ഇറ്റാലിയ 90 ലോകകപ്പിൽ ആസ്ട്രിയക്കെതിരെ ഗോൾ നേടിയപ്പോൾ സാൽവതോർ സ്കില്ലാച്ചിയുടെ ആഹ്ലാദം (ഫയൽ ചിത്രം) 

യാളോട് അത്ര വലിയ ആരാധന ഒരിക്കലും തോന്നിയിട്ടില്ല. ആ ലോകകപ്പിന് മുമ്പ് വായിച്ചുകേട്ട കഥകളിലൊന്നും അയാളുണ്ടായിരുന്നുമില്ല. നീലക്കണ്ണുകളും പോണി ടെയ്‍ലുമായി നിറഞ്ഞുനിന്ന റോബർട്ടോ ബാജിയോയുടെ ടീമായിരുന്നു അന്ന് ഒറ്റനോട്ടത്തിൽ അസൂറിപ്പട. ബാജിയോക്കൊപ്പം പോളോ മാൾഡീനിയും ഫ്രാങ്കോ ബരേസിയും ജിയാൻലൂക്ക വിയാലിയും പോലെയുള്ളവരും വമ്പന്മാരായി പരിലസിക്കുന്ന സംഘം. ആ നിരയിൽ സാൽവതോർ സ്കില്ലാച്ചിയെന്നൊരു കളിക്കാരൻ ഉണ്ടെന്നറിയുന്നതു തന്നെ 1990 ജൂൺ ഒമ്പതിനായിരുന്നു. ഇറ്റാലിയ ലോകകപ്പിൽ ആതിഥേയരുടെ ആദ്യ മത്സരത്തിന്റെയന്ന്. റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ആസ്ട്രിയക്കെതിരെ മത്സരം 75-ാം മിനിറ്റ് പിന്നിടുമ്പോൾ പകരക്കാരുടെ ബെഞ്ചിൽനിന്ന് ആ പാലർമോക്കാരൻ പുതിയ കുപ്പായമിട്ടെത്തുന്നു. ദേശീയ ജഴ്സിയിൽ അയാളുടെ ജീവിതത്തിലെ ആദ്യ കോംപിറ്റേറ്റിവ് മാച്ച്. അവിടെ തുടങ്ങുന്നു ‘ടോട്ടോ’യുടെ കഥ.

അയാളെത്തുമ്പോൾ സ്കോർ ബോർഡിൽ അനക്കമൊന്നുമായിട്ടില്ല. ജയത്തിനുവേണ്ടി ആതിഥേയർ കൈമെയ് മറന്ന് പൊരുതുന്ന സമയം. ശേഷം അഞ്ചോ ആറോ മിനിറ്റ് പിന്നിട്ടിട്ടുണ്ടാകും. വിയാലിയുടെ ഒന്നാന്തരമൊരു ക്രോസ്. സ്കില്ലാച്ചിയുടെ ക്ലിനിക്കൽ ഹെഡർ. റിസർവ് ഗോൾകീപ്പർ സ്റ്റെഫാനോ ​ടാക്കോണിയുടെ അടുത്തേക്ക് ഓടിയെത്തി തുറിച്ചുനോക്കിയുള്ള ആഘോഷം. രാജ്യാന്തര ഫുട്ബാളിൽ വളരെ കുറഞ്ഞ കാലത്തേക്കേ വ്യതിരിക്തമായ ആ ആഘോഷം ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്കില്ലാച്ചിയെ അത് വേറിട്ടുനിർത്തി. ആ മത്സരം ആ ഒരൊറ്റ ഗോളിന്റെ ബലത്തിലാണ് ഇറ്റലി ജയിച്ചുകയറിയത്. അടുത്ത കളി ചെക്കോസ്ലോവാക്യക്കെതിരെ. ബാജിയോയുടെ ഗോളിനൊപ്പം വീണ്ടും പകരക്കാരനായെത്തി ടോട്ടോയുടെ പ്രഹരം. ആ ചെക്കും ഇറ്റലി മറികടന്നു. മൂന്നാം മത്സരത്തിൽ ബാജിയോക്കൊപ്പം മുൻനിരയിൽ കോച്ച് അസെഗ്ലിയോ വിസിനി ​േപ്ലയിങ് ഇലവനിൽ ടോട്ടോക്ക് സ്ഥാനം നൽകുന്നു. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സ്കില്ലാച്ചി വലയിൽ പന്തെത്തിച്ച​പ്പോൾ അസൂറികളുടെ അശ്വമേധമായിരുന്നു.


