പ്ലാച്ചിമട ബില്‍ അട്ടിമറി ഉയര്‍ത്തുന്ന വെല്ലുവിളി

പ്ളാച്ചിമട സമകാലിക ഇന്ത്യയുടെ ഒരു രാഷ്ട്രീയ പ്രതീകമാണ്. കൊക്കകോള കമ്പനി ഇവിടെ നടത്തിയ പരിസ്ഥിതിവിനാശ പ്രവര്‍ത്തനങ്ങള്‍മൂലം ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള ട്രൈബ്യൂണല്‍ രൂപവത്കരിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അനുമതി നിഷേധിക്കുക വഴി കേന്ദ്രസര്‍ക്കാര്‍ നിസ്സഹായരായ ഒരു ആദിവാസി സമൂഹത്തിന് നീതി നിഷേധിക്കുക മാത്രമല്ല, സംസ്ഥാന നിയമസഭകള്‍ക്ക് സംസ്ഥാനപട്ടികയിലുള്ള വിഷയങ്ങളില്‍ നിയമം നിര്‍മിക്കാനുള്ള അവകാശത്തെ ചോദ്യംചെയ്തിരിക്കുകയുമാണ്. കോര്‍പറേറ്റ് ലോകത്തിന് നിയമ, നൈതിക വ്യവസ്ഥകള്‍ ലംഘിക്കാനുള്ള അലിഖിത അവകാശം ഉറപ്പിക്കുന്ന നടപടി കൂടിയാണ് നിസ്സഹായരായ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനുള്ള തന്ത്രം. ഈ നിശ്ചയദാര്‍ഢ്യമാണ് മറ്റെന്തിനെക്കാളും ഇന്ത്യന്‍ ജനാധിപത്യത്തെ ഈ അളവിലെങ്കിലും നിലനിര്‍ത്തുന്നത്.

ഭരണഘടനാപരമായ ബാധ്യത

പ്ളാച്ചിമട പ്രദേശത്ത് കൊക്കകോള കമ്പനി വിതച്ച ദുരന്തത്തിന്‍െറ വ്യാപ്തി കണ്ടത്തെിയ പ്ളാച്ചിമട ഉന്നതാധികാര സമിതി ദുരന്തത്തിന്‍െറ കാരണം അമേരിക്കന്‍ കുത്തക കമ്പനിയുടെ പ്രവര്‍ത്തനം കൊണ്ടുമാത്രമാണെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടത്തെി. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങളിലൊന്നായ ജീവിക്കാനുള്ള അവകാശത്തിന്‍െറ (ആര്‍ട്ടിക്കിള്‍ 21) നഗ്നമായ ലംഘനം. അതിനു പരിഹാരം തേടുക എന്നത് സംസ്ഥാന സര്‍ക്കാറിന്‍െറയും ഭരണഘടനാപരമായ ബാധ്യതയാണ്. ഈ ബാധ്യത നിറവേറ്റുന്നതിനുവേണ്ടിയാണ് 2011 ഫെബ്രുവരി 24ന് കേരള നിയമസഭ പാസാക്കിയ പ്ളാച്ചിമട കൊക്കകോള നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപവത്കരണ ബില്‍. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാംപട്ടിക പ്രകാരം സംസ്ഥാന വിഷയങ്ങളായ ജലം, കൃഷി, ആരോഗ്യം, തൊഴില്‍, കാലിസമ്പത്ത് എന്നിവക്കുണ്ടായ നഷ്ടങ്ങളാണ് ബില്‍ പ്രകാരം ട്രൈബ്യൂണല്‍ കൈകാര്യം ചെയ്യേണ്ടത്. കമ്പനി അതിന്‍െറ നാലുവര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് വ്യാപകമായ ജല, മണ്ണ് മലിനീകരണം നടത്തിയും ഭൂഗര്‍ഭജലം അത്യധികമായി ഊറ്റിയെടുത്തും ജനജീവിതം ദുസ്സഹമാക്കി. ഭരണഘടന നല്‍കുന്ന അടിസ്ഥാന അവകാശമായ ജീവിക്കാനുള്ള അവകാശപ്രകാരം മലിനമുക്തമായ ജലം, മണ്ണ,് വായു എന്നിവ ലംഘിക്കപ്പെടാനാവാത്ത അവകാശങ്ങളാണെന്ന് രാജ്യത്ത് പരിസ്ഥിതിനിയമങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പു തന്നെ സുപ്രീംകോടതി പലകേസുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. ആ അവകാശം ലംഘിക്കപ്പെടുമ്പോള്‍ അതിന്മേല്‍ നടപടിയെടുക്കുക ഭരണകൂടത്തിന്‍െറ ബാധ്യതയാണ്.  

