ആ സ്വാതന്ത്ര്യം മുഖ്യമന്ത്രിക്കുണ്ടോ?

ഈയിടെ കെ. വിജയരാഘവന്‍ സ്മാരക മാധ്യമ പുരസ്കാരദാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു അഭിപ്രായപ്രകടനം ശ്രദ്ധേയമായിരുന്നു. ‘നിങ്ങള്‍ക്ക്  എന്തെഴുതാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പറയാനും പറയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുമുണ്ട്’. വാസ്തവത്തില്‍ പ്രഥമദൃഷ്ട്യാ ഒരു കുഴപ്പവും കാണാനാവാത്ത അഭിപ്രായമാണിത്.   പിണറായി വിജയന്‍ എന്ന വ്യക്തിക്കും ഒരു പരിധിവരെ സി.പി.എം നേതാവിനും ഈ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്ക് ആ സ്വാതന്ത്ര്യമില്ല.  ജനാധിപത്യത്തില്‍ ചോദ്യം ചെയ്യപ്പെടാനും ഉത്തരം പറയാനും എല്ലാ ബാധ്യതയും ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന അധികാരിക്കുണ്ട്. ആ അധികാരി  രാജാവില്‍നിന്നും  മറ്റ് സ്വേച്ഛാധികാരികളില്‍  നിന്നും  വ്യത്യസ്തനാകുന്നത് അങ്ങനെയാണ്.  

പിണറായി, മുഖ്യമന്ത്രിയായ ഉടന്‍ ആദ്യം അവസാനിപ്പിച്ചത് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം വര്‍ഷങ്ങളായി നടത്തിയിരുന്ന പത്രസമ്മേളനമാണ്.  വേറെ പത്രസമ്മേളനങ്ങളുമില്ല.  എവിടെയെങ്കിലും വെച്ച് ടി.വിക്കാര്‍ കഷ്ടപ്പെട്ട് മുന്നിലത്തെി  വല്ലതും നേരിട്ട് ചോദിച്ചാല്‍ ഒന്നുകില്‍ ഒരുവാക്ക്, അല്ളെങ്കില്‍ നിശ്ശബ്ദത അതുമല്ളെങ്കില്‍ രോഷപ്രകടനം. ഒരു മാതിരിപ്പെട്ട ആരും പേടിച്ച് പിന്നെ ആ വഴി പോകില്ല. വാസ്തവത്തില്‍ ബുധനാഴ്ചയിലെ  മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നടന്നില്ളെങ്കില്‍ ഭരണം ദുര്‍ഭരണമാകുമെന്നോ, ജനാധിപത്യം അറബിക്കടലിലാകുമെന്നോ അല്ല വിവക്ഷ. അങ്ങനെയായിരുന്നെങ്കില്‍ ബുധനാഴ്ച മാത്രമല്ല, എവിടെയും എപ്പോഴും  പത്രക്കാര്‍ക്ക് പ്രാപ്യനായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ കാലം ജനാധിപത്യത്തിന്‍െറയും സദ്ഭരണത്തിന്‍െറയും സുവര്‍ണകാലമായിരുന്നിരിക്കണമല്ളോ.  മാത്രമല്ല, എന്ത് സംഭവിച്ചാലും എന്ത് ചോദ്യം വന്നാലും തനിക്ക് തോന്നുന്ന ഒരു കഥ തട്ടിവിടുകയായിരുന്നുവല്ളോ ആ മുഖ്യമന്ത്രിയുടെ പതിവ്.  തന്‍െറ ഓഫിസില്‍ 24  മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെബ് കാമറ സ്ഥാപിച്ച ചാണ്ടിയുടെ തീരുമാനം ‘ന്യൂയോര്‍ക് ടൈംസ്’ അടക്കമുള്ള വിദേശമാധ്യമങ്ങള്‍ വരെ പ്രകീര്‍ത്തിച്ചു.  പക്ഷേ, സോളാര്‍ കേസുണ്ടായപ്പോള്‍ ആ വെബ് കാമറയുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങള്‍ അതുമൊരു  തട്ടിപ്പുപരിപാടിയാണെന്ന് തെളിയിച്ചു.  ഏതോ ബുദ്ധിയുറക്കാത്ത ഒരാള്‍ ഒരിക്കല്‍ മുഖ്യമന്ത്രിക്കസേരയില്‍ കയറിയിരുന്നത് ലോകത്തെ കാണിച്ചത് മാത്രമായിരുന്നു ആ കാമറയുടെ ഒരേയൊരു നേട്ടം! പിന്നെ ഉമ്മന്‍ ചാണ്ടി സുതാര്യത എന്നുപറയുമ്പോള്‍  ജനം ചിരിച്ച് മണ്ണ് കപ്പുന്ന  അവസ്ഥയായി.

