തിരിച്ചുവരവിന്‍െറ ആരവം

തുടര്‍ച്ചയായ പരാജയങ്ങളില്‍നിന്ന് ശക്തമായി തിരിച്ചുവന്ന ഇടതുമുന്നണി തദ്ദേശതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയമാണ് നേടിയത്. അരുവിക്കരയല്ല കേരളമെന്ന് സൂചന നല്‍കുന്നതാണ് ഈ ഫലം. ഭരണത്തുടര്‍ച്ചക്ക് കോപ്പുകൂട്ടവെ  ബാര്‍കോഴ അടക്കമുള്ള ആരോപണങ്ങളുടെ പടുകുഴിയില്‍ വീണ യു.ഡി.എഫിന് കനത്ത ആഘാതം. കോണ്‍ഗ്രസിലെയും യു.ഡി.എഫിലെയും കലഹവും അസംതൃപ്തരുടെ പോരും നേതൃമാറ്റആവശ്യവും അടക്കമുള്ള പ്രതിസന്ധിയാണ് യു.ഡി.എഫിനും കോണ്‍ഗ്രസിനും ഇനിയുണ്ടാവുക. എസ്.എന്‍.ഡി.പി സഖ്യം ഏശിയില്ളെങ്കിലും സംസ്ഥാനത്താകെ ബി.ജെ.പി സാന്നിധ്യമറിയിച്ചു. ലോക്സഭാതെരഞ്ഞെടുപ്പില്‍ തലസ്ഥാനത്ത് നാല് നിയമസഭാ പരിധിയില്‍ മേധാവിത്തം നേടിയ ബി.ജെ.പി, നഗരത്തിലെ 35 കോര്‍പറേഷന്‍ വാര്‍ഡില്‍ വിജയിച്ച് രണ്ടാമത്തെ കക്ഷിയാവുകയും ഒരു ജില്ലാപഞ്ചായത്ത് ഡിവിഷനിലും രണ്ട് ഗ്രാമപഞ്ചായത്തുകളിലും വെന്നിക്കൊടി നാട്ടി ഭാവിയിലും വെല്ലുവിളിയാകുമെന്ന് സൂചന നല്‍കുകയും ചെയ്തു. യു.ഡി.എഫിലെ സൗഹൃദമത്സരത്തില്‍ മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ ഉലഞ്ഞു.
എല്ലാ മേഖലയിലും വന്‍ തിരിച്ചുവരവാണ് ഇടതുമുന്നണി നടത്തിയത്. 943 ഗ്രാമപഞ്ചായത്തുകളില്‍ 551ല്‍ ഇടതു മുന്നണി മേല്‍ക്കൈ നേടി. 418ല്‍ വ്യക്തമായ ഭൂരിപക്ഷം.  2010ല്‍ 322 സ്ഥലത്ത് മാത്രമാണ് അവര്‍ക്ക് മുന്നിലത്തൊനായത്. തൂക്കുസഭകളില്‍ ചിലതിലെ ഭരണംകൂടി ലഭിച്ചതോടെ ഏറ്റവുമൊടുവില്‍ 365 ഗ്രാമപഞ്ചായത്തുകളിലാണ് അവര്‍ ഭരിച്ചിരുന്നത്. 200നടുത്ത് ഗ്രാമപഞ്ചായത്തുകളില്‍ കൂടി നേട്ടമുണ്ടാക്കാന്‍ ഇടതിനായി. കഴിഞ്ഞതവണ 539ല്‍ മേല്‍ക്കൈ നേടുകയും 604ല്‍ പിന്നീട് ഭരണം നേടുകയും ചെയ്ത യു.ഡി.എഫ് ഇക്കുറി  365ല്‍ മാത്രമാണ് മുന്നില്‍വന്നത്. 255 ഇടത്താണ് ഭൂരിപക്ഷം. കഴിഞ്ഞതവണ മൂന്ന് പഞ്ചായത്തുകളില്‍ ഭരണം നടത്തിയ ബി.ജെ.പിക്ക് ഇക്കുറി മൂന്നില്‍ വിജയിക്കാനും 10 ഇടത്ത് മുന്നില്‍വരാനും കഴിഞ്ഞു. 152 ബ്ളോക് പഞ്ചായത്തുകളില്‍ 90 ലും ഇടതുമുന്നണിക്കാണ് മേധാവിത്തം. 83ല്‍ ഭരണം ഉറപ്പിച്ചു. കഴിഞ്ഞതവണ 61ല്‍ മാത്രമായിരുന്നു അവര്‍ക്ക് ഭരണം. 91 ബ്ളോക്കുകള്‍ ഭരിച്ചിരുന്ന യു.ഡി.എഫ് 61ലൊതുങ്ങി. അതില്‍തന്നെ ഭൂരിപക്ഷം നേടിയത് 57ലും.  