അമേരിക്കന്‍ വിധേയത്വം  

2011 മാര്‍ച്ച് അവസാനം സംസ്ഥാന ഗവര്‍ണര്‍ പ്രസിഡന്‍റിനു  സമര്‍പ്പിക്കുന്നതിനായി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനയക്കുകയുണ്ടായി. കേന്ദ്ര പരിസ്ഥിതി നിയമങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ആവര്‍ത്തനം ഉണ്ടാകുമോ എന്നുള്ള സംശയത്തിലാണ് പ്രസിഡന്‍റിന്‍െറ അംഗീകാരത്തിനുവേണ്ടി ബില്‍ അയച്ചത്. ആഭ്യന്തരമന്ത്രാലയം ബില്‍ അതുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അഭിപ്രായത്തിന് അയച്ചുകൊടുത്തതില്‍ എല്ലാ മന്ത്രാലയങ്ങളുംതന്നെ ബില്ലിനെ പിന്തുണച്ചുകൊണ്ടുള്ള മറുപടിയാണ് നല്‍കിയത്.  
എങ്കിലും ആഭ്യന്തരമന്ത്രി ചിദംബരം ബില്‍ പ്രസിഡന്‍റിന് അയച്ചുകൊടുത്തില്ല. അമേരിക്കന്‍ എംബസിയും കോളാകമ്പനിയും അവരുടെ പലതരം മിത്രങ്ങളും കേന്ദ്ര സര്‍ക്കാറിന്‍െറ വിവിധ ഓഫിസുകളില്‍ ഈ സമയങ്ങളില്‍ കയറിയിറങ്ങുന്നുണ്ടായിരുന്നു. ഇതിനിടെ, സുപ്രീംകോടതിയിലെ ഏറ്റവും ചെലവേറിയ രണ്ട് അഭിഭാഷകര്‍, -കെ.കെ. വേണുഗോപാല്‍, ഫെലി.എസ്. നരിമാന്‍-കമ്പനിക്കുവേണ്ടി എഴുതിക്കൊടുത്ത  ‘നിയമപരമായ അഭിപ്രായങ്ങള്‍’, അവ കൈപ്പറ്റാന്‍ ഈ ഘട്ടത്തില്‍ സര്‍ക്കാറിനു വകുപ്പില്ളെന്നിരിക്കെ ആഭ്യന്തരമന്ത്രാലയം അവ കൈപ്പറ്റുക മാത്രമല്ല, പ്രതികരണത്തിനുവേണ്ടി കേരള സര്‍ക്കാറിന് അയച്ചുകൊടുക്കുകയുമുണ്ടായി. വസ്തുതാപരമായ തെറ്റുകളടങ്ങിയതും അടിസ്ഥാനരഹിതവും ശുഷ്കവുമായ അവരുടെ വാദങ്ങള്‍ക്ക് പ്ളാച്ചിമട ഉന്നതാധികാരസമിതി അംഗം എന്ന നിലയില്‍ ഞാനും കേരള സര്‍ക്കാറും വിശദമായ മറുപടി നല്‍കിയിരുന്നു.

