മരുന്നു സംയുക്ത നിരോധത്തിലെ യുക്തിയും ശാസ്ത്രവും

കേന്ദ്ര ഗവണ്‍മെന്‍റ് 344 യുക്തിരഹിത മരുന്നു ഫോര്‍മുലകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഒരേസമയം ആശയും ആശങ്കയുമുളവാക്കിയിട്ടുണ്ട്. ജനകീയാരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഈ വാര്‍ത്ത ഏകദേശം  ഒന്നര പതിറ്റാണ്ടുമുമ്പു നടന്ന ഒരു പ്രധാന നടപടിയുടെ ഓര്‍മയുണര്‍ത്തുന്നു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെയും അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെയും രണ്ട് വ്യത്യസ്ത പഠനങ്ങളെയും (അതിലൊന്നില്‍ ലേഖകനും പങ്കാളിയാണ്) ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പഠനങ്ങളെയും റഫറന്‍സാക്കി, കൊല്ലത്തെ പ്രശസ്ത ന്യൂറോ സര്‍ജനും ജനകീയാരോഗ്യ പ്രവര്‍ത്തകനുമായ ഡോ. ജേക്കബ് ജോണ്‍, ഒരു പൊതുതാല്‍പര്യ ഹരജി നല്‍കി. ഇതിന്മേല്‍ കേരള ഹൈകോടതി, കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നല്‍കിയ നിര്‍ദേശപ്രകാരം 1105 ബ്രാന്‍ഡുകളിലെ യുക്തിരഹിതമരുന്നു ചേരുവകള്‍ കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോളര്‍ നിരോധിച്ചു. നിരോധത്തെ അതിജീവിക്കുന്നതിന് ഒൗഷധ കമ്പനികള്‍ മദ്രാസ് ഹൈകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിച്ചു. ഈ ഷോക് ട്രീറ്റ്മെന്‍റില്‍ നൂറുകണക്കിനു അശാസ്ത്രീയ ചേരുവകള്‍ പിന്‍വലിക്കാന്‍ മരുന്നുകമ്പനികള്‍ തയാറായി. ജനകീയാരോഗ്യ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ നിരന്തര സമ്മര്‍ദം ചെലുത്തിയിട്ടും പതിറ്റാണ്ടായി ശീതസംഭരണിയിലായിരുന്ന ആവശ്യത്തിനാണ് ഇപ്പോള്‍ നിരോധത്തിലൂടെ ജീവന്‍ വെച്ചത്.
കോര്‍പറേറ്റ് ഒൗഷധ ചൂഷണത്തോടുള്ള അമര്‍ഷം അണപൊട്ടിയ ചില മാധ്യമപ്രവര്‍ത്തകര്‍ നിരോധ വാര്‍ത്ത സെന്‍സേഷനലൈസ് ചെയ്തതോടെ വിഷമവൃത്തത്തിലാവുകയാണ്, ഡോക്ടര്‍മാരും ഒൗഷധ വിതരണ മേഖലയും. ഭീതിയും മുന്‍വിധിയും മാറ്റിവെച്ച് വാര്‍ത്തയുടെ ശാസ്ത്രീയതയും യുക്തിയും പരിശോധിക്കയാണിവിടെ.
എന്താണ് എഫ്.ഡി.സി അഥവാ നിശ്ചിത അളവിലുള്ള മരുന്ന് സംയുക്തങ്ങള്‍? എന്താണ് അവ നിരോധിക്കുന്നതിനുള്ള ന്യായം? നിരോധിക്കേണ്ട വിഷവസ്തുക്കളാണോ അവയിലുള്ളത്? കൃത്യമായ വൈദ്യശാസ്ത്ര ന്യായീകരണത്തോടെ ഒരേസമയം ഒന്നിലധികം മരുന്നുകള്‍ നിശ്ചിത അളവില്‍ നിശ്ചിത രൂപത്തില്‍ നല്‍കുന്നതാണ് എഫ്.ഡി.സി.
