ഒടുവില്‍ പ്രതീക്ഷിച്ചത് സംഭവിച്ചു. ലോകപ്രശസ്തമായ തൃശൂര്‍ പൂരത്തിനുമേല്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ നീങ്ങി. വിഷുനാള്‍ പൂരം ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ തെക്കേ ഗോപുരനടയില്‍ പൂരത്തിന്‍െറ മുഖ്യ സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ഘടകപൂരങ്ങളുടെ സംഘാടകരും അടക്കമുള്ളവര്‍ നടത്തിയ ഉപവാസം ഏറ്റു. ഹൈകോടതിയുടെ ഇടപെടലിന്‍െറ പിന്നാലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കര്‍ശന നിബന്ധനകള്‍ അടങ്ങിയ പഴയ സര്‍ക്കുലര്‍ വനംവകുപ്പ് വീണ്ടും ഇറക്കുകയും ഇരുദേവസ്വങ്ങളുടെയും വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന സംഭരണശാലയുടെ താക്കോല്‍ തഹസില്‍ദാര്‍ക്ക് കൈമാറണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിടുകയും ചെയ്തതാണ് ദേവസ്വങ്ങളെ പ്രകോപിപ്പിച്ചത്. പൂരം ചടങ്ങ് മാത്രമാക്കുമെന്നും മേളവും വാദ്യവും കുടമാറ്റവും ഉപേക്ഷിച്ചെന്നുമുള്ള തീരുമാനം പത്രങ്ങള്‍ പ്രധാനവാര്‍ത്തയാക്കുകയും ചെയ്തതോടെ ഇടഞ്ഞകൊമ്പന്‍െറ മുന്നില്‍പെട്ടപോലെയായി സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കാലമാണെന്ന ചിന്ത മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും യു.ഡി.എഫിനും ഇരിക്കപ്പൊറുതിയില്ലാതാക്കി. വ്യാഴാഴ്ച നേരംവെളുക്കുംമുമ്പ് സര്‍ക്കാര്‍ കൊമ്പുകുത്തിയത് അതുകൊണ്ടാണ്. പൂരം സംഘാടകര്‍ നേടിയ ഏറ്റവും വലിയ രാഷ്ട്രീയവിജയമായിരുന്നു അത്. കോടതിയും അയഞ്ഞതോടെ അത് പൂര്‍ണത പ്രാപിച്ചു.
വ്യാഴാഴ്ചയിലെ വാര്‍ത്ത ശരാശരി തൃശൂര്‍കാരെയും പൂരക്കമ്പക്കാരെയും ദു$ഖിപ്പിച്ചുവെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. മാസങ്ങള്‍ക്കുമുമ്പ് ഊണും ഉറക്കവും കളഞ്ഞ് തയാറെടുപ്പുകള്‍ എടുത്തുവന്ന ദേശക്കാരില്‍ കടുത്ത പ്രതിഷേധമുണ്ടായത് സ്വാഭാവികമായിരുന്നു. കച്ചവടക്കാരും, പൂരം അവസരമായിക്കണ്ട് അല്‍പം നീക്കിവെപ്പുണ്ടാക്കാമെന്ന് ഓരോ കൊല്ലവും ചിന്തിക്കുന്ന ശരാശരിക്കാരായ വഴിവാണിഭക്കാരും അടങ്ങുന്ന വലിയ സമൂഹത്തിനും അത് നിരാശയുണ്ടാക്കി. അതിനെക്കാള്‍ ഉപരിയായി പൂരങ്ങളും ഉത്സവങ്ങളും നടക്കണമെന്നും അതുവഴി സാമുദായിക സൗഹാര്‍ദത്തിന്‍െറ കുളിര്‍മ പരക്കണമെന്നും ആഗ്രഹിക്കുന്ന മതേതരവിശ്വാസികളും ദു$ഖിച്ചു.
എന്തുകൊണ്ട് പൂരം?