പിണറായി മാധ്യമങ്ങളില്‍നിന്ന് അകലം പാലിക്കുന്നത് മുഖ്യമന്ത്രി പദമേറ്റതിനു ശേഷമൊന്നുമല്ല.  മുമ്പും അങ്ങനത്തെന്നെ.  ഒരുപക്ഷേ, മാധ്യമങ്ങളില്‍നിന്ന് ഏറ്റവുമധികം വേട്ടയാടല്‍ നേരിട്ട ആളെന്ന നിലക്കാകാം ഈ സമീപനം. പക്ഷേ, മുഖ്യമന്ത്രി സ്ഥാനത്തത്തെുമ്പോള്‍ അതൊന്നും മാധ്യമങ്ങളോട് അകലംപാലിക്കാന്‍ മതിയായ ന്യായമല്ല.   ജനാധിപത്യവ്യവസ്ഥയില്‍ അധികാരികള്‍ മാധ്യമങ്ങളുടെ ചോദ്യംചെയ്യലില്‍നിന്ന് (വിചാരണയില്‍നിന്ന് പോലും) ഒഴിഞ്ഞുനില്‍ക്കാന്‍ അധികാരമുള്ളവരല്ല.  ഉന്നതാധികാര സ്ഥാനങ്ങളോട് നിരന്തരം ചോദ്യങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഉന്നയിക്കാന്‍ അധികാരവും അവകാശവും അവസരവും ഉള്ളത് മാധ്യമങ്ങള്‍ക്ക് മാത്രമാണ്.

വിവരാവകാശ നിഷേധ നയം
ഇത് മാത്രമല്ല, ഈ സര്‍ക്കാര്‍ ജനങ്ങളുടെ പരിശോധനയില്‍നിന്നോ വിചാരണയില്‍ നിന്നോ ഒഴിഞ്ഞുമാറാന്‍ എടുത്ത നടപടി.  ജനാധിപത്യ ചരിത്രത്തില്‍ ഏറ്റവും വലിയ ഒരു ചുവടുവെപ്പായി ലോകംതന്നെ അംഗീകരിച്ച ഒന്നാണ്  ഇന്ത്യ പാസാക്കിയ വിവരാവകാശനിയമം.  ഇടതുപക്ഷത്തിന്‍െറ പിന്തുണയോടെ ഭരിച്ച ഒന്നാം യു.പി.എ  സര്‍ക്കാറിന്‍െറ തൊപ്പിയിലെ പൊന്‍ തൂവല്‍.  പക്ഷേ,  കോണ്‍ഗ്രസ് നയിച്ച  കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തന്നെ മന്ത്രിസഭാ തീരുമാനങ്ങള്‍ ആ നിയമത്തിനു വിധേയമാക്കേണ്ടെന്ന് തീരുമാനിച്ചു. കാരണം വ്യക്തമായിരുന്നു. നഗ്നമായ അഴിമതിനിറഞ്ഞ തീരുമാനങ്ങള്‍ മറച്ചു വെക്കുക മാത്രം.  തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് അവസാനം കൂടിയ മന്ത്രിസഭ 700 ലേറെ തീരുമാനങ്ങള്‍ (ഏറെയും നിയമലംഘനങ്ങള്‍)  ചുട്ടെടുത്തത് ഓര്‍ക്കുക. ആന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷം, പ്രത്യേകിച്ച് പിണറായി വിജയന്‍, ഇതിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍, രാഷ്ട്രീയം മാറിയാലും അധികാരികള്‍ക്ക് ഒരേ വര്‍ഗസ്വഭാവമാണെന്ന് തെളിയിച്ചുകൊണ്ട് യു.