സ്ലാവോൻസ്കി ബ്രോഡ്, ഈജിയൻ (Aegean) തീരത്തുനിന്നും 1000 കി.മീ. അകലെയാണ്. അവിടെയാണ് ക്രൊയേഷ്യയിലെ റെഡ്ക്രോസ് ക്യാമ്പ്. ഗ്രീസിൽനിന്ന് ജർമനിയിലേക്കുള്ള പാതയിൽ സ്ഥിതിചെയ്യുന്ന ഈ ക്യാമ്പിൽ അഭയാർഥികളുടെ വൻതിരക്കു കാണാം. ക്യാമ്പിെൻറ ചുമതലയുള്ള ജസ്മിക്കാ ജനോവിച് പറയുന്നു: കൈക്കുഞ്ഞുങ്ങളെ ചുമന്നുകൊണ്ട് അമ്മമാരും ഗർഭിണികളും വീൽചെയറിൽ നീങ്ങുന്ന വൃദ്ധരും ക്യാമ്പിൽ വീർപ്പുമുട്ടുന്നു. കാണുന്ന മാത്രയിൽ, അവർ നമ്മെ വ്യാകുലപ്പെടുത്തുന്നു. കുട്ടികൾക്ക് കൊച്ചുടുപ്പുകൾ വേണം. വൃദ്ധർക്കും അമ്മമാർക്കും കമ്പിളിയും. പുറത്ത് മരംകോച്ചുന്ന തണുപ്പാണ്. ആഹാരത്തിനായി യാചിക്കുന്ന അവരെക്കാണുമ്പോൾ ആരുടെയും മനസ്സലിയും! ആരാണീ അഭയാർഥികളെന്നല്ലേ? അവർ ഇറാഖിലും സിറിയയിലും സുഖസൗകര്യങ്ങളോടെ ജീവിച്ചവരായിരുന്നു! ഇപ്പോഴവർ സർവസ്വവും നഷ്ടപ്പെട്ട് കടൽതാണ്ടി രക്ഷതേടി എത്തിയിരിക്കുന്നു!
ജീവിക്കുന്ന നാട്ടിലെ രാഷ്ട്രീയാന്തരീക്ഷം കറുക്കുമ്പോൾ, ഭരണകൂടങ്ങൾ തമ്മിൽ വഴക്കിടുമ്പോൾ നിസ്സഹായരായ മനുഷ്യരുടെ തലക്കുമീതെയാണ് ബോംബുകൾ പതിക്കുന്നത്. സിറിയയുടെമേൽ അമേരിക്കയുടെയും ഫ്രാൻസിെൻറയും ബ്രിട്ടെൻറയും ഇപ്പോൾ റഷ്യയുടെയും (ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ചൈന ഒഴിച്ചുള്ള എല്ലാ സ്ഥിരാംഗ രാജ്യങ്ങളുടെയും) യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിക്കുന്നു. അതവർക്ക് ഹരംപകരുന്ന ഏർപ്പാടാണെന്നു തോന്നുന്നു.കെട്ടിടങ്ങൾതകരുന്നു, കുഞ്ഞുങ്ങളും വൃദ്ധരും മരിക്കുന്നു. ശേഷിക്കുന്ന കുടുംബാംഗങ്ങൾ കൈയിലെടുക്കാവുന്ന സാധനങ്ങളുമായി സ്ഥലം വിടുന്നു. കുഞ്ഞുങ്ങളെ മാറോടണച്ചു നിലവിളിക്കുന്ന അമ്മമാർ, വൃദ്ധരായ മാതാപിതാക്കളെ വീൽചെയറിലിരുത്തി മുന്നോട്ടുതള്ളി നടന്നുനീങ്ങുന്ന യുവാക്കളും യുവതികളും. ഇവരുടെ നിസ്സഹായാവസ്ഥ –ഏതൊരു ശിലാഹൃദയത്തെയും അലിയിപ്പിക്കും. അവർ കടൽമാർഗം ഗ്രീസിലും അവിടെനിന്ന് ട്രെയിനുകളിൽ ക്രൊയേഷ്യയിലും എത്തിയിരിക്കുന്നു. എങ്ങനെയെങ്കിലും ജർമനിയിൽ എത്തിച്ചേരാനാണവർ പാടുപെടുന്നത്. യു.എൻ റെഫ്യൂജി ഏജൻസിയുടെ റിപ്പോർട്ടനുസരിച്ച് ഈ വർഷം എട്ടുലക്ഷം അഭയാർഥികളെ ജർമനി സ്വീകരിക്കാമെന്നേറ്റിട്ടുണ്ട്. അതുകൊണ്ടാണവർ ജർമനിയിലെത്താൻ തത്രപ്പെടുന്നത്.
