നാട്ടിലെ കാട്ടുനീതി

തൊടുപുഴ കുടയത്തൂര്‍ വില്ളേജില്‍ കുവപ്പിള്ളി കരയില്‍ ജോര്‍ജ് ആദിവാസിയാണ്. സ്വന്തമായി 1.85 ഏക്കറുള്ളയാള്‍. വേണമെങ്കില്‍ ഇടത്തരക്കാരനെന്ന് വിളിക്കാം. ജോര്‍ജിന്‍െറ സ്ഥലത്തിന്‍െറ തെക്കേ അതിരിലാണ് കാഞ്ഞാര്‍-പുള്ളിക്കാനം റോഡ്. ഇവിടെനിന്ന് വീട്ടിലേക്ക് റോഡ് നിര്‍മിക്കണമെന്ന് ഒരാഗ്രഹം ജോര്‍ജിന് തോന്നി. വഴിവെട്ടാനൊരുങ്ങിയപ്പോള്‍ അയല്‍വാസി കെ.കെ. തോമസും മകനും എതിര്‍പ്പുമായി രംഗത്തുവന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ല. ആദിവാസിയുടെ വീട്ടിലേക്ക് റോഡ് നിര്‍മിക്കാന്‍ അനുവദിക്കില്ല. ഇതൊരു വംശീയ വിദ്വേഷമായി വളര്‍ന്നു.
റോഡ് നിര്‍മിക്കുന്നതിനെതിരെ അയല്‍വാസി വിവിധ പരാതികള്‍ നല്‍കി. എന്നാല്‍, തൊടുപുഴ മുന്‍സിഫ് കോടതി വിധി ജോര്‍ജിന് അനുകൂലമായി. കോടതി ഇടുക്കി കലക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം അനുസരിച്ച്  താലൂക്ക് സര്‍വേയര്‍ എത്തി ഭൂമി അളന്നു. റോഡ് നിര്‍മിക്കാന്‍ തൊടുപുഴ തഹസില്‍ദാറും അനുമതി നല്‍കി. മലയരനായ ജോര്‍ജിന് വീട്ടിന് മുന്നിലൂടെ റോഡ് നിര്‍മിക്കാന്‍ അനുവദിക്കില്ളെന്ന ഭീഷണിക്ക് അറുതിവരുത്താന്‍ ഈ അനുമതിക്കും കഴിഞ്ഞില്ല. 2010ല്‍ തൊടുപുഴ ഡിവൈ.എസ്.പി ക്ക് അയല്‍വാസി വീണ്ടും പരാതിനല്‍കി. ഡിവൈ.എസ്.പി നല്‍കിയ നിര്‍ദേശമനുസരിച്ച് കാഞ്ഞാര്‍ സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് റോഡ് നിര്‍മിച്ചെങ്കിലും ആദിവാസിക്കെതിരായ അക്രമം നിലച്ചില്ല. ഒടുവില്‍ കെ.കെ. തോമസും പൊലീസും ചേര്‍ന്ന് ജോര്‍ജിനെതിരെ കള്ളക്കേസെടുത്തു. റോഡ് നിര്‍മാണത്തോടൊപ്പം അയല്‍വാസിയുടെ  ജാതീയമായ പീഡനവും. ജോര്‍ജ് ഹൈകോടതിയില്‍ സ്വകാര്യ അന്യായം നല്‍കി. ഹൈകോടതി കേസ് കീഴ്കോടതിയിലേക്ക് അയച്ചു. കേസില്‍ അയല്‍ക്കാരായ തോമസും മകനും പ്രതികളായി. മകന്‍ വിദേശത്തായതിനാല്‍ ഇതുവരെ ഹാജരായിട്ടില്ല.

