മദ്യനയത്തിലെ തര്‍ക്ക വെടിക്കെട്ടുകള്‍

മദ്യവര്‍ജനമോ മദ്യനിരോധമോയെന്ന പൊരിഞ്ഞ തര്‍ക്ക വെടിക്കെട്ടിന്‍െറ   പുകയിലാണ് ജനം.  മദ്യം വര്‍ജിക്കുകയെന്നത്  വ്യക്തിയുടെയും സമൂഹത്തിന്‍െറയും മനസ്സിലുണ്ടാകേണ്ട നിലപാടാണ്. അത് പലരീതിയില്‍ സൃഷ്ടിക്കാം. ഈഥൈല്‍ ആള്‍ക്കഹോള്‍ എന്ന പദാര്‍ഥത്തിന്‍െറ  ആപദ്സാധ്യതകള്‍ തിരിച്ചറിഞ്ഞ് സ്വയം വര്‍ജിക്കാം. ഒഴിവാക്കാനുള്ള തീരുമാനം  ബോധവത്കരണത്തിലൂടെയും  വളര്‍ത്തിയെടുക്കാം.  മദ്യാസക്തി രോഗത്തിന് അടിപ്പെട്ടവരെ  ചികിത്സയിലൂടെ  പൂര്‍ണ  വര്‍ജനത്തിലേക്കുതന്നെയാണ് നയിക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാറിന്‍െറ അധികാരമുപയോഗിച്ച് നടപ്പിലാക്കുന്ന  മദ്യനിരോധവും നിയന്ത്രണങ്ങളുമൊക്കെ മദ്യവര്‍ജനത്തിനുള്ള ബാഹ്യപ്രേരണകള്‍തന്നെയാണ്. ഉള്‍ക്കാഴ്ചനേടി  സ്വയം തീരുമാനിച്ച് ഒഴിവാക്കുന്നത്ര ശക്തമാകില്ല ഇത്. അതുകൊണ്ട് സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തുമ്പോള്‍ അതിന്‍െറ സ്ഥാനത്ത് മറ്റ് ലഹരികളും വ്യാജമദ്യവും  കയറിവരുമെന്ന പാര്‍ശ്വഫലം കൃത്യമായി മനസ്സിലാക്കി അതിനെ പ്രതിരോധിക്കാനുള്ള പദ്ധതിയുണ്ടാകണം.  മറ്റു ലഹരികള്‍ വേരോടിയ ശേഷം പരിഹരിക്കാന്‍ ഇറങ്ങുന്നത് എളുപ്പത്തില്‍ ഫലംനല്‍കില്ല. ഇപ്പോഴത്തെ  കഞ്ചാവിന്‍െറ കടന്നുകയറ്റം ശ്രദ്ധിക്കുക.

മദ്യവര്‍ജന കര്‍മപരിപാടി കൃത്യമായ ഒരുക്കത്തോടെയും ശാസ്ത്രീയമായ പഠനത്തോടെയും  ചെയ്യേണ്ടതാണ്. കേരളീയ സാമൂഹിക ജീവിതക്രമത്തില്‍ ഒരു അനിവാര്യ ശീലമെന്നോണം കയറിപ്പറ്റാന്‍ മദ്യത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനെ ശക്തമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ളെന്നത് ഒരു യാഥാര്‍ഥ്യമാണ്. തെറ്റായ നയങ്ങള്‍ ഈ ശീലത്തെ കാര്യമായി  പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്. ഇതൊരു പരിമിതിയാണെങ്കിലും മദ്യത്തിന് എതിരെയുള്ള പോരാട്ടം  ലക്ഷ്യമാക്കേണ്ടത്   മദ്യവര്‍ജനംതന്നെയാണ്.  അതിനായി ഏതെല്ലാം നടപടി സ്വീകരിക്കുമെന്നതിലാണ് രാഷ്ട്രീയക്കാര്‍ തമ്മിലുള്ള  തര്‍ക്കം. ഇപ്പോള്‍ മദ്യനിരോധം ഇല്ളെന്ന സത്യംപോലും പലരും  മനസ്സിലാക്കുന്നില്ല. നിലവിലുള്ളത് സമ്പൂര്‍ണ  മദ്യനിരോധം എന്ന വാഗ്ദാനം മാത്രമാണ്. അത്  നടപ്പിലാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍  കാത്തിരിക്കണമെന്നതിലെ യുക്തിയും വ്യക്തമല്ല.  വാഗ്ദാനത്തിന്  ചേര്‍ന്ന കാര്യങ്ങളുമല്ല നടക്കുന്നത്.
