന്ന പലതരം ആക്രമണങ്ങളുടെ പിന്നിൽ മുസ്‌ലിം തീവ്രവാദമാണ് എന്ന നരേറ്റീവ് ശക്തിപ്പെടാൻ ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന കാരണമായി തീരുകയും നിരവധി പൊലീസ് ആക്ഷനുകൾ മുസ്‌ലിം മദ്രസാ അധ്യാപകർക്കെതിരെയും പള്ളി ഇമാമുമാർക്കെതിരെയും ഉണ്ടാവുകയും ചെയ്തു. അന്നത് ബംഗാളിലെ മുസ്‌ലിം സംഘടനകൾ ശക്തിയായി ഉന്നയിക്കുകയും സി.പി.എമ്മിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് സി.പി.എം നേതൃത്വത്തിലുള്ള ഗവൺമെന്റും പാർട്ടിയും മുസ്‌ലിം സംഘടന നേതാക്കളെയും മറ്റും വിളിച്ചുചേർത്ത് നിരവധി തവണ യോഗങ്ങൾ കൂടുകയും അവരുടെ എതിർപ്പ് ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ നിർണായകമായ കാര്യം രാജ്യത്ത് മുസ്‌ലിം ജീവിതം തന്നെ അങ്ങേയറ്റം പ്രതിസന്ധിയിലാക്കിയ ഹിന്ദുത്വ വംശീയത രാജ്യത്ത് പിടിമുറുക്കുന്നതിന്റെ സൂചനകൾ ലഭ്യമായ ആ സമയത്ത് പോലും സി.പി.എമ്മിനോ അതിൻ്റെ നേതാക്കൾക്കോ അവർ നടത്തുന്ന പ്രസ്താവനകളിലെ വസ്തുതാപരമായ അസത്യങ്ങളും രാഷ്ട്രീയ ശരികേടുകളും മനസ്സിലായില്ല എന്നതാണ്. ബുദ്ധദേവ് ഭട്ടാചാര്യ ആവർത്തിച്ചു പറയാൻ ശ്രമിച്ചത് ഞാൻ എല്ലാ മദ്രസകൾക്കും എതിരായല്ല പറഞ്ഞത്, പക്ഷേ ചില മദ്രസകൾക്കെതിരെ മാത്രമാണ് എന്നാണ്. മുസ്‌ലിംകൾ എല്ലാവരും തീവ്രവാദികളല്ല മറിച്ച് തീവ്രവാദികൾ എല്ലാം മുസ്‌ലിങ്ങളാണ് എന്ന് ഹിന്ദുത്വവാദികൾ പറയുമ്പോൾ മാർക്സിസ്റ്റുകൾ അതിൻ്റെ മറ്റൊരു ഭാഷ്യം ആവർത്തിക്കുകയായിരുന്നു. മുസ്‌ലിങ്ങൾക്കകത്തെ ചിലരെ കുറിച്ചാണ് തങ്ങൾ പറയുന്നത് എന്ന മട്ടിൽ മുസ്‌ലിം സമുദായത്തിനെതിരായ ഇസ്ലാമോഫോബിക് നറേറ്റീവ് നിരന്തരം ആവർത്തിക്കുക എന്നതാണ് സി.പി.എം അന്നും ഇന്നും തുടർന്നുപോരുന്ന സമീപനം. ബുദ്ധദേവ് ഭട്ടാചാര്യ എന്ന സി.പി.എം മുഖ്യമന്ത്രി മദ്രസകൾക്കെതിരെ സംസാരിക്കുമ്പോൾ അദ്ദേഹം മനസ്സിലാക്കാതെ പോയ കാര്യം സി.പി.എമ്മിനെ പിന്തുണക്കുകയും സി.പി.എമ്മിന്റെ കൂടെ നിൽക്കുകയും ചെയ്ത ബംഗാളിലെ മുസ്‌ലിം സമുദായം സമാനതകളില്ലാത്ത വിവേചനങ്ങൾക്കാണ് ബംഗാളിൽ ഇരയായിരുന്നത്. തങ്ങൾ നൽകിയ രാഷ്ട്രീയ പിന്തുണക്ക് സി.പി.എമ്മിൽ നിന്നും മുസ്‌ലിങ്ങൾക്ക് ലഭിച്ചത് പട്ടിണിയും ദാരിദ്ര്യവും സാമ്പത്തിക വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ വിവേചനവും മാത്രമായിരുന്നു എന്നതിന് സച്ചാർ കമ്മിറ്റി റിപ്പോർട്ട് സാക്ഷിയാണ്. ആ വിവേചനങ്ങളെ മറികടക്കാൻ ബംഗാളിലെ മുസ്‌ലിം സമുദായം മദ്രസകളിലൂടെ സമുദായ പരിഷ്കരണത്തിന് വേണ്ടി ശ്രമിച്ചപ്പോഴാണ് സി.പി.എം മുഖ്യമന്ത്രി അത്തരം മദ്രസകൾക്കെതിരെ ദേശദ്രോഹവും തീവ്രവാദവും ആരോപിക്കുന്നത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്തുത പരാമർശങ്ങളും സി.പി.എം സമീപനവും മുൻനിർത്തി മതേതര ആഖ്യാനങ്ങളുടെ പ്രശ്നങ്ങളും ദേശീയവാദ സമീപനങ്ങൾ ന്യൂനപക്ഷങ്ങളോട് നിർവഹിക്കുന്ന ഹിംസയെയും കുറിച്ച് അക്കാദമിക പണ്ഡിതൻ പാർത്ഥാ ചാറ്റർജി എഴുതിയിട്ടുണ്ട്.

