അടവുപിഴച്ചു; ബി.ജെ.പി പിടിച്ചെടുത്തത് യു.ഡി.എഫ് വോട്ട്

ബി.ജെ.പി പിടിച്ചെടുത്തത് ഇക്കുറി കോണ്‍ഗ്രസ് വോട്ടുകള്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍െറ കോര്‍ വോട്ടുകള്‍ ബി.ജെ.പി സമാഹരിച്ചതായി കണക്കാക്കപ്പെട്ടിരുന്നു. ഈ അവസ്ഥ, ഇടതുമുന്നണിയുടെയും സി.പി.എമ്മിന്‍െറയും ആത്മവിശ്വാസം ചോര്‍ത്തിയതായി വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍, ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പില്‍ കാട്ടിയ ശുഷ്കാന്തിയും കരുതലും അവരെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു എന്നാണ് കണക്കാക്കേണ്ടത്. അതേസമയം, ബി.ജെ.പി നിര്‍ണായകശക്തിയാകുന്നു എന്ന അവസ്ഥയും ഫലം വ്യക്തമാക്കുന്നുണ്ട്. ഇവര്‍ കോണ്‍ഗ്രസിന്‍െറ വോട്ടുകളെയാണ് ഇക്കുറി ചോര്‍ത്തിയത് എന്നതാണ് അവസാന വിശകലനത്തില്‍ കാണുന്നത്. കൊട്ടിഘോഷിക്കപ്പെട്ട എസ്.എന്‍.ഡി.പി സഖ്യം ബി.ജെ.പിക്ക് കാര്യമായ പ്രയോജനം ഉണ്ടാക്കിയില്ല. ഉണ്ടാക്കിയിരുന്നെങ്കില്‍ ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ബി.ജെ.പി ക്ക് മികവുകാണുമായിരുന്നു. ഈ ജില്ലകളില്‍  രണ്ടു മുന്നണികളാണ് മികവുകാട്ടിയത്.  സംസ്ഥാന ഭരണത്തിന്‍െറ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവിച്ചിരുന്നു. അത് അക്ഷരാര്‍ഥത്തില്‍ സംഭവിച്ചു. സര്‍ക്കാറിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രകടമായി.  ഇക്കുറി അതില്‍ ഒരു ഭാഗം ബി.ജെ.പിയും മുതലെടുത്തു എന്നതാണ് മറ്റൊരു പ്രത്യേകത. ബി.ജെ.പി പൊതുവെ മെച്ചപ്പെട്ട നില നേടിയെങ്കിലും തിരുവനന്തപുരം നഗരസഭയിലാണ് അവര്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയത്. ഇവിടെ ഇരുപക്ഷത്തെയും പ്രമുഖരെ ബി.ജെ.പി തോല്‍പിച്ചു എന്നതും ശ്രദ്ധേയമാണ്. 1984 മുതല്‍ ബി.ജെ.പി തിരുവനന്തപുരത്തെ ലക്ഷ്യമിടുന്നുണ്ടങ്കിലും   പ്രതീക്ഷ നല്‍കുന്ന ഫലം ഉണ്ടായത് ഇക്കുറിയാണ്. നഗരസഭയിലെ 34 വാര്‍ഡുകളിലെ ഈ ജയം അവര്‍ക്ക് നിയമസഭാ സ്വപ്നങ്ങള്‍ക്ക് നിറംനല്‍കുന്നതാണ്.
 ഈ ജനവിധി കോണ്‍ഗ്രസിനും ലീഗിനുമാണ് ഏറെ പ്രഹരമേല്‍പിച്ചത്. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ വോട്ടെടുപ്പിന് തൊട്ടുതലേന്ന് വന്ന കോടതിവിധി, തെരഞ്ഞെടുപ്പിനെ പൊതുവെ കുറച്ച് ബാധിച്ചിരിക്കാം. എന്നാല്‍, മാണിയുടെ ശക്തികേന്ദ്രങ്ങളായ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാര്യമായ ഇടിവൊന്നും യു.ഡി.എഫിന് ഉണ്ടായില്ല. മാണിയുടെ തട്ടകത്തില്‍ അദ്ദേഹത്തിന് അനുകൂലമായ സമുദായ പിന്തുണ ലഭിച്ചു. ഇത് യു.ഡി.എഫ് രാഷ്ട്രീയത്തില്‍ മാണിയുടെ നിലനില്‍പിന് തല്‍ക്കാലം ഇളക്കമുണ്ടാക്കില്ളെന്ന സൂചനയാണ് നല്‍കുന്നത്.  മാണിയെ ഇളക്കാന്‍ ശ്രമിച്ചാല്‍ യു.ഡി.എഫിന് ഇളക്കംതട്ടും എന്ന ഭീഷണിയും മുന്നണിക്കു മുന്നിലുണ്ട്. മാണി സ്വന്തം തട്ടകത്തില്‍ നില മോശമാക്കാതിരിക്കെ, കോണ്‍ഗ്രസിനും ലീഗിനും ഏറ്റ തിരിച്ചടിക്ക് മാണി മറുപടി നല്‍കണമെന്നു പറയാന്‍ മറ്റു ഘടകകക്ഷികള്‍ക്കാവില്ല.