 വീര്യം കുറഞ്ഞതെന്ന അനുഗ്രഹത്തോടെ ബിയര്‍-വൈന്‍ കേന്ദ്രങ്ങള്‍ വ്യാപകമായി തുറന്നതും അതിന്‍െറ വില്‍പന കുത്തനെ ഉയര്‍ന്നതും സമ്പൂര്‍ണ മദ്യനിരോധത്തിലേക്കുള്ള  ചുവടുവെപ്പല്ല. ബിയര്‍-വൈന്‍ മാന്യവത്കരണം  പുതിയ ഉപഭോക്താക്കളെ സൃഷ്ടിച്ചിട്ടുണ്ട്. അതിലേറെയും ചെറുപ്പക്കാരാണ്. ബിയര്‍ മദ്യമല്ളെന്ന പറച്ചില്‍പോലും വ്യാപകമാണ്. വേനലില്‍ ഉപയോഗിക്കുന്ന പാനീയമായി സ്ഥാനം നേടി ഇപ്പോള്‍ വില്‍പന പൊടി പൊടിക്കുകയാണെന്നാണ് വാര്‍ത്ത.  ബിയറിലൂടെ  ഈഥൈല്‍ ആള്‍ക്കഹോള്‍ രുചി ആസ്വദിക്കുന്നവരില്‍ ചിലരെങ്കിലും വീര്യംകൂടിയ മദ്യത്തിലേക്കും മദ്യാസക്തി രോഗത്തിലേക്കും  പോകുമെന്ന് ഉറപ്പാണ്. നാലും അഞ്ചും കുപ്പി ബിയര്‍ കുടിക്കുന്ന ഒരുവിഭാഗവും വളര്‍ന്നുവരുന്നുണ്ട്. അതിന്‍െറ ആരോഗ്യപ്രശ്നങ്ങള്‍ വേറെ. ഈ അപകടങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ മുന്നില്‍ക്കണ്ട് മദ്യവിരുദ്ധ സമിതികള്‍ ശക്തമായി  തടയാതിരുന്നത്  ചരിത്രപരമായ മണ്ടത്തമായി അവശേഷിക്കും.  ബാറുകള്‍  പൂട്ടിയെങ്കിലും ഇങ്ങനെ മറ്റൊരു രൂപത്തില്‍ ഈഥൈല്‍ ആള്‍ക്കഹോള്‍ ലഭ്യത കൂടിയെന്ന  വൈരുധ്യം അവഗണിക്കാനാവില്ല.
കുടുംബക്ഷേമം
മദ്യനിരോധ നടപടികളില്‍ ഒരു കുടുംബ ക്ഷേമതലം പ്രകടമായും ഉണ്ടാകണം. വിഷുദിനത്തിലും തിരുവോണനാളിലും ക്രിസ്മസ് ദിവസവും മറ്റു വിശേഷനാളുകളിലും ബെവ്കോ മദ്യ വില്‍പന കേന്ദ്രങ്ങള്‍  തുറന്നുവെച്ച്,  കുടുംബത്തോടൊപ്പം കഴിയേണ്ട ഗൃഹനാഥന്മാരെ  ക്യൂ നിര്‍ത്തി മദ്യം വാങ്ങിക്കാന്‍  പ്രേരണ നല്‍കുന്നത് മദ്യനിരോധത്തിന്‍െറ  തത്ത്വത്തിന് ചേര്‍ന്നതല്ല.