2002 കഴിഞ്ഞ് 22 വർഷം പിന്നിട്ട് 2025ലേക്ക് പ്രവേശിക്കുമ്പോൾ, സി.പി.എമ്മിന് അധികാരം ബാക്കിയുള്ള ഏക സംസ്ഥാനമായ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിക്കുമ്പോൾ, രണ്ടു ദശകം കൊണ്ട് ഒന്നും പഠിക്കാത്ത ഒരു പാർട്ടിയാണ് സി.പി.എം എന്ന് തിരിച്ചറിയാൻ കഴിയും. അത് കേവലമായ വിശകലന വൈകല്യത്തിന്റെ പ്രശ്നമല്ല, മറിച്ച് അങ്ങേയറ്റം വംശീയമായാണ് മുസ്‌ലിം ന്യൂനപക്ഷത്തോട് സി.പി.എം സമീപനം സ്വീകരിക്കുന്നത് എന്നതിന്റെ തെളിവാണ്. ഹിന്ദുത്വ വംശീയത അതിൻ്റെ സമഗ്രാധിപത്യത്തിൽ രാജ്യം ഭരിക്കുമ്പോൾ അത് നേർക്കുനേർ തന്നെ വംശീയവൽക്കരിക്കുകയും അപരവത്കരിക്കുകയും ചെയ്യുന്ന ന്യൂനപക്ഷമാണ് മുസ്‌ലിം സമുദായം. അങ്ങനെയുള്ള രാഷ്ട്രീയ കാലാവസ്ഥയിൽ മുസ്‌ലിം രാഷ്ട്രീയ ചോദ്യങ്ങളോടൊപ്പം ശക്തമായി നിലകൊള്ളലാണ് ജനാധിപത്യ സമീപനമുള്ള ഏതൊരാളും നിർവഹിക്കേണ്ട ദൗത്യം എന്നിരിക്കെ സി.പി.എം കേരളത്തിൽ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഹിന്ദുത്വ ദൗത്യത്തിന് ആക്കം കൂട്ടാനാണ്.




 

എന്തുകൊണ്ട് ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമി..?