നിയമസഭാതലത്തോടടുത്ത് നില്‍ക്കുന്ന ജില്ലാ പഞ്ചായത്തുകളില്‍ നേരിയ മുന്‍തൂക്കം മാത്രമേ ഇടതിനുള്ളൂ.  തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ എന്നിവ ഇടതുമുന്നണിയും പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, മലപ്പുറം, എറണാകുളം എന്നിവ യു.ഡി.എഫും വിജയിച്ചു. കാസര്‍കോട്ട് ആര്‍ക്കും ഭൂരിപക്ഷമില്ല. കഴിഞ്ഞതവണ യു.ഡി.എഫിന് എട്ടും ഇടതിന് ആറുമായിരുന്നു. 87 മുനിസിപ്പാലിറ്റികളില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പമാണ്. 45ല്‍ ഇടതിനും 40ല്‍ യു.ഡി.എഫിനുമാണ് മേധാവിത്തം. ഇതില്‍ 25ല്‍ വീതമാണ് ഭൂരിപക്ഷം. തൂക്കുസഭകളാണ് പലതും. പാലക്കാട് ബി.ജെ.പി വലിയ കക്ഷിയായി. കഴിഞ്ഞതവണ 59 മുനിസിപ്പാലിറ്റികളില്‍ 37ല്‍ യു.ഡി.എഫിനായിരുന്നു ഭരണം. യു.ഡി.എഫിന് 22 ലേ വിജയിക്കാനായുള്ളൂ. ആറ് കോര്‍പറേഷനുകളില്‍ കൊല്ലവും കോഴിക്കോടും വ്യക്തമായ മേധാവിത്തത്തോടെ ഇടത് നിലനിര്‍ത്തി. തിരുവനന്തപുരം ബി.ജെ.പിയുടെ കുതിപ്പില്‍ തൂക്കുസഭയായി. ഒപ്പത്തിനൊപ്പം നില്‍ക്കുന്ന തൃശൂരിലും കണ്ണൂരിലും സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാകും.
തദ്ദേശവാര്‍ഡുകളുടെ എണ്ണത്തിലും മേല്‍ക്കൈ ഇടതിനാണ്. ഗ്രാമപഞ്ചായത്തുകളില്‍ 7626 വാര്‍ഡുകള്‍ ഇടത് നേടിയപ്പോള്‍ 6323 എണ്ണം യു.ഡി.എഫിന് കിട്ടി. 933 എണ്ണം ബി.ജെ.പിക്കാണ്. ബ്ളോക്കില്‍ 1088 വാര്‍ഡുകളാണ് ഇടതു മുന്നണിക്ക്. 917 എണ്ണം യു.ഡി.എഫിന്. ജില്ലാ പഞ്ചായത്തിലെ 331 വാര്‍ഡുകളില്‍ 178 എണ്ണം ഇടതും 146 എണ്ണം യു.ഡി.എഫും നേടി. മുനിസിപ്പാലിറ്റിയില്‍ 1319 എണ്ണം നേടിയ യു.ഡി.എഫാണ് മുന്നില്‍. 1263 എണ്ണം ഇടതിന് കിട്ടി. കോര്‍പറേഷനുകളില്‍ 196 വാര്‍ഡില്‍ ഇടതിന് ജയിക്കാനായപ്പോള്‍ 143ല്‍ യു.ഡി.എഫ് ജയിച്ചു. 51 വാര്‍ഡ് ബി.ജെ.പിക്കും ലഭിച്ചു.
