സി.പി.എം–ലീഗ് നേതാക്കള്‍ വായിച്ചറിയാന്‍

ഇന്ന് നാദാപുരം അശാന്തിയുടെ നാടാണ്. സി.എച്ചിന്‍െറ ഭാഷയില്‍ തെങ്ങിന്‍െറ കുലക്കും മനുഷ്യന്‍െറ തലക്കും വിലയില്ലാതായ നാട്. ബോംബിന്‍െറ വെളിച്ചത്തില്‍ മാത്രം മനുഷ്യന്‍െറ മുഖം കാണാന്‍ കഴിയുന്ന ഒരു നാടായി മാറി നാദാപുരം. ഈഴവരും മുസ്ലിംകളുമാണ് ജനസംഖ്യയില്‍ ഏറെയും. സി.പി.എമ്മും മുസ്ലിംലീഗുമാണ് ഏറ്റവും സ്വാധീനമുള്ള രണ്ടു രാഷ്ട്രീയ കക്ഷികള്‍. ‘നാദാപുരം പള്ളിയിലെ ചന്ദനക്കുട’ത്തിന്‍െറ ഓര്‍മയല്ല മറിച്ച് , തെരുവില്‍ തെറിച്ചുവീഴുന്ന ചോരത്തുള്ളികളുടെ നടുക്കുന്ന യാഥാര്‍ഥ്യമാണിന്നീ നാട്.

കാല്‍നൂറ്റാണ്ടിലേറെയായി ഇടക്ക് ചില ഇടവേളകള്‍ ഒഴിച്ചാല്‍ നാദാപുരവും പരിസരവും ചോരച്ചാലുകളുടെ കഥപറയാന്‍ തുടങ്ങിയിട്ട്. നാദാപുരത്തിനടുത്ത് കക്കട്ടില്‍ മണ്ണിയൂര്‍ താഴെ വെച്ച് 1988ല്‍ നമ്പോടന്‍കണ്ടി ഹമീദ് കൊല്ലപ്പെട്ടതോടെയാണ് കൊലപാതക-സംഘര്‍ഷ പ്രദേശമായി ഈ നാട് മാറിയത്. ഏറ്റവുമൊടുവില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലം കൊല്ലപ്പെട്ടതോടെ വീണ്ടും അവിടെ സംഘര്‍ഷസാധ്യതകള്‍ തള്ളിക്കളയാനാവില്ല.

സത്യം തുറന്നുപറയുകയാണെങ്കില്‍ ഇവിടെയുള്ള രണ്ടു രാഷ്ട്രീയ കക്ഷികളും പ്രതിസ്ഥാനത്താണ്- സി.പി.എമ്മും മുസ്ലിം ലീഗും. ഇവിടെ സംസ്ഥാനതല നേതാക്കള്‍ക്ക് ഒരുവിധത്തിലും വഴങ്ങാത്ത പ്രാദേശിക പ്രവര്‍ത്തകര്‍ രണ്ടു പാര്‍ട്ടിയിലും ഉണ്ട് എന്നതാണ് നേര്. ഒറ്റവരമ്പിലൂടെ നടക്കുമ്പോള്‍ ആരാണ് വഴിമാറിക്കൊടുക്കേണ്ടത് എന്ന പഴയ ഫ്യൂഡല്‍ കാലഘട്ടത്തിന്‍െറ അവശിഷ്ടം മനസ്സില്‍ പേറിനടക്കുന്ന രണ്ടു വിഭാഗങ്ങളിലെയും കുറേ പേരെങ്കിലും ഇന്നും ഇവിടങ്ങളില്‍ ബാക്കിയായിട്ടുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നില്‍ നില്‍ക്കുന്ന ഈഴവര്‍ ഒരുഭാഗത്തും ഗള്‍ഫ് പണവും ഭൂമിയും കൈപ്പിടിയിലുള്ള മുസ്ലിംകള്‍ മറുഭാഗത്തും രണ്ടു രാഷ്ട്രീയകക്ഷികളുടെ കൊടിക്കീഴില്‍ അണിനിരന്നിടത്താണ് അപകടങ്ങളുടെ തുടക്കം. സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഇരുവിഭാഗത്തെയും മുന്നോട്ടുകൊണ്ടുപോവുകയും കല-സാംസ്കാരിക രംഗങ്ങളിലും പൊതുപ്രവര്‍ത്തനരംഗങ്ങളിലും മതവ്യത്യാസമില്ലാതെ ഇരുകൂട്ടരേയും സഹോദരന്മാരെപ്പോലെ ഒന്നിച്ച് കൊണ്ടുപോവുകയും ചെയ്യുന്നതില്‍ ഈ പാര്‍ട്ടികള്‍ പരാജയപ്പെട്ടുപോയിരിക്കുന്നു. രണ്ടു പാര്‍ട്ടിയിലും പെടാത്ത ബിനോയ് വിശ്വം നിയമസഭാ സാമാജികനായപ്പോള്‍ ഇത്തരത്തിലുള്ള പോസിറ്റിവായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ‘രക്തസാക്ഷികളി’ലൂടെ എങ്ങനെ പാര്‍ട്ടി വളര്‍ത്താം എന്ന ചിന്തയാണ് ഇപ്പോഴും പ്രാദേശികതലത്തില്‍ ഇവിടെ നിലനില്‍ക്കുന്നത്. പ്രശ്നങ്ങളുടെ അടിവേര് കണ്ടത്തെി ചികിത്സിക്കുകയാണ് വേണ്ടത്. രണ്ടു രാഷ്ട്രീയപാര്‍ട്ടികളും തീവ്രചിന്ത വെച്ചുപുലര്‍ത്തുന്നവരെയും ക്രിമിനലുകളേയും പാര്‍ട്ടികളില്‍നിന്ന് പുറത്താക്കി ഒറ്റപ്പെടുത്തുന്നതോടെ പ്രശ്നങ്ങള്‍ പകുതിയും പരിഹരിക്കാം.