അതേസമയം, ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ഇനിയും മോശമാകാനുള്ള സാധ്യതയാണ് മലബാര്‍ മേഖലയില്‍ ഉണ്ടാകുന്നത്. മലപ്പുറത്തും കോഴിക്കോടും മുന്നണിയോ മുന്നണിയുടേതായ മര്യാദകളോ കാണപ്പെട്ടില്ല. സാമ്പാര്‍ മുന്നണിയെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിതന്നെ പരിഹസിക്കുകയും ചെയ്തു. ഇതുമൂലം ലീഗിന്‍െറ തട്ടകത്തില്‍ സി.പി.എമ്മിന് ഏറെ നേട്ടമുണ്ടാക്കാനായി. അതിനും പുറമേ,  കേന്ദ്രതലത്തില്‍ ബി.ജെ.പി ഭരണം ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിക്കുന്ന ആശങ്കകളെ ചെറുക്കാന്‍ കേരളത്തിലെങ്കിലും ഇടതുപക്ഷം ക്ഷീണിക്കാതിരിക്കണം എന്ന തോന്നല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉടലെടുത്തത് മുസ്ലിം വോട്ടുകള്‍ കുറേയെങ്കിലും സി.പി.എമ്മിന് അനുകൂലമാക്കുകയും ചെയ്തു. അതേസമയംതന്നെ മറ്റൊരു വിധത്തിലും ഫലം വിലയിരുത്താം. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ പൊതുവെ കേരളത്തില്‍ 60 ശതമാനത്തിലേറെ ഇടതുപക്ഷമാണ് വിജയിക്കാറുള്ളത്. ഇതിന് അപവാദമുണ്ടായത് 2010ല്‍ മാത്രമാണ്. അന്ന് 60 ശതമാനത്തിലേറെ വിജയം യു.ഡി.എഫിനു കിട്ടി.  അന്നത്തെ ഭരണത്തോടുള്ള എതിര്‍പ്പും സി.പി.എമ്മിനുള്ളിലെ വിഭാഗീയതയും ഇടതുപക്ഷഘടകകക്ഷികളുടെ അതൃപ്തിയും എല്ലാം അതിനു കാരണമായിരുന്നു. യു.ഡി.എഫ് ഒരുകാലത്തും പ്രതീക്ഷിക്കാത്ത വിജയമാണ് അക്കുറി കിട്ടിയത്. അതിനു മുമ്പോ ശേഷമോ അതുപോലൊരു വിജയം യു.ഡി.എഫിന് കേരളത്തില്‍ ലഭിച്ചിട്ടില്ല. അങ്ങനെ നോക്കിയാല്‍ ആ തെരഞ്ഞെടുപ്പിനെ അസാധാരണ പ്രതിഭാസമായി കണേണ്ടിവരും. അതിനാല്‍ യു.ഡി.എഫിന് അതിന്‍െറ അര്‍ഹമായ വോട്ടുകള്‍ ഇക്കുറിയും ഏറക്കുറെ കിട്ടിയതായി വിലയിരുത്താം. 40 ശതമാനം വോട്ടാണ് തദ്ദേശമേഖലയില്‍ (2010ലെ ഫലം ഒഴിച്ചുനിര്‍ത്തിയാല്‍) സാധാരണ അവര്‍ക്ക് കിട്ടാറുള്ളത്.