2006നുശേഷമുള്ള തുടര്‍ച്ചയായ തോല്‍വിയുടെ കണക്കുതീര്‍ത്ത് തിരിച്ചുവരവിന്‍െറ സൂചന നല്‍കുകയാണ് ഇടതുമുന്നണി. കോഴയാരോപണങ്ങളുടെ പടുകുഴിയില്‍ വീണ യു.ഡി.എഫിന് അവരുടെ നിലപാടുകള്‍ക്കേറ്റ കനത്ത തിരിച്ചടിയും. വര്‍ഗീയരാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി ഇടത്-വലതുമുന്നണികളുടെ ഇതുവരെ ഭദ്രമായ ഭൂമിക തുളച്ച് പിടിമുറുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന തദ്ദേശതെരഞ്ഞെടുപ്പ്ഫലം നിലപാടുകള്‍ തിരുത്താനും മതേതര കാഴ്ചപ്പാട് ഉയര്‍ത്താനും മുന്നണികള്‍ക്കുള്ള പാഠമാവുകയാണ്.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നേരിടുന്ന മന്ത്രി കെ.എം. മാണിയുടെ രാജി സമ്മര്‍ദം തെരഞ്ഞെടുപ്പ് ഫലം ശക്തമാക്കും. യു.ഡി.എഫ് സംസ്ഥാനമൊട്ടാകെ പിന്നോട്ടുപോയപ്പോള്‍ പാലായില്‍ കേരള കോണ്‍ഗ്രസിന്‍െറ വിജയം ആഘോഷിച്ച് ബാര്‍ കോഴക്കേസ് ജനം തള്ളിയെന്ന് അവകാശപ്പെടുകയാണ് മാണി. കോണ്‍ഗ്രസില്‍ നിന്നുതന്നെ മാണിക്കെതിരെ ശക്തമായ നീക്കം വരും. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ മേധാവിത്തം ചോദ്യംചെയ്യപ്പെടുന്നതിനും ഭാവിയില്‍ ഈ ഫലം വഴിയൊരുക്കും. ബി.ജെ.പി ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ നേരിടാന്‍ നേതൃമാറ്റമെന്ന വാദവും ഉയരാം. അടുത്ത മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആരെന്ന ചോദ്യമാണ് ഇടതുമുന്നണിയെ ഇനി അലോസരപ്പെടുത്തുക.
 പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഒരു തവണ കൂടി മത്സരത്തിന് തയാറായാല്‍ പാര്‍ട്ടിക്ക് വഴങ്ങാതിരിക്കാനാവില്ല. സി.പി.ഐയെ പോലെയുള്ള ഘടകകക്ഷികള്‍ വി.എസിനുവേണ്ടി വാദിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ മാറ്റിനിര്‍ത്തി അനുകൂല സാഹചര്യം കളയാന്‍ സി.പി.എം തയാറാകുമോയെന്നതാണ് പ്രശ്നം. പ്രത്യേകിച്ചും വെള്ളാപ്പള്ളി ബി.ജെ.പിയോട് അടുത്തിരിക്കെ അതിനെ ഒറ്റക്ക് നേരിട്ട വി.എസിനെ അതേ ആവേശത്തില്‍ നിലനിര്‍ത്തേണ്ടത് പാര്‍ട്ടിയുടെ ആവശ്യവുമാകും.
വെള്ളാപ്പള്ളി-ബി.ജെ.പി സഖ്യം തങ്ങളുടെ മണ്ണ് ചോര്‍ത്തുമെന്നുഭയന്ന് ഒന്നിച്ചുനീങ്ങിയ ഇടതുമുന്നണിക്ക് മെച്ചപ്പെട്ട വിജയം കിട്ടിയപ്പോള്‍ വെള്ളാപ്പള്ളിയെ ഒപ്പംകൂട്ടിയ ബി.ജെ.പിക്ക് അത് നഷ്ടക്കച്ചവടമായില്ല. സംസ്ഥാനത്തെമ്പാടും അവര്‍ സാന്നിധ്യമുറപ്പിച്ചു. അതിന് ആനുപാതികമായ ഗുണം എസ്.എന്‍.ഡി.പിക്ക് കിട്ടിയില്ല. മുന്നാക്ക വോട്ടുകള്‍ നിലനിര്‍ത്താനും പിന്നാക്കവോട്ടുകളിലേക്ക് അല്‍പം കടന്നുകയറാനും അവര്‍ക്കായി. അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ കനത്ത വെല്ലുവിളി ചില മണ്ഡലങ്ങളിലും ബി.ജെ.പി ഉയര്‍ത്തുമെന്ന് ഉറപ്പായി. ഇടതിന്‍െറ മാത്രമല്ല, ഇരുമുന്നണികളുടെയും വോട്ടും ബി.ജെ.പി പിടിക്കുമെന്നും ഫലം വെളിപ്പെടുത്തി.