സെമിയിൽ ഡീഗോ മറഡോണയുടെ അർജന്റീന. അവർക്കെതിരെയും വലകുലുക്കി അതിശയത്തിന്റെ തുടർച്ച. പക്ഷേ, 1-1ന് സമനില പാലിച്ച കളിയിൽ വിധിനിർണയം ടൈബ്രേക്കറിൽ. സെർജിയോ ഗൊയ്ക്കോഷ്യയെന്ന മാന്ത്രിക ഗോളിയുടെ മിടുക്കിൽ അർജന്റീന ഫൈനലിലേക്ക്. ആ ​ഷൂട്ടൗട്ടിൽ സ്കില്ലാച്ചി കി​ക്കെടുത്തില്ല. മസിലിനേറ്റ പരിക്കിന്റെ പേരു പറഞ്ഞായിരുന്നു പിന്മാറ്റം. മനഃപൂർവം അയാൾ പിന്തിരിഞ്ഞതായിരുന്നുവെന്ന് വേണം കരുതാൻ. താനൊരു മികച്ച പെനാൽറ്റി ടേക്കറല്ലെന്ന് ടൂർണ​മെന്റിന് ശേഷം സ്കില്ലാച്ചി തുറന്നുപറഞ്ഞിരുന്നു.

എന്നാൽ, ലൂസേഴ്സ് ഫൈനലിൽ ഒരു പെനാൽറ്റി കിക്ക് അയാളെ തേടിയെത്തി. അ​തിനോട് പക്ഷേ, പുറംതിരിഞ്ഞുനിൽക്കാൻ സ്കില്ലാച്ചിക്ക് ആകുമായിരുന്നില്ല. സ്​പോട് കിക്കിലെ ആ അഗ്നിപരീക്ഷണം അയാളെ എടുത്തുയർത്തിയത് ചരിത്രനേട്ടത്തിലേക്കായിരുന്നു. ഇംഗ്ലണ്ടിനെതിരെയായിരുന്നു മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള കളി. ബാജിയോയുടെ ഗോളിൽ അപ്പോൾ ഇറ്റലി മുന്നിൽ. രണ്ടാം ഗോളിലേക്ക് പെനാൽറ്റി കിക്ക് ലഭിച്ചപ്പോൾ എടുക്കാനിരുന്നതും ബാജിയോ. എന്നാൽ, അയാൾ പതിയെ ടോട്ടോയുടെ അടുത്തെത്തി പറഞ്ഞു -‘ഈ കിക്ക് നീ എടുത്ത് വലയിലെത്തിച്ചാൽ ടൂർണമെന്റിലെ ടോപ്സ്കോററാവും’. ആ ഓഫർ സന്തോഷപൂർവം ടോട്ടോ സ്വീകരിച്ചു. അത് ഗോളാവുകയും ചെയ്തു. കൺതുറിച്ചുള്ള ഗോളാഘോഷങ്ങളുടെ എണ്ണം അരഡസൻ തികഞ്ഞു. അയാൾ ടൂർണമെന്റിലെ മികച്ച ഗോൾവേട്ടക്കാരനും താരവുമൊക്കെയായി. ടൂർണമെന്റിന്റെ താരത്തിളക്കത്തിൽ സാക്ഷാൽ മറഡോണ വരെ അയാൾക്ക് പിന്നിലായി. ‘ഇറ്റാലിയ 90’ന്റെ സുവർണതാരമായി ചരിത്രത്താളുകളിൽ സ്കില്ലാച്ചിയെന്ന പേര് അതിശയ പ്രകടനങ്ങളുടെ പിൻബലത്താൽ മുദ്രണം ചെയ്യപ്പെട്ടു.

ആ നാലാഴ്ചകളിലാണ് അയാൾ വാഴ്ത്തപ്പെട്ടവനായത്. അതിനുമുമ്പും ശേഷവും എല്ലാം പതിവുപോലെയായിരുന്നു. ‘ഇറ്റാലിയ 90: ലോകത്തെ മാറ്റിമറിച്ച നാലാഴ്ചകൾ’ എന്ന ഡോക്യുമെന്ററിയിൽ ടോട്ടോ എല്ലാം തുറന്നുപറയുന്നുണ്ട്. ലോകകപ്പിനുശേഷം സ്കില്ലാച്ചി പതിയെ മറവിയിലേക്ക് മറയുകയായിരുന്നു. സ്പോട്ട് ലൈറ്റുകൾ ടോട്ടോക്കുമേൽ പിന്നീട് കാര്യമായി പതിഞ്ഞതേയില്ല.