കേരളത്തിലെ മാധ്യമ ചർച്ചകളിലും വാർത്തകളിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർന്നുകൊണ്ടിരിക്കുന്ന ചർച്ച ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചാണ്. സി.പി.എം നേതാക്കൾ നിരന്തരമായി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുകയും നിരന്തരമായ വാർത്തകളിൽ ജമാഅത്തെ ഇസ്‌ലാമി എന്ന പേര് തീവ്രവാദം, ഭീകരവാദം, മതരാഷ്ട്രവാദം, മതമൗലികവാദം തുടങ്ങിയ പദാവലികളോട് ചേർത്തുകൊണ്ട് വരികയും ചെയ്യുന്നു. ഈ പറയപ്പെട്ട പദാവലികളിൽ ഏതെങ്കിലും ആണോ ജമാഅത്തെ ഇസ്‌ലാമി എന്ന് അന്വേഷിക്കുന്നതിനു മുൻപ് എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു ചർച്ച ഉയർന്നുവരുന്നത് എന്ന ആലോചനയാണ് കൂടുതൽ പ്രസക്തം. ഇപ്പോൾ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് ഇത്രയധികം ചർച്ചകൾ ഉണ്ടാവാൻ എന്താണ് കാരണം..? ഈ കേവലമായ ചോദ്യം തന്നെ ധാരാളമാണ് കേരളത്തിലെ മീഡിയ സ്പേസിൽ ഉയർന്നുവരുന്ന ചർച്ച അങ്ങേയറ്റം പ്രോപ്പഗണ്ട മാത്രമാണ് എന്ന് തിരിച്ചറിയാൻ. സി.പി.എം എന്ന പാർട്ടി ഒരു തീരുമാനമെടുക്കുകയും ആ പാർട്ടി ഓൺ ചെയ്യുന്നതിനനുസരിച്ച് പൊതുമണ്ഡലത്തിൽ ഒരു ചർച്ച വ്യാപിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് സി.പി.എം എത്തുന്ന ഒരു ധാരണയും അതിനെ തുടർന്നുള്ള തീരുമാനവുമാണ് ഇപ്പോഴത്തെ ചർച്ചകളുടെ അടിസ്ഥാന കാരണം. സ്വന്തം പാർട്ടി വോട്ടുകളടക്കം ബി.ജെ.പിയിലേക്ക് കുത്തിയൊലിച്ചു പോകുന്ന പ്രതിസന്ധി സി.പി.എം അനുഭവിക്കുന്നു. ഇതിനു കാരണം തങ്ങൾക്കു മേലുള്ള ന്യൂനപക്ഷ പ്രീണനം എന്ന തെറ്റായ ആഖ്യാനമാണ് എന്നും അവർ കരുതുന്നു. ഇതിനെ മറികടക്കാൻ അവരെ സംബന്ധിച്ചിടത്തോളം കൂടുതൽ മികച്ച ഹിന്ദു സംരക്ഷണ പാർട്ടിയാണ് സി.പി.എം എന്ന് തെളിയിക്കുക എന്നതാണ് അവരുടെ മുമ്പിലെ വഴിയായി അവർ കാണുന്നത്. ഇതിനായി മുസ്‌ലിം സമുദായത്തിൽ നിന്ന് ചില സംഘടനകളെ തിരഞ്ഞെടുക്കുകയും അവർക്കെതിരെ നിരന്തരമായി പ്രചാരണം അഴിച്ചുവിടുകയും അതിലൂടെ തങ്ങൾ കൂടുതൽ ഹിന്ദു സംരക്ഷണം ഉറപ്പുവരുത്തുന്ന പാർട്ടിയാണ് എന്ന് വരുത്തി തീർക്കുകയുമാണ് സി.പി.എം താല്പര്യപ്പെടുന്നത്. പക്ഷേ നിരന്തരമായി എല്ലാത്തിനു പിന്നിലും ജമാഅത്തെ ഇസ്‌ലാമിയാണ് എന്ന് ആരോപിക്കൽ ഒരു പ്രഹസനമായി അവർക്കു തന്നെ തോന്നിത്തുടങ്ങി. ആ ഘട്ടത്തിലാണ് അവർക്കൊരു ന്യൂസ് ഇവൻ്റ് ആവശ്യമാണെന്ന് തോന്നിയത്. അതിനായി അവർ തെരഞ്ഞെടുത്തതാണ് മീഡിയവൺ മാനേജിങ് എഡിറ്റർ സി. ദാവൂദിൻ്റെ ഭഗത് സിംഗിനെ കുറിച്ച പരാമർശം. അങ്ങേയറ്റം തെറ്റായ രീതിയിൽ അതിനെ വ്യാഖ്യാനിക്കുകയും കേരളത്തിൻറെ തെരുവുകളിൽ എല്ലാം ദേശദ്രോഹികളായ മുസ്‌ലിം സംഘടനകൾക്കെതിരെ രാജ്യസ്നേഹികൾ ഒരുമിക്കണം എന്ന വലതുപക്ഷ വ്യാകരണത്തിലുള്ള ക്യാമ്പയിൻ ഡി.