കോൺഗ്രസിന്‍റെ കിനാവിനപ്പുറം

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിച്ച് മഹാസഖ്യം നേടിയ വിജയത്തെ എ.ഐ.സി.സി ജനറൽ സെക്രട്ടറി സി.പി. ജോഷി വ്യാഖ്യാനിച്ചത് ഇങ്ങനെയായിരുന്നു: ‘മഹാസഖ്യത്തിെൻറ സൂത്രധാരൻ രാഹുൽ ഗാന്ധി, നായകൻ നിതീഷ്കുമാർ; ശക്തി ലാലുപ്രസാദ്.’ ശരിക്കു പറഞ്ഞാൽ ബിഹാറിലെ ബി.ജെ.പി വിരുദ്ധ ചേരിയുടെ ശിൽപി രാഹുൽ ഗാന്ധിയാണെന്ന് സമർഥിക്കുകയാണ്, കോൺഗ്രസിൽ ബിഹാറിെൻറ ചുമതലയുള്ള ജോഷി. സംസ്ഥാനത്ത് കോൺഗ്രസ് മത്സരിച്ചത് 41 സീറ്റിലാണ്. 27 സീറ്റിലും വിജയിച്ചു. 22 സീറ്റിൽ ബി.ജെ.പിയുമായി നേരിട്ടായിരുന്നു മത്സരം. അതിൽ 18ലും വിജയിക്കാൻ കഴിഞ്ഞു. സഖ്യങ്ങൾ രൂപപ്പെടുത്താനും തന്ത്രങ്ങൾ പ്രയോഗിക്കാനും രാഹുൽ ഗാന്ധിക്കുള്ള കഴിവ് ഉയർത്തിക്കാട്ടാനാണ് ബിഹാർ തെരഞ്ഞെടുപ്പു ഫലത്തെ സി.പി. ജോഷി ഉപയോഗപ്പെടുത്തിയത്. ദേശീയതലത്തിൽ കോൺഗ്രസ് വലിയ കക്ഷിതന്നെയാണെങ്കിലും ബിഹാറിലെ പരിമിതികൾ തിരിച്ചറിഞ്ഞ് വിട്ടുവീഴ്ച ചെയ്യാനും അടുത്ത കാലംവരെ പ്രതിയോഗികളായി നിന്ന നിതീഷ്ലാലുമാരെ ചേർത്തുനിർത്താനും രാഹുൽ മുൻകൈയെടുത്തതു വഴിയാണ് ദേശീയ രാഷ്ട്രീയത്തിൽ തന്നെ ബി.ജെ.പിയിതര പാർട്ടികൾക്ക് പ്രതീക്ഷകൾ നൽകുന്ന ജനവിധി ഉണ്ടായതെന്ന് കോൺഗ്രസ് സമർഥിക്കുന്നു.  
രാഹുൽ ഗാന്ധി, ജോഷി പറയുന്ന സൂത്രധാരനോ എന്തുമാകട്ടെ. കഴിഞ്ഞ നിയമസഭയിൽ നാലു സീറ്റു മാത്രമുണ്ടായിരുന്ന കോൺഗ്രസിെൻറ പേശീബലം 27 സീറ്റായി ഉയർന്നത് നിതീഷ്ലാലുമാരുടെ തണൽപറ്റി കോൺഗ്രസ് നിന്നതുകൊണ്ടാണ്. അതേതായാലും, ബിഹാർ തെരഞ്ഞെടുപ്പു ഫലത്തോടെ വീണ്ടുമൊരു ഉയിർത്തെഴുന്നേൽപിനുള്ള സാധ്യതകൾ കാണുകയാണ് കോൺഗ്രസ്. വിശാല മതേതര സഖ്യത്തിനുള്ള സാധ്യത രാജ്യത്ത് വർധിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി വിലയിരുത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 206 സീറ്റിൽ നിന്ന് 44ലേക്ക് നിലംപൊത്തിയ കോൺഗ്രസിന്, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു വരുമ്പോഴേക്ക് ബി.ജെ.പിയിതര ചേരിയെ മുന്നിൽനിന്ന് നയിക്കാനും അധികാരം തിരിച്ചുപിടിക്കാനും കഴിയുമെന്ന പ്രതീക്ഷയുണ്ട്. അത്തരമൊരു സഖ്യത്തിെൻറ അമരത്ത് രാഹുൽ ഗാന്ധിയെ സ്വപ്നം കാണുകയുമാണ് കോൺഗ്രസ്. രണ്ടിനുമുള്ള സാധ്യത എത്രത്തോളം?

