വില്ലനായി ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ് ആധുനിക പണവിനിമയരംഗത്ത് വിപ്ളവകരമായ മാറ്റംവരുത്തിയ ഒന്നാണെങ്കിലും ഗള്‍ഫില്‍ മിക്ക പ്രവാസികളുടെയും ജീവിതത്തിലെ പ്രധാന വില്ലനാണ് ഈ പ്ളാസ്റ്റിക് കാര്‍ഡ്. ബിസിനസ് നഗരമായ ദുബൈയില്‍ ക്രെഡിറ്റ് കാര്‍ഡ് വില്‍ക്കാന്‍ 30ലേറെ ബാങ്കുകള്‍ കൊടിയ മത്സരത്തിലാണ്. ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തയാളാണ് നിങ്ങളെങ്കില്‍ ഫോണിലും നേരിട്ടും ബിസിനസ് എക്സിക്യൂട്ടിവുകള്‍ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കും.
കൈയില്‍ കാശില്ളെങ്കിലും വിമാനടിക്കറ്റ് മുതല്‍ സിനിമാടിക്കറ്റുവരെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങാനാകും. ബില്ലുകളടക്കാം. ഇടത്തരം വരുമാനക്കാരുടെ പ്രധാന മിത്രമാണ് ക്രെഡിറ്റ് കാര്‍ഡ്. ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാത്ത മലയാളികള്‍ ഈ വിഭാഗത്തില്‍ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് ബിസിനസുകാര്‍. ഒരുവീട്ടമ്മ പറഞ്ഞതാണ് സത്യം: ‘ക്രെഡിറ്റ് കാര്‍ഡ് കൈയില്‍ വരുന്നതോടെ ചെലവ് വര്‍ധിച്ചുകൊണ്ടേയിരിക്കും. എന്നാലോ വരവ് പഴയതുതന്നെ’.
ബുദ്ധിപൂര്‍വം ഉപയോഗിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപകാരപ്രദമാണ്. കൃത്യമായി തിരിച്ചടച്ചാല്‍ പലിശയൊന്നുമില്ലാതെ ഇടപാട് നടത്താനാകുമെന്ന് മാത്രമല്ല കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനായി ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും നല്‍കുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും നേടുകയും ചെയ്യാം. എന്നാല്‍, അഭ്യസ്തവിദ്യരായവര്‍ക്കുപോലും ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ല എന്നതാണ് സത്യം.  

ബാങ്കുകള്‍ ലാഭമുണ്ടാക്കാനായി ഇറക്കുന്ന പല ഉല്‍പന്നങ്ങളില്‍ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡ്. പക്ഷേ, ബാക്കിയെല്ലാ വായ്പകള്‍ക്കും വാര്‍ഷിക പലിശനിരക്കാണെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന്  മാസനിരക്കാണ്. ചുരുങ്ങിയത് മാസം മൂന്നു ശതമാനം. അതായത്, വര്‍ഷം 36 ശതമാനം. ചിലപ്പോള്‍ 40 ശതമാനംവരെ. അതുകൊണ്ടുതന്നെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുകളും വിസ, മാസ്റ്റര്‍കാര്‍ഡ് പോലുള്ള ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും എല്ലാ അടവും പയറ്റുന്നു. വിവിധ സാമ്പത്തിക നിലയിലുള്ളവര്‍ക്കായി പ്രീമിയം, പ്ളാറ്റിനം, ഗോള്‍ഡ് എന്നെല്ലാം പറഞ്ഞ് പലതരം കാര്‍ഡുകളുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതിന് നിങ്ങള്‍ കൃത്യമായി തിരിച്ചടച്ച് പലിശയില്‍നിന്ന് രക്ഷപ്പെട്ടാലും ബാങ്കിന് ലാഭമുണ്ട്. വ്യാപാരിയില്‍നിന്ന് ബാങ്കിന് കമീഷന്‍ ലഭിക്കും. തിരിച്ചടവ് തെറ്റിയാലോ പിന്നെ ബാങ്കിന് കൊയ്ത്തുകാലമാണ്. പലിശ കുതിക്കുന്നത് റോക്കറ്റിനെക്കാള്‍ വേഗത്തിലാണ്. ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് എല്ലാ നിബന്ധനകളിലും ഒപ്പിട്ട് നല്‍കി ഉപയോഗിക്കുന്നവര്‍ക്കുവരെ അറിയില്ല. ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍തന്നെ ഇങ്ങനെ ക്രെഡിറ്റ് കാര്‍ഡെടുത്ത് കുരുങ്ങിയ സംഭവം ദുബൈയിലുണ്ട്. പിന്നെ സാധാരണക്കാരന്‍െറ കാര്യം പറയണോ!
