വിപ്ലവമണ്ണിൽ പുന്നപ്ര-വയലാർ സമരത്തിന്റെ 77ാമത് വാർഷിക വാരാചരണത്തിന് ചെങ്കൊടി ഉയരുന്ന അതേദിവസമാണ് ജീവിതംതന്നെ പോരാട്ടമാക്കിയ സമരനായകൻ വി.എസ്. അച്യുതാനന്ദന്റെയും പിറന്നാൾ. തുടർച്ചയായ നാലാം വർഷവും വാരാചരണത്തിൽ എത്തുന്നില്ലെങ്കിലും ജന്മനാടായ പറവൂരിലെ വേലിക്കകത്ത് വീടിന് മുന്നിൽ പായസം വിളമ്പി ആഘോഷമുണ്ടാകും. വി.എസിന്റെ ജന്മനാൾ അനിഴമായതിനാൽ ബുധനാഴ്ച മണ്ണഞ്ചേരി മാലൂർ കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജയും പാൽപായസ നിവേദ്യവുമുണ്ടാകും.
സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ എത്തുമ്പോൾ വി.എസിന്റെ പ്രായത്തെ വിപ്ലവാവേശം തോൽപിക്കുകയായിരുന്നു പതിവ്. 2019ൽ പുന്നപ്ര-വയലാർ സമര വാർഷികത്തിൽ അണികൾക്ക് ആവേശം പകർന്ന് മടങ്ങിയ അദ്ദേഹത്തിന് പിന്നീട് ആ സമരഭൂമിയിലേക്കും ജന്മനാട്ടിലേക്കും മടങ്ങിയെത്താൻ ആരോഗ്യം അനുവദിച്ചില്ല.
എഴുതി തയാറാക്കിയ മൂന്ന് പേജ് പ്രസംഗമാണ് അന്ന് വായിച്ചത്. ജാതിരാഷ്ടീയത്തിനെതിരെ ആഞ്ഞടിച്ച് അന്ന് മടങ്ങിയ വി.എസ് തിരുവനന്തപുരത്ത് എത്തിയപ്പോൾ ശാരീരിക അസ്വസ്ഥതയുണ്ടായി. പിന്നീട് പൂർണവിശ്രമത്തിലേക്ക് വഴിമാറി.
1923 ഒക്ടോബർ 20ന് ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിലെ ശങ്കരന്റെയും അക്കമ്മയുടെയും മകനായിട്ടായിരുന്നു ജനനം. അച്ഛന്റെ മരണത്തോടെ ഏഴാം വയസ്സിൽ പഠനം ഉപേക്ഷിച്ചു. ജീവിക്കാനായി ആസ്പിൻവാൾ കമ്പനിയിൽ പട്ടാള ടെന്റ് തുന്നുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ ഇഴയടുക്കാത്ത ജീവിതങ്ങളായിരുന്നു മനസ്സിൽ. 17ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
വി.എസിന്റെ രാഷ്ട്രീയ വഴികൾ വേറിട്ടതായിരുന്നു. കയറ്റിറക്കങ്ങളും നിരവധി. ‘പാർട്ടി ജയിക്കുമ്പോൾ വി.എസ് തോൽക്കും. വി.എസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും’ എന്നത് വെറുമൊരു പറച്ചിലായിരുന്നില്ല. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വി.എസ് മാരാരിക്കുളത്തുനിന്ന് മത്സരിച്ചപ്പോഴും ഇത് തന്നെയാണ് സംഭവിച്ചത്. അക്കാലത്ത് പാർട്ടിയിലെ കരുത്തുറ്റനായിരുന്ന വി.എസിന്റെ അട്ടിമറി തോൽവിയിൽ കേരളവും സി.പി.എമ്മും ഞെട്ടി.
80 സീറ്റ് നേടി ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ ആ മന്ത്രിസഭയെ നയിക്കേണ്ട പ്രബല നേതാവിനെയാണ് തോൽപിച്ചുകളഞ്ഞത്. എതിർസ്ഥാനാർഥി കോൺഗ്രസിലെ പി.ജെ. ഫ്രാൻസിസുപോലും ഞെട്ടി.
വൻവീഴ്ചയിൽ ഒറ്റപ്പെട്ട വി.എസിന്റെ ജീവിതത്തിലും രാഷ്ട്രീയത്തിലും കണ്ണുതുറപ്പിച്ച സംഭവമായിരുന്നു അത്. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി.കെ. പളനിയെയും ജില്ല കമ്മിറ്റി അംഗമായിരുന്ന സി.കെ. ഭാസ്കരനെയും പുറത്താക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.
എന്നാൽ, രണ്ടുപേരെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുക മാത്രമാണുണ്ടായത്. പിന്നീട് വിജയത്തെ ചോദ്യംചെയ്തുള്ള നിയമപോരാട്ടമായിരുന്നു. 2001 ജനുവരിൽ സുപ്രീംകോടതി കേസ് തള്ളുന്നതുവരെ അത് തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.