കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കുടുക്കും എന്നത് വെറുമൊരു പഴമൊഴിയല്ല. കൊലകേസ് പ്രതിയെ കിട്ടാതെ വന്നപ്പോൾ നിരപരാധിയെ കുടുക്കി തൂക്കുകയറിന്റെ അറ്റം വരെ എത്തിച്ച ചരിത്രമുണ്ട് കൊല്ലം പൊലീസിന്. കുണ്ടറയിൽ ആലീസ് എന്ന വീട്ടമ്മയെ ബലാത്സംഗക്കൊല ചെയ്ത കേസിൽ പൊലീസ് കുടുക്കിയ ഗിരീഷ് കുമാർ എന്ന നിരപരാധി വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ ഹോമിച്ചത് 10 വർഷം. കഴിഞ്ഞ ജൂണിൽ കുറ്റക്കാരനല്ല എന്നുകണ്ട് ഇദ്ദേഹത്തെ വിട്ടയച്ച ഹൈകോടതി...
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കുടുക്കും എന്നത് വെറുമൊരു പഴമൊഴിയല്ല. കൊലകേസ് പ്രതിയെ കിട്ടാതെ വന്നപ്പോൾ നിരപരാധിയെ കുടുക്കി തൂക്കുകയറിന്റെ അറ്റം വരെ എത്തിച്ച ചരിത്രമുണ്ട് കൊല്ലം പൊലീസിന്. കുണ്ടറയിൽ ആലീസ് എന്ന വീട്ടമ്മയെ ബലാത്സംഗക്കൊല ചെയ്ത കേസിൽ പൊലീസ് കുടുക്കിയ ഗിരീഷ് കുമാർ എന്ന നിരപരാധി വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ ഹോമിച്ചത് 10 വർഷം. കഴിഞ്ഞ ജൂണിൽ കുറ്റക്കാരനല്ല എന്നുകണ്ട് ഇദ്ദേഹത്തെ വിട്ടയച്ച ഹൈകോടതി അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചു. 2013 ജൂൺ 11നാണ് ആലീസ് വർഗീസ് (57) കൊല്ലപ്പെട്ടത്. മറ്റൊരുകേസിൽ ജയിലിലായിരുന്ന ഗിരീഷ് ഈ കൊല നടക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് പുറത്തിറങ്ങിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത ഇയാളെത്തേടി കുണ്ടറ സ്റ്റേഷനിലെത്തിയ ജ്യേഷ്ഠനെയും പ്രതിയാക്കുമെന്നുപറഞ്ഞ് വിരട്ടിയോടിച്ചു.
ചില്ലറ മോഷണവും പോക്കറ്റടിയും മദ്യപാനവുമെല്ലാമുണ്ടായിരുന്നതിനാൽ പിന്നീട് വീട്ടുകാർ ആരും തിരിഞ്ഞു നോക്കിയില്ല. യഥാർഥ പ്രതികളെ കിട്ടാതായപ്പോൾ ചോദിക്കാനാരുമില്ലാത്ത തന്നെ എളുപ്പത്തിൽ പ്രതിയാക്കാൻ പൊലീസിന് കഴിഞ്ഞുവെന്നാണ് ഗിരീഷ് പറയുന്നത്.
ഒരു വിരലടയാളം പോലും തെളിവായി ഉണ്ടായിരുന്നില്ല. ആലീസിനെ ഒരിക്കൽപോലും കണ്ടിട്ടില്ല. തെളിവെടുപ്പിനെന്നപേരിൽ അവിടെ എത്തിച്ചപ്പോഴാണ് ആലീസിന്റെ വീടുപോലും കാണുന്നത് . ലീഗൽ സർവിസ് അതോറിറ്റി ചുമതലപ്പെടുത്തിയ അഡ്വ. സുനിൽ കുമാറാണ് ഹൈകോടതിയിൽ പൊലീസിന്റെ പൊള്ളത്തരങ്ങൾ പൊളിച്ച് ഈ നിരപരാധിയുടെ മോചനം സാധ്യമാക്കിയത്.
1. ഹൈ കോടതി കുറ്റമുക്തനാക്കിയ ഗിരീഷ് 2. വിഘ്നേഷ്
തല്ലിത്തകർത്ത പൊലീസ് സ്വപ്നങ്ങൾ
രണ്ടുവർഷം മുമ്പാണ് കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നിരപരാധിയായ സൈനികനും സഹോദരനുമെതിരെ പ്രാകൃതമായ മർദന മുറകൾ നടന്നത്. ’22 ആഗസ്റ്റ് 25ന് എം.ഡി.എം.എയുമായി ദമ്പതികളടക്കം നാലുപേരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ കാണാൻ അനുവദിക്കാത്തതിന്റെ പേരിൽ സൈനികൻ കൊറ്റങ്കര പേരൂർ ഇന്ദീവരത്തിൽ വിഷ്ണുവും സഹോദരൻ വിഘ്നേഷും സ്റ്റേഷനിൽ അതിക്രമിച്ചുകടന്ന് പൊലീസുകാരെ ആക്രമിച്ചെന്നാണ് കേസെടുത്തത്. യഥാർഥ സംഭവം ഇങ്ങനെ: കസ്റ്റഡിയിലുള്ള സുഹൃത്തിന് ജാമ്യമെടുക്കാനായി ഒരു പൊലീസുകാരൻ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എം.ഡി.എം.എയുമായി ബന്ധപ്പെട്ട കേസ് ആയതിനാൽ പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുള്ള വിഘ്നേഷ് ജാമ്യം നിൽക്കാൻ വിസമ്മതിച്ചു. ഈ സമയം വിഘ്നേഷിനെ തിരക്കി വിഷ്ണു സ്റ്റേഷനിലെത്തി. അവിടെവെച്ച് ബൈക്ക് നിർത്തിയിടുന്നതിനെ ചൊല്ലി ഒരു പൊലീസുകാരനുമായി തർക്കമുണ്ടായി.
