രഘുറാം രാജന്‍  കണ്ണു തുറപ്പിക്കുമ്പോള്‍ 


തന്‍െറ പല മുന്‍ഗാമികളെക്കാള്‍ വളരെ വ്യത്യസ്തനാണ് നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഒരു വിദേശ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ വിവാദത്തിന്‍െറ കേന്ദ്ര ബിന്ദുവാക്കിയത്. ആഗോള സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച് അദ്ദേഹത്തിന്‍െറ ഉപമ സാമ്പത്തികവളര്‍ച്ചയെ ചൊല്ലി ഊറ്റംകൊള്ളുന്ന കേന്ദ്രസര്‍ക്കാറിനും ധനമന്ത്രിക്കും കടുത്ത പ്രഹരമായി. അതുകൊണ്ടുതന്നെ കടന്നല്‍ക്കൂട്ടില്‍ കല്ലിട്ടതുപോലെയായിരുന്നു പിന്നീടുള്ള പ്രതികരണങ്ങള്‍.

‘കുരുടസാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവ്’ എന്നാണ് ഇന്ത്യയെ അദ്ദേഹം വിശേഷിപ്പിച്ചത്. രാജന്‍െറ വാക്കുകള്‍ക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വാണിജ്യകാര്യമന്ത്രി നിര്‍മല സീതാരാമനും രംഗത്തുവരുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം നാഷനല്‍ സ്കൂള്‍ ഓഫ് ബാങ്ക് മാനേജ്മെന്‍റിലെ വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കവെ തന്‍െറ പ്രതികരണത്തില്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ക്ഷമ ചോദിച്ചു, രാജ്യത്തെ കുരുടന്മാരോട്. തുടര്‍ന്ന് അദ്ദേഹം തന്‍െറ പ്രതികരണത്തെ ന്യായീകരിച്ച് നടത്തിയ വിശദീകരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലോകത്തെ എണ്ണപ്പെട്ട സാമ്പത്തികശക്തിയായി ഇന്ത്യ കുതിക്കുന്നു എന്ന അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടലായി.

എന്നാല്‍, രാജന്‍ പറഞ്ഞ കാര്യങ്ങള്‍ പുതിയതൊന്നുമല്ല. പല സ്വതന്ത്ര സാമ്പത്തിക വിദഗ്ധരും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന്‍െറ ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍തന്നെ അത് തുറന്നു പറഞ്ഞുവെന്നതാണ് ഇപ്പോഴത്തെ വ്യത്യാസം.ലോകം സാമ്പത്തികമാന്ദ്യത്തിന്‍െറ പിടിയില്‍ അകപ്പെട്ടതുമുതല്‍ ചൈനക്കൊപ്പം ഇന്ത്യയും ലോക സമ്പദ്വ്യവസ്ഥയിലെ താരമായി. സാമ്പത്തികവളര്‍ച്ച നിലനിര്‍ത്തിയ രാജ്യങ്ങള്‍ എന്നനിലയിലായിരുന്നു ഇത്. എന്നാല്‍, ഇപ്പോള്‍ ചൈനയെയും മറികടന്ന് ഇന്ത്യ കുതിക്കുന്നുവെന്നാണ് അവകാശവാദം. ഇതിനെതിരെയായിരുന്നു ആര്‍.ബി.ഐ ഗവര്‍ണറുടെ പ്രതികരണം.