ഇറ്റാലിയൻ ഭാഷയിൽ സ്കില്ലാച്ചി എന്നതാണ് യഥാർഥ ഉച്ചാരണമെങ്കിലും ഭൂരിഭാഗം മലയാളികളും അയാളെ 90ൽ അറിഞ്ഞത് ഷില്ലാച്ചിയെന്ന പേരിലാണ്. രാജ്യാന്തര ഫുട്ബാളിൽ അയാൾ ആകെ കളിച്ചത് 16 മത്സരങ്ങൾ. ലോകപ്പിൽ അടിച്ച ആറുഗോളിനൊപ്പം ഇറ്റാലിയൻ ജഴ്സിയിൽ ചേർത്തുവെക്കാൻ ഒരെണ്ണം മാത്രം. 1991ൽ യൂറോകപ്പ് യോഗ്യത റൗണ്ടിൽ നോർവേക്കെതിരെ നേടിയത്. ​ലോകകപ്പിനു മാത്രമായി അവതരിച്ച കരിയർ പോലെയായിരുന്നു ഇന്റർനാഷനൽ ഫുട്ബാളിൽ അയാളുടെ കണക്കുകൾ. യുവന്റസിനും ഇന്റർമിലാനും കളിച്ച ക്ലബ് കരിയറിൽ അയാൾ ശരാശരിക്കു മുകളിലേക്ക് ഉയർന്നതേയില്ല. പ്രഫഷനൽ കളിക്കാരനെന്ന പകിട്ടിന് അവസാനം കുറിച്ചത് ജപ്പാനിലെ ഇറാറ്റയിലുള്ള ജൂബിലോ എന്ന ക്ലബിൽ. കരിയറിൽ ഏറ്റവും പ്രഹരശേഷി കാട്ടിയതും അവിടെ. 94 മുതൽ മൂന്നുവർഷം അവർക്കുവേണ്ടി 78 കളികളിൽനിന്ന് നേടിയത് 56 ഗോൾ. ഇറ്റലിയിൽനിന്ന് ജെ. ലീഗിലെത്തുന്ന ആദ്യ കളിക്കാരൻ എന്നതിനൊപ്പം മൂന്നാം വർഷത്തിൽ ലീഗ് കിരീടവും സ്വന്തം. പിന്നാലെ കളിയിൽനിന്ന് പടിയിറക്കം.

Full View

മുൻനിരയിൽ കുശാഗ്രബുദ്ധിക്കാരനായിരുന്നു ടോട്ടോ. ഒന്നാന്തരമൊരു ഓപർചുനിസ്റ്റ്. അർധാവസരങ്ങൾ പോലും വേണ്ടതില്ലായിരുന്നു അയാൾക്ക് വല കുലുക്കാൻ. സാധ്യതയുടെ നേരിയ അംശങ്ങളിൽ അയാൾ മിന്നായംപോലെ പൊസിഷനിലെത്തി. വേഗവും ഊർജവും കണിശതയും ടോട്ടോയുടെ കൂടപ്പിറപ്പായിരുന്നു. അസൂയാവഹമായ സ്കില്ലോ നൈസർഗികമായ പ്രതിഭാശേഷിയുടെ ധാരാളിത്തമോ ഒന്നും അയാളിലുണ്ടായിരുന്നില്ല. അപാരമായ പൊസിഷനൽ സെൻസും റിയാക്ഷനും ആക്സിലറേഷനുമൊക്കെയായിരുന്നു സ്കില്ലാച്ചിയുടെ വജ്രായുധങ്ങൾ. അതുവഴി റീബൗണ്ടും ടാപ് ഇന്നുമൊക്കെയായി മിന്നുംവേഗത്തിൽ പന്ത് വല കടന്നു. ‘ശരിയായ സമയത്ത് ശരിയായ സ്ഥലത്ത്’ എന്നതായിരുന്നു മുൻനിരയിൽ അയാളുടെ മുദ്രാവാക്യം. ബോക്സിന് അകത്തു പുറത്തുംനിന്ന് നിറയൊഴിക്കാൻ കഴിയുന്നതുപോലെ പൊള്ളുന്ന ഹെഡറുകളുതിർക്കാനും വശമുണ്ടായിരുന്നു.