വൈ.എഫ്.ഐ നേതൃത്വം കൊടുക്കുകയും ചെയ്തു. വരാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലേക്കും അതുകഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിലേക്കും എത്തും വരെ ഈ ന്യൂനപക്ഷ അന്യവൽക്കരണത്തിന്റേതായ ഇസ്ലാമോഫോബിക് ക്യാമ്പയിൻ നീട്ടിക്കൊണ്ടു പോകാൻ സി.പി.എം നേതാക്കൾ പലതരത്തിലുള്ള പ്രസ്താവനകളുമായി കളം നിറഞ്ഞാടുന്നതാണ് നമ്മൾ കാണുന്നത്. ഇത് ജമാഅത്തെ ഇസ്‌ലാമി തങ്ങൾ ഉദ്ദേശിക്കുന്ന ഇസ്‌ലാമിക രാഷ്ട്രീയം എന്താണ് എന്ന് വിശദീകരിക്കുന്നത് കൊണ്ടോ, മുസ്‌ലിം ലീഗ് തങ്ങളുടെ സാമുദായിക രാഷ്ട്രീയം എത്രമാത്രം മതേതരമാണ് എന്ന് വിശദീകരിക്കുന്നത് കൊണ്ടോ അവസാനിക്കുന്ന ഒന്നല്ല. കാരണം, സി.പി.എം ആഗ്രഹിക്കുന്നത് യാതൊരു തരത്തിലുള്ള സംവാദവുമല്ല, മറിച്ച് മുസ്‌ലിം സംഘടനകൾക്ക് നേരെ സംഘപരിവാർ ഉന്നയിക്കുന്ന അതേ ആരോപണങ്ങൾ എടുത്തിട്ട് പൊതുമണ്ഡലത്തിൽ ഒരു മുസ്‌ലിം അപരനെ കേന്ദ്രീകരിച്ച ഭീതി നിലനിർത്തുക എന്നത് മാത്രമാണ്. അതിനായുള്ള പ്രോപഗാണ്ട ക്യാമ്പയിനാണ് ഇപ്പോൾ നടക്കുന്നത്.



മുസ്‌ലിം സാന്നിധ്യത്തോട് പോലുമുള്ള വെറുപ്പ്

കേരളം കണ്ട ഇസ്ലാമോഫോബിക് ആരോപണങ്ങളിൽ ഏറ്റവും വൃത്തികെട്ട ഒന്നായിരുന്നു സി.പി.എം നേതാവ് പി. മോഹനൻ നടത്തിയ മെക് 7 എന്ന കൂട്ടായ്മക്കെതിരായ വംശീയ ആരോപണം. രാജ്യത്തെ ഇസ്‌ലാമോഫോബിക് പദാവലികളിലേക്ക് ലൗ ജിഹാദും മലപ്പുറം ജില്ലയെ കുറിച്ച് വംശീയ ആരോപണങ്ങളുമടക്കം പലതും സംഭാവന ചെയ്ത സി.പി.എം മനുഷ്യർ സ്വാഭാവികമായി ചെയ്യുന്ന വ്യായാമത്തിൽ പോലും തീവ്രവാദം ആരോപിക്കുകയായിരുന്നു. എന്താണ് ഇത് ആരോപിക്കാനുള്ള കാരണം എന്ന അന്വേഷണത്തിന് ഈ കൂട്ടായ്മയിലെ മുസ്‌ലിം സാന്നിധ്യം എന്നതിലപ്പുറം ഒരു ഉത്തരവും അതിനില്ല. കാന്തപുരം എ.പി വിഭാഗം സമസ്തയുടെ വിഭാഗീയ സമീപനവും ഇതിന്ന് ആക്കം കൂട്ടിയിരുന്നു എന്നതും കാണാതിരിക്കാനാവില്ല. വലിയ അളവിലുള്ള വിമർശനം ഈ ആരോപണത്തിനെതിരെ ഉണ്ടായിട്ടും സി.പി.എം നേതാക്കൾ അതിൽ മാപ്പുപറയാൻ തയ്യാറായിട്ടില്ല. മറിച്ച് അവർ പറയുന്നത് നിരോധിത സംഘടനകളിൽപെട്ടവർ അതിലൂടെ നുഴഞ്ഞു കയറുന്നുണ്ട് എന്നാണ്. ആ കൂട്ടായ്മകളിൽ വ്യത്യസ്ത സംഘടനാ പശ്ചാത്തലങ്ങളും മതസാമുദായിക പശ്ചാത്തലങ്ങളും ഉള്ളവർ ഉണ്ട് എന്നത് വ്യക്തമായതാണ്. ഇനി നിരോധിത സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ആളുകൾ ആ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നുണ്ട് എന്നുതന്നെ ഇരിക്കട്ടെ, നിരോധിച്ച സംഘടനകളിൽ മുൻപ് പ്രവർത്തിച്ചിരുന്നു എന്നതുകൊണ്ട് അവർക്ക് വ്യായാമം പോലും ചെയ്യാൻ പാടില്ല എന്ന് പറയാൻ സി.