പാഴാകുന്ന ഉറപ്പുകള്‍

അഗളി ഗ്രാമപഞ്ചായത്തില്‍ വടകോട്ടത്തറയില്‍ നൂറിലധികം ആദിവാസി കുടുംബങ്ങളുണ്ട്. ആദിവാസി ഊരുകള്‍ക്ക് ചുറ്റം റിസോര്‍ട്ടുകള്‍ ഉയര്‍ന്നുകഴിഞ്ഞു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ ഇവിടെ സന്ദര്‍ശനം നടത്തിയത്. ചെറുവാണി പുഴയും ഊരുഭൂമിയും കൈയേറിയതായി കണ്ടത്തെി. എല്ലാം നേരില്‍കണ്ട് ബോധ്യപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.  കോട്ടത്തറ നല്ലശിങ്കയില്‍ കാറ്റാടി കമ്പനി വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറിയത് അന്വേഷിക്കാനും കമീഷന്‍ സിറ്റിങ് നടത്തി. ശിശുമരണം നടന്നപ്പോള്‍ പോഷകാഹാര വിതരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമീഷന്‍ ആദിവാസികള്‍ക്ക് ഉറപ്പുനല്‍കി. അതും പാഴ് വാക്കായി.

ജോര്‍ജ് നല്‍കിയ കേസില്‍ കെ.കെ. തോമസ്, മകന്‍ കുര്യന്‍ തോമസ്, കെ.കെ. ഒൗസേപ്പച്ചന്‍ എന്നീ അയല്‍വാസികള്‍ക്ക് പുറമെ എതിര്‍കക്ഷികള്‍ കാഞ്ഞാര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.വൈ. മുരളീധരന്‍ നായര്‍, പൊലീസുകാരായ ബേബി ജോണ്‍, പി.കെ. ഷാജഹാന്‍, പി.ജി. ശ്രീനിവാസന്‍, എസ്.പി നിഷാന്തിനി തുടങ്ങിയവരാണ്. പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം അനുസരിച്ച് ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ജോര്‍ജിന്‍െറ ആവശ്യം. ആദിവാസി പീഡനത്തിന്‍െറ കഥ ഒടുവില്‍ കോടതിക്ക് ബോധ്യമായി. ജോര്‍ജിന് അനുകൂലമായി കാര്യങ്ങള്‍ നീങ്ങി.
അപ്പോഴാണ് ഗോത്ര കമീഷന്‍ നവംബറില്‍ ഇടുക്കിയില്‍ അദാലത്തിനത്തെിയത്. കമീഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയില്‍ അദാലത്തിനത്തെി. കമീഷനെതിരെ രൂക്ഷവിമര്‍ശമുയര്‍ന്നു. കമീഷന്‍ ആര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് ആദിവാസികള്‍ ചോദിച്ചു. ജോര്‍ജാണ് കമീഷനെതിരെ സംസാരിച്ച ഒരാള്‍. ജോര്‍ജ് കമീഷന്  പരാതി നല്‍കിയത് 2009ലാണ്. നീതിലഭിക്കേണ്ട സമയത്ത് കമീഷന്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതും കാലം കഴിഞ്ഞതിനുശേഷം നീതി നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയതിലെ അസംബന്ധവും ജോര്‍ജ് ചോദ്യംചെയ്തു.  ഇതുകേട്ടിട്ടും ചെയര്‍മാനോ മറ്റ് അംഗങ്ങളോ കുലുങ്ങിയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദാലത്തില്‍ കമീഷന്‍ ചെയര്‍മാന്‍ ഉറപ്പുനല്‍കി.