ഫൈവ് സ്റ്റാര്‍ ബാര്‍ ക്ളബ് സാഹചര്യം ഒഴികെയുള്ള  കുടികേന്ദ്രങ്ങളിലെ വീര്യംകൂടിയ മദ്യപാനം നിന്നു. അതൊരു നല്ല തുടക്കമാണ്.  എന്നാല്‍,  സര്‍ക്കാറിന്‍െറ മദ്യവില്‍പനശാലകളില്‍ പോയി ക്യൂ നില്‍ക്കാന്‍ തയാറുള്ളവന്  മദ്യലഭ്യതക്ക്  കുറവില്ല. ബിയര്‍-വൈന്‍ ലഭ്യത സുലഭം.  മലയാളിയുടെ സ്വതസിദ്ധമായ ദുരഭിമാനം കൊണ്ട് ക്യൂ നില്‍ക്കാന്‍ പോകാത്തവരും ബാറിലെ കുടിമുട്ടിയവരുമാണോ വീര്യം കൂടിയ മദ്യത്തിന്‍െറ  വില്‍പനയിലെ കുറവിന്‍െറ കാരണക്കാര്‍ എന്ന് പഠിക്കണം. ഇതില്‍നിന്ന് മദ്യാസക്തി രോഗത്തിലേക്ക് പോകുമായിരുന്ന കുറച്ചുപേര്‍ രക്ഷപ്പെടുമെന്ന ഗുണം തള്ളിക്കളയുന്നില്ല. സോഷ്യല്‍കുടി മാത്രമാണോ കുറഞ്ഞത്? അതുകൊണ്ടും അപകടനിരക്ക് കുറയും. ഗാര്‍ഹികപീഡനവും കുറയും. അത്രയും നല്ലത്. പക്ഷേ,  മദ്യവില്‍പന ശാലകളിലെ ക്യൂവിന്‍െറ നീളം തീര്‍ച്ചയായും കൂടിയിട്ടുണ്ട്. ബാറില്‍ പോയി കുടിച്ചിരുന്നവരില്‍ ഒരുവിഭാഗം കുപ്പി വാങ്ങി വീട്ടില്‍ കുടി  തുടങ്ങിയെന്ന വസ്തുതകൂടി പരിശോധിക്കണം. ശക്തമായ ബോധവത്കരണത്തിലൂടെ ഇത് തടയാന്‍ ശ്രമിച്ചിട്ടുമില്ല. മദ്യനയത്തിന്‍െറ ഫലങ്ങള്‍ വിലയിരുത്തേണ്ടത് സ്ഥാപിത താല്‍പര്യങ്ങള്‍ ആരോപിക്കാന്‍ ഇടയില്ലാത്ത പുറത്തുള്ള ഏജന്‍സിയാണ്. അത് നടത്തി മദ്യനയം പരിഷ്കരിക്കേണ്ടതാണ്.  തുടങ്ങിവെച്ചത് മുന്നോട്ടുപോവുക തന്നെ വേണം. ടൂറിസ മദ്യപാനം, ഉല്ലാസ മദ്യപാനം, കുടുംബ-ആഘോഷ മദ്യപാനം തുടങ്ങി പലവിധത്തില്‍ വേരോട്ടമുള്ള മദ്യപാനത്തിനെതിരെ ഒരുനയം നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍ നേരിടാന്‍  നല്ല തയാറെടുപ്പ് വേണം.