നൂറ്റാണ്ടുകള്‍ പിന്നിട്ട തൃശൂര്‍പൂരത്തിന്‍െറ ഉദ്ഭവചരിത്രം പലരും പലവട്ടം വായിച്ചുതള്ളിയതാവാം. ആറാട്ടുപുഴയിലെ ദേവമേളക്കുപോയ തട്ടക്കാരുടെ കോലം മഴയെ തുടര്‍ന്ന് കൊല്ലന്‍െറ ആലയില്‍ ഇറക്കിവെച്ചതറിഞ്ഞ് ദേവമേള സംഘാടകര്‍ തൃശൂര്‍കാര്‍ക്ക് അയിത്തംകല്‍പിച്ച് മാറ്റി നിര്‍ത്തി. ഇതറിഞ്ഞ് പ്രകോപിതനായ ശക്തന്‍ തമ്പുരാന്‍ പിറ്റേ കൊല്ലം മുതല്‍ തൃശൂരില്‍ പൂരം തുടങ്ങി. ഇതാണ് പ്രചരിക്കുന്ന കഥ. ഒരുപക്ഷേ, വസ്തുതകള്‍ ഇതിനുമപ്പുറമാകാം. എങ്കിലും, ശക്തന്‍െറ തീരുമാനം വിപ്ളവകരമായിരുന്നു. അവര്‍ (ആറാട്ടുപുഴക്കാര്‍) ഇനി ഇങ്ങോട്ട് (തൃശൂരിലേക്ക്) വരട്ടെ എന്ന് ശക്തന്‍ പറഞ്ഞതാണ് ചരിത്രമെങ്കില്‍ കാര്യങ്ങള്‍ അങ്ങനെതന്നെ ഭവിച്ചു. വലിയൊരു അനാചാരത്തിന്‍െറ കടക്കല്‍ കത്തിവെക്കുകയായിരുന്നു ശക്തന്‍. തൃശൂര്‍ നഗരനിര്‍മാണവുമായി ബന്ധപ്പെട്ട് കോമരത്തിന്‍െറ തലയറുത്ത കാര്യത്തിലുമുണ്ട് ഈ വിപ്ളവം. ശക്തന്‍ ഇതൊക്കെ ഇന്നാണ് ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?
പൂരം തൃശൂരില്‍ ഉണ്ടാക്കുന്ന സാംസ്കാരികവും സാമുദായിക സൗഹാര്‍ദത്തിന്‍േറതുമായ വലിയൊരു പശ്ചാത്തലമുണ്ട്. എന്ത് ആശയക്കാരനായാലും പൂരക്കാഴ്ചകള്‍ ആസ്വദിക്കുന്നു. സാധ്യമായ എല്ലാവിഭാഗങ്ങളും പൂരം നടത്തിപ്പുമായി സഹകരിക്കുന്നത് അതവര്‍ നെഞ്ചേറ്റിയതുകൊണ്ടാണ്. തട്ടകങ്ങളിലെ എല്ലാവിഭാഗം ആളുകളുടെ വീടുകളിലും പൂരത്തിന് വിരുന്നുകാര്‍ എത്തുന്നതും മറ്റൊന്നുംകൊണ്ടല്ല.
വനംവകുപ്പും സംഘ്പരിവാറും
നഗ്നമായ നിയമലംഘനങ്ങള്‍ സൃഷ്ടിച്ച പരവൂര്‍ദുരന്തത്തെ തുടര്‍ന്നാണല്ളോ വെടിക്കെട്ടിന്‍െറ കാര്യത്തില്‍ കോടതി ഇടപ്പെട്ടത്. ആന പരിപാലനവുമായും എഴുന്നള്ളിപ്പുമായും ബന്ധപ്പെട്ട് വനംവകുപ്പ് പഴയ സര്‍ക്കുലര്‍ പൊടിതട്ടി വീശിയതും ഈ പശ്ചാത്തലത്തില്‍തന്നെയാണ്. വെടിക്കെട്ട് ഭീകരമായി നടത്തേണ്ടതില്ളെന്ന അഭിപ്രായം പൂരംസംഘാടകരില്‍ ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ക്കുണ്ട് എന്നത് നിഷേധിക്കാനാവില്ല. ഓരോകൊല്ലവും വെടിക്കെട്ട് കഴിഞ്ഞാല്‍ വടക്കുന്നാഥ ക്ഷേത്രത്തിനും സമീപ കെട്ടിടങ്ങള്‍ക്കുമുണ്ടാകുന്ന നാശത്തിന്‍െറ കണക്കെടുത്താല്‍ വെടിക്കെട്ടിന്‍െറ തീവ്രത കുറക്കണമെന്ന അഭിപ്രായം തള്ളിക്കളയാനാവില്ല.
