ആർ. രാജഗോപാൽ / ഹസനുൽ ബന്ന
മാധ്യമസ്വാതന്ത്ര്യത്തിന് മൂക്കുകയറിടാൻ രാജീവ്ഗാന്ധി കൊണ്ടുവന്ന മാന നഷ്ട വിരുദ്ധനിയമത്തെയാണ് ഇടതുസർക്കാർ കൊണ്ടുവന്ന കേരളത്തിലെ വിവാദ പൊലീസ് നിയമം ഓർമിപ്പിച്ചത്. 'ഇന്ത്യൻ എക്സ്പ്രസ്', 'ദ ഹിന്ദു' പത്രങ്ങൾ സർക്കാറിനെതിരായ ബോഫോഴ്സ് വാർത്തകൾ പുറത്തുകൊണ്ടുവന്ന പ്രതിസന്ധി ഘട്ടത്തിലായിരുന്നു രാജീവ് ഗാന്ധിയുടെ 'മാനനഷ്ട'ത്തിെൻറ പേരിലുള്ള നിയമ നിർമാണമെങ്കിൽ കേരളത്തിൽ മയക്കുമരുന്നു കടത്ത് കേസിലും സ്വർണക്കടത്ത് കേസിലും ഇടത് സർക്കാറിനെതിരായ ആരോപണങ്ങളുയരുന്ന നേരത്താണിത്.
കോൺഗ്രസിന് പാർലമെൻറിൽ ഏറ്റവും കൂടുതൽ ശക്തിയുള്ള സമയമായിരുന്നതിനാൽ വളരെ എളുപ്പത്തിൽ ഇത് ലോക്സഭയിൽ പാസാക്കാൻ കഴിഞ്ഞു. വൻ പ്രതിഷേധമാണ് ഇതിനെതിരെ രാജ്യത്തുയർന്നത്. മാധ്യമപ്രവർത്തകർപോലും അന്ന് ആ കരിനിയമത്തിനെതിരെ തെരുവിലിറങ്ങി. ഇന്ന് ഒരു പത്രക്കാരനു വേണ്ടി മറ്റൊരു പത്രക്കാരൻ നിൽക്കുന്നതുപോലും ആലോചിക്കാൻ വയ്യ. പാർട്ടി അധ്യക്ഷനും പ്രധാനമന്ത്രിയും ഒരാളായ രാജീവ് ഗാന്ധി പാർട്ടിയിൽ ഏറ്റവും കരുത്തുനേടിയ സമയമായിരുന്നു. എന്നിട്ടും കോൺഗ്രസിലെ തന്നെ നേതാക്കൾ ജനാധിപത്യത്തിനായി ശബ്ദിച്ച് രാജീവിനെ മുട്ടുകുത്തിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ഈ നിയമനിർമാണം തെറ്റായിരുന്നുവെന്ന് അംഗീകരിച്ച് ഒടുവിൽ അതിൽനിന്ന് രാജീവിന് പിന്മാറേണ്ടി വന്നു. അതാണ് ജനാധിപത്യം. താൻ ചെയ്യുന്നതുമാത്രം ശരിയും മറ്റെല്ലാം തെറ്റുമെന്നുമുള്ള കാഴ്ചപ്പാട് ജനാധിപത്യത്തിന് ചേർന്നതല്ല. എല്ലാവരും ചർച്ചചെയ്ത് സമവായത്തിലൂടെ നിലപാടുകൾ ഉരുത്തിരിച്ചെടുക്കുകയാണ് വേണ്ടത്.