കഴിഞ്ഞതവണ മികച്ച ജയം ഉണ്ടായതിന്‍െറ  അഹങ്കാരം പിന്നീട് തദ്ദേശഭരണതലത്തില്‍  യു.ഡി.എഫില്‍നിന്നുണ്ടായി എന്നതും ശ്രദ്ധേയമാണ്. അതില്‍നിന്നും ജനങ്ങളില്‍ ഉടലെടുത്ത അതൃപ്തിയും എതിര്‍പ്പും തദ്ദേശ ഭരണത്തില്‍ പ്രകടമായിരുന്നു. അതിനുപുറമേ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫിലും കോണ്‍ഗ്രസിലും പ്രശ്നങ്ങളും ഇരട്ടിച്ചു. ഇവ തിരിച്ചടിയാകുമെന്ന ഭയം പക്ഷേ അതിലെ നേതാക്കള്‍ക്കുണ്ടായില്ല. കാരണം, ബി.ജെ.പി, സി.പി.എമ്മിന്‍െറ വോട്ട് ചോര്‍ത്തും എന്ന മിഥ്യാധാരണ അവര്‍ക്കുണ്ടായിരുന്നു. ഇടതുപക്ഷം ക്ഷീണിക്കുമ്പോള്‍ അത് തങ്ങള്‍ക്കു ഗുണമാകും എന്നതായിരുന്നു അവരുടെ പ്രതീക്ഷ.  പക്ഷേ, വോട്ട് ചോര്‍ന്നത് തങ്ങളുടേതാണെന്ന് ഇപ്പോള്‍ അവര്‍ മനസ്സിലാക്കുന്നു. വെള്ളാപ്പള്ളി, ബി.ജെ.പി യുമായി സഖ്യമുണ്ടാക്കിയ ആലപ്പുഴയിലും കൊല്ലത്തും പിന്നാക്ക വോട്ടുകള്‍ ഇടതുപക്ഷത്തുതന്നെ ഉറച്ചു. എന്നാല്‍, യു.ഡി.എഫിനു കിട്ടേണ്ട മുന്നാക്ക വോട്ടുകള്‍ ചങ്ങനാശ്ശേരി, പെരുന്ന, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബി.ജെ.പി കൊണ്ടുപോയി. മലപ്പുറത്തും മറ്റും ന്യൂനപക്ഷ വോട്ടുകള്‍ കുറെ ഇടതുപക്ഷത്തിനും കിട്ടി. ഇത് കോണ്‍ഗ്രസിനും യു.ഡി.എഫിനും വീണ്ടുവിചാരം ഉണ്ടാക്കാന്‍ പര്യാപ്തമാണ്.  വെള്ളാപ്പള്ളി സഖ്യത്തിനെതിരെ സി.പി.എമ്മില്‍ നിന്നുണ്ടായ കടുത്ത പ്രതികരണങ്ങള്‍ മികച്ച ഫലമുണ്ടാക്കുകതന്നെ ചെയ്തു.
ഒരുകണക്കില്‍ ഈ ഫലംകൊണ്ട് വി.എം. സുധീരനെപ്പോലുള്ള നേതാക്കള്‍ ആശ്വസിക്കുകയായിരിക്കും ചെയ്യുക. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു മുന്‍തൂക്കം ലഭിച്ചിരുന്നെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്ക് മുന്നണിക്കുള്ളില്‍ മത്സരവും തൊഴുത്തില്‍കുത്തും അസഹ്യമാകുമായിരുന്നു. ജയപ്രതീക്ഷയില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിക്കുന്നവരുടെ എണ്ണം പെരുകുമായിരുന്നു. ഘടകകക്ഷികളുടെ അനൈക്യവും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസവും നിയന്ത്രണാതീതമാകുമായിരുന്നു. യു.ഡി.എഫ്തന്നെ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് അതിനെ നേതാക്കളുടെ അഹംഭാവം എത്തിക്കുമായിരുന്നു. അതിനാല്‍ ഇപ്പോള്‍ ഏറ്റ തിരിച്ചടിയെ ആശ്വാസത്തോടെയാണ് അതിലെ പല നേതാക്കളും കാണുന്നുണ്ടാകുക. അതേസമയം, ഇടതുമുന്നണിക്കും ഇതൊരു പാഠമാണ്. ആത്മവിശ്വാസം കൈവിടാതിരിക്കുകയും ന്യൂനപക്ഷങ്ങളെ മുഖവിലക്കെടുക്കുകയും ചെയ്താല്‍ മാത്രമേ സി.പി.എമ്മിനും ഇടതുമുന്നണിക്കും മുന്നോട്ടുപോകാനാകൂ എന്ന സൂചന ഈ ഫലം നല്‍കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.