ഈ സംയുക്തങ്ങളിലെ ഓരോ ഘടകമരുന്നും നൈതിക-ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച്, നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയും ശാസ്ത്രജ്ഞര്‍ കണ്ടത്തെിയവയാണ്. അവയൊന്നും നിരോധമര്‍ഹിക്കുന്നില്ല. പിന്നെന്തിനാണ് എഫ്.ഡി.സി നിരോധം?
പ്രവര്‍ത്തന സാങ്കേതികത്വ (Mechanism of Action) ജൈവ ലഭ്യത (bio availability) പാര്‍ശ്വഫലങ്ങള്‍ എന്നിവയിലൊക്കെ സ്വഭാവത്തില്‍ വിഭിന്നവും വ്യതിരിക്തവുമായ മരുന്നുകളെ സംയോജിപ്പിക്കുന്നതില്‍ ലോകാരോഗ്യ സംഘടനയും അംഗീകൃത മരുന്നു ഫോര്‍മുലകളും ചില യുക്തികള്‍ നിര്‍ദേശിക്കുന്നു.
1. ഒന്നിച്ചാല്‍ പൂരകമായി പ്രവര്‍ത്തിക്കുന്ന രണ്ടു മരുന്നുകളും വെവ്വേറെ നല്‍കുന്നതിനെക്കാള്‍ ഉത്തമഫലം നല്‍കുന്നതാവണം.
ഉദാ: ട്രൈ മെതോപ്രിം, സള്‍ഫാ മൈതോക്സോള്‍ = കോ ട്രൈമോക്സോള്‍.
2. ഇരു മരുന്നുകളുടെയും ഒൗഷധ പ്രതിപ്രവര്‍ത്തനങ്ങളെ ബന്ധപ്പെടുത്താതെ തന്നെ മെച്ചപ്പെട്ട ഒൗഷധ ഗുണം ലഭ്യമാവുന്നു.
3. ദരിദ്ര രാജ്യങ്ങളിലോ പൊതുവായ പോഷണക്കുറവിന്‍െറ സാഹചര്യത്തിലോ വൈറ്റമിന്‍ ബി. കോംപ്ളക്സ് ഇരുമ്പ്, ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, ഡി തുടങ്ങിയവ കൂട്ടിച്ചേര്‍ത്ത് നല്‍കാം.
4. ചികിത്സാരേഖകളുടെയും ശാസ്ത്രീയ തെളിവുകളുടെയും വെളിച്ചത്തില്‍ ന്യായീകരിക്കാവുന്നതാവണം.
5. സംയോജിപ്പിച്ച ഇരുമരുന്നുകളും വെവ്വേറെ വാങ്ങുന്നതിനെക്കാള്‍ വില കുറയുമെന്നുറപ്പാക്കണം.
6. ക്ഷയരോഗം, കുഷ്ഠം തുടങ്ങിയ ദൈര്‍ഘ്യമേറിയ കാലയളവില്‍ കൃത്യമായി കഴിക്കേണ്ട മരുന്നുകള്‍, മുടക്കമില്ലാതെ രോഗി കഴിക്കുന്നതില്‍ യുക്തിപൂര്‍ണമായ സംയുക്തങ്ങള്‍ ആകാം. ജീവിത ശൈലീരോഗങ്ങളുടെ കാര്യത്തിലും ഈ തത്ത്വമനുസരിച്ച് സംയുക്തങ്ങള്‍ ലഭ്യമാക്കുന്നത് പരിശോധിച്ചുവരുകയാണ്.
7. ജനസാമാന്യത്തിന് മുമ്പാകെ ഉപയുക്തമാകുംവിധം അനേകം അനുപാതങ്ങളില്‍ ഡോസ് ക്രമീകരണം സാധ്യമാകണം.
ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെയുണ്ടാക്കുന്ന സംയുക്തങ്ങള്‍ താഴെസൂചിപ്പിക്കുന്ന അനഭിലഷണീയമായ ഫലങ്ങള്‍ ഉണ്ടാക്കാം.