വളരെ അപകടകരമായ ഒരു മാതൃക രാജ്യത്തിന് കാണിച്ചുകൊടുക്കുകയാണ് വിവാദ നിയമനിർമാണത്തിലൂടെ കേരളം െചയ്തത്. രാജ്യത്ത് പുരോഗമനപരമെന്ന് കരുതുന്ന ഒരു സർക്കാർ ഇത്തരമൊരു കരിനിയമമുണ്ടാക്കുേമ്പാൾ നാളെ നരേന്ദ്ര മോദി സർക്കാറും യോഗി സർക്കാറും ഇതിന് സമാനമായി നിയമം കൊണ്ടു വന്നാൽ എങ്ങനെ എതിർക്കും? ഇതുവരെ അത്തരമാരു നിയമനിർമാണത്തെ കുറിച്ച് മോദിസർക്കാർ ആലോചിച്ചിട്ടില്ലെങ്കിൽ അത്തരമൊരു ആലോചനക്ക് കേരളത്തിലെ നിയമനിർമാണം നിമിത്തമാകുമെന്നതാണ് ഏറ്റവും ഭയാനകം. മോദിക്കും യോഗിക്കുമെല്ലാം പിന്തുടരാവുന്ന ഒരു 'പ്ലേ ബുക്ക്' ഉണ്ടാക്കിക്കൊടുക്കുകയാണ് കേരളം ചെയ്തിരിക്കുന്നത്. ശരിക്കും കരിനിയമത്തിെൻറ ഒരു 'കേരള മോഡൽ' രാജ്യത്തിന് സമ്മാനിക്കുകയാണ് ഇടതുസർക്കാർ ചെയ്തത്.
പ്രതിപക്ഷമുള്ള ഒരു സമൂഹത്തിൽ ഇങ്ങനെയൊരു നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം എങ്ങനെയാണ് ലഭിച്ചത്? മന്ത്രിസഭക്ക് മുമ്പാകെ വെക്കാൻ പോലും പറ്റാത്ത നിയമമാണിതെന്ന് ഒരാവർത്തി വായിച്ചാൽ മനസ്സിലാകും. മന്ത്രിസഭ വലിച്ചുകീറിക്കളയേണ്ട ഓർഡിനൻസായിരുന്നു ഇത്. മുഖ്യമന്ത്രിക്ക് കീറിക്കളയാൻ കഴിയേണ്ടതായിരുന്നു. ഇനി മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെങ്കിൽ കൂടെയുള്ള ഉപദേശകർേക്കാ മാർഗനിർദേശം നൽകുന്നവർക്കോ മന്ത്രിസഭയിലെ സഖ്യകക്ഷികൾക്കോ ഇത് കണ്ടയുടൻ കീറിക്കളയാൻ കഴിയേണ്ടതായിരുന്നു. ഉദ്യോഗസ്ഥ തലത്തിലല്ലാതെ രാഷ്ട്രീയതലത്തിൽ ഒരാളും ഇതിന് അനുമതി നൽകില്ല. ഇപ്പോഴത്തെ ചെറുപ്പക്കാരായ ഉദ്യോഗസ്ഥർക്കുപോലും ഇത്തരമൊരു നിയമമുണ്ടാക്കാൻ കഴിയില്ല. അമ്പതിനും അറുപതിനുമിടയിൽ പ്രായമുള്ള ഏതോ ഉദ്യോഗസ്ഥൻ ചെയ്തതാണിത്. വിവേകമുള്ള ഒരാൾക്കും അനുമതി നൽകാൻ കഴിയുന്ന ഒന്നല്ല ഇത്.
സമൂഹ മാധ്യമങ്ങളിലെ മോശം പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങൾതന്നെ ധാരാളമാണ്. വ്യക്തികളുടെ അന്തസ്സ് സംരക്ഷിക്കാൻ മാനനഷ്ടവുമായി ബന്ധപ്പെട്ട നിയമമുണ്ട്. ആ നിയമം നടപ്പാക്കുന്നതിന് പൊലീസിന് സമയമില്ലാത്തതാണ് നാം നേരിടുന്ന പ്രശ്നം. ഭാഗ്യലക്ഷ്മിയുടെ കേസിൽ കണ്ടത് അതാണ്. സമയമില്ലാത്ത പൊലീസിന് അനാവശ്യമായി കൂടുതൽ കേസുകളുണ്ടാക്കാനേ ഈ നിയമം ഉപകരിക്കൂ. കേരളത്തിലേതു േപാലെ സമൂഹ മാധ്യമങ്ങൾ വളരെ സജീവമായ സംസ്ഥാനത്ത് പൊലീസിന് ഇത്തരം കേസുകൾക്കല്ലാതെ മറ്റൊന്നിനും സമയം ചെലവഴിക്കാനില്ലാത്ത സാഹചര്യം വരും.
