ഒൗദാര്യങ്ങളുടെ തുണയില്‍ തുഞ്ചന്‍ ട്രസ്റ്റ്

ലോകമലയാളിയുടെ അഭിമാനകേന്ദ്രമാണ് തുഞ്ചന്‍പറമ്പ്. നാലരയേക്കറിലേറെ ഭൂമിയില്‍  സാഹിത്യ മ്യൂസിയം, ഭാഷാ ഗവേഷണ കേന്ദ്രം... എന്നാല്‍, ഭാഷാസ്നേഹികളുടെ ഒൗദാര്യം കൊണ്ടുമാത്രം കഴിഞ്ഞുകൂടുകയാണ്  ഈ സാംസ്കാരിക കേന്ദ്രം. സര്‍ക്കാര്‍ ഗ്രാന്‍റ് മാത്രമാണ് വരുമാനം; മിക്ക പരിപാടികളും നടക്കുന്നത് അക്ഷരപ്രേമികളുടെ പിന്തുണ കൊണ്ടുമാത്രം.


തുഞ്ചത്തെഴുത്തച്ഛന്‍െറ ഓര്‍മക്ക് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ട്രസ്റ്റിന്‍െറ പ്രധാന ലക്ഷ്യം. എന്നാല്‍, വര്‍ഷത്തിലൊരു സാഹിത്യ സമ്മേളനവും വിദ്യാരംഭ കലോത്സവവും മാത്രമാണ് പ്രധാനമായും നടക്കുന്നത്. ഇവതന്നെ പലരുടെയും സഹായത്തിലും. ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായരും അംഗങ്ങളും വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സാഹിത്യോത്സവവും അനുബന്ധ പരിപാടികളുമെല്ലാം നടത്തുന്നത്.
വര്‍ഷം 19.80 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍റ്്. പുതിയ ബജറ്റില്‍ 30 ലക്ഷം രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ശമ്പളം നല്‍കാന്‍ മാത്രം 18.50 ലക്ഷത്തിലേറെ രൂപ വേണമെന്നിരിക്കെ മറ്റ് പരിപാടികള്‍ സംഘടിപ്പിക്കാന്‍ ട്രസ്റ്റിന് കൈനീട്ടുകയല്ലാതെ വഴിയില്ല.  
തുഞ്ചന്‍ സ്മാരക സമിതിയെ ട്രസ്റ്റാക്കി മാറ്റിയത് ഇടതുഭരണ കാലത്തായതിനാല്‍ യു.ഡി.എഫ് ഭരണത്തില്‍ ട്രസ്റ്റിന് ‘ശനിദശ’യാണ്. ട്രസ്റ്റ് അംഗങ്ങള്‍ ഇടതു അനുഭാവികളായ എഴുത്തുകാരാണെന്നതും ഈ അയിത്തത്തിന് കാരണമാണ്. ഇടതു ഭരണ കാലത്ത് ആവോളം സഹായം ലഭിക്കും; യു.ഡി.എഫ് കാലത്ത് സഹായം തുച്ഛം.
2011ല്‍ ഒമ്പതു ലക്ഷം രൂപയായിരുന്ന വാര്‍ഷിക ഗ്രാന്‍റ് ഇടതു സര്‍ക്കാര്‍ ഒറ്റയടിക്ക് 15 ലക്ഷമായി കൂട്ടി. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4.80 ലക്ഷം രൂപയുടെ മാത്രം വര്‍ധനവാണുണ്ടായത്. രണ്ട് കോടിയോളം രൂപയുടെ സമഗ്ര വികസന പദ്ധതി അഞ്ചു വര്‍ഷമായി ഫയലിലാണ്.
മൂന്നു വര്‍ഷമായി ഗവേഷണ ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങിയിട്ടില്ല. ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ തനിക്ക് ലഭിക്കുന്ന പുസ്തകങ്ങള്‍ ലൈബ്രറിക്ക് സംഭാവന ചെയ്യുന്നതിനാല്‍ ആ വകയില്‍ മാത്രമാണ് പുതിയ പുസ്തകങ്ങള്‍ വരുന്നത്. കുട്ടികള്‍ക്കിടയിലെ സാഹിത്യാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ബാലസമാജം പ്രവര്‍ത്തനം രണ്ടു വര്‍ഷമായി സ്തംഭനാവസ്ഥയിലാണ്.
വര്‍ഷത്തില്‍ മൂന്നു കഥ-കവിത ക്യാമ്പുകള്‍ നടത്തണമെന്നത് സമാജത്തിന്‍െറ പ്രധാന പ്രവര്‍ത്തനമാണെങ്കിലും ഫണ്ടില്ലാത്തതിനാല്‍ സാധിക്കുന്നില്ല. ബാല സമാജത്തിന്‍െറ ഭാഗമായുള്ള കുട്ടികളുടെ ലൈബ്രറിയും നോക്കുകുത്തിയാണ്. തുഞ്ചന്‍സ്മാരക ഓഡിറ്റോറിയം ആധുനിക രീതിയില്‍ പുതുക്കിപ്പണിയുക, സ്ഥിരം പുസ്തകോത്സവ ഗാലറി ഒരുക്കുക തുടങ്ങിയവ വര്‍ഷങ്ങളായുള്ള സ്വപ്നങ്ങളാണ്.
അഞ്ചു ദിവസം വീതം നീളുന്ന വിദ്യാരംഭ കലോത്സവം, സാഹിത്യോത്സവം എന്നിവയാണ് ഇപ്പോള്‍ പ്രധാന പ്രവര്‍ത്തനം. കര്‍ക്കടകത്തില്‍ ഒരു മാസം രാമായണ പാരായണവുമുണ്ടാകും.
ടി.എയും ഡി.എയും വാങ്ങാതെയാണ് എം.ടി ഉള്‍പ്പടെയുള്ളവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉത്സവ വേളകളില്‍ അടുക്കളയിലും ഊട്ടുപുരയിലുമെല്ലാം പണിചെയ്യാന്‍ വലുപ്പച്ചെറുപ്പമില്ലാതെ ട്രസ്റ്റ് അംഗങ്ങളും നാട്ടുകാരുമുണ്ടാകും. പ്രമുഖ കലാകാരന്മാരും എഴുത്തുകാരുമെല്ലാം സെമിനാറുകള്‍ക്ക് വരുന്നതും പരിപാടികള്‍ അവതരിപ്പിക്കുന്നതുമെല്ലാം തുച്ഛമായ പ്രതിഫലം വാങ്ങിയോ യാത്രച്ചെലവുകള്‍മാത്രം ഈടാക്കിയോ ആണ്.
സാഹിത്യോത്സവത്തോടനുബന്ധിച്ച് നടക്കുന്ന  ദേശീയ സെമിനാറുകളില്‍ പങ്കെടുക്കാനത്തെുന്ന സാഹിത്യകാരന്മാരുടെ യാത്രച്ചെലവ് കേന്ദ്ര സാഹിത്യ അക്കാദമി വഹിക്കും. സാഹിത്യോത്സവത്തോടനുബന്ധിച്ചുള്ള കലോത്സവങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കേളികേട്ട നൃത്തസംഘങ്ങളെ കേന്ദ്ര സംഗീത നാടക അക്കാദമിയാണ് ഏര്‍പ്പാടാക്കുന്നത്.
തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയം വാടകയും സാഹിത്യ മ്യൂസിയം സന്ദര്‍ശകരില്‍ നിന്നുള്ള ടിക്കറ്റ് ചാര്‍ജുമാണ് തുഞ്ചന്‍പറമ്പിനുള്ള ഇതര വരുമാനമാര്‍ഗം. ഇവ  ദൈനംദിന ചെലവുകള്‍ക്കുപോലും തികയില്ല. കൂടുതല്‍ വരുമാനം കണ്ടത്തെുന്നതിനായി ഓഡിറ്റോറിയം വാടക 6,000ല്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. സാഹിത്യം, കല, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കുമാത്രം ഓഡിറ്റോറിയം അനുവദിച്ചാല്‍ മതിയെന്ന തീരുമാനവുമുണ്ട്.
അഡ്മിനിസ്ട്രേറ്റര്‍, സൂപ്രണ്ട്, ലൈബ്രേറിയന്‍, വാച്ച്മാന്‍ എന്നിങ്ങനെയായി ഒമ്പത് ജീവനക്കാര്‍ തുഞ്ചന്‍പറമ്പിലുണ്ട്. മൂന്ന് ജീവനക്കാര്‍ താല്‍ക്കാലികക്കാരാണ്.
 