‘കോൺഗ്രസ്മുക്ത ഭാരത’ത്തിനു വേണ്ടിയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും പണിയെടുത്തു വരുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാൻ പോലും കഴിയാത്തവിധം ലോക്സഭയിൽ കോൺഗ്രസിനെ ദുർബലമാക്കാൻ കഴിഞ്ഞ സാഹചര്യമാണ് അത്തരം വർത്തമാനങ്ങൾക്ക് ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങൾ പലതിലും, കോൺഗ്രസ് ഒരു പ്രതിയോഗി പോലുമല്ലെന്ന വിധത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങൾ ഉദാഹരണം. എന്നാൽ, 18 മാസം മുമ്പത്തെ സ്ഥിതിയല്ല ബി.ജെ.പി ഇന്നു നേരിടുന്നത്. കരുത്തരായ പ്രാദേശിക കക്ഷികൾ ശക്തി തിരിച്ചു പിടിക്കുന്നതാണ് ഡൽഹി, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പുകളിലും യു.പി പഞ്ചായത്തു തെരഞ്ഞെടുപ്പിലും കണ്ടത്. ബിഹാറിൽ കോൺഗ്രസ് 18 സീറ്റിൽ ബി.ജെ.പിയെ നേരിട്ട് തോൽപിക്കുകയും ചെയ്തു. അതത്രയും ശരിയാണെങ്കിലും കോൺഗ്രസിന് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ ചേരിയുടെ നായകസ്ഥാനം കിട്ടണമെന്നില്ല.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വെല്ലുവിളി ഉയർത്താൻ പോകുന്നത് കോൺഗ്രസിനെക്കാൾ, വിവിധ സംസ്ഥാനങ്ങളിൽ കരുത്തരായ പ്രാദേശിക പാർട്ടികളായിരിക്കും. ബിഹാറിൽ നിതീഷ്ലാലുമാർ, പശ്ചിമ ബംഗാളിൽ മമത ബാനർജി, യു.പിയിൽ മായാവതി, ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ, ഒഡിഷയിൽ നവീൻ പട്നായിക് എന്നിങ്ങനെയാണ് അതിെൻറ പോക്ക്. ബി.ജെ.പികോൺഗ്രസ് നേർക്കുനേർ മത്സരം നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിങ്ങനെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കി ബി.ജെ.പി വിരുദ്ധ സഖ്യത്തിെൻറ മുൻനിരയിലെത്താൻ തക്ക സംഖ്യ സ്വന്തമായി കൈവശമില്ലെങ്കിൽ രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കാൻ ഏതു പ്രാദേശിക കക്ഷിയാണ് തയാറാവുക? അത്തരമൊരു പ്രതാപം കൈമോശം വന്ന കോൺഗ്രസിനെയാണ് ഇന്ന് സോണിയയും രാഹുലും നയിക്കുന്നത്.
പ്രാദേശിക കക്ഷികൾക്ക് കൂടുതൽ സ്വീകാര്യനായി നിതീഷ്കുമാർ മാറുന്നുവെന്നതാണ് ബിഹാർ ഫലത്തിെൻറ മറ്റൊരു വശം. അതിനു തക്ക സാഹചര്യങ്ങൾ 2019 ആവുമ്പോഴേക്ക് ഉരുത്തിരിഞ്ഞു വരാൻ സാധ്യത വർധിക്കുകയുമാണ്. ബിഹാറിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഘട്ടമാവുമ്പോഴേക്ക് മുഖ്യമന്ത്രി സ്ഥാനാർഥിത്വം ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ ആർ.ജെ.ഡിക്ക് വിട്ടുകൊടുക്കാൻ നിതീഷ് ധാർമികമായി ബാധ്യസ്ഥനാണ്. അതിനു മുമ്പേ നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ ചേരിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് നിതീഷ് ചുവടുവെക്കാനുള്ള സാധ്യത ഇവിടെയാണ് ഉരുത്തിരിയുന്നത്. രാഷ്ട്രീയ കാലാവസ്ഥ മാറിമറിയാമെങ്കിലും രാഹുലിനെക്കാൾ, പ്രാദേശിക കക്ഷികൾക്ക് സ്വീകാര്യനായ നേതാവ് നിതീഷായി മാറിയെന്നു വരും. അവരെ പിന്തുണക്കാൻ കോൺഗ്രസ് ബാധ്യസ്ഥമായെന്നും വരും.