മദ്യനിരോധം ഒറ്റയടിക്ക് നടപ്പിലാക്കിയാല്‍ എന്താണ് പ്രശ്നം? രാഷ്ട്രീയക്കാര്‍ കൂടി ഉള്‍പ്പെടുന്ന സമൂഹം പൂര്‍ണമായും  മദ്യവര്‍ജനത്തിനുള്ള മൂഡില്‍ അല്ലായെന്നതാണ് ഒരു തടസ്സം. നിരോധം  വന്നാല്‍ വ്യാജമദ്യം ഒഴുകുമെന്ന ന്യായം നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍സംവിധാനത്തിന് കരുത്തില്ലായെന്ന  തുറന്നുപറച്ചിലാണ്. ആ കരുത്ത് ഇല്ളെങ്കില്‍ ഏതു നിയന്ത്രണവും വെടിക്കെട്ടിലെന്നപോലെ അട്ടിമറിക്കപ്പെടും. പൂട്ടിയ ബാര്‍ ഹോട്ടലുകളില്‍  ചെറുസംഘങ്ങള്‍ക്ക് വീര്യം കൂടിയത് ആസ്വദിക്കാനായി രഹസ്യമുറികള്‍ ഉണ്ടായത് ഒരു ഉദാഹരണം. ഇപ്പോള്‍ സംഭവിച്ചതുപോലെ  ഘട്ടംഘട്ടമായി പഞ്ച നക്ഷത്ര ബാറുകള്‍  കൂടിവരും. അതിനുള്ള നിബന്ധനകളിലെ  വെള്ളംചേര്‍ക്കല്‍  സമ്പൂര്‍ണ മദ്യനിരോധത്തെയും വര്‍ജനത്തെയും അട്ടിമറിക്കാനുള്ള പഴുതുകള്‍ ഉണ്ടാക്കുകയും ചെയ്യും. പ്രതിബദ്ധത ഇല്ലാതെ ചെയ്യുന്ന എന്തും ഒടുവില്‍ നിയമ ലംഘനത്തിനുള്ള വേദിയാകും. മദ്യത്തിന്‍െറ കാര്യത്തില്‍ പ്രത്യേകിച്ചും.
8000 കോടിയില്‍ എത്തിനില്‍ക്കുന്ന  വരുമാനം ഉപേക്ഷിക്കുന്നതില്‍ രാഷ്ട്രീയക്കാരനുള്ള വേവലാതി പ്രതിബദ്ധതയെ വെല്ലുവിളിക്കുന്ന ഘടകമാണ്. സംഭാവനക്കാരും ഒരു പ്രശ്നമാണ്.  ഇരുകൂട്ടരും ഒരു പോലെ ഉപയോഗിക്കുന്ന ‘ഘട്ടംഘട്ടം’ പ്രയോഗത്തില്‍ ഈ ആശയക്കുഴപ്പവും രാഷ്ട്രീയബുദ്ധിയുമാണ്  നിഴലിക്കുന്നത്.ഈ വരുമാനനഷ്ടത്തിന് പകരമായി എന്താണ് കണ്ടുവെച്ചിരിക്കുന്നതെന്ന  സാമ്പത്തികശാസ്ത്രത്തില്‍ അധിഷ്ഠിതമായ ചോദ്യം അവഗണിക്കാനാകുമോ? ശമ്പളം കൊടുക്കണ്ടേ? സര്‍ക്കാര്‍ ചെലവുകള്‍ നടക്കണ്ടേ? വോട്ട് ലക്ഷ്യമാക്കിയുള്ള ഒരു കളിക്കപ്പുറം ഈ മദ്യനയ  വിചാരത്തില്‍ ഒന്നുമില്ളെന്നാണ് മനസ്സ് പറയുന്നത്. അത്തരം ലക്ഷ്യങ്ങളില്ലാത്ത വീര്യംകൂടിയ മദ്യനയത്തിന് മാത്രമേ  കേരളത്തിലെ മദ്യ വിപത്തുകള്‍ തടയാനാകൂ. അതാര്‍ക്ക് ചെയ്യാനാകുമെന്ന ജനത്തിന്‍െറ ചോദ്യത്തിന് മുന്നില്‍ വാക്കുകള്‍ കൊണ്ടുള്ള   വെടിക്കെട്ടുകള്‍മാത്രം പോര. ഈ സാഹചര്യത്തില്‍ സ്വയം മദ്യം വര്‍ജിക്കുക. മദ്യാസക്തി രോഗത്തിലേക്കും ആരോഗ്യ പ്രശ്നങ്ങളിലേക്കും  പോകുന്നതിന്‍െറ ആദ്യലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഉറ്റവരെ എത്രയുംവേഗം പിന്തിരിപ്പിക്കുക. ഒരു സ്വപ്നംപോലെ വിദൂരമായ സമ്പൂര്‍ണ മദ്യനിരോധംവരെ അതിന് കാത്തിരിക്കേണ്ട. നമുക്കുമാകം ഒരു മദ്യനയം.
(ലേഖകന്‍ കൊച്ചിയിലെ മാനസികാരോഗ്യ
വിദഗ്ധനാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.