വിവാദ പൊലീസ്നിയമത്തിൽ കുറ്റകരമായി പറയുന്ന നിന്ദ, അധിക്ഷേപം തുടങ്ങിയ പല വാക്കുകളും വളരെ അലസമായാണ് ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായി നിർവചിക്കാൻ കഴിയാത്തതാണ് ആ വാക്കുകൾ. ഒരു നേതാവിന് തന്നെക്കുറിച്ച് മറ്റൊരാൾ നടത്തുന്ന വിമർശനം അധിക്ഷേപമായി തോന്നാം. എന്നു കരുതി വോട്ടുചെയ്ത ജനങ്ങൾക്ക് അത് തോന്നണമെന്നില്ല. ഒരു ജനപ്രതിനിധി റോഡ് നന്നാക്കിയില്ലെന്ന് ഒരു വോട്ടർ പറയുന്നത് അയാൾക്ക് അധിക്ഷേപമായി തോന്നാമെങ്കിലും സ്വന്തം റോഡിനെക്കുറിച്ച് പറയാൻ വോട്ടർക്ക് അവകാശമുണ്ട്. രാഷ്ട്രീയപ്രസംഗങ്ങൾപോലും പരിധിയിൽ വരാവുന്ന തരത്തിലുണ്ടാക്കിയതാണ് ഈ നിയമം എന്നാണ് അത് വായിച്ചാൽ തോന്നുക. പൊലീസുകാർ കേസെടുക്കുന്ന നേരത്ത് തങ്ങളുദ്ദേശിച്ചത് അതല്ലെന്ന് പറയാൻ മുഖ്യമന്ത്രിയും ഡി.ജി.പിയുമൊന്നുമുണ്ടാവില്ല.
പത്രമാധ്യമങ്ങളിൽനിന്നും ഇലക്ട്രോണിക് മാധ്യമങ്ങളിൽനിന്നും ഭിന്നമായി ഓൺലൈൻ മാധ്യമങ്ങളെ തരംതാഴ്ത്തി അവയെ കൂടുതൽ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്ന പ്രചാരണം ഉയർന്നുവന്നിട്ടുണ്ട്. അസ്വീകാര്യമാണത്. വ്യക്തികൾ നടത്തുന്ന ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടതാണെന്ന് മറ്റു ചിലരും പറയുന്നുണ്ട്. വളരെ തെറ്റാണ് അതും. വ്യക്തിസ്വാതന്ത്ര്യം പ്രധാനമാണ്. മാധ്യമങ്ങൾ നടത്തുന്നതിൽ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ട്. കുറച്ചാളുകൾ വ്യക്തിഹത്യക്കും അധിക്ഷേപത്തിനും ശിക്ഷാർഹമായ പ്രവർത്തനങ്ങൾക്കും സാമൂഹിക, ഓൺലൈൻ മാധ്യമങ്ങൾ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന് കരുതി എല്ലാവരെയും ബാധിക്കുന്ന നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അത്യന്തം അപകടകരമാണ്. മറ്റു മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും എന്നൊരു വിവേചനം ഇക്കാര്യത്തിൽ ഉണ്ടാകാൻ പാടില്ല. ഒടുക്കം അവർ ഞങ്ങളെ തേടിയെത്തി എന്ന നാസികാലത്തെ കവിത എല്ലാവരും ഓർക്കുന്നത് നന്ന്. അതിനാൽ നിയന്ത്രണം സമൂഹ മാധ്യമങ്ങൾക്കാണെന്ന് കരുതി മറ്റുള്ളവർ മിണ്ടാതിരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്.