പൂരം വെടിക്കെട്ടപകടം ഇതുവരെയായി ഒമ്പതുപേരുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ടല്ളോ. ശബ്ദതീവ്രത കുറച്ച് വെടിക്കെട്ട് വര്‍ണാഭമാക്കാന്‍ ദേവസ്വം ഭാരവാഹികള്‍ മുന്‍കൈയെടുക്കേണ്ടകാലം കഴിഞ്ഞു. വെടിക്കെട്ടിന്‍െറ കാര്യത്തില്‍ സംഘ്പരിവാറിലെ ഭിന്നത മറനീങ്ങിയെന്നതാണ് പരവൂര്‍ മുതല്‍ പ്രതിഷേധ ഉപവാസംവരെ വ്യക്തമായത്. വെടിക്കെട്ട് നിരോധിക്കണമെന്നാണ് ആര്‍.എസ്.എസിന്‍െറ അഭിപ്രായം. ശ്രീനാരായണ ഗുരു വാക്യങ്ങള്‍ ഉദ്ധരിച്ച് കരിയും കരിമരുന്നും വേണ്ട എന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ഹരി അഭിപ്രായപ്പെട്ടത്. എന്നാല്‍, വെടിക്കെട്ട് നിരോധിക്കേണ്ടെന്നാണ് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍െറ അഭിപ്രായം. ഇവിടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും വോട്ടും തന്നെയാണ് ബി.ജെ.പിയും ഉന്നമിട്ടത് എന്നത് വ്യക്തം.
വനംവകുപ്പിന്‍െറ സര്‍ക്കുലറായിരുന്നു മറ്റൊരു പ്രകോപനം. വെടിക്കെട്ടിന് നിയന്ത്രണം വേണമെന്നപോലെതന്നെ ആനകളുടെ കാര്യത്തിലും ചില നിയന്ത്രണങ്ങള്‍ വരുത്താന്‍ പൂരം സംഘാടകര്‍ തയാറാവണം. 15 വീതമുള്ള ആനകളുമായി ഉച്ചക്കുള്ള പൂരം വരവ് അവസാനിക്കുമ്പോള്‍ ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലുമാവും. അത്രയുംനേരം ആ ആനകള്‍ കഠിന ചൂടേറ്റും മറ്റും നില്‍ക്കണം. പ്രസിദ്ധമായ തെക്കോട്ടിറക്കത്തിനെങ്കിലും ഈ ആനകളെ മാറ്റാന്‍ ദേവസ്വങ്ങള്‍ക്ക് കഴിയില്ളേ? അതുവഴി അവക്ക് വിശ്രമം നല്‍കിക്കൂടേ? തെക്കോട്ടിറക്കത്തിന് 15 ആനകള്‍ എന്നത് 11 ആക്കിയാലും ദൃശ്യഭംഗി ചോരില്ലല്ളോ? കുടമാറ്റവും ഭംഗിയായി നടക്കും. ആനകള്‍ക്ക് നില്‍ക്കാന്‍ നിലവിലുള്ളതിനെക്കാള്‍ സ്ഥലം ലഭിക്കുകയും ചെയ്യും. ഇക്കാര്യവും ദേവസ്വം ഭാരവാഹികള്‍ ഗൗരവപൂര്‍വം ചിന്തിക്കണം.
വനംവകുപ്പ് സര്‍ക്കുലറിലും മറ്റും പ്രതിഷേധിച്ച് വിഷുനാള്‍ തെക്കേ ഗോപുരനടയില്‍ നടന്ന പ്രതിഷേധ ഉപവാസത്തില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളൂം ആവേശപൂര്‍വം പങ്കെടുത്തു. തങ്ങളുടെ പിന്തുണയുണ്ടെന്ന് മാറിമാറി പ്രഖ്യാപിച്ചു. അതുവരെ രംഗത്തുവരാതിരുന്ന ബി.ജെ.പി അന്ന് ‘ഉജ്ജ്വല’ പ്രകടനം നടത്തി. തൃശൂര്‍ മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാര്‍ഥികളും സ്ഥലത്തത്തെി. ഉപവാസ വേദിവിട്ട് ആര് ആദ്യം പോകുമെന്ന ഉദ്വേഗവും അവരില്‍ പ്രകടമായി. പൂരത്തിന് തടസ്സമുണ്ടാക്കി ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുയര്‍ന്നു. ഒരു കോണ്‍ഗ്രസ് നേതാവ്, നിരോധിച്ച പൊട്ടാസ്യം ക്ളോറേറ്റ് അനുവദിക്കണമെന്നും അതിന് നിയമസഭയില്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും വരെ പ്രസംഗിച്ചുകളഞ്ഞു. കത്തുന്ന പുരയില്‍നിന്ന് ഊരുന്ന കഴുക്കോലായിരുന്നു ഇവരുടെയൊക്കെ ഉന്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.