1. പാര്‍ശ്വഫലങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യത.
2. മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം
3. ഏതു മരുന്നുമൂലമാണ് അലര്‍ജി ഉണ്ടായത് എന്ന് നിരീക്ഷിക്കാനാകാതെ വരുക.
4. അനാവശ്യമരുന്നുകളും സംയുക്തങ്ങളിലുണ്ടാകാം.
5. ആവശ്യമായ അനുപാതത്തില്‍ കുറവോ കൂടുതലോ ആകാനുള്ള സാധ്യത.
6. വിലയുടെ പലമടങ്ങ് വര്‍ധന
7. ആന്‍റിബയോട്ടിക് റെസിസ്റ്റന്‍സ് (അഥവാ ആന്‍റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ രോഗാണു വെല്ലുവിളിക്കുന്ന അവസ്ഥ)
8.  അവശ്യമരുന്നുകളോടൊപ്പം അഡിക്ഷന്‍ സാധ്യതയുള്ള മരുന്നുകള്‍ കൂട്ടിച്ചേര്‍ക്കുന്നതുമൂലം മരുന്നടിമത്തം ഉണ്ടാക്കും).
9. സ്റ്റിറോയ്ഡുകളുടെ യുക്തിരഹിത ചേരുവകള്‍ ഹോര്‍മോണ്‍ സംവിധാനത്തെ പ്രതിസന്ധിയിലാക്കാം.
കോര്‍പറേറ്റ് അജണ്ട
അവശ്യമരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാറുകള്‍ വില നിയന്ത്രണ നിയമം കൊണ്ടുവരുന്നു. ലാഭമേറെ ലഭ്യമാവുന്ന മരുന്നുകള്‍ പട്ടികയില്‍ പെടാതിരിക്കാന്‍ കമ്പനികള്‍ സകല തന്ത്രങ്ങളും പയറ്റും. എന്നാലും ഇച്ഛാശക്തിയുള്ള ചില ഉദ്യോഗസ്ഥര്‍ കുറെ മരുന്നുകളെ വിലനിയന്ത്രണത്തിനു കീഴില്‍ കൊണ്ടുവരും. ഇതിനെ മറികടക്കാന്‍ കമ്പനികള്‍ കണ്ടത്തെിയ കുറുക്കുവഴിയാണ് യുക്തിരഹിത കോമ്പിനേഷന്‍. ദിനേന പുതിയ മരുന്നുകള്‍ക്കും വമ്പിച്ച സാങ്കേതിക കുതിച്ചുചാട്ടങ്ങള്‍ക്കും ചെവിയോര്‍ക്കുന്ന മെഡിക്കല്‍ പ്രാക്ടീഷണര്‍മാരെ, ശബളിമയാര്‍ന്ന വാചാടോപത്തിലൂടെ വീഴ്ത്തുന്ന മെഡിക്കല്‍ റെപ്പുമാരും ശാസ്ത്രീയ പുനരാലോചനയില്ലാതെ അവയില്‍ വീഴുന്ന ഡോക്ടര്‍മാരും ഈ ബിസിനസിന്‍െറ മൂലധനമാവുന്നു. വൈദ്യശാസ്ത്രപരമായി ന്യായീകരിക്കാനാവാത്ത ഹീമോഗ്ളോബിന്‍ വൃത്തിഹീനമായ അറവുശാലകളില്‍നിന്ന് സംഘടിപ്പിച്ച് തയാറാക്കുന്ന ഡെക്സോറഞ്ച്, 2003ലെ ഇന്ത്യയിലെ ഏറ്റവും ലാഭം കൊയ്യുന്ന രക്തമാന്ദ്യ ചികിത്സാ ബ്രാന്‍ഡാണ്. ആ വര്‍ഷത്തെ കമ്പനിയുടെ റീട്ടെയ്ല്‍ വില്‍പന മാത്രം 57 കോടിയായിരുന്നു. ഇന്ത്യയിലെ മുന്‍നിര മരുന്ന് ബ്രാന്‍ഡുകളില്‍ ആദ്യ മുന്നൂറില്‍ 16ാം സ്ഥാനമാണ് Dexorangeന്. കമ്പനി വിലക്കെടുത്ത IMA ഡല്‍ഹി ഘടകത്തിലെ കേവലം 50 ഡോക്ടര്‍മാരുടെ പിന്തുണയോടെയാണ് 3M കമ്പനിയുടെ മാതൃരാജ്യമായ അമേരിക്കയിലടക്കം 140ലേറെ രാജ്യങ്ങളില്‍ വിപണനാനുവാദം ലഭിക്കാത്ത Nimesulide മരുന്ന് നിര്‍ബാധം ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നത്.