കമീഷന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാവുന്ന ഒരു കേസ് കമീഷന്‍ തന്നെ അട്ടിമറിച്ചതിന് ഉദാഹരണമാണ് ജോര്‍ജിന്‍െറ സംഭവം. പരാതി നല്‍കിയ സമയത്ത് കമീഷന്‍ അന്വേഷണം നടത്തി വ്യക്തമായ തീര്‍പ്പ് കല്‍പിച്ചിരുന്നെങ്കില്‍ ഹൈകോടതിയില്‍ കേസ് നടത്തി വലിയതുക ചെലവാക്കേണ്ടിവരില്ലായിരുന്നു. അദാലത്തിന് ശേഷം തൊടുപുഴ ഡിവൈ.എസ്.പി  ജോര്‍ജിനെ സ് റ്റേഷനിലേക്ക് വിളിപ്പിച്ചു. കമീഷനില്‍ നല്‍കിയ പരാതിയുമായി മുന്നോട്ട് പോവരുതെന്ന് ഉപദേശിച്ചു. മാത്രമല്ല കമീഷന് പൊലീസ് ഉദ്യോഗസ്ഥരെ ഒരുചുക്കം ചെയ്യാനാവില്ളെന്ന മുന്നറിയിപ്പും നല്‍കി.
ഡിവൈ.എസ്.പി പറഞ്ഞത് ഒരര്‍ഥത്തില്‍ ശരിയാണ്. പട്ടികവര്‍ഗക്കാര്‍ക്കെതിരെ നീതിനിഷേധിക്കുന്ന പൊലീസുകാരെ ശിക്ഷിക്കാന്‍ കമീഷന് അധികാരില്ല. എന്നാല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയാറാക്കി വിധി കല്‍പിക്കാന്‍ കമീഷന് അവകാശമുണ്ട്. അത് നിര്‍വഹിക്കുന്നതില്‍ ചെയര്‍മാന്‍ അടക്കമുള്ളവര്‍ എന്തുചെയ്തു? കമീഷന്‍ തന്നെ നീതിനിഷേധത്തിന്‍െറ കേന്ദ്രമാവുന്ന കാലത്ത് ആദിവാസികള്‍ക്ക് പിന്നെ എന്തു ചെയ്യാനാകും?
ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരെ അനുദിനം അതിക്രമം പെരുകുന്നെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് അതിന് തടയിടാന്‍ സര്‍ക്കാര്‍ പട്ടികജാതി -ഗോത്ര കമീഷന് രൂപംനല്‍കിയത്. നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ഈ ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പരിരക്ഷ ഉറപ്പുവരുത്തണം.  സിവില്‍ കോടതി അധികാരം ഉപയോഗിച്ച് കമീഷന്‍ പട്ടികജാതി ഗോത്ര വര്‍ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അറുതിവരുത്താം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പോലും കമീഷന് സ്വമേധയാ കേസെടുക്കാം. പരാതികളിന്മേല്‍ കമീഷന്‍ ചെയര്‍മാനും അംഗങ്ങളും നേരിട്ട് സ്ഥലസന്ദര്‍ശനം നടത്തി തെളിവെടുപ്പ് നടത്തി സംഭവങ്ങളുടെ നിജസ്ഥിതിയും ഗുരുതരാവസ്ഥയും റിപ്പോര്‍ട്ട് ചെയ്യാം. നടപടിയെടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാം. ഇങ്ങനെ  നടത്തിയ ഇടപെടലും തീര്‍പ്പുകല്‍പിക്കലും പട്ടികവിഭാഗങ്ങളുടെ നീതിനിഷേധം വലിയൊരളവുവരെ ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്നാണ് കമീഷന്‍െറ അവകാശവാദം.