ബി.ജെ.പി യുടെ അമിതാവേശം

കോണ്‍ഗ്രസ് അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ബില്ലിന്‍െറ കാര്യം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നെങ്കില്‍ പുതിയ ബി.ജെ.പി സര്‍ക്കാര്‍ അമേരിക്കന്‍ ഭരണകൂടത്തെയും കോര്‍പറേറ്റു സമൂഹത്തെയും സന്തോഷിപ്പിക്കാന്‍ വേണ്ടി ആദ്യനാള്‍ മുതല്‍ തന്നെ ബില്ലിനെ അട്ടിമറിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായങ്ങളെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് പുതിയ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിന്‍െറ നിയമോപദേശം തേടി. അദ്ദേഹം സ്വാഭാവികമായും കോള കമ്പനിക്കനുകൂലമായ ഉപദേശംതന്നെ നല്‍കി. നിലവിലുള്ള ചില കേന്ദ്രനിയമങ്ങളുമായി ആവര്‍ത്തനം ഉണ്ടെന്നാരോപിച്ച് ബില്‍ തിരസ്കരിക്കാന്‍ ഉപദേശിക്കുകയും പ്ളാച്ചിമടയിലെ ഇരകള്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു അദ്ദേഹം. സംസ്ഥാനവിഷയങ്ങളില്‍ ഒതുങ്ങി ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരമുള്ള ബാധ്യത നിറവേറ്റാനുള്ള സര്‍ക്കാറിന്‍െറ ശ്രമത്തെ അദ്ദേഹം ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു.
മോദിസര്‍ക്കാര്‍ ആദ്യം നിയമം പിന്‍വലിക്കാന്‍ കേരള സര്‍ക്കാറിനോട് അഭ്യര്‍ഥിക്കുകയും അഭ്യര്‍ഥന നിരസിക്കപ്പെട്ടപ്പോള്‍ തുടര്‍ന്ന് ബില്ലിന് പ്രസിഡന്‍റിന്‍െറ അംഗീകാരം നിഷേധിക്കുന്നതില്‍ ‘സന്തോഷ’മുണ്ടെന്ന് അറിയിച്ച് ബില്‍ തിരിച്ചയക്കുകയായിരുന്നു. പ്ളാച്ചിമടയിലെ 800 ആദിവാസി കുടുംബങ്ങള്‍ക്ക് കൊക്കകോള സമ്മാനിച്ച സോമാലിയന്‍ അവസ്ഥ അങ്ങനെതന്നെ നിലനിര്‍ത്താന്‍ മോദിസര്‍ക്കാറിന് കടുത്ത ആവേശമായിരുന്നു. കേരള നിയമസഭ സംസ്ഥാനവിഷയങ്ങളില്‍ അധിഷ്ഠിതമായി പാസാക്കിയ ബില്‍ നിയമസഭക്ക് അതിനുള്ള അധികാരമില്ല എന്ന് ആരോപിച്ചുകൊണ്ട് തിരസ്കരിച്ച കേന്ദ്ര സര്‍ക്കാറിന്‍െറ നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈയേറ്റമാണ്.

ഇക്കാര്യത്തില്‍  എന്താണ് അടുത്ത നടപടി എടുക്കേണ്ടത് എന്നു തീരുമാനിക്കേണ്ടത്  കേരള നിയമസഭയാണ്. കേന്ദ്രനിയമവുമായി ആവര്‍ത്തനം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭാഗം ഭേദഗതി ചെയ്ത് പ്ളാച്ചിമടയില്‍ ജീവിക്കാനുള്ള അവകാശം നടപ്പാക്കാനുള്ള ഭരണഘടനാബാധ്യത നിറവേറ്റാന്‍ വേണ്ടിയുള്ള നിയമമാണെന്ന് ഊന്നല്‍കൊടുത്ത് പുതിയ നിയമം സൃഷ്ടിച്ച് നടപ്പാക്കാവുന്നതാണ്. ഇതോടൊപ്പംതന്നെ പ്ളാച്ചിമടയിലെ ഇരകള്‍ക്ക് ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കാനുള്ള അനൗദ്യോഗിക സഹായം നല്‍കുകയും വേണം.

കേന്ദ്ര ജലനിയമപ്രകാരം കോള കമ്പനിക്കെതിരെ കേസെടുക്കേണ്ടതാണ്. ഉന്നതാധികാരസമിതി നിര്‍ദേശിച്ചിരുന്നതുമാണിക്കാര്യം. 2007ല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഈ വിഷയത്തില്‍ കേസെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനുള്ള നോട്ടീസ് കമ്പനിക്ക് അയച്ചിരുന്നതാണെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഞാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയതിന്മേല്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി എടുക്കുകയോ എനിക്ക് മറുപടി തരുകപോലും ചെയ്യുകയോ ചെയ്തില്ല. തുടര്‍ന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ നല്‍കിയ വിവരാവകാശ അപേക്ഷയിന്മേലാണ് അതിശയിപ്പിക്കുന്ന ചില വിവരങ്ങള്‍ പുറത്തുവരുന്നത്.