ആരോഗ്യത്തിന്‍െറയും സ്ഥൂല സമ്പദ് ശാസ്ത്രത്തിന്‍െറയും ദേശീയ കമീഷന്‍, 2004ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന 25 ബ്രാന്‍ഡുകളില്‍ 10ഉം യുക്തിരഹിത ചേരുവകളാണ് (40%) കേവലം 10% യുക്തിരഹിതമെന്ന് കണക്കാക്കിയാല്‍പോലും അവയുടെ വാര്‍ഷിക അറ്റാദായം അക്കാലത്ത് 2000 കോടി രൂപയിലേറെയാണ്.
നിയന്ത്രണ സംവിധാനം എന്ന നോക്കുകുത്തി
മരുന്നുചേരുവകള്‍ക്ക് ഉല്‍പാദന ലൈസന്‍സ് നല്‍കാനുള്ള അധികാരം അതത് സംസ്ഥാനങ്ങളിലെ ഡ്രഗ്സ് കണ്‍ട്രോളര്‍മാര്‍ക്കാണ്. യുക്തിരഹിത മരുന്നു ഫോര്‍മുലകളുടെ അശാസ്ത്രീയത തെല്ലും പരിഗണിക്കാതെ യഥേഷ്ടം സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാര്‍ ലൈസന്‍സ് നല്‍കിയപ്പോള്‍, ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിന്‍െറ വകുപ്പുകള്‍ ഉപയോഗിച്ച് നടപടിയെടുക്കാന്‍ ബാധ്യതയുള്ള കേന്ദ്ര ഡ്രഗ്സ് കണ്‍ട്രോളര്‍ നോക്കുകുത്തിയായി. മരുന്നു കമ്പനികളും സര്‍ക്കാറിന്‍െറ നിയമസംവിധാനങ്ങളും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് ഓശാന പാടുമ്പോള്‍ സത്യസന്ധതയോടെ ജനങ്ങളോടും ശാസ്ത്രീയ വൈദ്യത്തോടും നീതി പുലര്‍ത്തേണ്ട ബാധ്യത വൈദ്യശാസ്ത്ര സമൂഹത്തിനുണ്ടായിരുന്നു. അവരത് നിര്‍വഹിക്കുന്നതില്‍ വരുത്തിയ അക്ഷന്തവ്യമായ അശ്രദ്ധയാണ് ഇന്ന് ആധുനിക ചികിത്സകരില്‍ അവിശ്വാസം ജനിപ്പിക്കുന്ന തരത്തില്‍ മാധ്യമ ഇടപെടലിന് ഇടയാക്കിയത്.
ആവശ്യമായ സന്ദര്‍ഭത്തില്‍ അനുയോജ്യമായ അവശ്യമരുന്ന്, കൃത്യമായ ഡോസില്‍ കൃത്യമായ കാലയളവിലേക്ക് രോഗിക്ക് താങ്ങാവുന്ന മിതമായ വിലയില്‍ കുറിക്കുമ്പോള്‍ അത് യുക്തിപൂര്‍ണമായ കുറിപ്പടിയാകുന്നു.
