2017 മേയ് മാസം മാധ്യമങ്ങളിൽ വന്ന, മലയാള സിനിമാ ലോകത്തെ കുറച്ച് സ്ത്രീകൾ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം നിൽക്കുന്ന ഒരു ചിത്രം നമ്മളെല്ലാവരും തെല്ല് കൗതുകത്തോടെയാണ് കണ്ടത്. അവർ ആരെയും വ്യക്തിപരമായി പരിചയമില്ലായിരുന്നു എന്ന് മാത്രമല്ല, സിനിമകൾ അധികം കാണാത്ത ഒരാളായതുകൊണ്ട് പലരുടെയും പേരുപോലും എനിക്കറിയില്ലായിരുന്നു. ആ സ്ത്രീകൾ ഒരുമിച്ചുവന്ന് മുഖ്യമന്ത്രിയെ കാണാൻ ഒരു കാരണമുണ്ടായിരുന്നു.
തങ്ങളുടെ സഹപ്രവർത്തകക്കെതിരെ നടന്ന ഒരു അതിക്രമത്തിനെതിരെയാണ് അവർ അന്ന് ചേർന്നുനിന്നത്. അന്ന് ആ ചിത്രം കണ്ടപ്പോൾ വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) ഒരു നിർണായക മുന്നേറ്റമായി മാറിയേക്കുമെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടാവുമോ എന്ന് ഉറപ്പില്ല. പക്ഷേ, ഏതാനും മാസങ്ങളിൽ നമുക്ക് ഒരു കാര്യം മനസ്സിലായി. അവരുടെ തൊഴിലിടത്തിൽ, അതായത് സിനിമാ വ്യവസായ മേഖലയിൽ സുരക്ഷിതത്വവും തുല്യതയും സാധ്യമാക്കാനായി പോരാടാനുറച്ചവരായിരുന്നു ആ സ്ത്രീകളെന്ന്.
അതായത്, നമ്മൾ കൗതുകത്തോടെ നോക്കിയ ആ ചിത്രം കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, അന്താരാഷ്ട്ര തലത്തിൽത്തന്നെ ഉറ്റുനോക്കപ്പെടുന്ന അത്യന്തം നിർണായകമായ ഒരു സ്ത്രീപക്ഷ മുന്നേറ്റത്തിന്റെ സമാരംഭമായിരുന്നു. ആ പോരാട്ടം ഒട്ടുംതന്നെ എളുപ്പമുള്ള ഒന്നായിരുന്നില്ല. എന്തായാലും സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ഡബ്ല്യു.സി.സി ഇത്രയുംകാലം പറഞ്ഞിരുന്ന കാര്യം സത്യമായിരുന്നുവെന്ന് പൊതുസമൂഹത്തിന് വ്യക്തമായിരിക്കുന്നു. പുരോഗമനാത്മകമായ സിനിമകളൊരുക്കുന്ന മലയാള സിനിമാ വ്യവസായ രംഗത്തിന് അസമത്വവും അരക്ഷിതത്വവും നിറഞ്ഞ ഒരു മുഖമുണ്ട് എന്ന സത്യം പുറത്തുവന്നിരിക്കുകയാണ്.
ഡബ്ല്യു.സി.സി മാറ്റിയത് മലയാള സിനിമയെ മാത്രമല്ല, മലയാള മാധ്യമങ്ങളെക്കൂടിയാണ്. ആ മാറ്റം എന്തായിരുന്നു എന്നറിയാൻ 2017ൽ സിനിമാ മേഖലയിലുണ്ടായ നിഷ്ഠൂര സംഭവം തന്നെ പരിശോധിച്ചാൽ മതി. അന്ന് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ ഒരേ സമയം അതിജീവിതയുടെയും ആരോപിതന്റെയും ഒപ്പം നിന്നതിനെ നമ്മൾ എല്ലാവരും പരിഹസിച്ചു. പക്ഷേ, മലയാളക്കരയിലെ മാധ്യമങ്ങളും പലഘട്ടങ്ങളിലും സമാനമായ രീതിയിൽത്തന്നെയാണ് പെരുമാറിയിരിക്കുന്നത്.
