ഇന്ത്യാ ചരിത്രത്തിൽ വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് 10 വർഷം രാജ്യത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് നയിച്ചത്. ഇക്കാലയളവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ അദ്ദേഹത്തിന്റെ നിഴൽ പോലെ പ്രവർത്തിക്കാൻ എനിക്ക് അവസരമുണ്ടായി. വളരെ മുമ്പ് പഞ്ചാബ് സർക്കാറിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കാലത്താണ് മൻമോഹൻ സിങ്ങിനെ ആദ്യമായി കാണുന്നത്.
അദ്ദേഹം അന്ന് റിസർവ് ബാങ്ക് ഗവർണറായിരുന്നു. ഞാനന്ന് പഞ്ചാബ് വ്യവസായ സെക്രട്ടറിയാണ്. ദർബാര സിങ്ങാണ് അന്ന് മുഖ്യമന്ത്രി. കാനഡയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും താമസിക്കുന്ന പ്രവാസി പഞ്ചാബികൾ പഞ്ചാബിൽ വ്യവസായ സംരംഭങ്ങൾ കൊണ്ടുവരുന്നതിന് മുൻകൈയെടുത്തു. എന്നാൽ, വിദേശ രാജ്യങ്ങളിലുള്ളവർക്ക് നിക്ഷേപം നടത്തുന്നതിന് ചില തടസ്സങ്ങളുണ്ടായിരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ദർബാര സിങ്ങിന്റെ നിർദേശ പ്രകാരം റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ്ങിനെ കാണാൻ ഡൽഹിയിലെത്തിയത്. കാര്യങ്ങളെല്ലാം അവതരിപ്പിച്ച് മടങ്ങാനൊരുങ്ങുമ്പോൾ അദ്ദേഹം ഒപ്പം വന്ന്, ലിഫ്റ്റ് വരെ അനുഗമിച്ച് കൈകൂപ്പിയാണ് യാത്രയാക്കിയത്. ഈ ചിത്രം ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്.
അന്നുമുതൽ ജനങ്ങളോടുള്ള പെരുമാറ്റം എന്നെ ഏറെ സ്പർശിച്ചിരുന്നു. സ്വന്തം പേരിനെക്കാളും പ്രശസ്തിയെക്കാളും രാജ്യസ്നേഹവും രാജ്യതാൽപര്യവും മാത്രം മുൻനിർത്തി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം. ഒരവസരത്തിലും തന്റെ പേരിനോ പ്രശസ്തിക്കോ പെരുമക്കോ വേണ്ടി അദ്ദേഹം ഇടപെട്ടില്ല. ഇക്കാര്യത്തിൽ നിരവധി അനുഭവങ്ങൾ ഓർക്കാനുണ്ട്. രാജ്യത്തിന് വേണ്ടി പുരോഗമനപരമായ കാര്യങ്ങൾ ചെയ്യുമ്പോഴും അതിന്റെയൊന്നും ക്രെഡിറ്റ് ഏറ്റെടുക്കുകയോ അവകാശപ്പെടുകയോ ചെയ്തിരുന്നില്ല.
ഇതെല്ലാം രാജ്യത്തിനുവേണ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. എല്ലാവരെയും ഒരുമിച്ചുനിർത്തി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് മറ്റൊരു കാര്യം. രാജ്യത്തിന്റെ നന്മക്കുവേണ്ടി എന്താണോ ചെയ്യേണ്ടത്, അത് മാത്രമാണ് അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നത്. ഇത്തരത്തിൽ സ്ഥാപിത താല്പര്യങ്ങളില്ലാതെ പ്രവർത്തിച്ച മറ്റൊരു നേതാവുണ്ടോയെന്നതും സംശയം.
പലതരത്തിലുള്ള വിമർശനങ്ങൾക്കും അദ്ദേഹം ഇരയായിട്ടുണ്ട്. വിമർശിക്കുന്നവരോട് അമർഷമോ അസഹിഷ്ണുതയോ പ്രകടിപ്പിച്ചില്ല. ശത്രുതാമനോഭാവവുമുണ്ടായിരുന്നില്ല. ഇതാണ് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. അവിശ്വസനീയമായ നിലയിൽ വിനയാന്വിതനായിരുന്നു മൻമോഹൻ സിങ്. അദ്ദേഹത്തെ ഒരു തവണ കണ്ടവർ ഒരിക്കലും മറക്കില്ല. ഇത്രയും വിനയാന്വിതനായ ഒരു പ്രധാനമന്ത്രി, അല്ല ഒരു മനുഷ്യനെ തന്നെ കണ്ടുകിട്ടാൻ പ്രയാസമാണ്. ആര് കാണാൻ ചെന്നാലും മടങ്ങുമ്പോൾ വാതിൽക്കലോ അല്ലെങ്കിൽ ഗേറ്റ് വരെയോ അദ്ദേഹം കൊണ്ടുവിടും. കൈകൂപ്പി അഭിവാദ്യവും. അത് മറ്റുള്ളവരെ കാണിക്കാനല്ല, അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് വരുന്നതാണ്.