സ്വന്തം വാസഗേഹങ്ങളോ രാജ്യമോ വിട്ടുപോകുന്നത് ഏതൊരാളെയും അസ്വസ്ഥനാക്കുന്ന കാര്യമാണ്. എന്നാൽ, അസഹ്യമായ പീഡനങ്ങൾക്കും ആഭ്യന്തരകലാപങ്ങൾക്കും യുദ്ധങ്ങൾക്കും വിധേയരാകുമ്പോൾ ഗത്യന്തരമില്ലാതെ അവർ സ്ഥലംവിടേണ്ടിവരുന്നു. ഫലസ്തീനിലും ഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലുമെല്ലാം സംഭവിച്ചത് ഇതാണ്. ഒരുകാലത്ത് കൊളോണിയൽ ശക്തികളായിരുന്ന യൂറോപ്യൻ രാഷ്ട്രങ്ങൾ അവരെ കൊള്ളയടിച്ചു. എന്നാൽ, ഇന്ന് ഇതേ രാഷ്ട്രങ്ങളുടെ വാണിജ്യതാൽപര്യങ്ങളും സാമ്രാജ്യത്വമോഹവും അവരെ ക്രൂരപീഡനങ്ങൾക്കും വിനാശകരമായ യുദ്ധങ്ങൾക്കും വിധേയരാക്കുകയാണ്! മധ്യ–പൂർവദേശത്തെ യുദ്ധങ്ങൾക്കെല്ലാം ആയുധങ്ങൾ വിതരണംചെയ്യുന്നത് ബ്രിട്ടനും ഫ്രാൻസും അമേരിക്കയുമാണ്. അതായത്, യുദ്ധങ്ങൾ നടക്കേണ്ടത് അവരുടെ താൽപര്യമാണ്. എങ്കിൽമാത്രമേ, അവരുടെ ആയുധവിപണി പുഷ്ടിപ്പെടുകയുള്ളൂ! ഇതു കുറിക്കുമ്പോൾ, അമേരിക്കയും ബ്രിട്ടനും ഫ്രാൻസും സിറിയക്കുമേൽ ബോംബുകൾ വർഷിച്ചുകൊണ്ടിരിക്കുകയാണ്. ഐ.എസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി റഷ്യയും റോക്കറ്റുകൾ തൊടുത്തുവിടുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ സിറിയയിൽ ബോംബുവർഷിക്കാൻ പാർലമെൻറിെൻറ അനുമതിവാങ്ങിയത്. ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിൻ എത്രതന്നെ ശ്രമിച്ചിട്ടും അതു തടയാനായില്ല. ബ്രിട്ടനിലെ പ്രഭുക്കളുടെ ആഗ്രഹം സിറിയ ബോംബിട്ടു തകർക്കപ്പെടണമെന്നാണ്. മുതലാളിത്തത്തെ ജനാധിപത്യമെന്ന ഓമനപ്പേരിട്ടു വിളിക്കുകയാണ് ഈ യുദ്ധക്കൊതിയർ.
അഭയാർഥികളെ സൃഷ്ടിക്കുന്നവർതന്നെ അവരെ പരമാവധി ചൂഷണംചെയ്യുന്നു. വികസിതരാഷ്ട്രങ്ങൾ വ്യവസായികമായി പുരോഗമിച്ചവയാണല്ലോ. അവിടങ്ങളിൽ, നാട്ടുകാർ ചെയ്യാൻമടിക്കുന്ന താഴ്ന്നജോലികളിൽ അഭയാർഥികളെ തിരുകിക്കയറ്റുന്നു. കുറഞ്ഞവേതനത്തിനു കൂടുതൽസമയം ജോലിചെയ്യാൻ അവർ നിർബന്ധിക്കപ്പെടുന്നു. അങ്ങനെ, തങ്ങൾ തന്നെ സൃഷ്ടിക്കുന്ന ഈ അഭയാർഥിസമൂഹത്തെ, അവർ സ്വന്തം സാമ്പത്തികനേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു. എന്നാൽ, അഭയാർഥിപ്രശ്നം ചർച്ചചെയ്യുന്ന വേദികളിലൊന്നും അഭയാർഥികളെ സൃഷ്ടിക്കുന്നതിലുള്ള യൂറോപ്യൻ രാഷ്ട്രങ്ങളുടെ പങ്കോ ചൂഷണമോ ചർച്ചചെയ്യാറില്ല. കാര്യംനേടാനുള്ള പ്രായോഗിക രാഷ്ട്രീയതന്ത്രം അവരുടെ കൈയിലുണ്ട്. ആക്രമണോത്സുകമായ ദേശീയതയും വംശീയതയും അവർ പുറത്തെടുക്കുന്നു. ജനസംഖ്യാ സംബന്ധമായ സ്ഥിതിവിവരക്കണക്കുകൾ നിരത്തുന്നു. ഇവയൊന്നും ചോദ്യംചെയ്യാൻ ആരും മെനക്കെടുന്നില്ല. ദാർശനികനായ ഡമോസ്തനീസ് ആതൻസിലെ ജനങ്ങളോടു മൊഴിഞ്ഞതാണ് ഓർമവരുന്നത്. യുദ്ധത്തിനു കോപ്പുകൂട്ടിയ ആളുകൾ സമാധാനത്തെക്കുറിച്ചു പറഞ്ഞപ്പോൾ ഡമോസ്തനീസ് പറഞ്ഞു: സമാധാനം സാധ്യമാകണമെങ്കിൽ, നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെയും നിർത്തണം.