നാദാപുരത്തെ ജനങ്ങള്‍ നിഷ്കളങ്കരാണ്. സ്നേഹത്തിന്‍െറ കുത്തിയൊഴുക്ക് പഴയകാല ഫ്യൂഡല്‍ കാലഘട്ടത്തില്‍പോലും നിലനിന്നിരുന്നു ഇവിടങ്ങളില്‍. അക്കാലത്തെ ജന്മി-കുടിയാന്‍ ബന്ധങ്ങളില്‍പോലും മനുഷ്യത്വം നിറഞ്ഞുനിന്നിരുന്നു. പകകൊണ്ട് പുകയുന്ന മസ്തിഷ്കങ്ങള്‍ പേറുന്ന രാഷ്ട്രീയകക്ഷികള്‍ അന്നുണ്ടായിരുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളും അന്യമായിരുന്നു.

ഇന്ന് ചായംതേച്ച തുണിക്കഷണങ്ങളാല്‍ വിഭജിക്കപ്പെട്ട മനസ്സുകളുടെ നാടാണ് നാദാപുരം. കൊല്ലപ്പെട്ട മനുഷ്യരും കത്തിയമര്‍ന്ന വീടുകളും വെട്ടിനശിപ്പിച്ച കൃഷിത്തോട്ടങ്ങളും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എങ്ങനെ അനുയായികളെ വിനാശത്തിലേക്ക് നയിക്കാമെന്ന് നമ്മോട് പറഞ്ഞുതരുന്നു. പച്ച സാമുദായികതയുടെ നിറമേയല്ളെന്ന് ലീഗും ചുവപ്പ് നിരപരാധിയുടെ ചോരയല്ളെന്ന് സി.പി.എമ്മും തിരിച്ചറിയേണ്ടിയിരിക്കുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ചെറിയ തര്‍ക്കങ്ങള്‍പോലും വലിയ സ്ഫോടനമുണ്ടാക്കുന്ന സംഘര്‍ഷങ്ങളിലേക്ക് വഴിമാറാതിരിക്കാന്‍ ഇരുകക്ഷികളിലേയും നേതാക്കള്‍ മുന്‍കൈ എടുത്തേ തീരൂ. പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും നാദാപുരത്ത് ഒരുതരത്തിലുള്ള അസ്വാസ്ഥ്യവും ഉണ്ടാകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന നേതാക്കളാണ്. എന്നിട്ടും ഇവിടങ്ങളില്‍ പുകയടങ്ങുന്നില്ളെങ്കില്‍ അതിനുത്തരവാദികളാരാണ്? ചോരകൊണ്ട് ചിത്രം വരച്ച് നേതൃത്വത്തെ ധിക്കരിക്കുന്ന അണികളും പ്രാദേശിക നേതൃത്വവും ശിക്ഷിക്കപ്പെടുക തന്നെ വേണം. അല്ളെങ്കില്‍ ഉള്ളി അടര്‍ത്തിയെടുത്താല്‍ ഒന്നും അവശേഷിക്കാത്തതുപോലെ ഒരു നാട് ഇല്ലാതായിപ്പോകും.