ദൈന്യത ഇവിടെ തുടര്‍കഥ
 

കമീഷനില്‍നിന്ന് പട്ടികവിഭാഗങ്ങള്‍ക്ക് നീതിലഭിക്കുമെന്ന വിശ്വാസംകൊണ്ടാവാം ധാരാളം പരാതി കമീഷന് ലഭിക്കുന്നുണ്ട്. 2014ല്‍ കമീഷന്‍ 378 കേസുകളിലാണ് തീര്‍പ്പുകല്‍പിച്ചത്. വിവരാവകാശമനുസരിച്ച് 2014ല്‍ തീര്‍പ്പുകല്‍പിച്ച കേസുകളുടെ ജില്ലതിരിച്ചുള്ള കണക്കില്‍ കേസുകള്‍ 318 ആയി ചുരുങ്ങുന്നു. കണക്കിലെ ഈ പൊരുത്തക്കേട് മാത്രമല്ല 2015 ജനുവരി-ഫെബ്രുവരിയില്‍ കമീഷന്‍ തീര്‍പ്പുകല്‍പിച്ച 44 കേസുകളിലും ധാരാളം പൊരുത്തക്കേട് കാണാം. തീര്‍പ്പുകല്‍പിച്ച വിവരം ഇതുവരെ അറിയാത്ത പരാതിക്കാര്‍പോലുമുണ്ട്. അതുപോലെ ഈ കേസുകള്‍ പട്ടികജാതിയെന്നോ പട്ടികവര്‍ഗമെന്നോ തരംതിരിച്ചിട്ടില്ല. അതിനാല്‍ എത്ര ആദിവാസികള്‍ കമീഷനില്‍ കേസ് നല്‍കിയെന്ന് അറിയാന്‍ വഴിയില്ല. ഇന്ത്യയിലെ ജനസംഖ്യാ കണക്കെടുപ്പില്‍പോലും ആദിവാസികളെ പ്രത്യേക വിഭാഗമായി കാണുമ്പോള്‍ കമീഷന്‍െറ പട്ടികയില്‍ രണ്ടുകൂട്ടരെയും ഒന്നാക്കി. മാത്രമല്ല പരാതി നല്‍കുന്ന പട്ടികജാതി-വര്‍ഗക്കാര്‍ക്ക് എതിരായി ഒരു കേസിലും തീര്‍പ്പ് കല്‍പിച്ചിട്ടില്ളെന്നാണ് കമീഷന്‍ ആവകാശപ്പെടുന്നത്. ഇതിന് മറുപടി പറയേണ്ടത് പരാതി നല്‍കിയവര്‍ തന്നെയാണ്. പട്ടികവിഭാഗ ജനങ്ങള്‍ക്ക് നൂറുശതമാനം നീതിലഭിക്കുന്നുണ്ടെന്ന് കമീഷന്‍ അംഗങ്ങള്‍ സ്വയം അവകാശപ്പെട്ടിട്ട് കാര്യമില്ല.
2009ല്‍ ഇടുക്കി ആനച്ചാല്‍ ഗിരിവര്‍ഗ സംരക്ഷണസമിതി പ്രസിഡന്‍റ് കെ.ആര്‍. തങ്കച്ചന്‍ ആനാച്ചാലില്‍ രണ്ടും മൂന്നും സെന്‍റ് ഭൂമിയില്‍ താമസിക്കുന്ന 54 കുടുംബങ്ങളുടെ ഭൂരാഹിത്യം പരിഹരിക്കാന്‍ കമീഷന് പരാതിനല്‍കി. കമീഷന്‍ ഇവര്‍ക്ക് ഭൂമി നല്‍കാന്‍ ഉത്തരവിട്ടു. എന്നാല്‍, ഉത്തരവിന് എന്തു സംഭവിച്ചെന്ന് ആര്‍ക്കുമറിയില്ല.  എന്നാല്‍ കമീഷന്‍െറ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആദിവാസികള്‍ക്ക് അനുകൂലമായി തീര്‍പ്പുകല്‍പ്പിച്ച കേസുകളിലൊന്നാണിത്. കാസര്‍കോട്ട് സുന്ദറിന് 15 സെന്‍റ് ഭൂമിക്ക് പട്ടയം ലഭിച്ചു. എന്നാല്‍, പട്ടയം ഇപ്പോഴും അയാള്‍ പണിയെടുക്കുന്ന വീട്ടുടമസ്ഥന്‍െറ കൈയിലാണ്. ഭൂമി ചോദിച്ചാല്‍ സുന്ദറിനെ ഭയപ്പെടുത്തും. മാത്രമല്ല ഗ്രാമപഞ്ചായത്ത് ഇപ്പോള്‍ വാട്ടര്‍ ടാങ്ക് നിര്‍മിച്ചിരിക്കുന്നതും പട്ടയംനല്‍കിയ ഭൂമിയിലാണ്. കമീഷന്‍ ഇക്കാര്യത്തില്‍ എന്തുചെയ്തെന്ന് സുന്ദറിന് ഇപ്പോഴും അറിവില്ല. പട്ടികജാതിക്കാരന് എവിടെനിന്നാണ് നീതിലഭിക്കുകയെന്നത് സുന്ദറിന്‍െറ മാത്രം ചോദ്യമല്ല.

തുടരും

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.