മുറുകുന്ന പോര്

ബി.ജെ.പിയെ സഹിക്കാനോ തള്ളാനോ കഴിയാത്ത അവസ്ഥയിലാണിന്ന് ശിവസേന. ബാൽ താക്കറെയുടെ കാലത്ത് കാൽനൂറ്റാണ്ടോളം ബി.ജെ.പിക്കുമുന്നിൽ വല്യേട്ടൻ ശിവസേനയായിരുന്നു. അത് മുതിർന്നനേതാക്കളായ എൽ.കെ. അദ്വാനിയും പ്രമോദ് മഹാജനും ഗോപിനാഥ് മുണ്ടെയും വകവെച്ചു കൊടുക്കുകയും ചെയ്തു. ഹിന്ദു ഹൃദയസാമ്രാട്ടെന്ന് സ്വയംവിശേഷിപ്പിച്ച താക്കറെയെ അവർ മാനിച്ചു. അവരായിരുന്നു സേന–ബി.ജെ.പി സഖ്യത്തിെൻറ ശിൽപികൾ. സഹോദരനിൽനിന്ന് വെടിയേറ്റ പ്രമോദ് മഹാജൻ 2006 മേയിലും വാഹനാപകടത്തിൽ പരിക്കേറ്റ ഗോപിനാഥ് മുണ്ടെ 2014 ജൂണിലും മരണപ്പെട്ടു. നരേന്ദ്ര മോദിയും അമിത് ഷായും ബി.ജെ.പിയുടെ ഹൈകമാൻഡായി മാറിയതോടെ അദ്വാനിയുടെ ശബ്ദം കേൾക്കാതെയുമായി. മോദിയുടെ ബലത്തിൽ ശിവസേനയെ ഒതുക്കി വല്യേട്ടൻപട്ടം ബി.ജെ.പി കൈയടക്കുന്നതാണ് പിന്നെ കണ്ടത്. അത് വകവെച്ചു കൊടുക്കാൻ ശിവസേനക്ക് കഴിയില്ല. അതുകൊണ്ടാണ് ബി.ജെ.പിക്കൊപ്പം മഹാരാഷ്ട്ര ഭരണത്തിൽ പങ്കാളിയായിട്ടും ശിവസേന പ്രതിപക്ഷത്തിെൻറ റോളിൽ നിൽക്കുന്നത്. കോൺഗ്രസ്–എൻ.സി.പി പ്രതിപക്ഷത്തെക്കാൾ ശിവസേന തൊടുക്കുന്ന അമ്പുകളാണ് ബി.ജെ.പിയുടെ മർമത്തിൽ തുളഞ്ഞുകയറുന്നതും.

സേനയെ ഒതുക്കിയുള്ള ബി.ജെ.പിയുടെ കുതിച്ചുചാട്ടം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മോദിതരംഗമാണ് എല്ലാം മാറ്റിമറിച്ചത്– കാൽനൂറ്റാണ്ടോളം മഹാരാഷ്ട്രയിൽ ശിവസേനയുടെ നിഴലിൽ പാർട്ടിക്ക് സ്വന്തംകാലിൽ നിൽക്കാനാകുന്ന സമയം ആസന്നമായെന്ന ബി.ജെ.പിയുടെ  കണ്ടെത്തൽ. 288 നിയമസഭാമണ്ഡലങ്ങളുള്ള മഹാരാഷ്ട്രയിൽ അതുവരെ 65 (1995ൽ മാത്രം) സീറ്റിൽ കൂടുതൽ കിട്ടാത്ത ബി.ജെ.പി 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 122 സീറ്റുകളാണ് നേടിയത്. ദലിത്, കാർഷികസംഘടനകളെ ഒപ്പംകൂട്ടിയ ബി.ജെ.പി ശിവസേനയെ കൈവിട്ടു. ഒറ്റക്ക് മത്സരിച്ച് 63 സീറ്റുകൾ നേടി ശിവസേന കാലിനടിയിൽ മണ്ണ് ചോർന്നിട്ടില്ലെന്ന് തെളിയിച്ചു. മോദിക്കാറ്റിൽ പിടിച്ചുനിന്നത് സേനയും ശരദ്പവാറിെൻറ എൻ.സി.പിയുമാണ്. ബി.ജെ.പി നേട്ടംകൊയ്തത് മോദി എന്ന ‘ഓക്സിജനി’ലാണെന്നാണ് ശിവസേനയുടെ പക്ഷം. കാറ്റൊഴിയുന്നതോടെ ബലൂൺ ചുരുങ്ങുമെന്നും സേന പറയുന്നു.  