വിവരാവകാശ അപേക്ഷക്ക് ബോര്‍ഡ് നല്‍കിയ മറുപടിപോലും 2007ലെ കാരണം കാണിക്കല്‍ നോട്ടീസിനു കോള കമ്പനി നല്‍കിയ വിശദീകരണം തന്നെയായിരുന്നു, (അത് അതേപോലെ അംഗീകരിച്ചിട്ടെന്നോണം.) 2003ല്‍ പാലക്കാട്ട്  കോള കമ്പനി ജോലിക്കാരന്‍െറ താമസസ്ഥലത്തെ വിലാസത്തില്‍ ഒരു സ്വകാര്യവ്യക്തി ചിറ്റൂര്‍ കോടതിയില്‍ കമ്പനിക്കെതിരെ ജലനിയമം പ്രകാരം കേസ് കൊടുത്തിരുന്നു. അത് സ്വയം തോല്‍ക്കാന്‍വേണ്ടിയുള്ള വ്യാജ കേസാണെന്നാണ് വ്യക്തമാകുന്നത്.  ചിറ്റൂരില്‍നിന്നും പാലക്കാട് ജില്ലാ കോടതിയിലേക്ക് മാറ്റിയ പ്രസ്തുത കേസില്‍ വാദി ഭാഗം വേണ്ടവിധം വാദിക്കുകയോ തെളിവുകള്‍ സമര്‍പ്പിക്കുകയോ ചെയ്യാതിരുന്നതിനാല്‍ കേസ് സ്വാഭാവികമായും തള്ളുകയുണ്ടായത്. തെളിവുകളോടെ വീണ്ടും കേസ് നടത്താവുന്നതാണെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അത് അവഗണിച്ചു. ഇങ്ങനെ ഒരു കേസ് നടന്നിട്ടും പാലക്കാട് ഒരു ഓഫിസ് ഉണ്ടായിരുന്നിട്ടും ബോര്‍ഡ് ഇതില്‍ കക്ഷിചേരാതിരിക്കുകയും കോടതി നിര്‍ദേശിച്ചപ്രകാരം വീണ്ടും കേസ് നടത്താന്‍ തയാറാവുകയും ചെയ്യാതിരുന്നത്  ദുരൂഹമാണ്. ഇക്കാര്യം സര്‍ക്കാര്‍ വിശദമായി അന്വേഷിക്കുകയും തെളിവുകളോടുകൂടി കേസ് നടത്താന്‍ തയാറാവുകയും വേണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭൂഗര്‍ഭജല വകുപ്പ് മുതലായ സര്‍ക്കാര്‍ ഏജന്‍സികള്‍ അവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ സമയത്ത് നിര്‍വഹിക്കാതിരുന്നതുമൂലമാണ് പ്ളാച്ചിമട പ്രശ്നം ഉണ്ടായത്.

പ്ളാച്ചിമടയിലെ കോള കമ്പനികള്‍ക്കെതിരായ നിയമ വ്യവഹാരങ്ങള്‍ വ്യവസായികവിരുദ്ധമാണോ? അല്ളെന്നു നിസ്സംശയം പറയാം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്ത ഒരു വ്യവസായ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുന്നത് നമ്മുടെ നിയമവ്യവസ്ഥയെ ഉയര്‍ത്തിപ്പിടിക്കലാണ്. നിയമം ലംഘിക്കുംവരെ വ്യവസ്ഥാപിതമായി ശിക്ഷിക്കുക വഴി നിയമം പാലിച്ച് വ്യവസായം നടത്തുന്ന നൂറുകണക്കിന് കമ്പനികളെ പ്രോത്സാഹിപ്പിക്കലാണ്. ഫുട്ബാള്‍ കളിക്കുമ്പോള്‍ കൈകൊണ്ട് തട്ടുന്നയാളെ ശിക്ഷിക്കാതിരുന്നാല്‍ അത് ഫുട്ബാള്‍ കളിയെ തന്നെ അരക്ഷിതാവസ്ഥയിലാക്കുന്ന സ്ഥിതി സൃഷ്ടിക്കും.   ഈ വിഷയത്തില്‍ കേരളീയസമൂഹവും രാഷ്ട്രീയനേതൃത്വവും പരാജയപ്പെട്ടാല്‍ അത് വരാന്‍ പോകുന്ന ഒരു നൂറു പരാജയങ്ങളുടെ വാതില്‍ തുറക്കുകയായിരിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.