അഴിമതി ആരോപണങ്ങള്‍, ബാര്‍കോഴ അടക്കമുള്ള വിഷയങ്ങളില്‍ ജനം സര്‍ക്കാറിനെതിരെ തിരിഞ്ഞുവെന്ന് ജനവിധി വെളിവാക്കുന്നു. അതിന്‍െറ നേട്ടം ഇടതിന് മാത്രമല്ല, കുറെ സ്ഥലങ്ങളില്‍ ബി.ജെ.പിക്കും ഗുണമായി. യു.ഡി.എഫ് വിട്ട പി.സി. ജോര്‍ജ് കോട്ടയത്തെ സ്വന്തം തട്ടകത്തില്‍ മികവ് കാട്ടി. സ്വന്തം സ്വാധീനം തെളിയിച്ച അദ്ദേഹം ഇടത് മുന്നണിയിലേക്കുള്ള പാത സുഗമമാക്കുകയും ചെയ്തു. എന്നാല്‍ ആര്‍. ബാലകൃഷ്ണപിള്ളക്ക് കരുത്ത് കാട്ടാനായില്ല. കൊട്ടാരക്കരയില്‍ അദ്ദേഹത്തിന്‍െറ ആറ് സ്ഥാനാര്‍ഥികള്‍ ദയനീയമായി തോറ്റു. ഇടതില്‍ നിന്ന് യു.ഡി.എഫിലേക്ക് മാറിയ ആര്‍.എസ്.പിക്കും ശക്തികേന്ദ്രമായ കൊല്ലത്ത് കനത്ത തിരിച്ചടിയേറ്റു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ വിജയം നേടിയ ഹൈറേഞ്ച് സംരക്ഷണ സമിതി താല്‍ക്കാലിക പ്രതിഭാസമല്ളെന്ന് തെളിയിച്ചു. യു.ഡി.എഫിലേക്ക് ചേക്കേറിയ പല പാര്‍ട്ടികളും ഇടതിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ അത് യാഥാര്‍ഥ്യമായിക്കൂടെന്നുമില്ല.
 

മുന്നേറ്റത്തിനു പിന്നില്‍

കെ.എസ്. ശ്രീജിത്ത്

സംസ്ഥാന രാഷ്ട്രീയത്തില്‍  തുടര്‍ച്ചയായി നഷ്ടമായിരുന്ന വോട്ട് അടിത്തറ തദ്ദേശത്തില്‍ തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫിനായി. നിയമസഭയില്‍ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നഷ്ടമായശേഷം തുടര്‍ച്ചയായ മൂന്ന് ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്‍െറ പഴി സി.പി.എമ്മിനാണ് ഏറെ ലഭിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിജയത്തിന്‍െറ ക്രെഡിറ്റും സി.പി.എം നേതൃത്വത്തിന് അവകാശപ്പെട്ടതാണ്. ഇത്തവണ  ഒറ്റ മനസ്സോടെ മുകള്‍തട്ട് മുതല്‍ കീഴ്ഘടകംവരെ സി.പി.എം നിലകൊണ്ടതോടെ എല്‍.ഡി.എഫിന് പ്രചാരണത്തില്‍ മുന്‍തൂക്കവും ലഭിച്ചു. ‘നായക’  വിഷയം ബാധിക്കാതെ പോയതിന് കാരണവും അതായിരുന്നു. എളമരം കരീമിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടും ബാധിച്ചില്ളെന്നാണ് കോഴിക്കോട് ജില്ലയിലെ മുന്‍തൂക്കം തെളിയിക്കുന്നത്.
മലബാറിലെ മുസ്ലിം ന്യൂനപക്ഷത്തിനിടയിലും തൃശൂര്‍ ഉള്‍പ്പെടുന്ന മധ്യകേരള ക്രൈസ്തവ വിഭാഗത്തിലും വിശ്വാസ്യതയുടെ തുരുത്ത് സൃഷ്ടിക്കാനായി എന്നത്  വരുംനാളുകളില്‍ എല്‍.ഡി.എഫിന് സഹായകരമാവും. സാമുദായിക അടിത്തറയുള്ളവര്‍ കൂടെയില്ലാത്തതാണ് തിരിച്ചടിക്ക് കാരണമെന്ന വിമര്‍ശം ഉയരുമ്പോഴാണിത്. ഇത്തവണ ആര്‍.എസ്.പിയും ജനതാദളും കൂടെയില്ലാതെയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആര്‍.എസ്.പിയെ കൊല്ലത്തും  ദളിനെ മലബാറിലും നിഷ്പ്രഭമാക്കാന്‍ കഴിഞ്ഞത് വിജയത്തിന്‍െറ മാറ്റ് കൂട്ടുന്നതാണ്. കാരായി രാജന്‍െറയും കാരായി ചന്ദ്രശേഖരന്‍െറയും വിജയവും കണ്ണൂര്‍ കോര്‍പറേഷനിലെ മുന്നേറ്റവും രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള മറുപടിയായി നേതൃത്വത്തിന് ഉയര്‍ത്തിക്കാട്ടാനാവും.