പൊലീസുകാരൻ വിഷ്ണുവിനെ തല്ലുന്നതും സ്റ്റേഷനുള്ളിലേക്ക് വലിച്ചുകൊണ്ട് പോകുന്നതും വിഘ്നേഷ് മൊബൈലിൽ പകർത്തി. ഇതോടെ ഇരുവരെയും സ്റ്റേഷനുള്ളിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. എം.ഡി.എം.എ കേസും പൊലീസിനെ ആക്രമിച്ചുവെന്ന കേസും അടക്കം ചാർത്തി ഇവർക്കെതിരെ പൊലീസ് വാർത്തയും നൽകി. സൈനികന്റെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി. 12 ദിവസമാണ് ഇരുവരും റിമാൻഡിലായത്. പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റിനോട് പൊലീസിന്റെ ക്രൂരത വിവരിക്കുകയും അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു. അന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ട ഏമാന്മാരെല്ലാം സർവിസിൽ തിരിച്ചുകയറി. പൊലീസ് അക്രമത്തെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് പോലും പുറത്തുവന്നില്ല. എ.ഡി.ജി.പിയുടെ കസ്റ്റഡിയിലുള്ള ഈ റിപ്പോർട്ടിനായി ഡി.വൈ.എഫ്.ഐ പ്രവർത്തകനായ താൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ വരെ കണ്ടുവെന്ന് വിഘ്നേഷ് പറയുന്നു, കിട്ടിയില്ല. കേസ് എങ്ങുമെത്തിയില്ല. പൊലീസിനെതിരായ കേസ് പിൻവലിച്ചാൽ സഹോദരങ്ങൾക്കെതിരായ കേസും പിൻവലിക്കാമെന്നാണത്രെ ഉപദേശം. പൊലീസാകാൻ കൊതിച്ച വിഘ്നേഷ് ഇപ്പോൾ കൊല്ലത്ത് ചെറിയ മാടക്കടയുമായി കഴിയുന്നു.
-എം. ഷറഫുല്ലാഖാൻ
വിനായകൻ എന്തിന്, എങ്ങനെ മരിച്ചു?
തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ ചക്കാണ്ടൻ കൃഷ്ണന്റെ മകൻ വിനായകൻ (19) എന്ന ദലിത് യുവാവിനെയും സുഹൃത്തിനെയും ഒരുനാൾ പാവറട്ടി പൊലീസ് വഴിയിൽനിന്ന് പിടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് വിട്ടയക്കപ്പെട്ട വിനായകനെ അടുത്ത ദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസിന്റെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് ആക്ഷേപം വ്യാപകമാവുകയും ‘പിടിച്ചുനിൽക്കാൻ’ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തെങ്കിലും കേസ് എങ്ങുമെത്തിയില്ല. കൃഷ്ണന്റെ പരാതിയിൽ ഹൈകോടതി ഉത്തരവിട്ട തുടരന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് സ്ഥാപിക്കാൻ തെളിവില്ലെന്ന ന്യായം പറഞ്ഞ് ആരോപണവിധേയരെ രക്ഷിക്കാൻ ബദ്ധപ്പെടുന്നതാണ് സമീപകാലത്ത് കണ്ടത്. ക്രൈംബ്രാഞ്ചിന്റെ നടപടിക്കെതിരെ രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിനും ഫലമുണ്ടായിട്ടില്ല.
പൊലീസിന്റെ പീഡനത്തിൽ വിനായകന് ജനനേന്ദ്രിയത്തിലടക്കം മർദനമേറ്റതായുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നു. വിനായകന്റെ മുടി പിഴുതെടുക്കുകയും ബൂട്ടുകൊണ്ട് ചവിട്ടുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. എന്നാൽ, വിനായകൻ മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. പിടിച്ചുപറിക്കേസിൽ കുറ്റം സമ്മതിക്കാൻ വിനായകനെ പൊലീസ് തല്ലിയിരുന്നെന്നും ഇത് ആത്മഹത്യാപ്രേരണ അല്ലെന്നുമാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി.എ. ഉല്ലാസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മകന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാണ് ചേറ്റുവ ഹാർബറിലെ ഐ.എൻ.ടി.യു.സി തൊഴിലാളിയായിരുന്ന കൃഷ്ണൻ ആവശ്യപ്പെടുന്നത്. നീതിതേടി ഏതറ്റംവരെയും പോകുമെന്ന് ഉറപ്പിച്ചുപറയുന്നു ഈ പിതാവ്.
കെ. പരമേശ്വരൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.