ശിവസേനയെ ഒഴിവാക്കി ഭരണം നടത്തുകയായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം. എന്നാൽ, 122 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് ഭരണംപിടിക്കാൻ 23 പേരുടെ കുറവുണ്ട്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ പുറത്തുനിന്ന് പിന്തുണക്കാമെന്ന് 41 അംഗങ്ങളുള്ള എൻ.സി.പി വാക്കു നൽകി. എന്നാൽ, പ്രായോഗികരാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾകൊണ്ട് പേരെടുത്ത ശരദ്പവാറിനെ നമ്പിക്കൂടെന്ന് ബി.ജെ.പിക്കറിയാം. പവാറിെൻറ പിന്തുണാ വാഗ്ദാനത്തോട് അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കാതെ തുടക്കത്തിൽ ഒറ്റക്കാണ് ബി.ജെ.പി ഭരണം തുടങ്ങിയത്. എന്നാൽ, വീണ്ടുമൊരു തെരഞ്ഞെടുപ്പിന് സജ്ജമാകാൻ പാർട്ടി നേതാക്കളോടുള്ള ശരദ്പവാറിെൻറ ആഹ്വാനം ബി.ജെ.പിക്ക് കൊണ്ടു. ഭരണം തുടങ്ങി രണ്ടു മാസത്തിനകം അവർ ശിവസേനയെ ഒപ്പംകൂട്ടി. ഒരർഥത്തിൽ മോഹഭംഗത്തിലായ ശിവസേനയെ മുതലെടുക്കുകയാണ് ബി.ജെ.പി ചെയ്തത്. എങ്ങനെയെങ്കിലും അധികാരം വേണമെന്ന അവസ്ഥയിലായിരുന്നു സേന. ആരുമായും കൂട്ടില്ലാതെ ഒരിക്കലും ഭരിക്കാനാകില്ലെന്ന തിരിച്ചറിവ്. 20 വർഷങ്ങൾക്കുശേഷം ആദ്യമായി കോൺഗ്രസിതരപാർട്ടി അധികാരത്തിലെത്തുന്ന നേരം. അതും ബി.ജെ.പി. അത് ശിവസേനാ നേതാക്കൾക്കിടയിൽ വലിയ പ്രശ്നമാണ് സൃഷ്ടിച്ചത്. സംസ്ഥാനത്ത് രാഷ്ട്രീയ കരിയറിന് നേതാക്കൾക്കൊക്കെ ബി.ജെ.പി സ്വീകാര്യമായി മാറി. ഇത് മറ്റു പാർട്ടികളെക്കാൾ തങ്ങളെയാണ് ബാധിക്കുക എന്ന് സേന തിരിച്ചറിഞ്ഞു. ബി.ജെ.പി ഭരിക്കുമ്പോൾ ഭരണത്തിൽ പങ്കാളിയായില്ലെങ്കിൽ നേതാക്കൾ ഉടക്കും. ഇത്തരം പ്രതിസന്ധിയിലാണ് സേന ഭരണത്തിൽ പങ്കാളിയായത്.

ശിവസേനയെ ഒപ്പംകൂട്ടിയ ബി.ജെ.പി പക്ഷേ, അവരെ വേണ്ടത്ര ഗൗനിക്കുന്നില്ല. ഉപമുഖ്യമന്ത്രിപദം നൽകിയില്ല. അഞ്ചു കാബിനറ്റ് മന്ത്രിപദവും അത്രയും സഹമന്ത്രി പദവുമാണ് നൽകിയത്. വ്യവസായമൊഴികെ ബാക്കിയെല്ലാം വലിയ പ്രാധാന്യമില്ലാത്ത വകുപ്പുകൾ. നയരൂപവത്കരണത്തിലും മറ്റും സേന പുറത്ത്. പൊതുജനം അറിയുമ്പോഴാണ് സേനയും കാര്യങ്ങൾ അറിയുന്നതെന്ന അവസ്ഥ. സർക്കാർനയങ്ങളെ പാർട്ടി മുഖപത്രമായ ‘സാമ്ന’യിലൂടെ രൂക്ഷമായി വിമർശിച്ചാണ് ശിവസേന പ്രതികാരംവീട്ടുന്നത്.  ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയവും മോദിയുടെ സ്വന്തംനാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ തിരിച്ചുവരവും സേന കുറിക്കുകൊള്ളുംവിധം ഉപയോഗിച്ചു. മോദി കൊട്ടിഘോഷിച്ച ഗുജറാത്ത് വികസനം സത്യമായിരുന്നെങ്കിൽ അവിടത്തെ ഗ്രാമങ്ങളിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായതെങ്ങനെ എന്ന ചോദ്യമാണ് സേന ഉന്നയിച്ചത്. ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പുഫലം ബി.ജെ.പിക്കുള്ള അപായമണിയാണെന്ന മുന്നറിയിപ്പും ശിവസേന നൽകി. മോദിയും ബി.ജെ.പിയുമാണ് ഇപ്പോൾ സാമ്നയുടെ മുഖപ്രസംഗ വിഷയം.  