അശാസ്ത്രീയ മരുന്നു കുറിക്കലിലേക്ക് നയിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ഇതുസംബന്ധിച്ച് പൗരജാഗ്രത പുതിയ കാലഘട്ടത്തില്‍ അനിവാര്യമാണ്. ഡോക്ടര്‍മാരുടെ ചില അശാസ്ത്രീയ നിലപാടുകള്‍ ചുവടെ:
1. എല്ലാ രോഗത്തിനും ഗുളിക വേണം
2. എല്ലാ വിദൂര സാധ്യതകളും പരിഗണിച്ച് സര്‍വചേരുവകളും ചേര്‍ന്ന സംയുക്തമരുന്നുകള്‍ നല്‍കണം.
3. ക്ഷിപ്രഫല പ്രതീക്ഷ.
4. പുതിയ മരുന്നിനോടുള്ള ഭ്രമം.
5. വില കൂടിയ ബ്രാന്‍ഡില്‍ പ്രതിപത്തി.
6. മുതിര്‍ന്ന ഡോക്ടര്‍മാരെ അനുകരിക്കല്‍.
7. മരുന്നു കമ്പനി പ്രതിനിധിയിലുള്ള അന്ധമായ വിശ്വാസം.
പ്രതിവിധി
ചികിത്സയുടെ ഗുണകാംക്ഷാപരമായ രക്ഷാകര്‍തൃത്വം (Benevelant Paternalism) വൈദ്യസമൂഹം നിര്‍വഹിക്കുമ്പോള്‍ നമുക്ക് അവരില്‍ വിശ്വാസമര്‍പ്പിക്കാം. ആ വിശ്വാസത്തില്‍ കോട്ടം തട്ടുമ്പോള്‍ ഒൗഷധ സാക്ഷരത നേടിയ ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കായി മുന്നോട്ടുവരണം.
ഒൗഷധ ഗുണനിയന്ത്രണ ലൈസന്‍സിങ് സംവിധാനം സര്‍ക്കാര്‍ കുറ്റമറ്റതാക്കണം.  ശാസ്ത്രീയമായ ദേശീയ ഡ്രഗ് ഫോര്‍മുല പ്രസിദ്ധീകരിക്കുകയും ഓരോ അര്‍ധവര്‍ഷത്തിലും അവ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുകയും വേണം.  സ്വതന്ത്രവും ശാസ്ത്രീയവുമായ മുന്നറിയിപ്പുകള്‍ നിരന്തരം ലഭ്യമാക്കണം.
പ്രധാന രോഗങ്ങള്‍ക്ക് ചികിത്സാമാര്‍ഗരേഖ/പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുക,  ഓരോ ചികിത്സാ സ്പെഷാലിറ്റിക്കും  ബാധകമാവുംവിധം ആന്‍റി ബയോട്ടിക് നയം രൂപവത്കരിക്കുക, മെഡിക്കല്‍ തുടര്‍വിദ്യാഭ്യാസ പരിപാടികളും ജേര്‍ണലുകളും പൊതുഫണ്ടില്‍നിന്ന് ലഭ്യമാക്കുക തുടങ്ങിയ നടപടികളും കൈക്കൊള്ളണം.
‘കരിയറിന്‍െറ ആദ്യത്തില്‍ ഒരു രോഗത്തിന് ഇരുപത് മരുന്ന് കുറിക്കുന്ന ഡോക്ടറെ ശാസ്ത്രീയ അനുഭവം ഇരുപത് രോഗങ്ങള്‍ക്ക് ഒരു മരുന്നെന്ന യുക്തിയിലേക്ക് വളര്‍ത്തും’ എന്ന ക്ളിനിക്കല്‍ വൈദ്യ പഠനത്തിന്‍െറ ഉപജ്ഞാതാവായ സര്‍ വില്യം ഓസ്ലറുടെ അധ്യാപനം നമുക്കും മാതൃകയാക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.