അനാഥരെ സൃഷ്ടിക്കുന്ന തീക്കളി തുടരുകയാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ ചെറുതും വലുതുമായി 900ത്തോളം വെടിക്കെട്ടപകടങ്ങള്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി ഉണ്ടായി. സ്ത്രീകള്‍ ഉള്‍പ്പെടെ 850 ഓളം പേര്‍ അതിദാരുണമായി മരിച്ചു. ഇതില്‍ പകുതിയിലേറെയും പുരുഷത്തൊഴിലാളികളാണ്. ഇക്കാലത്തിനിടെയുണ്ടായ അപകടങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളിലേക്ക് കണ്ണോടിച്ചാല്‍ ഈ കണക്ക് വ്യക്തമാവും. എല്ലാം നിയമങ്ങള്‍ കാറ്റില്‍പറത്തിയതുമൂലം ഉണ്ടായ ദുരന്തങ്ങള്‍. രാഷ്ട്രീയക്കാരും പൊലീസും റവന്യൂ അധികാരികളുമായുള്ള ഉത്സവങ്ങളുടെയും പൂരങ്ങളുടെയും പെരുന്നാളുകളുടെയും സംഘാടകരുടെ അവിഹിത ബന്ധങ്ങളാണ് നിയമം ലംഘിച്ച് വെടിക്കെട്ട് നടത്താന്‍ വഴിയൊരുങ്ങുന്നത്്.
കൊല്ലം പരവൂരിലെ ദുരന്തത്തിന്‍െറ പശ്ചാത്തലം പരിശോധിച്ചാലും ഇത് വ്യക്തമാവും. പരവൂരില്‍ ജനവാസ കേന്ദ്രത്തിലാണ് വെടിക്കെട്ട് നടന്നത്. സ്ഫോടനം നടന്ന വെടിക്കെട്ട് പുരയും ജനവാസ കേന്ദ്രത്തില്‍ തന്നെ. ജനവാസ കേന്ദ്രങ്ങള്‍, പൊതു ഇടങ്ങള്‍, കെട്ടിടങ്ങള്‍, ഹൈവേ, പൊതു നിരത്തുകള്‍ എന്നിവക്കടുത്ത് വെടിക്കെട്ട് പുരയോ സംഭരണശാലകളോ സ്ഥാപിക്കരുതെന്ന് എക്സ്പ്ളോസിവ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ 2009ല്‍ അയച്ച ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 2008ലെ എക്സ്പ്ളോസിവ് ചട്ടം അനുശാസിക്കുന്നതും ഇതാണ്. വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെന്ന് പറയുമ്പോള്‍ അത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരെങ്കിലും തയാറായിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു.
ദുരന്തങ്ങള്‍ നടന്ന എല്ലായിടത്തും അധികൃതരുടെ അനാസ്ഥയും വസ്തുതകള്‍ക്കുനേരെയുള്ള കണ്ണടക്കലും ഉണ്ടെന്ന് കണ്ടത്തൊനാവും. എക്സ്പ്ളോസിവ് ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊലീസിനും ജില്ലാ ഭരണകൂടങ്ങള്‍ക്കും ബാധ്യതയുണ്ട്. പക്ഷേ, അവര്‍ അത് ചെയ്യുന്നില്ളെന്നുമാത്രം. എല്ലാവരും ദു$സ്വാധീനങ്ങള്‍ക്ക് വഴങ്ങുകയാണ്.