പി.എം നേതാക്കൾ ആരാണ്..? അങ്ങനെ സോഷ്യൽ സർവൈലൻസ് ഇത്തരം കൂട്ടായ്മകൾക്കെതിരെ സ്ഥാപിക്കാൻ സി.പി.എം നേതാക്കൾക്ക് അമിതാധികാരം നൽകുന്നത് മതനിരപേക്ഷത എന്ന ഓമനപ്പേരിലുള്ള മെജോറിറ്റേറിയൻ ഹുങ്കല്ലാതെ മറ്റൊന്നുമല്ല. മുസ്‌ലിംകളുടെ വളരെ സ്വാഭാവികമായ ജീവിതങ്ങളെ പോലും അന്യവൽക്കരിക്കുകയും നിഗൂഢവത്കരിക്കുകയും ചെയ്യുന്ന അങ്ങേയറ്റം വംശീയ സമീപനമാണ് സി.പി.എം ഇതിൻ്റെ ബലത്തിൽ പ്രകടിപ്പിക്കുന്നത്. ലോകത്ത് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും സംഘപരിവാറും നിർവഹിക്കുന്ന അതേ പണിയാണ് സി.പി.എം കേരളത്തിലും നിർവഹിക്കുന്നത്. എ. വിജയരാഘവൻ പറയുന്നത് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണ കൊണ്ടാണ് എന്നാണ്. ഒരു തെരഞ്ഞെടുപ്പിൽ പൗരന്മാർ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തുകയും അവർ ഇഷ്ടപ്പെടുന്ന സ്ഥാനാർഥിയെ തെരഞ്ഞെടുക്കുകയും ചെയ്യുന്നത് എങ്ങനെയാണ് വർഗീയമായ ഒരു കാര്യമാകുന്നത്..? ജനാധിപത്യ ഇടപാടാണെങ്കിലും കൊഴുപ്പ് കുറക്കാനുള്ള വ്യായാമമാണെങ്കിലും ചെയ്യുന്നത് മുസ്‌ലിംകളാണെങ്കിൽ അത് വർഗീയമായിരിക്കും എന്നാണോ..? പ്രിയങ്ക ഗാന്ധി എന്ന ഇന്ത്യയിലെ ഏറ്റവും പ്രിവിലേജുള്ള, സവർണ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു നേതാവിന് വോട്ട് ചെയ്താൽ പോലും മുസ്‌ലിംകളിൽ നിന്ന് വർഗീയ ചാപ്പ മാഞ്ഞുപോകുന്നില്ല എന്നത് എത്രമാത്രം അപകടകരമാണ്. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുകയും സവർണ്ണ മതേതര അടയാളങ്ങൾ ഏറ്റവുമധികമുള്ള ദേശീയവാദ പ്രസ്ഥാനത്തിൻ്റെ നേതാവിന് വോട്ട് ചെയ്താൽ പോലും ആ വോട്ടിനകത്ത് മുസ്‌ലിം എന്നത് ഒരു അപകടകരമായ അടയാളമായി ചിത്രീകരിക്കുന്ന വിജയരാഘവൻ എന്ന സി.പി.എം നേതാവ് സംസാരിക്കുന്നത് അങ്ങേയറ്റം വംശീയത അല്ലാതെ മറ്റെന്താണ്.? ഹിന്ദുത്വ ഇന്ത്യയിൽ സംഘപരിവാറിനും അതിൻ്റെ അജണ്ടകൾക്കുമെതിരെ സംവാദങ്ങളും പ്രതിരോധങ്ങളും കേന്ദ്രീകരിക്കപ്പെടേണ്ട കാലത്ത് മുഴുവൻ ചർച്ചകളും ആരോപണങ്ങളും മുസ്‌ലിം സമുദായത്തിന്റെ തലയിൽ കെട്ടിവെക്കുന്ന നിരന്തരമായ ശ്രമങ്ങളിലൂടെ സി.പി.എം മുസ്‌ലിം സമുദായത്തോട് ചരിത്രപരമായ വഞ്ചനയാണ് കാണിക്കുന്നത്.




 

എന്താണ് ന്യൂനപക്ഷ വർഗീയത..?