തങ്ങള്‍ അജണ്ട നിശ്ചയിക്കുന്നതിന് മുമ്പ്  കടന്നുവന്ന വിഷയങ്ങളെ  പ്രതിരോധിക്കാനായത് എല്‍.ഡി.എഫ്  നേട്ടങ്ങള്‍ക്ക് അടിത്തറ ഒരുക്കിയവയില്‍ ഒരു കാരണമാണ്. എസ്.എന്‍.ഡി.പി- ബി.ജെ.പി കൂട്ടുകെട്ടും ദേശീയതലത്തിലെ  വര്‍ഗീയ ആക്രമണവും ഉയര്‍ത്തി  മതേതര ഭൂരിപക്ഷ സമുദായങ്ങളിലും മതന്യൂനപക്ഷങ്ങള്‍ക്കിടയിലും ഒരുപോലെ ആഴ്ന്നിറങ്ങാന്‍ അവര്‍ക്കായി. വി.എസ്. അച്യുതാനന്ദന്‍െറ കടന്നാക്രമണത്തിന് മുന്നില്‍ വെള്ളാപ്പള്ളി നിഷ്പ്രഭനായി. വെള്ളാപ്പള്ളിയുടെ തട്ടകമായ ആലപ്പുഴയില്‍ വി.എസ് 18  യോഗങ്ങളിലാണ് സംസാരിച്ചത്. വി.എസും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന നേതൃനിര ആര്‍.എസ്.എസിനെതിരെ നടത്തിയ കടന്നാക്രമണം മുസ്ലിം വിഭാഗത്തിനിടയില്‍ വിശ്വാസ്യതയുണ്ടാകാന്‍ കാരണമായി. മലബാറില്‍ യു.ഡി.എഫിനോടൊപ്പമായിരുന്ന മുസ്ലിം വോട്ടുകളില്‍ ഒരു ഭാഗം ലഭിക്കാനും ഇത് ഇടയാക്കി. മുസ്ലിംലീഗിനെ എതിര്‍പക്ഷത്ത് പ്രതിഷ്ഠിച്ച് നേട്ടം കൊയ്യാനുള്ള ബി.ജെ.പി നീക്കത്തെയും നേരിട്ടത് ഗുണകരമായി.  ഒരുകാലത്ത് അനൗദ്യോഗിക വിലക്കുണ്ടായിരുന്ന കണ്ണൂരില്‍ വി.എസിനെ കൊണ്ടുവന്നതിലൂടെ ഐക്യസന്ദേശം താഴെതട്ടിലേക്കും പൊതുസമൂഹത്തിലേക്കും പകരാനും സി.പി.എമ്മിന് കഴിഞ്ഞു. ബി.ജെ.പിയിലേക്ക് പ്രവര്‍ത്തകര്‍ കൊഴിയുന്നുവെന്ന പ്രചാരണത്തിന്‍െറ മുന ഒടിക്കാനും സാധിച്ചു. തിരുവനന്തപുരത്ത് വര്‍ക്കല മുനിസിപ്പാലിറ്റി പ്രദേശത്തും നീലേശ്വരത്തും സി.പി.എമ്മിന് ലഭിച്ച നേട്ടം ഇതാണ് കാണിക്കുന്നത്. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷസമിതിയുടെ സഹായത്തോടെ തൊടുപുഴ മുനിസിപ്പാലിറ്റിയിലും നേട്ടം കൊയ്തു. യു.ഡി.എഫ് കോട്ടയായ വയനാട്ടിലെ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ എല്‍.ഡി.എഫ് വലിയ കക്ഷിയായതും സുല്‍ത്താന്‍ ബത്തേരിയില്‍ മുന്നേറിയതും വോട്ട് അടിത്തറ വ്യാപിക്കുന്നതിന് തെളിവാണ്. കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ നടത്തിയ പടയോട്ടം യു.ഡി.എഫിന് എതിരായ ഭരണവിരുദ്ധ വികാരത്തിന്‍െറ അളവുകോലായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കോട്ടയത്ത് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ പി.സി. ജോര്‍ജിന്‍െറ സഹായത്തോടെ കടന്നുകയറിയതും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് സഹായകമാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.