‘അനാഥരെ സൃഷ്ടിക്കുന്ന തീക്കളി’ എന്ന തലക്കെട്ടില്‍ മൂന്നു കൊല്ലം മുമ്പ് ‘മാധ്യമം’ പ്രസിദ്ധീകരിച്ച പരമ്പരയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. എക്സ്പ്ളോസിവ് ചട്ടപ്രകാരം ഒരു വെടിക്കെട്ടുകാരന്‍ ഒരുസമയത്ത് 15 കിലോ വെടിമരുന്നേ കൈവശം വെക്കാവൂ. അതുകൊണ്ടുവേണം പടക്ക നിര്‍മാണം നടത്താന്‍. അതും സാധാരണ പടക്കങ്ങള്‍- മാലപ്പടക്കം, തലചക്രം, ലാത്തിരി, പൂത്തിരി തുടങ്ങിയവ. ഇതിനാണ് ജില്ലാ കലക്ടര്‍ അനുമതി നല്‍കുന്നത്. എന്നാല്‍, അമിട്ട്, ഡൈന തുടങ്ങിയവ നിര്‍മിക്കാന്‍ ഈ ലൈസന്‍സ് പോര. ഇതിനായി എക്സ്പ്ളോസിവ് ചീഫ് കണ്‍ട്രോളറുടെ പ്രത്യേക അനുമതി നേടണമെന്ന് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ജില്ലാ മജിസ്ട്രേറ്റുമാരായ ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഹൈകോടതി നിരോധിച്ച മാരകമായ പൊട്ടാസ്യം ക്ളോറേറ്റ് ഉപയോഗിക്കുകയുമരുത്. എന്നാല്‍, കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണോ നടക്കുന്നതെന്ന് ആരും പരിശോധിക്കുന്നില്ല. അമിട്ട്, ഡൈന തുടങ്ങി ഡിസ്പ്ളേ ഇനങ്ങള്‍ ഉണ്ടാക്കാന്‍ കേരളത്തില്‍ ആര്‍ക്കും ലൈസന്‍സില്ല. എന്നിരിക്കെ, വന്‍ സ്ഫോടനം സൃഷ്ടിക്കുന്ന വെടിക്കെട്ട് നടക്കുന്നതെങ്ങനെ? ആരെങ്കിലും മുന്‍കൂര്‍ പരിശോധന നടത്താറുണ്ടോ? ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നടത്തുന്നുണ്ടോ? ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ഭരണകൂടങ്ങള്‍ ഉണര്‍ന്നാല്‍ മതിയോ? എന്തുകൊണ്ട് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍ ജാഗ്രത പാലിക്കുന്നില്ല?
വെടിമരുന്നും മറ്റു രാസപദാര്‍ഥങ്ങളും കൈകാര്യം ചെയ്യുന്നവര്‍ക്ക് അതില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത് എന്ന അടിസ്ഥാന വിവരം വേണമെന്നാണ് ചട്ടം. എന്നാല്‍, ആര്‍ക്കാണ് ഇക്കാര്യത്തില്‍ ധാരണ ഉള്ളത്? കേരളത്തില്‍ ഇപ്പോള്‍ വെടിക്കെട്ട് പണിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളില്‍ കൂടുതലും അക്ഷരജ്ഞാനമില്ലാത്ത ബിഹാറികളും ബംഗാളികളുമാണ്. ഇവര്‍ക്ക് പൊട്ടാസ്യം ക്ളോറേറ്റും മറ്റും തിരിച്ചറിയാന്‍ കഴിയുമോ? ഏതെല്ലാം രാസവസ്തുക്കളാണ് ചേര്‍ക്കാന്‍ പാടില്ലാത്തത്, അടുത്തടുത്ത് വെക്കാന്‍ പാടില്ലാത്തത് എന്ന് ഇംഗ്ളീഷിലുള്ള വിവരണം വായിച്ച് മനസ്സിലാക്കാന്‍ ഇവര്‍ക്കാവുമോ? മലയാളികളും സാധാരണക്കാരുമായ തൊഴിലാളികളുടെ സ്ഥിതിയും ഇതുതന്നെയാണ്. വെടിക്കെട്ട് കോപ്പുകളുടെ നിര്‍മാണത്തിന് നേതൃത്വം കൊടുക്കുന്ന ലൈസന്‍സികളുടെയും തലമുതിര്‍ന്ന പണിക്കാരുടെയും പരമ്പരാഗതമായ അറിവും പ്രായോഗികബുദ്ധിയും മനക്കണക്കും മറ്റും ഉപയോഗിച്ചാണ് തീക്കളിക്ക് ഒരുങ്ങുന്നത്. തൊഴിലാളികളുടെ വിയര്‍പ്പ് വീണാല്‍പോലും സ്ഫോടനം ഉണ്ടാകും. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥര്‍ രസതന്ത്രത്തില്‍ അറിവുള്ളവര്‍ ആണോ? ഇവിടെ സംഘാടകര്‍ പറയുന്നത് അംഗീകരിക്കുകയാണ് എല്ലാവരും. ദുരന്തങ്ങള്‍ക്ക് ഒരു പരിധിവരെ ഉയര്‍ന്ന ഉദ്യോഗസ്ഥരും കാരണക്കാരാണ്. സംസ്ഥാനത്ത് നടന്ന 140 ദുരന്തങ്ങളെക്കുറിച്ച് കൊച്ചിയിലെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസിവ് ഓഫിസ് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരുമായ പി.എ. ഖാദര്‍, ഡി. വിജയന്‍, ലക്ഷ്മണതാണു ലിംഗം എന്നിവര്‍ പഠനം നടത്തിയിരുന്നു. ഇതില്‍ ഒരിടത്തു മാത്രമാണ് അനുവദിച്ച അളവില്‍ വെടിമരുന്നും മറ്റു രാസവസ്തുക്കളും ഉപയോഗിച്ചത് എന്ന് ഇവര്‍ കണ്ടത്തെി. നിരോധിച്ച പൊട്ടാസ്യം ക്ളോറേറ്റും ഗന്ധകവും കൂട്ടിച്ചേര്‍ത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്നും ഇവര്‍ കണ്ടത്തെി. പണിക്കാര്‍ക്ക് മതിയായ അറിവോ പരിശീലനമോ ഇല്ളെന്നും ഇവര്‍ തുടര്‍ന്ന് പ്രസിദ്ധീകരിച്ച രേഖയില്‍ വ്യക്തമാക്കുന്നു.