ഏറെ സങ്കീര്‍ണമാണ് ക്രെഡിറ്റ് കാര്‍ഡിലെ പലിശകൂട്ടല്‍. ഉദാഹരണത്തിന് എല്ലാ അഞ്ചാം തീയതിയുമാണ് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്‍റ് ബാങ്ക് അയക്കുന്നതെന്ന് കരുതുക. കഴിഞ്ഞ 30 ദിവസം നിങ്ങളുടെ കാര്‍ഡ് ഉപയോഗവും അതിന് തിരിച്ചടക്കാനുള്ള തുകയുമാണ് ഇതിലുണ്ടാവുക. ഇത് പലിശയൊന്നുമില്ലാതെ അടക്കാന്‍ 15 ദിവസംവരെ ‘ഗ്രേസ്’ കാലയളവും അനുവദിക്കും. ഈ സമയം കഴിഞ്ഞാല്‍ ഉടനെ ലേറ്റ് ഫീസ് വീഴും. 50 മുതല്‍ 100 ദിര്‍ഹംവരെയാണ് യു.എ.ഇയിലെ ലേറ്റ് ഫീസ്. 10 ദിര്‍ഹമാണ് ബാക്കിയുള്ളതെങ്കിലും ഒരു ദിവസം തെറ്റിയാല്‍ ഈ തുക നല്‍കണം. പിന്നെ ഇതുംകൂടി കൂട്ടിയുള്ള തുകക്കാണ് പലിശ നല്‍കേണ്ടത്. ബില്‍മാസത്തിന്‍െറ ആദ്യം മുതലാണ് പലിശകൂട്ടുക. ആഗസ്റ്റ് അഞ്ചിന് കിട്ടിയ ബില്ലിലെ തുക അടച്ചില്ളെങ്കില്‍ ജൂലൈ അഞ്ചു മുതല്‍ പലിശ കൂട്ടും. 1000 ദിര്‍ഹം തിരിച്ചടക്കുന്നതിലാണ് വീഴ്ചവരുത്തിയതെങ്കില്‍ അവസാനദിവസം കഴിഞ്ഞാല്‍ 100 ദിര്‍ഹം ലേറ്റ് ഫീസായും അതിന്‍െറ മൂന്നു ശതമാനം പലിശയും കൂട്ടി 1133 ദിര്‍ഹമാകും. അടുത്തമാസം ലേറ്റ് ഫീസും അതിനുമുകളില്‍ പലിശയും വീണ്ടും. ചുരുക്കത്തില്‍ ഒരു വര്‍ഷംകൊണ്ട് നല്‍കാനുള്ളത് 3000 ദിര്‍ഹത്തോളം വരും.
ഇത് ഒരു കാര്‍ഡിന്‍െറ ഒരുവര്‍ഷത്തെ 1000 ദിര്‍ഹത്തിന്‍െറ മാത്രം കണക്ക്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ കാര്‍ഡുകള്‍ വഴി പതിനായിരങ്ങള്‍ ഉപയോഗിച്ചുതീര്‍ത്തവര്‍ ലക്ഷങ്ങളുടെ കടക്കെണിയില്‍നിന്ന് എങ്ങനെയാണ്് തലയൂരുക. ഒരു കാര്‍ഡിന്‍െറ കടംവീട്ടാന്‍ മറ്റൊരു കാര്‍ഡെടുക്കുന്നതാണ് പൊതുരീതി. ഇങ്ങനെ 16 കാര്‍ഡുകള്‍വരെ വാങ്ങി കടം തിരിച്ചടക്കാനാകാതെ ജയിലില്‍ കഴിയുന്ന മലയാളികള്‍ യു.എ.ഇയിലുണ്ട്.
ഇനി കാര്‍ഡുപയോഗിച്ച്  എ.ടി.എംവഴി പണം പിന്‍വലിക്കുകയാണെങ്കില്‍  ഉടനെ ചുരുങ്ങിയത് മൂന്നുശതമാനം പലിശ ഈടാക്കും. പിന്നെ തിരിച്ചടവ് മുടങ്ങിയാല്‍ നേരത്തെപറഞ്ഞ ലേറ്റ് ഫീസും പലിശകളുമെല്ലാം കൂടും. വാര്‍ഷിക ഫീസ്, പരിധി ലംഘിച്ചാലുള്ള ഫീസ് തുടങ്ങിയ നിരക്കുകള്‍ വേറെയുമുണ്ട്.