ഡി.എഫ് സര്‍ക്കാറിന്‍െറ അതേ വഴി പോയി എല്‍.ഡി.എഫ് സര്‍ക്കാറും മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശനിയമത്തിനു വിധേയമാകില്ളെന്ന് പ്രഖ്യാപിച്ചു. മുഖ്യ വിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോളിന്‍െറ നിലപാടിന് വിരുദ്ധവുമായിരുന്നു ഇത്.  ഇപ്പോള്‍ പറയുന്നത് മന്ത്രിസഭാതീരുമാനങ്ങള്‍ പി. ആര്‍.ഡി വെബ്സൈറ്റില്‍ ഇടുമെന്നാണ്.  വിവരാവകാശനിയമത്തിന്‍െറ ലക്ഷ്യം അധികാരികള്‍  രഹസ്യമാക്കി വെക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ്. രഹസ്യമായി വെക്കാനാഗ്രഹമുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ തന്നെ സ്വന്തം വെബ്സൈറ്റില്‍ കിട്ടുമെന്ന ഉറപ്പ് ചിരിച്ചുതള്ളാന്‍ പോലും അര്‍ഹതയുള്ള ഒന്നല്ല. സുതാര്യഭരണം എന്നത് കഴിഞ്ഞ സര്‍ക്കാര്‍ പരിഹാസപദമാക്കിയെങ്കില്‍ ഈ സര്‍ക്കാര്‍ ആ വാക്കിനത്തെന്നെ നാട് കടത്തുകയാണോ?

പിണറായി വിജയന്‍ മുഖ്യമന്ത്രിയായശേഷം കേള്‍ക്കുന്ന  ഒരു നിരീക്ഷണം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുന്നുവെന്നാണ്. ഒരുപക്ഷേ, കരുത്തരും നിശ്ചയദാര്‍ഢ്യമുള്ളവരുമായ രണ്ടു നേതാക്കളെന്നത് ഒഴിച്ചാല്‍, മറ്റ് എല്ലാ തലങ്ങളിലും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇവരെപ്പറ്റിയുള്ള  ഈ നിരീക്ഷണം ഉപരിപ്ളവമാണെന്ന് തള്ളിക്കളയാവുന്നതാണ്.  പക്ഷേ, ഒരു കാര്യത്തില്‍ രണ്ടുപേരുടെയും സാമ്യം തള്ളാനാവില്ല. അത് മാധ്യമങ്ങളോടുള്ള സമീപനത്തിലാണ്.  ഇരുവരും മാധ്യമങ്ങളെ തീണ്ടാപ്പാട് അകലെ നിര്‍ത്തുന്നവരാണ്.  മാധ്യമങ്ങളോട് പതിവായി സംവദിക്കുന്നത് അനാവശ്യമാണെന്നാണ്  ഇരുവരുടെയും വിശ്വാസം.

