ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ‘ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് ഒട്ടും അപ്രതീക്ഷിതമല്ല. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന രാഷ്ട്രഭാവനയുടെയും ഭരണകൂട സങ്കൽപങ്ങളുടെയും കടക്കല്‍ കത്തിവെക്കുന്ന ഈ അജണ്ട ഒരു രാജ്യം ഒരു ഭാഷ ഒരു സംസ്കാരം എന്ന ഹിന്ദുത്വ ദേശീയതാ സങ്കൽപത്തിന്റെ പ്രായോഗിക പദ്ധതികളില്‍ ഒന്നു മാത്രമാണ്. നമ്മുടെ ഭരണഘടനാ ശിൽപികൾ ദീർഘമായ ആലോചനകൾക്കും...
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള ‘ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് ഒട്ടും അപ്രതീക്ഷിതമല്ല. ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന രാഷ്ട്രഭാവനയുടെയും ഭരണകൂട സങ്കൽപങ്ങളുടെയും കടക്കല്‍ കത്തിവെക്കുന്ന ഈ അജണ്ട ഒരു രാജ്യം ഒരു ഭാഷ ഒരു സംസ്കാരം എന്ന ഹിന്ദുത്വ ദേശീയതാ സങ്കൽപത്തിന്റെ പ്രായോഗിക പദ്ധതികളില്‍ ഒന്നു മാത്രമാണ്. നമ്മുടെ ഭരണഘടനാ ശിൽപികൾ ദീർഘമായ ആലോചനകൾക്കും ചർച്ചകൾക്കും ഒടുവിൽ സ്വീകരിച്ചതാണ് പാർലമെന്ററി ഫെഡറല്‍ ഭരണസംവിധാനം. രാജ്യത്തിന്റെ ബൃഹത്തായ വൈവിധ്യങ്ങളെ ഉൾച്ചേർക്കാതെ ഇന്ത്യയെ ഒരു ബഹുസ്വര ജനാധിപത്യ രാജ്യമായി നിലനിർത്താനാവില്ലെന്ന ദീർഘവീക്ഷണമാണ് അതിന് പ്രേരകമായത്.
രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളുടെ സമ്മേളനമെന്ന നിലയിലാണ് ഇന്ത്യയെ സംസ്ഥാനങ്ങളുടെ ഒരു യൂനിയനായി (India that is Bharat shall be a union of states) ഭരണഘടന പ്രഖ്യാപിച്ചത്. പ്രാദേശിക താൽപര്യങ്ങളും പ്രാദേശിക കാഴ്ചപ്പാടുകളും പരിഗണിക്കപ്പെടുകയും പ്രതിനിധാനംചെയ്യപ്പെടുകയും ചെയ്യാതെ രാഷ്ട്രനിർമാണ പ്രക്രിയ ജനാധിപത്യപരമാകില്ലെന്ന ഉത്തമബോധ്യമായിരുന്നു അതിന്റെ ആണിക്കല്ല്. സർവാധികാരിയായ ഒരു കേന്ദ്രഭരണകൂടത്തിനുകീഴില് ആശ്രിതത്വസ്വഭാവമുള്ള ദുർബല യൂനിറ്റുകളായല്ല ഭരണഘടന സംസ്ഥാനങ്ങളെ വിഭാവനം ചെയ്യുന്നത്. സംസ്ഥാനങ്ങൾക്ക് അധികാരങ്ങള്‍ വിഭജിച്ച് നൽകിയും കേന്ദ്രത്തിന്റെ കടന്നുകയറ്റം പ്രതിരോധിക്കാനുള്ള സംരക്ഷണമൊരുക്കിയുമാണ് ഭരണഘടന ഫെഡറലിസത്തിന് പ്രായോഗിക രൂപം നൽകിയത്.
സഹകരണാത്മക ഫെഡറലിസ (Cooperative Federalism) ത്തിന്റെ ശക്തമായ ഘടകങ്ങളാണ് പ്രാദേശിക ഭരണസംവിധാനങ്ങള്‍ എന്ന നിലയില്‍ സംസ്ഥാന സർക്കാറുകള്‍. ഇന്ത്യന്‍ യൂനിയന്റെ അവിഭാജ്യഘടകങ്ങളെന്ന നിലയില്‍ പൊതുവായ ദേശീയ താൽപര്യങ്ങള് പിന്തുടരുന്നതോടൊപ്പം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങൾക്കും സവിശേഷമായ പ്രാദേശിക താൽപര്യങ്ങളും പ്രശ്നങ്ങളുമുണ്ട്. സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായി ഭിന്നധ്രുവങ്ങളില്‍ നിൽക്കുന്ന നിരവധി സംസ്ഥാനങ്ങളുണ്ട് രാജ്യത്ത്. വടക്കൻ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളോ മുൻഗണനകളോ അല്ല തെക്കൻ സംസ്ഥാനങ്ങളുടേത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളല്ല തെക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളുടേത്. സംസ്ഥാനങ്ങളുടെ സവിശേഷമായ ഇത്തരം പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യപ്പെടുകയും പൊതുജനാഭിപ്രായ സ്വരൂപണം സാധ്യമാക്കുകയും ചെയ്യുന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ്.
ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുപ്പുകള്‍ കേവലം സമ്മതിദാനാവകാശ വിനിയോഗം മാത്രമല്ലല്ലോ. മറിച്ച് സവിശേഷമായ രാഷ്ട്രീയ വിഷയങ്ങളിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസവും ബോധവത്കരണവും പൊതുജനാഭിപ്രായ സ്വരൂപീകരണവും അതുവഴി ഭരണകൂട രൂപീകരണത്തിലുള്ള രാഷ്ട്രീയ പങ്കാളിത്തവുമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അതത് സംസ്ഥാനത്തെ സവിശേഷമായ രാഷ്ട്രീയ വിഷയങ്ങളായിരിക്കും ജനവിധി നിർണയിക്കുക. അത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളായിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെയാണ് മാസങ്ങളുടെ ഇടവേളകളില്‍ നടക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തമായ ജനവിധിയുണ്ടാകുന്നത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കൂടി നടക്കുമ്പോള്‍ സ്വാഭാവികമായും മുഴച്ചുനിൽക്കുന്ന ദേശീയ വിഷയങ്ങൾക്കിടയില്‍ പ്രാദേശിക പ്രശ്നങ്ങള്‍ അപ്രസക്തമാക്കപ്പെടും. ആത്യന്തികമായി ഇത് പ്രാദേശിക വികസനത്തിനും പ്രാദേശിക രാഷ്ട്രീയ പങ്കാളിത്തത്തിനും തിരിച്ചടിയാകും. പ്രത്യേകിച്ച് അതിതീവ്രദേശീയത പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുന്ന ഇക്കാലത്ത്. 2019ലെ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷി ബാലാകോട്ട്- പുൽവാമ ആക്രമണങ്ങള്‍ മാത്രമായിരുന്നു പ്രചാരണായുധമാക്കിയത് എന്നതുകൂടി ഇത്തരുണത്തില്‍ ഓർക്കണം. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ സാധാരണ ജനങ്ങളുടെ നട്ടെല്ലൊടിച്ച തെറ്റായ തീരുമാനങ്ങള്‍ ജനവിധിയില്‍ ഒരു സ്വാധീനവും ചെലുത്തിയില്ലെന്ന് ആ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വ്യക്തമായതാണ്. പാർലമെന്റിന്റെ കാലാവധിക്ക് അനുസൃതമായി നിലവിലെ ചില നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുന്നതും ചിലതിന്റേത് നീട്ടിനൽകുന്നതും ജനവിധിയോടും സംസ്ഥാനങ്ങളുടെ അധികാരത്തോടും അസ്തിത്വത്തോടുമുള്ള അവഹേളനമല്ലാതെ മറ്റെന്താണ്.
പ്രാദേശിക പാർട്ടികൾക്ക് ചരമക്കുറിപ്പ്
പ്രാദേശിക വൈവിധ്യങ്ങളെയും രാഷ്ട്രീയ താൽപര്യങ്ങളെയും കോർത്തിണക്കുകയെന്ന മനോഹരമായ ഭരണഘടനാ സങ്കൽപത്തിന്റെ സ്വാഭാവിക തുടർച്ചയെന്ന നിലയിലാണ് രാജ്യത്ത് പ്രാദേശിക രാഷ്ട്രീയവും പ്രാദേശിക രാഷ്ട്രീയപാർട്ടികളും ശക്തിപ്രാപിക്കുകയും നമ്മുടെ ജനാധിപത്യം കൂടുതല്‍ വികസിതമാവുകയും ചെയ്തത്. എന്തൊക്കെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും നമ്മുടെ രാഷ്ട്രീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും അതുവഴി നാം പിന്തുടർന്നുവരുന്ന ജനാധിപത്യ സംസ്കാരത്തിന് വേരോട്ടമുണ്ടാക്കുന്നതിലും പ്രാദേശിക രാഷ്ട്രീയ പാർട്ടികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മാത്രമല്ല, 1980കളുടെ അവസാനം മുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ ക്രിയാത്മകമായ റോള്‍ വഹിക്കാനും അതുവഴി ഫെഡറൽ ഭരണസംവിധാനത്തിന് ശക്തിപകരാനും പ്രാദേശിക രാഷ്ട്രീയകക്ഷികൾക്ക് കഴിഞ്ഞിട്ടുണ്ട്.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ദേശീയ അജണ്ടകളെന്നപോലെ ദേശീയ പാർട്ടികളും പ്രചാരണരംഗത്ത് മേൽക്കൈ നേടും. പ്രാദേശിക വിഷയങ്ങളും പ്രാദേശിക പാർട്ടികളും കാലക്രമേണ അപ്രസക്തമാകുമെന്നതാണ് ഇതിന്റെ ബാക്കിപത്രം. സംസ്ഥാനങ്ങളുടെ വിലപേശല്‍ ശേഷി കുറയുകയും കേന്ദ്രസർക്കാറിന്റെ അപ്രമാദിത്വം അംഗീകരിക്കേണ്ടിവരുകയും ചെയ്യുന്നതോടെ ഫെഡറലിസം തന്നെ പ്രയോഗത്തില്‍ അപ്രസക്തമാവും. പാർലമെന്ററി സംവിധാനത്തില്‍നിന്ന് പ്രസിഡൻഷ്യല്‍ രീതിയിലേക്ക് മാറാനുള്ള കളമൊരുക്കല്‍ കൂടിയാകും ഈ തെരഞ്ഞെടുപ്പ് രീതി.
പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടക്കുന്നത് ദേശീയ കക്ഷികൾക്ക് ഗുണകരമാണെന്നാണ് പല തെരഞ്ഞെടുപ്പ് പഠനങ്ങളിലും കണ്ടെത്തിയത്. സി.എസ്.ഡി.എസ് നടത്തിയ പഠനപ്രകാരം 1989 മുതല്‍ 2014 വരെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പംനടന്ന 31 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 24ലും ദേശീയ പാർട്ടികള്‍ ലോക്സഭയിലേക്ക് നേടിയ വോട്ടു വിഹിതത്തിന് ഏതാണ്ട് തുല്യമായ വോട്ടുകള്‍ നിയമസഭകളിലേക്കും നേടിയിട്ടുണ്ട്. 2600 നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിയ പഠനത്തില്‍ 77 ശതമാനം വോട്ടർമാരും പാർലമെന്റിലേക്ക് പിന്തുണച്ച പാർട്ടികൾക്ക് തന്നെയാണ് നിയമസഭയിലേക്കും വോട്ട് ചെയ്തത്. എന്നാല്‍, വ്യത്യസ്ത സമയത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് 61 ശതമാനം മാത്രമായിരുന്നു.
ഇതിലെല്ലാമുപരി പ്രതിപക്ഷ കക്ഷികളുടെ ദേശീയ ഐക്യത്തിന് തടയിടാനുള്ള സൂത്രവിദ്യ കൂടി കേന്ദ്രസർക്കാര്‍ ഈ നീക്കത്തില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നുവേണം കാണാന്‍. നിയമസഭാ തെരഞ്ഞടുപ്പില്‍ പരസ്പരം മത്സരിക്കുന്ന പല പാർട്ടികളും പാർലമെന്റ് തെരഞ്ഞെടുപ്പില്‍ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ച് നിൽക്കാറുണ്ട്. ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കുന്ന സാഹചര്യമുണ്ടായാല്‍ ഇത്തരം ദേശീയ സഖ്യത്തിന് സാധ്യത കുറയും.
ഭരണഘടനയെ തകർക്കാതെതന്നെ ഭരണനിർവഹണത്തെ ഭരണഘടനാമൂല്യങ്ങൾക്കെതിരെ നിർത്തി ഭരണഘടനയെ റദ്ദാക്കുന്നതില്‍ മോദി സർക്കാർ കാണിക്കുന്ന ചടുലനീക്കങ്ങളുടെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. നിലവിലെ പാർലമെന്ററി ഫെഡറല്‍ സംവിധാനത്തിന്റെ അകംപൊള്ളയാക്കി പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള ആസൂത്രിത പദ്ധതിയിലെ മറ്റൊരു ഘട്ടം മാത്രമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന് നിസ്സംശയം പറയാന്‍ ഇനിയുമുണ്ട് കാരണങ്ങൾ. 2014 മുതല്‍ ഏകവ്യക്തി കേന്ദ്രീകൃതമായ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചുവരുന്ന ബി.ജെ.പിക്കും സംഘ്പരിവാറിനും വളരെ എളുപ്പത്തില്‍ത്തന്നെ പ്രസിഡൻഷ്യല്‍ രീതിയിലേക്ക് രാജ്യത്തിന്റെ ഭരണവ്യവസ്ഥയെ മാറ്റാന്‍ കഴിയും.അതാവട്ടെ ആത്യന്തികമായി ഹിന്ദുത്വ രാഷ്ട്രഭാവനയുടെ പ്രായോഗികവത്കരണശ്രമങ്ങളുടെ സുപ്രധാന ചുവടുവെപ്പുമാണ്.
(കൊണ്ടോട്ടി ഇ. എം. ഇ. എ കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രഫസറാണ് ലേഖകൻ )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.