ഭാഷയുടെ തറവാട്ടുമുറ്റം
1991ല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസമന്ത്രിയായിരിക്കെയാണ് അതുവരെയും ആളനക്കമില്ലാതെ കിടന്നിരുന്ന തുഞ്ചന്‍പറമ്പിന്‍െറ അധ്യക്ഷനായി എം.ടി. വാസുദേവന്‍നായരെ നിയോഗിച്ചത്. 1992 ഡിസംബറില്‍ എം.ടി അധ്യക്ഷനായി ചുമതലയേറ്റതു മുതല്‍ തുഞ്ചന്‍പറമ്പ് വികസനപാതയില്‍ കാലെടുത്തുവെച്ചു. വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി വിവിധ കോണുകളില്‍നിന്ന് അദ്ദേഹം സഹായം ലഭ്യമാക്കിയതോടെയാണ് തുഞ്ചന്‍പറമ്പിന് ജീവന്‍ വെച്ചത്. അതോടെ ആധുനിക തുഞ്ചന്‍പറമ്പായി ഭാഷയുടെ തറവാട്ടുമുറ്റം വളര്‍ന്നു. ഗവേഷണ ലൈബ്രറി, താളിയോല സംരക്ഷണ കേന്ദ്രം, സാഹിത്യ മ്യൂസിയം അങ്ങനെ ഭാഷക്കു സംഭാവനയായി പുതിയ പദ്ധതികള്‍ ഇവിടെ സഫലമായി.
2001ല്‍ നായനാര്‍ സര്‍ക്കാറാണ് തുഞ്ചന്‍സ്മാരക സമിതിയെ ട്രസ്റ്റാക്കി മാറ്റിയത്. 15 അംഗങ്ങളും നാല് എക്സ് ഒഫീഷ്യോ അംഗങ്ങളുമാണ് ട്രസ്റ്റിലുള്‍പ്പെടുന്നത്. 1964ലാണ് ട്രസ്റ്റിന്‍െറ ആദ്യകാല രൂപമായ തുഞ്ചന്‍സ്മാരക സമിതിയുടെ ആദ്യ കമ്മിറ്റി നിലവില്‍വന്നത്. കെ.പി കേശവമേനോനായിരുന്നു അധ്യക്ഷന്‍. 1971 വരെ  അദ്ദേഹം തുടര്‍ന്നു. 1971-1984 കാലത്ത് എസ്.കെ. പൊറ്റക്കാട്ട് അധ്യക്ഷനായി. പിന്നീട് ടി.എന്‍. ജയചന്ദ്രന്‍, പ്രഫ. എം.എസ് . മേനോന്‍ എന്നിവരും അധ്യക്ഷപദവിയിലിരുന്നു. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.