2014ല്‍ മോദി പ്രധാനമന്ത്രിയായ ശേഷം രണ്ടുവര്‍ഷം കഴിഞ്ഞ് ആദ്യമായാണ് ഈയിടെ ഒരു ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കുന്നത്.  അതാകട്ടെ അദ്ദേഹത്തോടും ബി.ജെ.പിയോടും മൃദുസമീപനം പുലര്‍ത്തുന്ന അര്‍ണബ് ഗോസ്വാമിക്കായിരുന്നു.  അഭിമുഖം മോദിക്ക് പൊതുവെ സന്തോഷകരമായ അനുഭവവുമായിരുന്നുവെന്നും  പറയാം.  ഇന്നുവരെ ഹിന്ദുസ്ഥാന്‍ ടൈംസ്, ദൈനിക് ജാഗരണ്‍ എന്നീ  ഇന്ത്യന്‍ പത്രങ്ങള്‍ക്കും ടൈം, ഇക്കണോമിസ്റ് എന്നീ രണ്ട് വിദേശ പ്രസിദ്ധീകരണങ്ങള്‍ക്കും മാത്രമേ മോദി അഭിമുഖം നല്‍കിയിട്ടുള്ളൂ.  പത്രസമ്മേളനം എന്നൊരു പരിപാടിയേ ഇല്ല. അതേസമയം,  ട്വിറ്റര്‍ തുടങ്ങിയ  സോഷ്യല്‍ മീഡിയകളിലും  ‘മന്‍ കീ ബാത്’ എന്ന പ്രതിവാര  പരിപാടിയിലൂടെ റേഡിയോയിലും സജീവമാണ്  മോദി.
മാധ്യമങ്ങളോടുള്ള മോദിയുടെ ‘മിണ്ടാനയം’ വ്യാപകമായി വിദേശമാധ്യമങ്ങളിലടക്കം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ്  ജനങ്ങളുമായി ആശയസംവേദനത്തിന്‍െറ കാര്യത്തില്‍ ലോകം  കണ്ട ഏറ്റവും ശക്തനായ നേതാക്കളില്‍ ഒരാളെന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട മോദി ഈ നയം കൈക്കൊണ്ടിരിക്കുന്നത്? ബി.ജെ.പിയുടെ സഹയാത്രികനായ പത്രപ്രവര്‍ത്തകന്‍ അശോക് മാലിക് എഴുതിയത്  മാധ്യമങ്ങളുടെ മധ്യസ്ഥതയില്ലാതെ ജനങ്ങളോട് ബന്ധപ്പെടാനും തന്നെ മുമ്പ് വേട്ടയാടിയ മാധ്യമ മുഖ്യധാരയുടെ മേധാവിത്വം  തകര്‍ക്കാനുമുള്ള മോദിയുടെ തന്ത്രമാണിതെന്നാണ്.  ഇപ്പോള്‍ത്തന്നെ നവ സാമൂഹിക മാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ തളര്‍ച്ചയിലായ പരമ്പരാഗത മാധ്യമങ്ങളെ ദുര്‍ബലമാക്കുകയെന്നതാണ്  ലക്ഷ്യം.   പുതിയ വിവര സാങ്കേതികവിദ്യകളെ തനിക്കനുകൂലമാക്കി പ്രയോഗിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവാണ് മോദിയെന്നും മാലിക് പറയുന്നു. അതേസമയം, മോദി മാധ്യമങ്ങളെ  മിണ്ടാപ്പാട് അകറ്റിനിര്‍ത്തുന്നത് ശരിയല്ളെന്ന് മാലിക് പോലും പറയുന്നു.  ഭരണാധികാരികളെ തെറ്റുകളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ മാധ്യമങ്ങളുമായുള്ള നിരന്തര വിനിമയത്തിലൂടെ  മാത്രമേ കഴിയൂ. ഭരണാധികാരികള്‍ക്ക്  ജനവികാരം മനസ്സിലാക്കാനുള്ള മികച്ച സൂചികയാണ് മാധ്യമങ്ങള്‍.  പ്രത്യേകിച്ച് മോദിയെയും പിണറായിയെയും പോലെ അല്‍പം കടുപ്പക്കാര്‍കൂടിയാകുമ്പോള്‍ അവര്‍ക്കിഷ്ടമില്ലാത്ത ഒന്നും ആരും അവരോട് പറയില്ല. വിമര്‍ശകരില്ലാതെ അനുയായികളുടെയും വാ പൊത്തിനില്‍ക്കുന്ന  ഉദ്യോഗസ്ഥവൃന്ദത്തിന്‍െറയും മാത്രം ഇടയില്‍ കഴിയുന്നത്  സ്വന്തം ശക്തി ചോര്‍ത്തിക്കളയുമെന്ന്   അധികാരികള്‍   അപ്പോള്‍ അറിയുന്നില്ല.  ജോര്‍ജ് ബുഷ് മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ളവര്‍ മാധ്യമങ്ങളുമായി ആശയവിനിമയം ചെയ്യാത്തവരായിരുന്നുവെന്നും അതവര്‍ക്ക്  പ്രയോജനമല്ല ചെയ്തതെന്നും മാലിക് പറയുന്നു.