പശുചത്തിട്ടും മോരിന്‍െറ പുളി പോയില്ല എന്നു പറഞ്ഞപോലെയാണ് ക്രെഡിറ്റ് കാര്‍ഡിന്‍െറ അവസ്ഥ. എടുത്തതെല്ലാം തിരിച്ചടച്ചാലും ബാക്കിവരുന്ന ചെറിയൊരു തുക പലിശ കുമിഞ്ഞ് ഭീമമായ തുകയായി ശ്വാസംമുട്ടിക്കും. ഗള്‍ഫ് മേഖലയിലെതന്നെ  വലിയ സൂപ്പര്‍മാര്‍ക്കറ്റിന്‍െറ ജനറല്‍ മാനേജര്‍ക്കുണ്ടായ അനുഭവം കേള്‍ക്കുക. സൗദിയിലേക്ക് സ്ഥലംമാറ്റപ്പെട്ടപ്പോള്‍ ഇദ്ദേഹം യു.എ.ഇയിലെ അക്കൗണ്ടും എല്ലാം റദ്ദാക്കിയാണ് പോയത്. അഞ്ചുവര്‍ഷം കഴിഞ്ഞ് മറ്റൊരാവശ്യത്തിന് യു.എ.ഇയില്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടു. കാരണം, ക്രെഡിറ്റ് കാര്‍ഡുതന്നെ. പോകുമ്പോള്‍ അക്കൗണ്ട് ക്ളോസ് ചെയ്തു. വിസ റദ്ദാക്കി, ക്രെഡിറ്റ് കാര്‍ഡിലെ പണം മുഴുവന്‍ തിരിച്ചടച്ചു. പക്ഷേ, കാര്‍ഡ് കാന്‍സല്‍ ചെയ്തിരുന്നില്ല. കാര്‍ഡുപയോഗിച്ച എല്ലാ ഇടപാടുകളും അപ്പപ്പോള്‍തന്നെ കമ്പ്യൂട്ടറില്‍ വരണമെന്നില്ളെന്നായിരുന്നു ബാങ്കിന്‍െറ മറുപടി. അങ്ങനെ സെറ്റില്‍ ചെയ്യാതെപോയ ചെറിയ ഒരു തുക അഞ്ചു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കാല്‍ ലക്ഷം ദിര്‍ഹമായിരുന്നു. അതോടെ, ബാങ്ക് ഇദ്ദേഹം ഒപ്പിട്ടുനല്‍കിയ ചെക് ഹാജരാക്കി ക്രിമിനല്‍ കേസാക്കുകയായിരുന്നു.

കടക്കെണിയിലേക്കൊരു സൗജന്യ പാസ്
വിവേചനബുദ്ധി പ്രയോഗിക്കാതെ ഉപയോഗിക്കുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് കടക്കെണിയിലേക്കുള്ള സൗജന്യപാസാണെന്ന് ദുബൈയിലെ അഡ്വ. ബക്കര്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നു. 
1. ക്രെഡിറ്റ് കാര്‍ഡ് എടുക്കുംമുമ്പ് തനിക്ക് അതിന്‍െറ ആവശ്യമുണ്ടോയെന്ന് ആലോചിക്കുക. പണം തിരിച്ചടക്കാന്‍ സാധിക്കുന്നവര്‍ മാത്രമേ ക്രെഡിറ്റ് കാര്‍ഡ് എടുക്കാവൂ. 
2. ഒന്നില്‍ക്കൂടുതല്‍ കാര്‍ഡുകള്‍ എടുക്കരുത്.
3. ക്രെഡിറ്റ് കാര്‍ഡ് എടുക്കുമ്പോള്‍ തനിക്ക് അക്കൗണ്ടുള്ള ബാങ്കില്‍നിന്നുതന്നെ എടുക്കുക. ബാങ്കിന് നിര്‍ദേശം നല്‍കിയാല്‍ അക്കൗണ്ടില്‍നിന്ന് സമയാസമയം തിരിച്ചടവ് നടക്കും. 
4. കാര്‍ഡ് എടുക്കുമ്പോള്‍ മാസ അടവ് എത്രയാണെന്ന് പറയണം. മിനിമം പേമെന്‍റ് ഓപ്ഷന്‍ എടുക്കാതിരിക്കുക. ഈ പണം പിടിച്ചശേഷം ബാക്കി തുകക്ക് പലിശവരും.
5. ബ്ളാങ്ക് ചെക് നല്‍കരുത്. തുകയെഴുതിയ സെക്യൂരിറ്റി ചെക്കാണ് സാധാരണ ബാങ്ക് ആവശ്യപ്പെടുക.
6. തീയതി വെക്കാതെ സെക്യൂരിറ്റി ചെക് കൊടുക്കേണ്ടിവരുകയാണെങ്കില്‍ അതിന്‍െറ ഫോട്ടോ കോപ്പിയെടുത്ത് പ്രസ്തുത ചെക് സെക്യൂരിറ്റിയായി നല്‍കിയതാണെന്ന് തെളിയിക്കുന്നതിന് ധനകാര്യസ്ഥാപനത്തിന്‍െറ ഒപ്പും സീലും വാങ്ങി സൂക്ഷിക്കുക. ക്രിമിനല്‍ കേസില്‍ നിന്നൊഴിവാകാന്‍ ഇത് സഹായിക്കും.
7. രേഖകള്‍ പൂരിപ്പിച്ചുനല്‍കുമ്പോള്‍ എല്ലാകോളവും പൂരിപ്പിച്ചതായി ഉറപ്പുവരുത്തുക.
8. പൂര്‍ണമായി വായിച്ച് മനസ്സിലാക്കാതെ ഒരുരേഖയും ഒപ്പിട്ടുനല്‍കരുത്.
9. അടവ് മുടങ്ങി കേസാവുകയും തുക തീര്‍ക്കുകയും ചെയ്താല്‍ കടം അടച്ചുതീര്‍ത്തു എന്നും ഇനി ഒരു ബാധ്യതയുമില്ളെന്നും തെളിയിക്കുന്ന ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബാങ്കില്‍നിന്ന്  വാങ്ങി സൂക്ഷിക്കുക. 
(തുടരും)
mfiroskhan@ gmail.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.