വർഷങ്ങൾ നീണ്ട മയക്കത്തിനുശേഷം ഇന്ത്യൻ സുപ്രീംകോടതി ഉണർന്നിരിക്കുന്നു. സമീപ നാളുകളിലെ ചില വിധികളിൽ 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം എന്നിവ പ്രകാരം ചുമത്തപ്പെട്ട കേസുകളിൽ പോലും ജാമ്യമാണ് നിയമം, ജയിൽ അപവാദമാണ് എന്ന തത്ത്വം ഊന്നിപ്പറഞ്ഞുകൊണ്ട് സുപ്രീംകോടതി പൗരസ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിച്ചു.
ആം ആദ്മി പാർട്ടിയുടെ കമ്യൂണിക്കേഷൻ ചുമതലയുള്ള വിജയ് നായർക്ക് ജാമ്യം അനുവദിച്ചുകൊണ്ട് സെപ്റ്റംബർ രണ്ടിന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പറഞ്ഞത് കേൾക്കുക: കോടതിയിൽ നൽകിയ ഉറപ്പ് പാലിച്ച് സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സാധിച്ചിട്ടില്ല, 350 സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്.
ഏറിയാൽ ഏഴു വർഷം വരെ മാത്രം ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റത്തിന് വിജയ് നായരെ ഇത്രയും കാലം വിചാരണയില്ലാതെ കസ്റ്റഡിയിൽ വെച്ചാൽ ‘ജാമ്യമാണ് നിയമം ജയിൽ അപവാദമാണ്’ എന്ന നിർദേശം പൂർണമായും പരാജയപ്പെടും. നായർ 23 മാസമായി കസ്റ്റഡിയിലാണെന്ന കാര്യം എടുത്തുപറഞ്ഞ കോടതി ആർട്ടിക്ക്ൾ 21 പ്രകാരമുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം പവിത്രമാണെന്നും കർശനമായ വ്യവസ്ഥകൾ നടപ്പാക്കുന്ന സന്ദർഭങ്ങളിൽ പോലും അത് മാനിക്കപ്പെടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന്റെ നിയമസാധുത തന്നെ ചോദ്യം ചെയ്തുകൊണ്ട് സെപ്റ്റംബർ 13ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി ഉത്തരവും ഏറെ പ്രധാനമാണ്.
ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം 2024 മാർച്ച് 21നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യമായി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജൂൺ 26ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
ജാമ്യം അനുവദിച്ച ജസ്റ്റിസ് സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വെവ്വേറെയെങ്കിലും യോജിപ്പുള്ള വിധികളാണ് നൽകിയത്. കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞപ്പോൾ, സി.ബി.ഐ നടത്തിയ അറസ്റ്റ് ഉത്തരങ്ങളെക്കാൾ കൂടുതൽ ചോദ്യങ്ങളാണ് ഉയർത്തുന്നതെന്ന് ജസ്റ്റിസ് ഭൂയാൻ നിരീക്ഷിച്ചു.
22 മാസമായിട്ടും കെജ്രിവാളിനെ അറസ്റ്റ് ചെയ്യാതിരുന്ന സി.ബി.ഐ അദ്ദേഹത്തിന് ഇ.ഡി കേസിൽ ജാമ്യം കിട്ടിയ ഉടനെ അറസ്റ്റ് ചെയ്യാൻ തിടുക്കപ്പെട്ടതെന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. കൂട്ടിലടക്കപ്പെട്ട തത്തയെന്ന ധാരണ തിരുത്താനും കൂട്ടിലാക്കപ്പെടാത്ത തത്തയാണെന്ന് കാണിക്കാനും സി.ബി.ഐ മുതിരണം. സീസറുടെ പത്നിയെപ്പോലെ സംശയാതീതയാവണം.