പടിക്കുപുറത്ത് നില്‍ക്കട്ടെ മാധ്യമങ്ങള്‍!
വാസ്തവത്തില്‍ മാധ്യമങ്ങളില്‍നിന്ന് അസൗകര്യമുള്ള ചോദ്യങ്ങള്‍ നേരിടുന്നത് ഒഴിവാക്കുന്നതിനാണ്   നവമാധ്യമങ്ങളിലൂടെയും റേഡിയോയിലൂടെയും മാത്രം  ആശയവിനിമയം ചെയ്യാനുള്ള മോദിയുടെ പ്രധാന കാരണം.  ജനാധിപത്യസമൂഹത്തില്‍ അധികാരികളെ വിമര്‍ശിക്കാനും വിചാരണ ചെയ്യാനുമുള്ള ഏറ്റവും പ്രധാന വേദി മാധ്യമങ്ങളാണ്. അതുകൊണ്ടുതന്നെ അവയെ അകറ്റിനിര്‍ത്തിയാല്‍ കാര്യങ്ങള്‍ സൗകര്യമാണെന്ന് കരുതുന്ന ഭരണാധികാരികളുടെ തന്ത്രമാണിത്.  പ്രത്യേകിച്ചും അമിതാധികാരപ്രവണതയുള്ള അധികാരികളാകുമ്പോള്‍ ജനാധിപത്യത്തിനുള്ളില്‍നിന്ന് അവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള ‘മാധ്യമമാരണ’ നടപടി അതാണ്. പുതിയ കരിനിയമങ്ങളിലൂടെയോ മറ്റേതെങ്കിലും കര്‍ശന നടപടികളിലൂടെയോ മാധ്യമങ്ങളെ നിയന്ത്രിച്ചാല്‍ പ്രതികൂലമാകുന്ന ജനവികാരം,  ജനാധിപത്യവിരുദ്ധനെന്ന പ്രതിച്ഛായ   തുടങ്ങി  പലതരത്തിലുള്ള പ്രശ്നങ്ങളും ഉദ്ഭവിക്കുമല്ളോ. അപ്പോള്‍ ഏറ്റവും സൗകര്യം മാധ്യമങ്ങളെ പടിക്കുപുറത്ത് നിര്‍ത്തുകയാണ്. മോദി പ്രധാനമന്ത്രിയായതുകൊണ്ട് ചെയ്യുന്നതൊന്നും മാധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയുകയുമില്ല.  ഒരു വെടിക്ക് രണ്ടുപക്ഷി.