അസാമാന്യ പ്രതിഭ​യൊന്നുമായിരുന്നില്ല അയാൾ. ഒരു ടൂർണമെന്റിന്റെ വണ്ടർ എന്നുവേണമെങ്കിൽ ആ കരിയറിനെ ആറ്റിക്കുറുക്കാം. അവസരം കിട്ടിയപ്പോൾ അത് അങ്ങേയറ്റം മുതലെടു​ത്തുവെന്നതാണ് അയാളെ വേറിട്ടുനിർത്തിയത്. ലോകകപ്പിലെ ആദ്യഗോൾ നേടിയപ്പോൾ എന്തു ചെയ്യണമെന്നറിയാത്ത പുതിയൊരു ലോകത്തായിരുന്നു താനെന്ന് സ്കില്ലാച്ചി പറഞ്ഞിരുന്നു. വല കുലുങ്ങിയപ്പോൾ എങ്ങോട്ടോടി ആഹ്ലാദിക്കണമെന്ന് അറിയാത്തതിനാലാണ് ബെഞ്ചിലെ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടിയതെന്ന് പിന്നീട് വെളിപ്പെടുത്തി. അവസരവും ആദ്യഗോളും നൽകിയ ഊർജം ടൂർണമെന്റിലുടനീളം ടോട്ടോ കാത്തുസൂക്ഷിച്ചു.

ആ വികാരത്തള്ളിച്ചയുടെ മറുപുറമായിരുന്നു സെമിയിലെ തോൽവിക്കുശേഷം. ആ കളിയിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ ഒരു കൂറ്റൻ കെട്ടിടം തന്റെ​ മേൽ മറിഞ്ഞു വീഴുന്നതുപോലെയാണ് തോന്നിയതെന്ന് സ്കിലാച്ചി പറഞ്ഞിരുന്നു. ചേഞ്ചിങ് റൂമിൽ അയാൾ രണ്ടുമണിക്കൂറോളം ഇരുന്ന് കരഞ്ഞു. സിഗരറ്റ് ഒന്നിനുപിറകെ ഒന്നായി വലിച്ചുതള്ളി. വിലപ്പെട്ടത് കൈവിരലുകൾക്കിടയിലൂടെ ഊർന്നുപോയത് ടോട്ടോയെ അത്രയേറെ വേദനിപ്പിച്ചു. ലോകകപ്പ് നേടാൻ തന്റെ സുവർണപാദുകം ത്യജിക്കാൻ പോലും തയാറാണെന്ന് ഒരു അഭിമുഖകാരനോട് അയാൾ നിഷ്‍കളങ്കമായി മൊഴിഞ്ഞു.

ലോകം തന്നെ അറിഞ്ഞത് ആ ലോകകപ്പിലാണെന്ന് പിന്നീട് സ്കില്ലാച്ചി നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അത് ജീവിതം മാറ്റിമറിച്ചുവെന്നും അയാൾ സാക്ഷ്യപ്പെടുത്തി. നന്നായി കളിക്കുന്ന ഒരൊറ്റ ടൂർണമെന്റ് മതി ഒരു കളിക്കാരനെ കാലം എ​ന്നെന്നേക്കും ഓർത്തുവെക്കാൻ എന്നതിന്റെ അടയാളമായിരുന്നു ആ അസൂറിതാരം. ചരിത്രം കണ്ട ഏറ്റവും വിജയശ്രീലാളിതനായ ‘സൂപ്പർ സബ്ബു’കളിലൊരാൾ. പകരക്കാരനായി വന്ന് അയാളേക്കാൾ കേമത്തരം കാട്ടിയവർ കുറവാണ്. ഒടുവിൽ 59-ാം വയസ്സിൽ ജീവിതത്തിൽനിന്നുതന്നെയും സ്കില്ലാച്ചി കഴിഞ്ഞ ദിവസം പടിയിറങ്ങിയപ്പോൾ ലോകഫുട്ബാളിന്റെ ഓർമകളിൽ നിറയുന്നതത്രയും 1990ൽ റോമിലും ​േഫ്ലാറൻസിലും നേപ്പിൾസിലും ബരിയിലും വിസ്മയമായിപ്പിറന്ന ആ ഫിനിഷിങ് വൈഭവം തന്നെയായിരുന്നു.

Tags:    
News Summary - Salvatore Schillaci Memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.