തങ്ങൾ മതേതരരാണ് എന്ന് തെളിയിക്കാൻ രാഷ്ട്രീയ നേതാക്കൾ നിരന്തരം ഉരുവിടുന്ന പ്രസ്താവനയാണ് തങ്ങൾ ഭൂരിപക്ഷ വർഗീയതക്കും ന്യൂനപക്ഷ വർഗീയതക്കും ഒരുപോലെ എതിരാണ് എന്നത്. ഭൂരിപക്ഷ വർഗീയത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സംഘപരിവാറിനെയാണ് എന്ന് മനസ്സിലാക്കാം. സംഘപരിവാർ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും എല്ലാം ഉന്മൂലനം ചെയ്യണമെന്ന് പ്രത്യയശാസ്ത്രപരമായി വിശ്വസിക്കുന്ന ഒരു വംശീയ പ്രസ്ഥാനമാണ്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരമായ വംശീയത വിളമ്പുകയും കലാപങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന അവർ ഇന്ന് രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പൗരത്വത്തെ പോലും ചോദ്യ മുനയിൽ നിർത്തിയിരിക്കുകയാണ്. അതിനെ വർഗീയത എന്ന കേവല പദത്തിലൊതുക്കാൻ കഴിയുന്നതല്ല എന്നതും ഒരു പ്രശ്നമാണ്. പക്ഷേ എന്താണ് ഇവർ ഉദ്ദേശിക്കുന്ന ന്യൂനപക്ഷ വർഗീയത.? ന്യൂനപക്ഷ വർഗീയത എന്താണ് എന്ന ചോദ്യം പലപ്പോഴും പൊതുമണ്ഡലത്തിൽ ഉന്നയിക്കപ്പെടുന്നില്ല എന്നത് അപകടകരമാണ്. മുസ്‌ലിം സംഘടനകളിൽ ആർക്കും തന്നെ ഇതര മത സാമുദായിക വിഭാഗങ്ങൾക്കെതിരെ വംശീയമായ നിലപാടോ സമീപനമോ ഇല്ല എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് സംഘപരിവാറുമായി തുലനം ചെയ്യാൻ മുസ്‌ലിം സംഘടനകളെ ഇങ്ങനെ ക്രൂരമായ രീതിയിൽ ദുർവ്യാഖ്യാനിക്കുന്നത്.? ഈ ആരോപണത്തിന്റെ അകമ്പടിയായി വരാറുള്ള വ്യാഖ്യാനം ജമാഅത്തെ ഇസ്‌ലാമിയുടെതും സംഘപരിവാറിന്റെതും മതരാഷ്ട്രവാദമാണ് എന്നും തങ്ങൾ എല്ലാ അർഥത്തിലുള്ള മതരാഷ്ട്രവാദങ്ങൾക്കുമെതിരാണ് എന്നുമുള്ള സി.പി.എമ്മിന്റെ വ്യാഖ്യാനമാണ്. ഇതിലെ പ്രാഥമികമായ പ്രശ്നം മതം എന്ന ആധുനികതയുടേതായ സംവർഗ്ഗത്തിലൂടെയല്ല ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിനെ വിഭാവനം ചെയ്യുന്നത് എന്നതാണ്. ദേശീയതയുടെ വംശീയ സമീപനം, ജനാധിപത്യത്തെ പഴുതാക്കുന്ന ഭൂരിപക്ഷാധിപത്യം എന്നിവയെ പ്രശ്നവൽക്കരിച്ചുകൊണ്ട് തങ്ങളുടെ ഇസ്‌ലാമിക രാഷ്ട്രീയത്തെ വിശദീകരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെ എങ്ങനെയാണ് ദേശീയതയും ഭൂരിപക്ഷാധിപത്യവും വംശീയതയും അടിത്തറയായി പ്രവർത്തിക്കുന്ന സംഘപരിവാറിനോട് തുലനം ചെയ്യാൻ കഴിയുക.? അങ്ങേയറ്റം ഹിംസാത്മകമായ ആഖ്യാന രീതിയാണ് സി.പി.