അന്നിരുപത്തൊന്നിൽ നമ്മളിമ്മലയാളത്തില്

ബ്രിട്ടീഷുകാർ മുതൽ ഇന്നത്തെ ഹിന്ദുത്വവാദി ഭരണാധികാരികൾ വരെ 'മാപ്പിള ലഹള'യെന്നും 'വർഗീയ കലാപ'മെന്നുമൊക്കെ അധിക്ഷേപിക്കുന്ന, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളിൽ ഒന്നാണ് 1921 Malabar Struggle. ബ്രിട്ടീഷ് അധിനിവേശത്തിനും അവരോട് കൈകോർത്ത ജന്മിത്വത്തിനും മലബാറിലെ ധീരപോരാളികൾ മാരക പ്രഹരങ്ങളേൽപിച്ചു. ബ്രിട്ടീഷുകാരും പല ചരിത്രകാരന്മാരും മലബാറിലെ കേവലം രണ്ട് താലൂക്കുകളിലെ 'ലഹള' എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്.

എന്നാൽ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, കോഴിക്കോട്, പൊന്നാനി താലൂക്കുകൾക്കുപുറമെ, വയനാട്, കുറുമ്പ്രനാട് താലൂക്കുകളും ഗൂഡല്ലൂർ ഉൾപ്പെടുന്ന നീലഗിരി ജില്ലയും 1921ന്റെ ഭാഗമാവുകയോ ബാധിക്കുകയോ ചെയ്തു. 1921 ആഗസ്റ്റ് 20 മുതൽ 1922 ജനുവരി അവസാനം വരെയാണ് മലബാർ സമരം നടന്നത്. ആഗസ്റ്റ് അവസാന ആഴ്ചകളിൽ ബ്രിട്ടീഷുകാർക്ക് മലബാറിലെ നിയന്ത്രണം നഷ്ടമായി എന്നുതന്നെപറയാം. പിന്നീട് വൻ സായുധ സേനയെ ഇറക്കി കൂട്ടക്കൊല അഴിച്ചുവിട്ടാണ് മലബാറിന്റെ രോഷത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയത്.

1921ൽ 2339 പേർ രക്തസാക്ഷികളായി എന്ന് ബ്രിട്ടീഷ് രേഖകൾ പറയുന്നു. നിരവധി പോരാളികൾക്ക് ഭരണകൂടം വധശിക്ഷ വിധിച്ചു. ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന സർ മാൽകം ഹെയ്‌ലി പറയുന്നത്, 38 പേരെ വെടിവെച്ചും 308 പേരെ തൂക്കിയും കൊന്നുവെന്നാണ്. തടവറയിലടക്കപ്പെട്ടവരുടെ എണ്ണം 30,000-40,000 ഇടയിൽ വരും. 1921 മുതൽ 1924 വർഷങ്ങളിൽ ഏറ്റവും കുറഞ്ഞത് 1600 പോരാളികൾ ജയിലിൽ മരിച്ചു. കണ്ണൂർ ജയിലിൽ മാപ്പിള തടവുകാരെ കൂട്ടക്കൊല നടത്തിയപോലുള്ള സംഭവങ്ങൾ വേറെയും. പോരാട്ടത്തിൽ പങ്കെടുത്ത കുറ്റത്തിന് 1290 പേരെ ശിക്ഷിച്ച് അന്തമാനിലേക്ക് നാടുകടത്തി.

കേന്ദ്ര സർക്കാറിന്റെ സാംസ്‌കാരിക വകുപ്പും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും (ഐ.സി.എച്ച്.ആർ) ചേർന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവിൽനിന്ന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‍ലിയാർ തുടങ്ങി 387 സമര പോരാളികളുടെ പേരുകൾ 2021ൽ വെട്ടിനീക്കിയിരുന്നു. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം നടന്ന ഏറ്റവും വലിയ ബ്രിട്ടീഷ് വിരുദ്ധ-ജന്മിത്വ വിരുദ്ധ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ധീരമായ ഓർമകൾ അപ്പോഴും ജനതക്ക് പ്രചോദനമേകുന്നു.  

Tags:    
News Summary - 1921 Malabar Struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.