ഇ.ഡി കേസിൽ ജാമ്യത്തിലായിരിക്കെ, കെജ്രിവാളിനെ തടവിൽ വെക്കുന്നത് നീതിയെ അപഹസിക്കലാണ്. അറസ്റ്റ് ചെയ്യാനുള്ള അധികാരം മിതമായി മാത്രം വേണം വിനിയോഗിക്കാൻ -ജസ്റ്റിസ് ഭൂയാൻ പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിന് ജസ്റ്റിസുമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഡൽഹി മുൻ ഉപമുഖ്യന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമനുവദിച്ചുകൊണ്ട് നടത്തിയ വിധിയും പ്രത്യേകം പ്രസ്താവ്യമാണ്. 17 മാസമായിട്ടും വിചാരണ ആരംഭിക്കാതെ ഒരാളെ തടവിലിടുന്നത് വേഗത്തിലുള്ള വിചാരണ എന്ന അവകാശത്തിന്റെ നിഷേധമാണ്.
495 സാക്ഷികളെ വിസ്തരിക്കാനും ലക്ഷക്കണക്കിന് പേജുകൾ വരുന്ന ആയിരക്കണക്കിന് രേഖകൾ പരിശോധിക്കാനുമിരിക്കെ, സമീപ ഭാവിയിലെന്നെങ്കിലും വിചാരണ ആരംഭിക്കാൻ വിദൂരസാധ്യതയെങ്കിലുമുള്ളതായി കരുതുന്നില്ലെന്നും ജഡ്ജിമാർ പറഞ്ഞു. ഒരു വശത്ത് വിചാരണ വേഗത്തിലാക്കാൻ തയാറാണെന്ന് പറയുന്ന പ്രോസിക്യൂട്ടിങ് ഏജൻസികൾ അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ വീണ്ടും ഒരു മാസത്തെ സമയം തേടുക വഴി പരസ്പര വിരുദ്ധമായ നിലപാടാണ് കൈക്കൊള്ളുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതേ ജഡ്ജിമാർ ആഗസ്റ്റ് 27ന് കള്ളപ്പണം വെളുപ്പിക്കൽ, അഴിമതിക്കേസുകളിൽ ബി.ആർ.എസ് നേതാവ് കെ. കവിതക്കും ജാമ്യം അനുവദിച്ചു. 2024 മാർച്ച് 15ന് ഇ.ഡി അറസ്റ്റ് ചെയ്ത അന്നുമുതൽ കസ്റ്റഡിയിലായിരുന്നു കവിത. ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ, സി.ബി.ഐ അവരെ അറസ്റ്റ് ചെയ്തു. കേസിന്റെ വാദം കേൾക്കുന്നതിനിടെ പ്രോസിക്യൂഷൻ ഏജൻസികളുടെ രീതികളെ ചോദ്യം ചെയ്ത സുപ്രീംകോടതി ബെഞ്ച് ചില പ്രതികളെ മാപ്പുസാക്ഷികളായി തെരഞ്ഞെടുത്തതിനെ വിമർശിക്കുകയും ചെയ്തു.
നീതിയെക്കുറിച്ച് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്ന് വേദനിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത് പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഈ വിധികൾ പകരുന്ന പ്രത്യാശകൾ ചെറുതല്ല. കോടതി നടത്തിയ നിരീക്ഷണങ്ങൾ പ്രോസിക്യൂഷൻ ഏജൻസികളെ നേർവഴിയിൽ നടക്കാൻ പ്രേരിപ്പിച്ചേക്കും, മതിയായ കാരണമില്ലാതെ ആളുകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്ന സമ്പ്രദായത്തിന് അൽപമെങ്കിലും മാറ്റം വന്നേക്കുമെന്നും ആശിക്കട്ടെ.
ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ രാജ്യത്തെ ഹൈകോടതികളും വിചാരണ കോടതികളും ഉദാരമാക്കാനും ഇതു നിമിത്തമായേക്കും. നാലു വർഷത്തിലേറെ പിന്നിട്ടിട്ടും വിചാരണത്തടവുകാരായി തുടരുന്ന ഒട്ടനവധി ആക്ടിവിസ്റ്റുകൾ കെജ്രിവാളും സിസോദിയയും കവിതയും കിടന്ന തിഹാർ ജയിലിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലെ തടവറകളിലും ദുരിതമനുഭവിക്കുന്നുണ്ടെന്ന് കൂടി ഈ സമയം നാം ഓർമിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.