എം അത്തരം സമീകരണത്തിലൂടെ കേരളത്തിൽ അവതരിപ്പിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി അതിന്റെ ഇന്നലെകളിൽ ചെയ്തു പോന്ന ദലിത്, പിന്നാക്ക ജനവിഭാഗങ്ങളുമായി ഐക്യദാർഢ്യപ്പെട്ടും പരിസ്ഥിതി പ്രശ്നം പോലുള്ളവയെ ഉന്നയിച്ചും നിർവഹിച്ച ആക്ടിവിസങ്ങളെ ദുരൂഹവത്കരിച്ചു കൊണ്ടാണ് സി.പി.എം അവതരിപ്പിക്കുന്നത്. ഭീകരമായ ഏതോ മതരാഷ്ട്രം ഉണ്ടാക്കാനുള്ള മുഖംമൂടിയിട്ടുള്ള പണിയായിട്ടാണ് സി.പി.എം ഇതിനെ അവതരിപ്പിക്കുന്നത്. മർദ്ദിത ജനതകൾക്ക് കൂടെ നിൽക്കലാണ് വിശ്വാസികൾ എന്ന നിലയിൽ തങ്ങളുടെ ദൗത്യം എന്ന് ദൈവശാസ്ത്രപരമായി വിശ്വസിക്കുകയും അങ്ങനെ നിരന്തരമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയെ ബ്രാഹ്മണ്യ അധികാരഘടനയ്ക്ക് വേണ്ടി നിലകൊള്ളുന്ന സംഘപരിവാരവുമായി ചേർത്തുവക്കുന്നത് അങ്ങേയറ്റം കപടമായ രീതിയാണ്. ഏറ്റവും അടിസ്ഥാനപരമായ പ്രശ്നം മുസ്‌ലിം സംഘടനകൾ ചെയ്യുന്ന ആക്ടിവിസങ്ങളും അവർ ചെയ്യുന്ന വോട്ടും വ്യായാമവുമൊക്കെ എത്രത്തോളം മതേതരമാണ് എന്ന് വിലയിരുത്താൻ സി.പി.എമ്മിന് ആരാണ് അധിക ചുമതല നൽകിയിട്ടുള്ളത് എന്നതാണ്.




 


 

ഹിന്ദു പൊതുമണ്ഡലവും ഹിന്ദുത്വ മാർക്സിസവും

കേരളത്തിൻറെ പൊതുമണ്ഡലത്തെ സംഘപരിവാർ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഹിന്ദു പൊതുമണ്ഡലം വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സവർന്ന ഹിന്ദു സാംസ്കാരികത ആഘോഷിക്കുന്ന ഈ പൊതുമണ്ഡലത്തിൻ്റെ പ്രധാനപ്പെട്ട ആധാരങ്ങൾ എന്നു പറയുന്നത് ഭ്രാന്തമായ സവർണ ദേശീയതയും മുസ്‌ലിം അപരനെക്കുറിച്ച ഭീതിയുമാണ്. ഈ മാനദണ്ഡങ്ങളിലൂടെ പ്രവർത്തിക്കുന്ന ഒരു തരം പൊതുബോധത്തിലൂടെയാണ് സംഘപരിവാർ കേരളത്തിൽ വേരുകൾ ആഴ്ത്തുന്നത്. ഇത് തീർത്തും പുതിയൊരു സംഗതിയൊന്നുമല്ല, മറിച്ച് കൂടുതൽ ശക്തിപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്ന് മാത്രമേയുള്ളൂ. ഇതിനെ വെല്ലുവിളിക്കാനുള്ള ബൗദ്ധിക ശേഷിയോ രാഷ്ട്രീയ സത്യസന്ധതയോ പ്രകടിപ്പിക്കുകയല്ല, മറിച്ച് ഈ പൊതു മണ്ഡലത്തിൻ്റെ അധ്യക്ഷ സ്ഥാനം കൂടുതൽ കൂടുതൽ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കുക എന്നത് മാത്രമാണ് സി.പി.എം ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങൾക്കകത്തെ ഭൂരിപക്ഷ വംശീയതയാണ് സി.പി.എമ്മിനെ ഇതിന് പ്രാപ്തമാക്കുന്നത്. ഇതിൻ്റെ ഭാഗമായി മുസ്‌ലിം സംഘടനകൾക്കെതിരെ ദേശദ്രോഹവും മതേതരത്വത്തോട് കൂറില്ലായ്മയും നിരന്തരം ആരോപിക്കുകയും ഹിന്ദു സംരക്ഷണം എന്ന സാങ്കൽപ്പിക അജണ്ട സി.