ഗള്‍ഫ് പ്രതിസന്ധി മറികടക്കാന്‍ പദ്ധതികള്‍ അനിവാര്യം

എണ്ണ വിലയിടിവിനെ തുടര്‍ന്ന്   ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സാമ്പത്തിക മാന്ദ്യം അതിരൂക്ഷമാവുകയും,  മലയാളികളുള്‍പ്പെടെ നിരവധി മറുനാട്ടുകാര്‍ തൊഴില്‍രഹിതരാവുകയും ചെയ്യുന്ന  സ്ഥിതിവിശേഷം ആശങ്കയുണര്‍ത്തുന്നതാണ്.  ലക്ഷക്കണക്കിന് മലയാളികളാണ്  വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍  ജോലിചെയ്യുന്നത്.  ഇവരില്‍   മഹാ ഭൂരിഭാഗവും സാധാരണ തൊഴിലാളികളാണ്.  സാമ്പത്തിക മാന്ദ്യം  രൂക്ഷമാവുകയും കമ്പനികളുടെ  ലാഭത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്തതോടെ    ആയിരങ്ങള്‍ ദിനംതോറും പിരിച്ചുവിടപ്പെട്ടുകൊണ്ടിരിക്കുന്നു. ഗള്‍ഫില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ചുനില്‍ക്കുന്ന  കേരളത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക്  വലിയ ആഘാതമാണ്  ഇത് സൃഷ്ടിക്കുക,  എന്നു മാത്രമല്ല  മലയാളികള്‍ കൂട്ടത്തോടെ തൊഴില്‍രഹിതരായി  കേരളത്തിലേക്ക് മടങ്ങുമ്പോള്‍ ഉണ്ടാകുന്ന സാമൂഹിക  പ്രത്യാഘാതവും വളരെ വലുതായിരിക്കും. ഇത് മുന്നില്‍ കണ്ട്  ഗള്‍ഫില്‍ നിന്ന്   തൊഴില്‍    നഷ്ടപ്പെട്ടു മടങ്ങുന്നവര്‍ക്കായി    ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍  തയാറാക്കുകയും ഫലപ്രദമായി നടപ്പാക്കുകയും വേണം.

സ്വദേശിവത്കരണവും എണ്ണ വിലയിടിവും

സൗദിയില്‍ സ്വദേശിവത്കരണം (നിതാഖാത്ത്)  മൂലം  നിരവധി മലയാളികള്‍ക്ക് ജോലിനഷ്ടപ്പെടുന്ന  സ്ഥിതിവിശേഷം ഉണ്ടായി.  മലയാളികള്‍  കൂടുതലും ജോലിചെയ്തിരുന്നത് വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മൊബൈല്‍ ഷോപ്പുകള്‍, ഇന്‍റര്‍നെറ്റ് കഫേകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയിലായിരുന്നു.  ഈ മേഖലകളിലൊക്കെ സ്വദേശിവത്കരണം കൊണ്ടുവരുന്നതില്‍ സൗദി  സര്‍ക്കാര്‍ ബദ്ധശ്രദ്ധമായിരുന്നു. നൈപുണ്യമില്ലാത്ത തൊഴിലാളികളാണ്(unskilled workers)  ഇത്തരം മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ കൂടുതലും. അതുകൊണ്ട്, നിതാഖത്ത് ശക്തമാക്കിയപ്പോള്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന  അവസ്ഥയുണ്ടായി. മാറിയ ലോകസാഹചര്യത്തില്‍ തങ്ങളുടെ പൗരന്മാര്‍ക്ക്   അതത് രാജ്യത്തെ  തൊഴിലിടങ്ങളില്‍  തങ്ങളുടെ  പൗരന്മാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം ലഭിക്കണമെന്ന്  ഗള്‍ഫ്  റീജനിലെ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതിനെ എതിര്‍ക്കാന്‍    നമുക്ക് കഴിയില്ല.  പക്ഷേ,    ഇതിന്‍െറ ഭാഗമായി തൊഴില്‍  നഷ്ടപ്പെട്ട് തിരികെ വരുന്നവര്‍ക്ക്  പുനരധിവാസം ഉറപ്പുവരുത്തേണ്ടത്  കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ  കടമയാണ്. മുടങ്ങിയ ശമ്പളം  എല്ലാ തൊഴിലാളികള്‍ക്കും നല്‍കുമെന്ന സൗദി അധികൃതരുടെ പ്രഖ്യാപനം   വളരെയേറെ  ആശ്വാസം നല്‍കുന്നതാണ്.