സേനയുടെ മോദിവിമർശത്തെ തുടർന്ന് മഹാരാഷ്ട്ര മന്ത്രിസഭാവികസനം മുടങ്ങിയെന്ന് സംസാരമുണ്ട്. തിങ്കളാഴ്ച ശീതകാല നിയമസഭാസമ്മേളനം തുടങ്ങുന്നതിനുമുമ്പ് നടക്കേണ്ടതായിരുന്നു മന്ത്രിസഭാ പുന$സംഘടന. ശിവസേനക്ക് രണ്ടും നാല് ചെറു ഘടകകക്ഷികൾക്ക് ഓരൊന്നുവീതവും സഹമന്ത്രി പദം നൽകാനായിരുന്നു നീക്കം.  പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ ഹസ്തദാനം ചെയ്ത മോദിയെ സഹിഷ്ണുത ഉള്ളവനാണെന്നും നാടിന് നല്ലനാൾ കൊണ്ടുവരാൻ നാടുചുറ്റിയും പറന്നും പരിശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രം ‘സാമ്ന’ കളിയാക്കിയതിനു പിന്നാലെയാണ് അകാരണമായി മന്ത്രിസഭാ പുന$സംഘടന നീളുന്നത്.  

മോദിയും തന്ത്രപൂർവം ശിവസേനയെ അകറ്റിനിർത്താനാണ് ശ്രമിക്കുന്നത്. 18 എം.പിമാരുണ്ടായിട്ടും ശിവസേനക്ക് തെൻറ മന്ത്രിസഭയിൽ ഒരു മന്ത്രിപദം മാത്രമാണ് മോദി നൽകിയത്. കൂടുതൽ മന്ത്രിപദത്തിനായി മുറവിളികൂട്ടിയ ശിവസേനയോട് അവർക്കിടയിൽ ഒതുങ്ങിക്കഴിയുകയായിരുന്ന സുരേഷ് പ്രഭുവിനെ റെയിൽവേ മന്ത്രിയാക്കിയാണ് മോദി പ്രതികരിച്ചത്. ഇങ്ങനെ സേനയും മോദിയും തമ്മിലെ പോര് തുടരുകയാണ്. 2017ഓടെ ശിവസേന–ബി.ജെ.പി ബാന്ധവം പൊളിയുമെന്നാണ് മറാത്താ കരുത്തായി വാഴ്ത്തപ്പെടുന്ന ശരദ്പവാറിെൻറ പ്രവചനം. അന്ന് മഹാരാഷ്ട്ര ചരിത്രത്തിലെ ആദ്യ ബി.ജെ.പി സർക്കാർ താഴെ വീഴുമത്രെ. ശിവസേനയില്ലെങ്കിൽ എൻ.സി.പിയുടേയൊ മറ്റ് ചെറുപാർട്ടികളുടെയോ സഹായമില്ലാതെ ബി.ജെ.പിക്ക് അധികാരത്തിൽ തുടരാനാകില്ല. ഇവർ സഹായിക്കാത്തപക്ഷം എത്ര ഏച്ചുകെട്ടിയാലും 145 തികക്കാൻ കഴിയാതെവരും. ഇതാണ് പവാറിെൻറ കണക്കുകൂട്ടൽ. ഏഷ്യയിലെ വലിയ നഗരസഭയായി ഖ്യാതിനേടിയ ബൃഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് 2017ലാണ്. മൂന്നു പതിറ്റാണ്ടായി ബി.ജെ.പിയുടെ സഹായത്തോടെ ശിവസേനയാണ് ഭരിക്കുന്നത്. കോർപറേഷനിലും ശിവസേനയെ പിൻ സീറ്റിലാക്കാൻ ബി.ജെ.പി ഒരുങ്ങുന്നതാണ് പവാർ പ്രവചനത്തിെൻറ ഹേതു. മോദിക്കാറ്റ് അടങ്ങിയെന്ന സൂചന ബി.ജെ.പിയെ പിന്തിരിപ്പിച്ചാലെ പവാർ പ്രവചിച്ച അവസ്ഥക്ക് മാറ്റമുണ്ടാകൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.