നിയമങ്ങള്‍ക്ക് പുല്ലുവില

നിയമങ്ങള്‍ക്കും നിരോധങ്ങള്‍ക്കും പുല്ലുവില കല്‍പിക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് വെടിക്കെട്ടുദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നത്. എക്സ്പ്ളൊസിവ്സ് വകുപ്പ് നിരന്തരം അയക്കുന്ന സര്‍ക്കുലറുകളും മുന്നറിയിപ്പുകളും ചവറ്റുകൊട്ടയില്‍ ഇടുകയാണ്. നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ളോറേറ്റ് ഉപയോഗിച്ച് അനധികൃതമായി ഉണ്ടാക്കുന്ന വെടിക്കെട്ട് സാമഗ്രികളാണ് ദുരന്തങ്ങളുണ്ടാക്കുന്നത്.
നിറങ്ങള്‍ക്ക് (അമിട്ട്) പകരം ശബ്ദം (ഡൈന) കൂട്ടിയും ചെലവുകുറച്ചും വലിയ തോതില്‍ വെടിക്കെട്ട് നടത്താന്‍ സംഘാടകര്‍ ശ്രമിക്കുന്നതാണ് ദുരന്തങ്ങളില്‍ കലാശിക്കുന്നത്. അമിട്ടാണെങ്കില്‍ സുരക്ഷ വര്‍ധിക്കും. ഒറ്റയടിക്ക് ഇവ പൊട്ടുകയില്ല. ആദ്യം കത്തിയശേഷം കളര്‍ ഗുളികകള്‍ പുറത്ത് പരന്ന് വിരിഞ്ഞ് പൊട്ടുകയാണ്. ഇതിന് അപകടസാധ്യത കുറവാണ്. എന്നാല്‍, ചെലവ് കൂടും.
ഇതിനു പകരം ഡൈനകള്‍ വന്‍തോതില്‍ പൊട്ടിക്കുന്നു. പൊട്ടാസ്യം ക്ളോറേറ്റും വെടിമരുന്നും 10 കിലോവരെ ഒറ്റയടിക്ക് പൊട്ടുകയാണ്. അതും ഉയരം കുറച്ച് പൊട്ടിക്കുന്നു. അതോടെ വന്‍ സ്ഫോടനവും അന്തരീക്ഷത്തില്‍ പ്രകമ്പനവും ഉണ്ടാകുന്നു. കെട്ടിടങ്ങള്‍ തകരാന്‍വരെ ഇത് കാരണമാകുന്നു. വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു. ഡൈനയുടെ ചെലവ് താരതമ്യേന കുറവാണ് എന്നതുകൊണ്ടു കൂടിയാണ് സംഘാടകര്‍ ഇതിലേക്ക് തിരിയുന്നത്്.
ഡൈനയുടെയും മറ്റും വ്യാസം അഞ്ച് ഇഞ്ചാണെങ്കില്‍ അവ ഏതാണ്ട്് 180 മീറ്റര്‍ ഉയരത്തിലേ പൊട്ടിക്കാവൂ എന്നാണ് ചട്ടം. അതായത് 15 നില കെട്ടിടത്തെക്കാള്‍ ഉയരത്തില്‍. 150 അടിയാണ് 15 നില കെട്ടിടത്തിനുള്ളത്. എന്നാല്‍, എട്ടിഞ്ചും അതില്‍ കൂടുതലുമുള്ള ഡൈനകളും മറ്റും ഉയരം കുറച്ച് പൊട്ടിക്കുന്നു. ശബ്ദം 125 ഡെസിബലിനെക്കാള്‍ കൂടുകയുമരുത്. അതോടെ പ്രകമ്പനവും ശബ്ദതരംഗങ്ങളും വളരെ കുറയും. പുകപടലങ്ങളുും പരിസരമലിനീകരണവും ഉണ്ടാവില്ല. പ്രകമ്പനവും ഘോരശബ്ദവും ജനങ്ങള്‍ക്കിടയില്‍ എത്തരുതെന്നും ചട്ടം അനുശാസിക്കുന്നു. എന്നാല്‍, ഇത് പാലിക്കപ്പെടുന്നില്ല. ഡൈനയും അമിട്ടുമെല്ലാം ഡിസ്പ്ളേ ഇനങ്ങളാണ്. ഇവയുണ്ടാക്കാന്‍ കേരളത്തില്‍ ഒരാള്‍ക്കും എക്സ്പ്ളൊസിവ്സ് ചീഫ് കണ്‍ട്രോളറുടെ അനുമതിയില്ല. ഇങ്ങനെ അനധികൃതമായി ഉണ്ടാക്കുന്ന സാമഗ്രികള്‍  പൊട്ടിക്കുന്നത് ജില്ലാ കലക്ടര്‍മാര്‍ നല്‍കുന്ന താല്‍ക്കാലിക അനുമതിയുടെ അടിസ്ഥാനത്തിലാണ്. ഉണ്ടാക്കുന്ന വെടിക്കോപ്പുകള്‍ സൂക്ഷിക്കാന്‍ സ്റ്റോറേജ് ലൈസന്‍സും വേണം. കേരളത്തില്‍ തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സ്റ്റോറേജ് ലൈസന്‍സില്ല.