ഇന്ത്യയുടെ മൊത്ത വാര്‍ഷിക ഉല്‍പാദനത്തിലെ വളര്‍ച്ച 7.5 ശതമാനമായതാണ് ലോക സമ്പദ്വ്യവസ്ഥയിലെ ചക്രവര്‍ത്തിയായി ഇന്ത്യ സ്വയം അവരോധിക്കാന്‍ കാരണം. ഈ 7.5 ശതമാനം വളര്‍ച്ച എന്നാല്‍ എത്രയെന്നതാണ് പ്രശ്നം. അമേരിക്കയുടെയോ മറ്റ് ഏതെങ്കിലും സമ്പന്നരാജ്യത്തിന്‍െറയോ സമ്പദ്വ്യവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വളരെ ചെറുതാണ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ. ചൈനയുമായിപോലും ഇക്കാര്യത്തില്‍ ഇന്ത്യയെ താരതമ്യം ചെയ്യാന്‍ കഴിയില്ല. 2016ല്‍ പുറത്തുവന്ന ഏറ്റവും പുതിയ കണക്കുപ്രകാരം 19 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ വാര്‍ഷിക ആഭ്യന്തര മൊത്ത ഉല്‍പാദനം. 
ചൈനയുടേത് 12 ലക്ഷം കോടി ഡോളറും. ഇക്കാര്യത്തില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉല്‍പാദനം വെറും 2.5 ലക്ഷം കോടി ഡോളര്‍ മാത്രമാണ്. വലുപ്പത്തിന്‍െറയും ജനസംഖ്യയുടെയും കാര്യത്തില്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെയത്ര മാത്രം വരുന്ന ജപ്പാന് 4.3 ലക്ഷം കോടി ഡോളറിന്‍െറ ആഭ്യന്തര മൊത്ത ഉല്‍പാദനമുണ്ട്. ഇറ്റലിക്ക് രണ്ടു ലക്ഷം കോടി ഡോളറും. സമ്പദ്വ്യവസ്ഥകള്‍ തമ്മിലെ അന്തരം ഇത്ര ഭീമമായിരിക്കെയാണ് സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ ഇന്ത്യ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്.

ആഭ്യന്തര മൊത്ത ഉല്‍പാദനം അടിസ്ഥാന മാക്കിയുള്ള സാമ്പത്തികവളര്‍ച്ച ഒരു രാജ്യത്തിന്‍െറ സാമ്പത്തിക പ്രകടനത്തിന്‍െറ  അളവുകോല്‍ മാത്രമാണ്. എന്നാല്‍, ഒരു രാജ്യം സാമ്പത്തികശക്തിയായി ഗണിക്കപ്പെടുന്നത് ആ രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക അവസ്ഥ എന്ത് എന്നതിനെ ആശ്രയിച്ചിരിക്കും. 
ഈ മാനദണ്ഡം പരിഗണിക്കപ്പെടുമ്പോള്‍ ഇന്ത്യ അമ്പേ പരാജയപ്പെടുകയാണ്. ഇതു മാറണമെന്ന് ആവശ്യപ്പെടുകയാണ് ഇന്ത്യയെ കുരുട സാമ്രാജ്യത്തിലെ ഒറ്റക്കണ്ണന്‍ രാജാവ് എന്ന് വിശേഷിപ്പിക്കുകവഴി ആര്‍.ബി.ഐ ഗവര്‍ണര്‍ ചെയ്യുന്നത്.രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക അവസ്ഥ കൂടുതല്‍ വ്യക്തമായി പ്രതിഫലിക്കുക പ്രതിശീര്‍ഷ ഉല്‍പാദനത്തിലോ പ്രതിശീര്‍ഷ വരുമാനത്തിലോ ആണ്. ഈ മാനദണ്ഡം അനുസരിച്ച് പരിശോധിക്കപ്പെടുമ്പോള്‍ ലോക സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ താഴേക്ക് പതിക്കും. പ്രതിശീര്‍ഷ ഉല്‍പാദനം കണക്കിലെടുത്താല്‍ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടത്തില്‍പോലും ഇന്ത്യയുടെ സ്ഥാനം വളരെ താഴെയാണ്. ഇന്ത്യയെക്കാള്‍ ജനസംഖ്യയുള്ള ചൈനയുടെ പ്രതിശീര്‍ഷ വാര്‍ഷിക ഉല്‍പാദനം 7590 ഡോളറാണ്. അതേസമയം, ഇന്ത്യയുടേത് 1582 ഡോളറും.