അതായത്, ഒരേ സമയം വേട്ടക്കാരനും ഇരയോടും ഒപ്പം! നമ്മുടെ ജേർണലിസം സ്കൂളുകൾ പണ്ടുമുതൽക്കേ പഠിപ്പിച്ചുവരുന്ന ഇതേ ശൈലിയിലാണ് സ്ത്രീകൾക്കുനേരെ അതിക്രമങ്ങൾ നടന്നാലും റിപ്പോർട്ടിങ് നടക്കാറ്. പണത്തിന്റെയും പദവിയുടെയും അധികാര ബലത്തിന്റെയും കാര്യത്തിൽ ഇരയും വേട്ടക്കാരും തുല്യരല്ല, വേട്ടക്കാരന് തന്റെ താൽപര്യത്തിനനുസരിച്ച് കാര്യങ്ങൾ നടത്തിയെടുക്കാനുള്ള ശേഷിയുണ്ട് എന്ന കാര്യം ജനങ്ങളോട് പറയുന്നതിൽ ഏറിയ പങ്ക് മാധ്യമങ്ങളും ഉപേക്ഷ പുലർത്തുന്നു.
2017ൽ ദിലീപ് കേസ് ഉണ്ടായ ഘട്ടത്തിൽ ആദ്യത്തെ ഒന്നു-രണ്ട് വർഷം ഏതാണ്ടെല്ലാ മാധ്യമങ്ങളും ഇതുപോലെയാണ് വാർത്തകൾ നൽകിയിരുന്നത്. എന്തുകൊണ്ടാണ് സ്ത്രീകൾ നിരന്തരം ചൂഷണത്തിന് വിധേയരാകേണ്ടിവരുന്നത് എന്ന ചോദ്യത്തിനുപകരം പലപ്പോഴും സ്ത്രീകളോടാണ് ചോദ്യങ്ങളുയർത്തിയിരുന്നത്. വിസമ്മതം, അനുമതി (കൺസെന്റ് ) ഇതൊന്നും നമുക്ക് പണ്ട് ഒരു വിഷയമേ ആയിരുന്നില്ല.
പക്ഷേ, കഴിഞ്ഞ വർഷങ്ങളിൽ നമ്മുടെ മാധ്യമ ഭാഷക്കുതന്നെ മാറ്റമുണ്ടായി. 2024ൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചകളിലും ആക്രമികളും ആക്രമിക്കപ്പെട്ടവരും ഒരുമിച്ച് വരുന്നുണ്ടെങ്കിൽപോലും ആ ചർച്ചകളിൽ ഇടപെടുന്ന മാധ്യമ പ്രവർത്തകർക്ക് കൃത്യമായി പറയാം, ആരാണ് ശക്തർ, ആരാണ് ശക്തിയും അധികാര പിൻബലവുമില്ലാത്തവർ എന്ന്. ആരുടെ ഭാഗത്താണ് നീതി എന്ന് പറയാനാവുന്നുണ്ട്. ഈ മാറ്റം സാധ്യമാക്കുന്നതിൽ ഡബ്ല്യു.സി.സി മുന്നോട്ടുവെച്ച രാഷ്ട്രീയത്തിനൊപ്പം മലയാള മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന എണ്ണമറ്റ വനിതകളും അവരുടെ പുരുഷ സഖാക്കളും വലിയ പങ്കുവഹിച്ചു.
സിനിമാ വ്യവസായത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഇവിടത്തെ ന്യൂസ് റൂമുകളിൽ സ്ത്രീകളും ലിംഗ ന്യൂനപക്ഷങ്ങളും സുരക്ഷിതരാണോ?
2018ലെ മീ ടൂ മൂവ്മെന്റ് കാലത്ത് മലയാള മാധ്യമ ലോകത്തെ ചിലർക്കെതിരെ ലൈംഗിക പീഡനത്തിന്റെയും ചൂഷണത്തിന്റെയും നിരവധി പരാതികൾ ഉയർന്നിരുന്നു. എന്നിട്ടും അവരിൽ പലരും അവരുടെ സ്ഥാനങ്ങളിൽ തുടർന്നു എന്നു മാത്രമല്ല, സ്ത്രീകൾ നീതിയും സുരക്ഷയും ലഭിക്കാതെ ന്യൂസ് റൂം വിട്ടിറങ്ങിപ്പോകേണ്ടിവരുകയും പീഡന-ചൂഷണാരോപണ വിധേയർ സ്ഥാനക്കയറ്റങ്ങൾ നേടിയെടുക്കുകയും ചെയ്തു.
ഞാൻ കൂടി ഭാഗമായ വനിതാ മാധ്യമ കൂട്ടായ്മയായ നെറ്റ്വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ (എൻ.ഡബ്ല്യു.എം.ഐ) കുറഞ്ഞത് രണ്ട് ലൈംഗിക കുറ്റകൃതങ്ങളിൽ ആരോപണ വിധേയനായ ഒരു മാധ്യമ പ്രവർത്തകനെ ഒരു സ്ഥാനത്തുനിന്ന് മാറ്റാൻ പലപ്രാവശ്യം ശ്രമിച്ചിട്ടുപോലും അദ്ദേഹം വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അതേ സ്ഥാനത്തുതന്നെ തുടരുന്നു. നിങ്ങൾക്കിടയിലെ പീഡനാരോപണ വിധേയരെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ഈയിടെ ഒരു സിനിമാ സംവിധായകൻ മാധ്യമങ്ങളോട് ചോദിച്ചിരുന്നു. തീർച്ചയായും ചിന്തിക്കേണ്ട കാര്യം തന്നെയാണിത്.