 മോദി മാധ്യമങ്ങളോട് മിണ്ടാത്തതിനെ അദ്ദേഹത്തിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തെപ്പറ്റി  പുസ്തകം രചിച്ച ബ്രിട്ടീഷുകാരന്‍ ലാന്‍സ്  പ്രൈസും  വിമര്‍ശിച്ചിട്ടുണ്ട്.   ആഗോളതലത്തില്‍ അന്വേഷിച്ച് കണ്ടത്തെി  പുസ്തകമെഴുതാന്‍ മോദി നിശ്ചയിച്ച ആളാണ് പ്രൈസ്.  ‘ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രധാനമന്ത്രി മാധ്യമങ്ങളിലൂടെ ജനങ്ങളോട് ഉത്തരം നല്‍കാന്‍  ബാധ്യസ്ഥനാണെന്നത് ജനാധിപത്യത്തിന്‍െറ  മൗലികപ്രമാണമാണ്.  മാധ്യമപ്രവര്‍ത്തകര്‍ നിരന്തരമായി ഉന്നയിക്കുന്ന ന്യായമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നതാണ് അര്‍ഥം’.  ‘ദ  മോദി എഫക്ട്: ഇന്‍സൈഡ് മോദിസ് കാമ്പയിന്‍ ടു ട്രാന്‍സ്ഫോം  ഇന്ത്യ’ എന്ന പുസ്തകം രചിച്ച  പ്രൈസ് പറയുന്നു.    

മാധ്യമങ്ങളുമായി ഇടപഴകുന്നതില്‍ സി.പി .എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒരു മാതൃക ആകേണ്ടതാണ്. മാധ്യമങ്ങളെ കണ്ടാല്‍ അരോചകഭാവത്തോടെ വേഗം പിന്തിരിയുകയായിരുന്നു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ ശൈലി.  ഒരു ചോദ്യത്തിനും ഉത്തരം നല്‍കില്ല.  പക്ഷേ, യെച്ചൂരി ഒരിക്കലും മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഒളിച്ചോടാറില്ല. തനിക്ക് തോന്നുന്നതേ പറയൂ എന്ന് മാത്രം.  പാര്‍ട്ടിയിലെ യെച്ചൂരിയുടെ ഗുരു  സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാടും അങ്ങനത്തെന്നെയായിരുന്നു. മാധ്യമങ്ങളെ അദ്ദേഹം കണക്കിന് പരിഹസിക്കുകയും ശകാരിക്കുകയും ചെയ്യും. തനിക്ക് ബോധിക്കുന്ന  ചോദ്യങ്ങള്‍ക്കുമാത്രമേ ഉത്തരം നല്‍കൂ. ഉരുളക്ക് ഉപ്പേരി പോലെയുള്ള അദ്ദേഹത്തിന്‍െറ കസര്‍ത്തുകള്‍ പ്രശസ്തമാണ്.  ‘താങ്കള്‍ക്ക് എല്ലായ്പ്പോഴും വിക്കുണ്ടോ?’ എന്നുചോദിച്ച വിദേശ പത്രപ്രവര്‍ത്തകനോട്  ‘ഇല്ല, സംസാരിക്കുമ്പോള്‍ മാത്രം’ എന്ന തര്‍ക്കുത്തരം  അവിസ്മരണീയം.  ഭൗതികവാദിയായ ഇ.എം.എസ്  ഭാര്യയുമായി അമ്പലത്തില്‍ പോകുന്നതിനെപ്പറ്റി പത്രക്കാര്‍ ചോദിച്ചപ്പോഴാകട്ടെ, എന്‍െറ ഭാര്യയെ പിന്നെ ഞാനല്ലാതെ മറ്റാരാണ് അമ്പലത്തില്‍ കൊണ്ടുപോവുക  എന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുചോദ്യം. പക്ഷേ, ഒരിക്കലും മാധ്യമങ്ങളുമായുള്ള ആശയവിനിമയത്തിനുള്ള അവസരം അദ്ദേഹം നഷ്ടമാക്കിയില്ല. വെറുതെയല്ലല്ളോ, അദ്ദേഹത്തിന് കേരളം കണ്ട ഏറ്റവും മികച്ച ആശയസംവേദകനെന്ന പേര് സിദ്ധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.