ദാരിദ്ര്യമാണ് സാമ്പത്തികശക്തിയുടെ മറ്റൊരു അളവുകോല്‍. ഇക്കാര്യത്തിലും ഇന്ത്യയുടെ സ്ഥിതി വളരെ പരിതാപകരമാണ്. രാജ്യത്തെ മൂന്നിലൊരാള്‍ ഇന്നും കടുത്ത ദാരിദ്ര്യത്തിലാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍തന്നെ പറയുന്നത്. ഇപ്പോള്‍ നാം ആവേശംകൊള്ളുന്ന 7.5 ശതമാനം വളര്‍ച്ച അടുത്ത 20 കൊല്ലം തുടര്‍ച്ചയായി ആവര്‍ത്തിച്ചാലേ ഓരോ ഇന്ത്യക്കാരനും മാന്യമായൊരു ജീവിതം നല്‍കാന്‍ കഴിയൂ. എന്നാല്‍, ഒരു വേനലിന്‍െറ കാഠിന്യം അല്‍പംകൂടിയാല്‍ വാടിക്കരിയുന്നതാണ് ഇന്ത്യയുടെ ജനസംഖ്യയിലെ 75 ശതമാനം വരുന്ന കര്‍ഷകരുടെ ജീവിതം. ഇന്നും ഇവര്‍ക്ക് പ്രകൃതിയുടെ കനിവിനെ ആശ്രയിക്കാതെ കൃഷിക്ക് ആവശ്യമായ വെള്ളംപോലും ലഭ്യമാക്കാന്‍ നമുക്ക് കഴിയുന്നില്ല. എന്നാല്‍, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ചൈന ഈ കാര്യങ്ങളിലെല്ലാം നമ്മെ ബഹുദൂരം പിന്നിലാക്കി.

1960കളില്‍ ഇന്ത്യയേക്കാള്‍ ചെറുതായിരുന്നു ചൈനയുടെ സമ്പദ്വ്യവസ്ഥ. എന്നാല്‍, ഇന്ന് ഇത് ഇന്ത്യയേക്കാള്‍ അഞ്ചു മടങ്ങായി വര്‍ധിച്ചുകഴിഞ്ഞു. ശരാശരി ചൈനക്കാരന്‍ ഇന്ത്യക്കാരനെക്കാള്‍ നാലു മടങ്ങ് സമ്പന്നനുമാണ്.ഈ വസ്തുതകളില്‍ ഊന്നിയാണ് ലോക സമ്പദ്വ്യവസ്ഥയില്‍ ഏറ്റവും തിളക്കമുള്ള താരമാണ് ഇന്ത്യയെന്ന മിഥ്യ രഘുറാം രാജന്‍ തകര്‍ക്കുന്നത്. അത് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നനിലയില്‍ മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. ഒരു യഥാര്‍ഥ ഇന്ത്യക്കാരന്‍ എന്നനിലയില്‍ കൂടിയാണ്. ഉള്ളില്‍ ചിരിച്ചു കൊണ്ടാണെങ്കിലും പാശ്ചാത്യരാജ്യങ്ങള്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ പിന്താങ്ങും. ഇന്ത്യപോലുള്ള വിശാലമായൊരു വിപണി തുറക്കുന്നതിനുള്ള താക്കോല്‍ ലഭിക്കുമെന്ന ഒറ്റക്കാരണം മാത്രമാണ് അവരുടെ കൈയടികള്‍ക്ക് പിന്നിലുള്ളത്.
ഈ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ ആര്‍.ബി.ഐ ഗവര്‍ണറെ കല്ളെറിയുകയല്ല വേണ്ടത്. പകരം കുരുടസാമ്രാജ്യത്തിലെ രാജാക്കന്മാര്‍ കണ്ണുകള്‍ തുറക്കണം. യഥാര്‍ഥ വസ്തുതകള്‍ കാണാന്‍.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.