2022ൽ, ന്യൂസ് ലോൺട്രിയും ഐക്യരാഷ്ട്ര സഭയുടെ വനിതാ സംഘടനയും ചേർന്ന് നടത്തിയ സർവേയിൽ, ഇന്ത്യയിലെ പ്രമുഖ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളുടെ ഉന്നത പത്രാധിപ തസ്തികകളിൽ 87 ശതമാനവും പുരുഷന്മാരാണെന്നാണ് കണ്ടെത്തിയത്. മലയാളത്തിലെ അവസ്ഥയും ഇതിൽനിന്ന് ഭിന്നമാവാനിടയില്ല. ന്യൂസ് റൂമുകൾ സ്ത്രീകളെ ഉയർന്നുവരാൻപോലും അനുവദിക്കാത്ത സാഹചര്യത്തിൽ മറ്റുകാര്യങ്ങളും അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കണം.
നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും അവർക്ക് ലഭിച്ച ലൈംഗിക പീഡന പരാതികളുടെ വാർഷിക ഡേറ്റ നൽകണമെന്ന് 2018ൽ സെബി ആവശ്യപ്പെട്ടിരുന്നു. 300 കമ്പനികളിൽ നിന്ന് ലഭിച്ച കണക്കുകളനുസരിച്ച് ഇത്തരം പരാതികൾ കുത്തനെ വർധിച്ചതായി കാണുന്നു. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയൽ നിയമം (POSH act) നിലവിൽവന്ന 2013-14ൽ 161 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2022-23 ആയപ്പോഴേക്കും ഇത് 1160 ആയി.
90 ദിവസത്തിനകം പരിഹാരമുണ്ടാക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ടെങ്കിലും പ്രതിവർഷം 12-20 ശതമാനം പരാതികൾ മാത്രമാണ് പരിഹരിക്കപ്പെടുന്നത്. ആയിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് പ്രവർത്തിക്കുന്ന ബി.ജെ.പി, കോൺഗ്രസ്, ഇടത് പാർട്ടികൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾക്ക് ലൈംഗിക പീഡന പരാതികൾ പരിശോധിക്കാൻ ഇന്റേണൽ കമ്മിറ്റികളില്ല. അസംഖ്യം ദലിത്, ആദിവാസി, മുസ്ലിം സ്ത്രീകൾ ജോലി ചെയ്യുന്ന രാജ്യത്തെ അസംഘടിത മേഖലയിലും ഇതുതന്നെ സ്ഥിതി.
ഡബ്ല്യു.സി.സി പോലൊരു മുന്നേറ്റം എല്ലാ മേഖലയിലും വരണമെന്ന് ആഗ്രഹിക്കാമെങ്കിലും മാധ്യമങ്ങളിലുൾപ്പെടെ അത് യാഥാർഥ്യമാവാനുള്ള സാധ്യതയില്ല. ഒരുമിച്ചുനിന്ന് ചോദ്യം ചോദിക്കാനുള്ള ശക്തിയും പദവിയും പിന്തുണയും ദൃശ്യതയും എല്ലാവർക്കുമുണ്ടാവില്ല എന്നതു തന്നെ കാരണം.
വ്യക്തമായ അധികാര ശ്രേണിയുള്ള ഇടങ്ങളിൽ തങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നു പറയാൻ സ്ത്രീകൾ ഭയപ്പെട്ടിരുന്നു. സ്ത്രീകളെ തുറന്നുസംസാരിക്കാൻ പ്രാപ്തരാക്കുന്ന ചർച്ചക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വഴിയൊരുക്കിയത്. ചില സ്ത്രീകൾ ധൈര്യസമേതം മുന്നോട്ടുവന്നത് മറ്റുള്ളവർക്കും ധൈര്യം പകർന്നിരിക്കുന്നു. ഡബ്ല്യു.സി.സി തുടങ്ങിവെച്ച സംവാദത്തിന്റെ അലയൊലികൾ ഓരോ സ്ത്രീക്കും സുരക്ഷിതമായി പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്ന തരത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ ഓരോ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും തീർച്ചയായും ബാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.