പി.എം സ്വയം എടുത്തണിയുകയും ചെയ്യുന്നു. ഇന്ത്യ ഒരു മുസ്‌ലിം രാഷ്ട്രമായാൽ ഇവിടെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുക ഹിന്ദുക്കളായിരിക്കുമെന്നും അങ്ങനെ ആവാതിരിക്കാൻ പണിയെടുക്കുന്നവരാണ് സി.പി.എം എന്നും മായാവിക്കഥകളെ വെല്ലുന്ന രീതിയിൽ പി. മോഹനൻ പ്രസംഗിക്കുമ്പോൾ ഈ ഹിന്ദു ടെമ്പറിനെ പ്രീതിപ്പെടുത്താനുള്ള ഉദ്യമമാണ് അദ്ദേഹം നടത്തുന്നത്. ഇത് സംഘപരിവാർ പാളയത്തിലേക്കുള്ള ബസ്സിലേക്ക് ആളുകളെ വിളിച്ചു കയറ്റുന്ന പണി മാത്രമാണ്. സി.പി.എമ്മിന് ഇത് അധികനാൾ തുടരാൻ കഴിയില്ല. കാരണം അപ്പോഴേക്ക് അണികൾ ബി.ജെ.പിയിലേക്ക് എത്തിയിരിക്കും. സംഘപരിവാർ ആഗ്രഹിക്കുന്ന സവർണ ഹിന്ദു കേന്ദ്രീകൃത പൊതുമണ്ഡലത്തെ മറികടക്കാൻ കഴിയാതിരുന്നാൽ അത് ന്യൂനപക്ഷങ്ങളെ കൂടുതൽ അന്യവൽക്കരിക്കുന്ന വംശീയമണ്ഡലത്തിന്റെ ആധിപത്യത്തിലേക്ക് മാത്രമാണ് ചെന്നെത്തുക. ഈ പൊതുമണ്ഡലത്തിനകത്ത് മാർക്സിസം സി.പി.എമ്മിലൂടെ കൂടുതൽ കൂടുതൽ ഹിന്ദുത്വ മാർക്സിസമായി മാറിക്കൊണ്ടിരിക്കുന്ന കൗതുകകരവും ദയനീയവുമായ കാഴ്ചയാണ് കാണുന്നത്. ന്യൂനപക്ഷങ്ങളും കീഴാള ജനവിഭാഗങ്ങളും നിർമിച്ചെടുത്ത ജ്ഞാനമണ്ഡലങ്ങളോട് ഒരുതരത്തിലുള്ള സംവാദത്തിനും ശേഷിയില്ലാത്ത ബൗദ്ധിക ദരിദ്രരായി സി.പി.എം അവശേഷിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സ്വന്തമായി രാഷ്ട്രീയം സംസാരിക്കുന്ന മുസ്‌ലിം പ്രസ്ഥാനങ്ങളുടെ പൊതുമണ്ഡലത്തിലെ ഇടപെടലിലുള്ള ശേഷിയെ നിരന്തര ആരോപണങ്ങളിലൂടെ തകർക്കാൻ സി.പി.എം ശ്രമിക്കുന്നു. സവർണ്ണ വംശീയ വലതുപക്ഷത്തിനെതിരെയും നവ മുതലാളിത്ത സാമ്രാജ്യങ്ങൾക്കെതിരെയും പ്രത്യയശാസ്ത്ര നിലപാടുള്ള ഇസ്‌ലാമിക രാഷ്ട്രീയത്തിൻ്റെ വക്താക്കളെ സഖ്യ ചേരിയായി കാണാനുള്ള ബൗദ്ധികശേഷിയില്ലാത്ത സി.പി.എമ്മുകാർ ഇപ്പോൾ വലതുപക്ഷ വ്യാകരണത്തിലുള്ള തെറിവിളികളുമായി കളം നിറഞ്ഞ് ആടുകയാണ്. അധികാരത്തിന്റെ ബലത്തിലുള്ള പ്രൊപ്പഗാണ്ടകളും തെറിവിളികളുമായി ന്യൂനപക്ഷങ്ങളെയും കീഴാള ജനവിഭാഗങ്ങളെയും അന്യവൽക്കരിക്കുന്ന സി.പി.എം ബംഗാളിലെന്നപോലെ കേരളത്തിലും സ്വയം പരാജയപ്പെടുകയാണ്. ബംഗാളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ആ ഗ്യാപ്പിലേക്ക് കയറി നിൽക്കാൻ സംഘപരിവാർ തയാറായി നിൽക്കുകയുമാണ്.

Tags:    
News Summary - Hindutva Marxism and Minority Alienation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.