ഓണവും പെരുന്നാളും രണ്ടു ദിവസത്തെ ഇടവിട്ട് ഒന്നിച്ചുവരുന്നു, ആഴ്ചകള്‍ പിന്നിടുമ്പോള്‍. രണ്ട് ഉത്സവങ്ങളും ഒന്നിച്ച് ആഘോഷിക്കുകയും സാംസ്കാരിക കായിക രംഗങ്ങളില്‍ ഒരേ മനസ്സോടെ പങ്കെടുക്കുകയും ചെയ്ത് ഇരുവിഭാഗങ്ങളിലേയും മനസ്സിന്‍െറ അകലം കുറക്കുകയുമാണ് വേണ്ടത്. പേടിപ്പെടുത്തുന്ന ഒന്ന്, ഈ മേഖലയില്‍ പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങള്‍ വര്‍ഗീയവത്കരിക്കപ്പെടുന്നു എന്നിടത്താണ്.

അനുബന്ധം
അടുത്തെവിടെ നിന്നോ ബോംബു പൊട്ടുന്ന ശബ്ദം.
‘മോനേ എണീക്ക്. രാവിലത്തെ ബോംബ് പൊട്ടി. എന്നിട്ടും എന്തൊരുറക്കാ’
അമ്മ പൊന്നുമോനെ പുതപ്പിനടിയില്‍നിന്നും പതുക്കെ തട്ടിയുണര്‍ത്തി. മോന്‍ പതുക്കെയെഴുന്നേറ്റ് ജാലകപ്പാളി തുറന്നു.
-കരിഞ്ഞ മനുഷ്യമാംസത്തിന്‍െറ മണം.
മോന്‍ ചോദിച്ചു: ‘ആരാളീ ഓലോ ഞമ്മളോ?’ (ആരാണ് അവരോ നമ്മളോ?)
അമ്മ അടുക്കളയിലേക്ക് നടന്നു. രണ്ട് ഗ്ളാസ് കണ്ണീരുമായി തിരിച്ചുവന്നു. ഒരു ഗ്ളാസ് മോന് കൊടുത്തു. അമ്മയും മോനും ഓരോ ഗ്ളാസ് കണ്ണീര് കുടിച്ചുകൊണ്ടിരിക്കേ, ഇടിവെട്ടുംപോലെ ശബ്ദവും മിന്നല്‍ വെളിച്ചവും.
അമ്മ ചോദിച്ചു: ‘ആരാളീ, ഓലോ ഞമ്മളോ?’ ‘ഏതായാലും നീ സ്കൂളിലേക്ക് പോ. ഒമ്പതരയുടെ ബോംബു പൊട്ടി. അതിന് ശബ്ദം കൂടുതലാ’ -അമ്മ പറഞ്ഞു. ‘വെളിച്ചവും’ -മോന്‍ കൂട്ടിച്ചേര്‍ത്തു.
അയലില്‍നിന്ന് ഉരുക്കുവസ്ത്രമെടുത്തണിഞ്ഞ് ഭാരമുള്ള ഒരു പൂമ്പാറ്റയെപ്പോലെ മോന്‍ സ്കൂളിലേക്ക് പടവുകളിറങ്ങവേ, അമ്മ ഉച്ചക്ക് എറിയാനുള്ള രണ്ടു ബോംബുകള്‍ കൂടി അവന്‍െറ സ്കൂള്‍ ബാഗില്‍ വെച്ചു.
കണ്ണില്‍നിന്ന് മറയുംവരെ വാതില്‍പ്പടിയില്‍ അമ്മ-
പൊടുന്നനെ കാതടപ്പിക്കുന്ന ശബ്ദം. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. ദൂരെനിന്ന് അമ്മേയെന്ന ഒരലര്‍ച്ച - ഇത്തവണ ‘ഓലോ ഞമ്മളോ’ (അവരോ നമ്മളോ) എന്ന് അമ്മക്ക് സംശയമുണ്ടായിരുന്നില്ല.
-പുറത്ത് ചുവന്ന മഴ തിമിര്‍ത്ത് പെയ്യുകയാണ്.
(നാദാപുരം എന്ന കഥ)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.