ബി.ജെ.പിക്കൊപ്പം, മഹാസഖ്യത്തിെൻറ നേതാവും കളം കൈയടക്കാനുളള ഈ സാധ്യതകൾക്കിടയിൽ, സ്വന്തം ഇടം സ്ഥാപിച്ചെടുക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഇപ്പോൾ കോൺഗ്രസിനും  ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിക്കും മുന്നിലുള്ളത്. സോണിയയുടെ തണൽ വിട്ട് നേതൃപദവി ഏറ്റെടുക്കാനുള്ള കരുത്ത് രാഹുൽ ഗാന്ധിയോ, രാഹുലിന് കളം വിട്ടുകൊടുക്കാനുള്ള മനോധൈര്യം കോൺഗ്രസോ ഇനിയും കാണിച്ചിട്ടില്ല. ആവശ്യമായ സ്ഥലങ്ങളിൽ പ്രാദേശിക കക്ഷികൾക്കൊപ്പം നിന്നും മറ്റിടങ്ങളിൽ ഒറ്റക്കു നിന്നും ബി.ജെ.പിക്കെതിരെ പോരാടി പാർട്ടിയെ വളർത്തുകയെന്ന വലിയ വെല്ലുവിളിയാണ് കോൺഗ്രസിനു മുന്നിൽ. അതിനു തക്ക മെയ്വഴക്കം തനിക്കുണ്ടെന്ന് രാഹുൽ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. കോൺഗ്രസ് കാണുന്ന കിനാവുകൾക്ക് അർഥവും യാഥാർഥ്യബോധവും ഉണ്ടാവുന്നത് അപ്പോൾ മാത്രം.
കോൺഗ്രസ് ഒറ്റക്കു മത്സരിച്ച് സംസ്ഥാനങ്ങളിൽ പാർട്ടി വളർത്തണമെന്നതായിരുന്നു രാഹുലിെൻറ ലൈൻ. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്തെ ഈ മേധാവിത്ത ചിന്ത ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാഹുൽ ഉപേക്ഷിച്ചിട്ടുണ്ട്. പാർട്ടിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ ഒറ്റക്കും മറ്റിടങ്ങളിൽ പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ച് സഖ്യമുണ്ടാക്കിയും നീങ്ങാമെന്നാണ് ഇപ്പോഴത്തെ തീരുമാനം. ബിഹാറിൽ മഹാസഖ്യത്തിൽ പങ്കാളിയായത് അങ്ങനെയാണ്. എന്നാൽ, അതുകൊണ്ടു മാത്രമായില്ല. ദേശീയ രാഷ്ട്രീയത്തിൽ നയങ്ങളിൽ വലിയ വ്യത്യാസമൊന്നും അവകാശപ്പെടാനില്ലാത്ത എടീമും ബിടീമുമാണ് ബി.ജെ.പിയും കോൺഗ്രസുമെന്ന കാഴ്ചപ്പാടു നിലനിൽക്കുന്നു. കോൺഗ്രസും പശുവും ചേർന്നാൽ ബി.ജെ.പിയായെന്ന അരുൺ ഷൂരിയുടെ പരിഹാസമാണ് ഈ വിഷയത്തിെൻറ മർമം.

ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ ഇങ്ങോട്ട്, സ്വന്തം രാഷ്ട്രീയ ദിശയും മുദ്രാവാക്യവും വ്യക്തമല്ലാതെ അലയുന്ന കോൺഗ്രസിനെയാണ് കണ്ടത്. പക്ഷേ, ഇന്ന് മോദി തന്നെ കോൺഗ്രസിനും പ്രതിപക്ഷത്തിനും ഉയിർത്തെഴുന്നേൽക്കാൻ വഴി കാണിച്ചു കൊടുക്കുന്നു. തീവ്രഹിന്ദുത്വവും അമിതമായ കോർപറേറ്റ് ചായ്വും ബി.ജെ.പിയെ ഇന്ത്യൻ വോട്ടർമാർക്കിടയിൽ അനഭിമതരാക്കുന്നുവെന്ന തിരിച്ചറിവിൽ, സ്വന്തം ഇടം നിർവചിക്കാനുള്ള ചില ശ്രമങ്ങൾ കോൺഗ്രസ് നടത്തുന്നുണ്ട്. ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ്, വർധിച്ചുവരുന്ന അസഹിഷ്ണുത എന്നിവക്കെതിരെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രപതിഭവൻ മാർച്ചുകൾ ഉദാഹരണം. അതിനിടയിലും, കോർപറേറ്റുകളെ പിണക്കുന്നത് അപകടമാണ്, ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തെ എതിർക്കുമ്പോൾ ഇന്ത്യയിലെ ഭൂരിപക്ഷമായ ഹിന്ദുക്കൾ പ്രകോപിതരായെന്നു വരും തുടങ്ങിയ പേടികൾ കോൺഗ്രസിനെ ഭരിക്കുന്നുണ്ട്. എന്നാൽ, ശരാശരി ഇന്ത്യക്കാരെൻറ വികാരം സംഘ്പരിവാർ ഗ്രൂപ്പുകളുടെ വിഭാഗീയ രാഷ്ട്രീയത്തിന് അതീതമാണെന്ന് ഡൽഹിയിലും ബിഹാറിലും ആവർത്തിച്ചു തെളിയിക്കപ്പെട്ടു. അസഹിഷ്ണുതക്കെതിരെ ദേശീയ തലത്തിൽ ഉയർന്ന വികാരവും അത് വിളിച്ചു പറഞ്ഞു. നരേന്ദ്ര മോദിയുടെ മായിക പ്രതിച്ഛായയെക്കാൾ, 10 വർഷത്തെ ഭരണ പിഴവുകളോടും അഴിമതിയോടുമുള്ള അമർഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിഞ്ഞു കുത്തിയതെന്ന് കൂടി ഉറച്ചുവിശ്വസിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നതാണ് ഈ ഫലങ്ങൾ.