പശ്ചിമേഷ്യന്‍ രാജ്യങ്ങളെല്ലാം തന്നെ   വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫിലേക്ക്  തൊഴിലിനായി പോകുന്ന വ്യക്തിയുടെ വിസയില്‍ രേഖപ്പെടുത്തിയ അതേ തൊഴിലില്‍ മാത്രമേ  അവിടെ ചെല്ലുന്നയാള്‍ക്ക് ഏര്‍പ്പെടാന്‍ കഴിയുകയുള്ളൂ. ഇത്തരത്തിലുള്ള നിബന്ധനകളൊന്നും മുമ്പുണ്ടായിരുന്നില്ല.  ഇവയെല്ലാം സൂചിപ്പിക്കുന്ന ഗള്‍ഫ് പഴയതുപോലെ അക്ഷയഖനിയാകില്ളെന്നതാണ്. ഗള്‍ഫ് നാടുകളിലെ വന്‍കിട നിര്‍മാണകമ്പനികള്‍ അടക്കമുള്ളവ  തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറച്ചുകൊണ്ടിരിക്കുകയാണ്. എണ്ണ വിലയിടിവിനെ തുടര്‍ന്നുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധിയെ   മറികടക്കാനാണ് അവര്‍ ഈ തന്ത്രം സ്വീകരിക്കുന്നത്. ഇതു ഗുരുതരമായി ബാധിക്കുന്നത് മലയാളികളെതന്നെയാണ്. മുന്‍  ലബനീസ് പ്രധാനമന്ത്രിയുടെ  മകന്‍െറ കമ്പനിയായ സൗദി ഓജര്‍ കമ്പനി പതിനായിരത്തിലധികം തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഗള്‍ഫിലെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍  വലിയ സാന്നിധ്യമായിരുന്ന കമ്പനിക്ക് എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക  പ്രതിസന്ധിക്ക് മുന്നില്‍ പകച്ചുനില്‍ക്കേണ്ടി വന്നു.    അവിടങ്ങളിലെ സര്‍ക്കാറുകള്‍ക്ക് വന്‍കിട പദ്ധതികള്‍ക്കായി പണം ചെലവഴിക്കാന്‍ കഴിയാതെ വന്നതിനത്തെുടര്‍ന്നാണ്  ഓജര്‍ പോലുള്ള  കമ്പനിക്ക്  ഇത്തരത്തിലുള്ള തിരുമാനം എടുക്കേണ്ടിവന്നത്.

ഇറാനെതിരെയുള്ള ഉപരോധം നീക്കിയതോടെ എണ്ണ വിപണിയില്‍ അവര്‍ സജീവമാവുകയും, പ്രധാന  എണ്ണ ഉല്‍പാദക രാജ്യങ്ങളായിരുന്ന ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ ആഭ്യന്തര കുഴപ്പങ്ങള്‍ മൂലം സര്‍ക്കാറുകള്‍ തകരുകയും അവിടങ്ങളിലെ എണ്ണ സമ്പത്തിന്‍െറ നിയന്ത്രണം തീവ്രവാദ സംഘങ്ങളുടെ കൈകളില്‍ പെടുകയും ചെയ്തപ്പോള്‍  വളരെ കുറഞ്ഞ വിലയ്ക്ക് യൂറോപ്പിനും  അമേരിക്കക്കും എണ്ണ ലഭിക്കാന്‍ തുടങ്ങി.  അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍െറ ഗൂഢാലോചനയും ഇതിന് പിന്നിലുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. തീവ്രവാദി  ഗ്രൂപ്പുകളില്‍നിന്ന് ബാരലിന് പന്ത്രണ്ടോ, പതിമൂന്നോ ഡോളറിന്  അമേരിക്കക്ക് എണ്ണ ലഭിക്കുന്നു. അതിനുപകരം അവര്‍ എട്ടു ഡോളറിന്‍െറ ആയുധം അവര്‍ക്ക് വില്‍ക്കും.  എണ്ണക്കുപകരം ആയുധം എന്നതാണ് അവരുടെ  നിലപാട്. മൊത്തത്തില്‍ ലാഭം അമേരിക്കക്കുതന്നെ.