വെടിക്കെട്ടില്‍ ഏറ്റവും അപകടമുണ്ടാക്കുന്നത് ഡൈനമിറ്റാണ്. ഇതും ഗുണ്ടും പൊട്ടിക്കുന്നത് 2003ല്‍ ഹൈകോടതി നിരോധിച്ചതാണ്.
വെടിക്കെട്ട് കോപ്പുകളില്‍ തിരി വെച്ചുകഴിഞ്ഞാല്‍ പരമാവധി നാലു മണിക്കൂറിനകം പൊട്ടിച്ചില്ളെങ്കില്‍ താനേ പൊട്ടുന്നവയുണ്ട്. അതുകൊണ്ട് തിരി ഏറ്റവും ഒടുവിലേ വെക്കാവൂ. ഇതും പലപ്പോഴും പാലിക്കാറില്ല. നിര്‍മാണകേന്ദ്രങ്ങള്‍ മതിയായ ഗതാഗത സൗകര്യമുള്ളയിടങ്ങളാകണം. ഫയര്‍ എന്‍ജിനുകള്‍ വരുകയും പോവുകയും ചെയ്യുമ്പോള്‍തന്നെ ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ തക്ക സൗകര്യമുണ്ടാകണമെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍, ആര്‍ക്കും എളുപ്പം എത്താന്‍ പറ്റാത്തയിടങ്ങളിലാണ് നിര്‍മാണം നടത്താറ്. അപകടമുണ്ടായാല്‍ ഇത് സുരക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമാക്കുന്നു.
നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും കടലാസിന്‍െറ വിലപോലും കല്‍പിക്കാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്ന തേക്കിന്‍കാട് മൈതാനം നിശ്ശബ്ദമേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 6.3.08ല്‍ 13843-ഐ.എ3-08-എല്‍.എസ്.ജി.ഡി നമ്പര്‍ പ്രകാരം അഡ്വ. പി. പ്രമോദിന് അണ്ടര്‍ സെക്രട്ടറി കെ. സോമന്‍ അയച്ച കത്തില്‍ ഇത് വ്യക്തമാക്കുന്നു. ഈ നിശ്ശബ്ദ ഭൂമിയുടെ നെഞ്ച് പിളര്‍ത്തിയും വന്‍ പ്രകമ്പനമുണ്ടാക്കിയുമാണ് എല്ലാ കൊല്ലവും വെടിക്കെട്ട് നടത്തുന്നത്.
പഠിക്കാന്‍ മിടുക്കരായിട്ടും ഉപരിപഠനം നടത്താന്‍ വിഷമിക്കുന്ന തൃശൂര്‍ വടക്കാഞ്ചേരിയിലെ അന്തരിച്ച വെടിക്കെട്ട് തൊഴിലാളി പനങ്ങാട്ട് രാജന്‍െറ മക്കള്‍, വീടിന്‍െറ പ്രാരബ്ദങ്ങള്‍ ചെറിയ പ്രായത്തില്‍ ഏറ്റെടുക്കേണ്ടി വന്ന വേലൂര്‍ വെങ്ങിലശ്ശേരി മണിമലര്‍കാവിലെ ധനേഷ്, ഏഴു യുവാക്കള്‍ അതിദാരുണമായി വെന്തു മരിച്ച ചേലക്കരയിലെ വെടിക്കെട്ട് തൊഴിലാളികളുടെ ഗ്രാമമായ വെന്നൂര്‍, തൊഴിലാളികള്‍ക്കൊപ്പം വെന്തു മരിച്ച യുവാവായ ജോഫി-മനസ്സില്‍നിന്ന് മായാത്ത ചിത്രങ്ങള്‍ നിരവധി.
ഇപ്പോള്‍ ഈ ദുരന്തവും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനാണ് ശ്രമം. ഈ രക്തത്തില്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ട്. അത് മനസ്സിലാവണമെങ്കില്‍ തൃശൂര്‍ പൂരം കമ്മിറ്റികളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.