ഭരണപരമായ പിഴവുകൾ, തീവ്രഹിന്ദുത്വത്തിെൻറ ചെയ്തികൾ എന്നിവയിൽ സാധാരണക്കാരെൻറ മനംമടുത്തപ്പോഴാണ് 2004ൽ വാജ്പേയി സർക്കാർ മറിഞ്ഞു വീണത്. ഇന്ത്യ തിളങ്ങുന്നുവെന്ന പ്രചാരണമൊക്കെ നടന്നു. അത്തരമൊരു മായിക പ്രതിച്ഛായ ജനം ഉൾക്കൊള്ളുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് ആറു മാസം മുമ്പേ വാജ്പേയിയും ബി.ജെ.പിയും ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നടന്നത്. മോദി സർക്കാറിനോട് ഇന്ന് ജനത്തിനുള്ള അമർഷം, 2004ൽ വാജ്പേയി സർക്കാർ നേരിട്ടതിനെക്കാൾ കൂടുതലാണെന്ന് വ്യക്തം. ഹിന്ദുത്വ ശക്തികൾ ഇത്രത്തോളം അഴിഞ്ഞാടിയിരുന്നില്ല. ഭരണമാറ്റത്തിൽ ഗുണഫലം പ്രതീക്ഷിച്ചവർ അങ്ങേയറ്റം നിരാശരുമാണ്. ബഹുസ്വരതയിൽ വിശ്വസിക്കുകയും സമാധാനത്തിനും പുരോഗതിക്കും സർക്കാറിെൻറ സമാശ്വാസങ്ങൾക്കും കൊതിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യക്കാർ. അതിനു വിരുദ്ധമായുള്ള ഇന്നത്തെ പോക്ക് കോൺഗ്രസിന് പ്രതീക്ഷിച്ചതിനെക്കാൾ വേഗത്തിൽ പ്രതിപക്ഷത്തിെൻറ ഇടം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. പക്ഷേ, അത് പ്രയോജനപ്പെടുത്താൻ കോൺഗ്രസ് സജ്ജമായിട്ടില്ലെന്നു മാത്രം.

മോദിയെയും ബി.ജെ.പിയെയും നേരിടുന്നതിൽ നേതൃത്വവീക്ഷണ വ്യക്തതയാണ് പ്രധാനം. ബഹുസ്വരതയിൽ വിശ്വസിക്കുന്ന പഴയ പാരമ്പര്യമാണ് സ്വാതന്ത്ര്യസമര കാലത്തിലൂടെ നടന്നുവന്ന കോൺഗ്രസിനെ ദേശീയ സാന്നിധ്യമുള്ള പാർട്ടിയാക്കിയത്. പഴയ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന വീക്ഷണ വ്യക്തത ഉണ്ടായാൽ, നേതൃത്വപരമായ ആശയക്കുഴപ്പം പരിഹരിക്കപ്പെട്ടാൽ, തീവ്രഹിന്ദുത്വവും ഭരണവൈകല്യവും പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്ന മോദിയെ നേരിടാൻ കോൺഗ്രസിന് കഴിയുമെന്ന് പറയാം. മൃദുഹിന്ദുത്വവും കോർപറേറ്റ് വിധേയത്വവുമായി മോദിയോട് മത്സരിക്കുന്നതിനെക്കാൾ, ശരാശരി ഇന്ത്യക്കാരെൻറ സഹിഷ്ണുതയും സമാധാന മോഹവും വികസന സ്വപ്നങ്ങളും ഏറ്റെടുക്കുന്നതിലാണ് ഏതൊരു പ്രതിപക്ഷ പാർട്ടിയുടെയും ഭാവിസാധ്യതയെന്ന് ഈന്നിപ്പറയുന്നതാണ് ബിഹാറിലെ മഹാസഖ്യത്തിെൻറ വിജയം.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.