രാജീവ് ഗാന്ധി അന്ന് ചെയ്തതുപോലെ നിയമം പിൻവലിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യേണ്ടത്. രാജീവ് ഗാന്ധിയുടെ നിയമത്തിൽനിന്ന് കേരള പൊലീസ് നിയമം വ്യത്യസ്തമാകുന്നത് അതിെൻറ കാഠിന്യം കൊണ്ടുകൂടിയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിലേക്കുള്ള ഈ കടന്നുകയറ്റം വേണ്ട തോതിൽ മനസ്സിലാക്കുന്നതിൽ മലയാള മാധ്യമങ്ങൾക്കുപോലും തെറ്റുപറ്റിയെന്നാണ് തോന്നുന്നത്. ഓൺലൈൻ മാധ്യമങ്ങൾക്ക് മാത്രമാണ് ഈ നിയമത്തിലൂടെ കടിഞ്ഞാണിടുന്നത് എന്ന തരത്തിലാണ് മാധ്യമങ്ങൾ പലതും റിപ്പോർട്ട് ചെയ്തത്. സോഷ്യൽ മീഡിയക്ക് മാത്രമായി പരിമിതപ്പെടുത്തി പുതിയ ഓർഡിനൻസിൽ വ്യക്തത വരുത്തിയാൽ മതിയെന്ന് ഒരു വാദം ഇതിനിടയിൽ ഉയർന്നുവരുകയും ചെയ്തു. ഇൻറർനെറ്റും സോഷ്യൽ മീഡിയയുമെല്ലാം ഇപ്പോഴും ശൈശവദശയിലാണ്. അതിന് അതിേൻറതായ പ്രശ്നങ്ങളുള്ളതുപോലെ ഗുണങ്ങളുമുണ്ട്.
എന്നാലും അതിനെ വഴിക്കു വിടുന്ന സമീപനമാണുണ്ടാകേണ്ടത്. അതിനു പകരം കൃത്രിമമായ ഇടപെടലിലൂടെ നിയമപരമായി നേരിടാൻ തുനിയുന്നത് അതിെൻറ വികാസം മുരടിപ്പിക്കുകയാണ് ചെയ്യുക. സമൂഹ മാധ്യമങ്ങളിലെ പല അധിക്ഷേപങ്ങൾക്കെതിരെയും നടപടിയെടുത്ത് അവക്ക് കൂടുതൽ പ്രചാരം നൽകുന്നതിലും അവഗണിച്ച് ഒഴിവാക്കുകയാണ് വേണ്ടത്. അതിനാൽ വിവാദ നിയമം പൂർണമായും പിൻവലിക്കണം. ഉണ്ടാക്കിയ നിയമത്തിെൻറ തെറ്റുതിരുത്തൽ കൊണ്ടോ അതിൽ ഭേദഗതി വരുത്തിയതുകൊണ്ടോ കാര്യമില്ല.
('ദ ടെലിഗ്രാഫ്' പത്രാധിപരാണ് ലേഖകൻ)
കേരള പൊലീസ് നിയമത്തിൽ 118 എ ഉൾപ്പെടുത്തിയ ഓർഡിനൻസ് കേരള സർക്കാറിന് പൂർണമായും പിൻവലിക്കേണ്ടി വരും. സാധാരണഗതിയിൽ കേസെടുക്കരുതെന്ന് പൊലീസിന് ഒരു സർക്കാർ നിർദേശം കൊടുത്താൽ അത് പൊലീസ് അനുസരിക്കാൻ ബാധ്യസ്ഥമാണ്. ആ അർഥത്തിൽ വിവാദ പൊലീസ് നിയമം നടപ്പാക്കാൻ കേരള പൊലീസിന് കഴിയില്ല. നടപ്പാക്കില്ലെന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കിയ സ്ഥിതിക്ക് വിവാദ ഓർഡിനൻസ് പിൻവലിക്കുകയല്ലാതെ കേരള സർക്കാറിനു മുന്നിൽ മറ്റൊരു വഴിയുമില്ല. അതിനാൽ എത്രയും പെട്ടെന്ന് അത് പിൻവലിക്കുകയാണ് വേണ്ടത്.
ഇന്ത്യൻ ശിക്ഷ നിയമത്തിൽ നിലവിൽത്തന്നെ വകുപ്പുകളുള്ള കുറ്റകൃത്യങ്ങൾക്ക് കേരള പൊലീസ് നിയമത്തിൽ കൊണ്ടുവന്ന പുതിയ വകുപ്പായ 118 എ അനാവശ്യമാണ്. ക്രിമിനൽ മാനനഷ്ടനിയമം തന്നെ യഥാർഥത്തിൽ എടുത്തുകളയേണ്ടതാണ്. ദുരുപയോഗം ചെയ്യാവുന്ന തരത്തിലാണ് ഈ നിയമമുണ്ടാക്കിയത്. കൊണ്ടുവരാനേ പാടില്ലാത്ത ഒരു നിയമമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.