ഒരേസമയം 15 കിലോ വെടിമരുന്ന് കൈവശംവെച്ച് പടക്കനിര്‍മാണം നടത്താനാണ് നിര്‍മാതാക്കള്‍ക്ക് (വെടിക്കെട്ടുകാര്‍ക്ക്) ലൈസന്‍സ് നല്‍കുന്നത്.  അതുവെച്ച് എങ്ങനെ ടണ്‍കണക്കിന് സാമഗ്രികളോടെ വെടിക്കെട്ട് നടത്താനാവും? തൃശൂര്‍ പൂരത്തിന് രണ്ടു ടണ്‍വരെ വെടിക്കോപ്പ് സ്റ്റോക് ചെയ്യാനാണ് ദേവസ്വങ്ങള്‍ക്ക് ലൈസന്‍സുള്ളത്. അതിനെക്കാള്‍ കൂടുതല്‍ പൊട്ടിക്കുന്നുണ്ട്.
ഗുണനിലവാരമില്ലാത്ത ഇനങ്ങള്‍ പൊട്ടിക്കുന്നതാണ് അപകടത്തിന് മറ്റൊരു കാരണം. ശിവകാശിയില്‍ നിര്‍മിക്കുന്ന ഇനങ്ങള്‍ ഗുണനിലവാരം ഉള്ളവയാണ്. അത്തരത്തിലുള്ളതേ ഉപയോഗിക്കാവൂ എന്ന് നിരന്തരം നിര്‍ദേശിച്ചിട്ടും പാലിക്കപ്പെടുന്നില്ല. വെടിക്കെട്ടുകാരും അവരുടെ തൊഴിലാളികളും ശിവകാശിയില്‍നിന്ന് പരിശീലനം നേടണമെന്ന ശിപാര്‍ശയും അവഗണിച്ച് തള്ളുന്നു. ഇതൊന്നുമില്ലാത്തവര്‍ ജില്ലാ കലക്ടര്‍മാര്‍ നല്‍കുന്ന താല്‍ക്കാലിക ലൈസന്‍സ് വെച്ച് ഡിസ്പ്ളേ ഇനങ്ങള്‍ ഉണ്ടാക്കുന്നതാണ് അപകടങ്ങള്‍ക്ക് വഴിതുറക്കുന്നത്. ഈ ലൈസന്‍സ് നല്‍കാനുള്ള അധികാരം ജില്ലാ കലക്ടര്‍മാരില്‍നിന്ന് എടുത്തുമാറ്റണം. ആവശ്യക്കാര്‍ നാഗ്പുരിലെ പെട്രോളിയം ആന്‍ഡ് എക്സ്പ്ളൊസിവ്സ് സേഫ്ടി ചീഫ് കണ്‍ട്രോളറില്‍നിന്ന് ലൈസന്‍സ് സമ്പാദിക്കട്ടെ. അപ്പോള്‍ കര്‍ശന നിബന്ധനകള്‍ക്ക് വഴങ്ങേണ്ടിവരും. അപകടങ്ങള്‍ ഒഴിവാകുകയും ചെയ്യും.
(എക്സ്പ്ളോസിവ്സ് വകുപ്പിലെ
റിട്ട. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളറാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.