സൂര്യാതപവും ആരോഗ്യപ്രശ്നങ്ങളും

ഈ വര്‍ഷം ഫെബ്രുവരി അവസാനത്തോടെതന്നെ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുകയും കേരളത്തിലെ പല ജില്ലകളിലും സൂര്യാതപമേറ്റുള്ള പൊള്ളലും അനുബന്ധമരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇവ തടയാന്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങളില്‍ ജാഗ്രതപുലര്‍ത്തിയിരിക്കണം.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതത്തേുടര്‍ന്ന് ശരീരത്തിന്‍െറ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും യഥാസമയം ചികിത്സിച്ചില്ളെങ്കില്‍ മരണംവരെയും സംഭവിക്കുന്ന അവസ്ഥയാണ് യാണ് സൂര്യാഘാതം അല്ളെങ്കില്‍ ഹീറ്റ് സ്ട്രോക് എന്ന് പറയുന്നത്. ഇതിനെ പ്രതിരോധിക്കാനായി എന്തെല്ലാം കാര്യങ്ങളാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.
ശരീരതാപനില വളരെയധികം ഉയര്‍ന്നും (103 F.ന് മുകളില്‍) ശരീരം വറ്റിവരണ്ട് ചുവന്ന് ചൂടായനിലയിലും കാണുന്നതോടൊപ്പം നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പും ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാവുന്ന വ്യതിയാനങ്ങള്‍, തുടര്‍ന്നുണ്ടാവുന്ന അബോധാവസ്ഥ എന്നിവ സൂര്യാതപത്തിന്‍െറ ലക്ഷണങ്ങളാണ്.
യഥാസമയം ശരിയായചികിത്സ ലഭിച്ചില്ളെങ്കില്‍ മരണം വരെ സംഭവിക്കാവുന്നതാണ്. അതിനാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടുകയും ചെയ്യേണ്ടതാണ്.
സൂര്യാതപത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് ശരീരതാപശോഷണം. കനത്തചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണിത്. ചൂടുകാലാവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്തസമ്മര്‍ദം മുതലായ മറ്റു രോഗമുള്ളവരിലുമാണ് ഇത് അധികമായി കണ്ടുവരുന്നത്. കൂടാതെ, കൊച്ചുകുട്ടികളിലും അമിതവണ്ണമുള്ളവരിലും അപകടസാധ്യത കൂടുതലാണ്.
ശക്തിയായ വിയര്‍പ്പ്, ക്ഷീണം, തലവേദന, തലകറക്കം, വിളര്‍ത്തശരീരം, പേശീവലിവ്, ഓക്കാനം, ഛര്‍ദി, ബോധംകെട്ടുവീഴുക തുടങ്ങിയവയാണ് ശരീരതാപശോഷണത്തിന്‍െറ പ്രാരംഭലക്ഷണങ്ങള്‍. ശരീരം തണുത്ത അവസ്ഥ, വേഗത്തിലുള്ളതും ശക്തി കുറഞ്ഞതുമായ നാഡിമിടിപ്പ്, ശ്വസനനിരക്ക് വധിക്കുക തുടങ്ങിയവയും അനുഭവപ്പെടാം. ശരിയായരീതിയില്‍ ചികിത്സിച്ചില്ളെങ്കില്‍ രോഗാവസ്ഥ തീവ്രമാവുകയും സൂര്യാഘാതത്തിന്‍െറ അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്യുന്നതാണ്.
 നേരിട്ട് വെയില്‍ ഏല്‍ക്കുന്ന മുഖം കഴുത്തിന്‍െറ പിന്‍വശം, കൈകളുടെ പുറംഭാഗം, നെഞ്ചിന്‍െറ പുറംഭാഗം എന്നീ ശരീരഭാഗങ്ങളില്‍ വെയിലേറ്റ് ചുവന്ന് തടിക്കുകയും തുടര്‍ന്ന് വേദനയും പൊള്ളലും ഉണ്ടാകുകയാണ് ചെയ്യുന്നത്. ചിലര്‍ക്ക് തീപൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ഡോക്ടറെ കണ്ട് ചികിത്സയെടുക്കേണ്ടതാണ്.
കൂടുതല്‍സമയം വെയിലത്ത് ചെലവഴിക്കുന്നതും ജോലി ചെയ്യുന്നതും ഒഴിവാക്കണം. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍തന്നെ വെയിലത്തുനിന്ന് മാറിനില്‍ക്കുകയും തണുത്ത വെള്ളംകൊണ്ട് ശരീരം തുടയ്ക്കുകയും കൈകാലുകളും മുഖവും കഴുകുകയും പറ്റുമെങ്കില്‍ കുളിക്കുകയും ചെയ്യണം. ധാരാളം വെള്ളം കുടിക്കണം. പൊള്ളിയഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കാതിരിക്കാനും എത്രയുംപെട്ടെന്ന് ഡോക്ടറെക്കണ്ട് ചികിത്സയെടുക്കുകയും വേണം.
കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലമാണ് ഇതുണ്ടാകുന്നത്. കൈകാലുകളിലും ഉദരപേശികളിലുമാണ്  കൂടുതലായി പേശീവലിവ് അനുഭവപ്പെടുന്നത്. പേശീവലിവ് അനുഭവപ്പെടുകയാണെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് വെയിലേല്‍ക്കാതെ തണുപ്പുള്ള സ്ഥലത്തേക്ക് മാറേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങാവെള്ളം, കരിക്കിന്‍വെള്ളം എന്നിവ ധാരാളമായി കുടിക്കണം. ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജോലി തുടരാതിരിക്കുക. കുറച്ച് സമയത്തിനുശേഷവും ആശ്വാസം തോന്നുന്നില്ളെങ്കില്‍ ഡോക്ടറെ കാണണം.


(ആരോഗ്യവകുപ്പ് ഡയറക്ടറാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.