സാമ്പത്തിക ശാസ്ത്രജ്ഞൻ മാത്രമായിരുന്നില്ല, മറ്റ് പല മേഖലകളിലും വൈദഗ്ധ്യമുണ്ടായിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു. വിദ്യാഭ്യാസരംഗത്തും പ്രായോഗിക രാഷ്ട്രീയത്തിലുമടക്കം ക്രിയാത്മകമായി ഇടപെട്ടു. ‘മൻമോഹനോമിക്സ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമ്പത്തിക നയങ്ങൾ തുടങ്ങിവെച്ചത് അദ്ദേഹം ധനമന്ത്രിയായിരുന്ന കാലത്താണ്. ഈ നയങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രധാനമന്ത്രിയായ കാലയളവിൽ സാധിച്ചു.
അദ്ദേഹം തുടങ്ങിവെച്ച നയങ്ങളുടെ പ്രതിഫലനങ്ങളും തുടർച്ചയുമാണ് ഇന്ന് നമ്മൾ കാണുന്നത്. ഈ നയങ്ങൾ രാജ്യത്തിന്റെ പുരോഗതിക്ക് അനിവാര്യവും അനുയോജ്യവുമായിരുന്നു. ഏറ്റവും ബുദ്ധിമുട്ടുണ്ടായിരുന്ന കാലത്ത് ധനമന്ത്രിയെന്ന നിലയിൽ സാമ്പത്തിക മേഖലയിൽ നടത്തിയ ഇടപെടലുകളും കൊണ്ടുവന്ന സാമ്പത്തിക നയപരിഷ്കാരങ്ങളും ഇന്ത്യൻ ചരിത്രത്തിന്റെ ഭാഗമാണ്. യു.ജി.സി ചെയർമാൻ, പ്ലാനിങ് കമീഷൻ ഉപാധ്യക്ഷൻ, ധനമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്.
മഹത്തായ അനുഭവ സമ്പത്തും പരിചയവും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം ഈ അനുഭവസമ്പത്തിന്റെ പ്രതിഫലനം വ്യക്തമായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി അദ്ദേഹം തുടങ്ങിവെച്ച പദ്ധതികൾ പല പേരുകളിലാണെങ്കിലും ഇന്നും മുന്നോട്ടുപോകുന്നു. പട്ടിണിയും തൊഴിലില്ലായ്മയുമില്ലാത്ത രാജ്യമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
ഒരിക്കലും ദുർബലനായ പ്രധാനമന്ത്രിയായിരുന്നില്ല അദ്ദേഹം. രാജ്യപുരോഗതിക്കായി ചെയ്യുന്ന കാര്യങ്ങളിൽ ഒരിക്കലും ദൗർബല്യമുണ്ടായിരുന്നില്ല. ഭാഷയിലും പ്രകൃതത്തിലും അദ്ദേഹം ഒരുപക്ഷേ, ദുർബലനായ മനുഷ്യൻ എന്ന തോന്നൽ ചിലരിൽ ഉണ്ടാക്കിയേക്കാം. അദ്ദേഹത്തിന്റെ പ്രവർത്തനവും ശൈലിയും ദൗർബല്യത്തിന്റെ ലക്ഷണങ്ങളായി ചിലർ വിമർശിച്ചിട്ടുണ്ട്. ദൗർബല്യങ്ങളെന്ന് ഇവർ പറയുന്ന വിമർശനങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം.
ആണവ കരാരിന്റെ കാര്യം മാത്രമെടുക്കുക. ദുർബലനായ ഒരു പ്രധാനമന്ത്രിക്ക് ചെയ്യാൻ കഴിയുമായിരുന്ന കാര്യമാണോ അത്. താഴേക്കിടയിലുള്ള ആളുകളുടെ പുരോഗതിക്കുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടിയും അവരുടെ നില മെച്ചപ്പെടുന്നതിനുവേണ്ടിയും അവർക്കായി വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്നതിലും അദ്ദേഹം വളരെയധികം ശ്രദ്ധാലുവായിരുന്നു.