2010 മുതൽ യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഫാഷിസവും ആക്രമണോത്സുകമായ ദേശീയതയും വളർന്നുവരുകയാണ്. ഇതുസംബന്ധമായി 2013 ജൂണിൽ പുലിറ്റ്സർ സെൻറർ (Pulitzer Center for Crisis Reporting) ഒരു റിപ്പോർട്ടു പ്രസിദ്ധീകരിക്കുകയുണ്ടായി. ഓസ്ട്രിയ, ഹംഗറി, ഗ്രീസ്, ഇറ്റലി, റുമേനിയ, ഫ്രാൻസ്, ബ്രിട്ടൻ, ഡെന്മാർക് തുടങ്ങിയ രാഷ്ട്രങ്ങളിലെല്ലാം ഹിറ്റ്ലർ തലപൊക്കുകയാണ്. നാസികളുടെ ഭൂതകാലചരിത്രം രാഷ്ട്രീയ നേതാക്കൾക്ക് ഈർജം പകരുന്നു. ഫാഷിസത്തെ വളർത്തിയെടുക്കാനായി അവർ ശത്രുവിനെ തിരയുന്നു. അഭയാർഥികളധികവും മുസ്ലിംകളായതിനാൽ ‘ഇസ്ലാമിെൻറ ഭീഷണി’യാണവർക്ക് ഗുണംചെയ്യുന്നത്. ഫ്രാൻസിലെ ‘നാഷനൽ ഫ്രണ്ട്’, ഫിൻലാൻഡിലെ ‘ട്രൂഫിൻസ്, ഗ്രീസിലെ ‘ഗോൾഡൻ ഡോൺ, ബ്രിട്ടനിലെ ‘യുകിപ്പ്’ (യുനൈറ്റഡ് കിങ്ഡം ഇൻഡിപെൻഡൻസ് പാർട്ടി) –ഇവയെല്ലാം കാഴ്ചവെക്കുന്നത് ഒരേ ചിത്രമാണ്.
ഫ്രാൻസിലെ ബറ്റാക്ലാനിൽ 130 പേർ കൊല്ലപ്പെട്ടതാണ് നാഷനൽ ഫ്രണ്ടിെൻറ മരീൻ ലീപെന്നിന് അനുഗ്രഹമായത്. ജനങ്ങളെ പരസ്പരം ശത്രുക്കളാക്കി വിഭജിച്ചുനിർത്തുന്നതിലൂടെ അവർ തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി. ഈ ഫാഷിസ്റ്റ് തന്ത്രംതന്നെയാണ് അമേരിക്കയിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപും പയറ്റുന്നത്.
അഭയാർഥികളുടെ പ്രശ്നം പരിഹരിക്കപ്പെടാൻ അവരും മനുഷ്യരാണെന്ന കാര്യം യൂറോപ്യൻ രാഷ്ട്രങ്ങൾ അംഗീകരിക്കണം. അവരെ സൃഷ്ടിക്കാനായി യുദ്ധസാമഗ്രികൾ വിപണനംചെയ്യുന്നത് വൻശക്തികൾ നിർത്തിവെക്കണം. കൊച്ചു രാഷ്ട്രങ്ങളെ സാമ്പത്തികമായി ചൂഷണംചെയ്ത് ചൊൽപ്പടിക്കുനിർത്തുന്ന സാമ്രാജ്യത്വ അജണ്ട വൻശക്തികൾ ഉപേക്ഷിക്കണം. എന്നാലേ അഭയാർഥി പ്രശ്നം ഉറവിടത്തിൽതന്നെ നിയന്ത്രിക്കപ്പെടുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.