കുറഞ്ഞ വിലയ്ക്ക്  എണ്ണ  ലഭിക്കുന്നതോടൊപ്പം തങ്ങളുടെ ആയുധങ്ങള്‍ പശ്ചിമേഷ്യയിലെ ചാവുനിലങ്ങളില്‍ വിറ്റഴിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണ ബാരലിന്  29-30 ഡോളര്‍ എന്നതാണ് നിരക്ക്. നേരത്തേ  120 ഡോളറില്‍ കൂടുതലായിരുന്നു. ഈ അവസ്ഥയെ  പ്രതിരോധിക്കാനുള്ള നടപടികള്‍ എടുക്കാന്‍  ഒപെക് രാഷ്ട്രങ്ങള്‍ക്ക് കഴിയുന്നില്ല.  ചുരുക്കത്തില്‍,  ഗള്‍ഫ് രാജ്യങ്ങളിലെ  സര്‍ക്കാറുകള്‍ക്ക് വന്‍കിട നിക്ഷേപങ്ങള്‍ക്കോ,  പുതിയ പദ്ധതികള്‍ക്കോ പണം മുടക്കാന്‍ കഴിയാതെവരുന്നു.   അങ്ങനെ സാമ്പത്തികരംഗം നിശ്ചലാവസ്ഥയില്‍ ആവുകയും, കമ്പനികള്‍ക്ക് ജോലിക്കാരെ വെട്ടിക്കുറക്കേണ്ടിയും വരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമായ ഖത്തര്‍പോലും   പ്രതിസന്ധിയിലാണെന്ന്  റിപ്പോര്‍ട്ടുകളുണ്ട്. 2022 ല്‍  ലോക ഫുട്ബാള്‍ മത്സരങ്ങള്‍ അവിടെ നടക്കുന്നതുകൊണ്ടാണ് കുറെയെങ്കിലും  അവര്‍ പിടിച്ചുനില്‍ക്കുന്നത്. അതിന് ശേഷം അവിടെയും പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നാണ്  സൂചന.

പുനരധിവാസ പാക്കേജ്

കേരളത്തില്‍ ഈ അവസ്ഥാവിശേഷം  ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയമില്ല. റിയല്‍ എസ്റ്റേറ്റ്- വിദ്യാ ഭ്യാസ മേഖലകളിലാണ് ഗള്‍ഫില്‍നിന്നുള്ള നിക്ഷേപം കേരളത്തില്‍ ഏറ്റവും കൂടുതലായിട്ടുള്ളത്. ഈ മേഖലയിലുണ്ടാകുന്ന തിരിച്ചടി നമ്മെ വലിയൊരു  പ്രതിസന്ധിയില്‍ കൊണ്ടുചെന്നത്തെിക്കും. കൂടുതല്‍ ആളുകള്‍ അവിടെനിന്ന് തിരിച്ചുപോരുമ്പോള്‍ അവരുടെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം, വരുമാനമുള്ള തൊഴില്‍ നല്‍കല്‍  എന്നിവയെക്കുറിച്ചെല്ലാം  ഗൗരവമായി തന്നെ ആലോചിക്കേണ്ടിവരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ ഇതിനായി വിപുലമായൊരു പുനരധിവാസ പാക്കേജിന് നമ്മള്‍ രൂപം കൊടുക്കേണ്ടതുണ്ട്. കേരള സര്‍ക്കാര്‍ ഒറ്റക്ക് വിചാരിച്ചാല്‍ ഇതിന്‍െറ സാമ്പത്തിക ബാധ്യത  താങ്ങാന്‍ കഴിഞ്ഞേക്കില്ല.  അതോടൊപ്പം ചെറുകിട വ്യവസായങ്ങളുടെ കാര്യത്തിലും  ഐ.ടി അധിഷ്ഠിത സേവന രംഗങ്ങളിലും,  കൃഷി ഭക്ഷ്യോല്‍പന്ന വ്യവസായ രംഗങ്ങളിലും കൂടുതല്‍ അവസരങ്ങളുണ്ടാവുകയും വേണം. ഗള്‍ഫില്‍നിന്ന് തിരിച്ചുവരുന്ന  മനുഷ്യ വിഭവശേഷിയെ കേരളത്തിന് കാര്യക്ഷമമായി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണുണ്ടാകേണ്ടത്. അതോടൊപ്പം  മറ്റ്  തൊഴിലിനായി പുറത്തേക്ക് പോകുന്നവര്‍  ഗള്‍ഫിനെയല്ലാതെ  മറ്റു രാജ്യങ്ങളെ  തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുകയും വേണം. അണ്‍ സ്കില്‍ഡ് വര്‍ക്കേഴ്സിനുള്ള സാധ്യതകളായിരുന്നു  ഗള്‍ഫിനെ മലയാളിക്ക് കൂടുതലും  പ്രിയങ്കരമാക്കിയിരുന്നത്. ആ അവസ്ഥക്ക് മാറ്റം വന്നുകഴിഞ്ഞു.

പ്രവാസത്തിന്‍െറ പുതുവഴികള്‍തേടുന്നതിനൊപ്പം കേരളത്തെ വലിയ സാധ്യതകളുടെയും അവസരങ്ങളുടെയും നാടാക്കി മാറ്റിയാല്‍ മാത്രമേ  മാറുന്ന ലോക സാഹചര്യത്തില്‍ നമുക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ. അതിനനുസരിച്ച് നമ്മുടെ മനോഭാവത്തിലും, നയപരിപാടികളിലും  മാറ്റങ്ങള്‍ ഉണ്ടാകണം. ലോകത്ത്  ഒരു   പ്രതിഭാസവും സ്ഥിരമല്ല,  എല്ലാകാലത്തേക്കായുള്ള പരിഹാര മാര്‍ഗങ്ങള്‍ സാധ്യവുമല്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.