ആണവ കരാർ സംബന്ധിച്ച് ഒരു നിമിഷം പോലും ചെയ്തത് തെറ്റായിപ്പോയി എന്നോ, അല്ലെങ്കിൽ അതിൽ നിന്ന് പിന്മാറണമെന്നോ അദ്ദേഹം വിചാരിച്ചിട്ടില്ല. സി.പി.എം നേതാവായിരുന്ന ഹർകിഷൻ സിങ് സുർജിത് ഉണ്ടായിരുന്നെങ്കിൽ ഇടത് പാർട്ടികളുമായുള്ള ബന്ധം അക്കാലത്ത് വിച്ഛേദിക്കപ്പെടുമായിരുന്നില്ലെന്നാണ് എന്റെ വിശ്വാസം. ഇടതുപക്ഷത്തുനിന്ന് ആണവ കരാറിനെതിരായി ശബ്ദമുയർന്ന സാഹചര്യത്തിലും തന്റെ ഭരണത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരത്തിലും ഒരിക്കലും അദ്ദേഹത്തിന് രണ്ടഭിപ്രായമുണ്ടായിരുന്നില്ല. രാജ്യപുരോഗതിക്ക് അത്യാവശ്യമാണ് കരാറെന്ന നിലപാട് തന്നെയായിരുന്നു അദ്ദേഹത്തിന്. ആണവ കരാർ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് പ്രത്യേകം സ്ഥാനം നേടിക്കൊടുത്തു എന്ന കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ടായിരുന്നു.
രാഹുൽ ഗാന്ധി ഓർഡിനൻസ് കീറിയ സംഭവത്തിൽ മൻമോഹൻ സിങ് അസ്വസ്ഥനായിരുന്നു. ഈ ഘട്ടത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടരണോ എന്ന ചിന്ത തന്നെയും അദ്ദേഹത്തിലുണ്ടായി. എന്നാൽ, രാജ്യതാൽപര്യത്തിലും മന്ത്രിസഭയുടെ നിലനിൽപിനുമായിരുന്നു അദ്ദേഹം പ്രാമുഖ്യം കൊടുത്തത്. അതുകൊണ്ടുതന്നെ താൽക്കാലികമായുണ്ടായ വികാരങ്ങളെയും അസ്വസ്ഥതകളെയും അദ്ദേഹം മറികടന്നു.
അദ്ദേഹത്തിന് മനോവിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ചുറ്റിലും നടക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ, മൻമോഹൻ സിങ് ഒരിക്കലും അത് പ്രകടിപ്പിച്ചില്ല. അത്തരം കാര്യങ്ങൾ പറഞ്ഞിട്ടുമില്ല. അദ്ദേഹത്തിന്റെ പേരിന് മോശമായ കാര്യങ്ങൾ നടക്കുമ്പോഴും പാർട്ടിക്കോ നേതൃത്വത്തിനോ ഒപ്പം പ്രവർത്തിച്ചിരുന്നവർക്കോ എതിരെ ചിന്തിക്കുകയോ പരാമർശം നടത്തുകയോ ചെയ്തിട്ടില്ല. വീൽചെയറിലും രാജ്യസഭയിലെത്തി നടപടികളിൽ പങ്കെടുക്കുമായിരുന്നു. നഖശിഖാന്തം എതിർത്തിരുന്ന മാധ്യമപ്രവർത്തകരോട് പോലും വളരെ സൗമ്യമായി പെരുമാറി.
ഡൽഹിയിൽ പോകുന്ന എല്ലാ അവസരങ്ങളിലും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഒരു മാസം മുമ്പും അദ്ദേഹത്തിന്റെ വസതിയിൽ പോയി. ഒരു മണിക്കൂറോളം കുടുംബവുമായി സംസാരിച്ചു. അവസാനമായി കാണുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം തീരെ മോശമായിരുന്നു. എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ, പറയുന്ന കാര്യങ്ങൾ വ്യക്തമായിരുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയാണ് കാര്യങ്ങൾ വിശദീകരിച്ചുവന്നത്. ആ കാഴ്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തി. പിന്നീട്, കൂടിക്കാഴ്ചക്കും അവസരമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.